പ്രതീക്ഷ നല്‍കുന്ന തെറ്റുതിരുത്തല്‍ നടപടികള്‍

പൊറിഞ്ചു വെളിയത്ത്

1991ന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌ക്കരണത്തിലൂടെ ആഭ്യന്തര കമ്പനികളുടെ നികുതി നിരക്ക് 25 ശതമാനമായും ഉല്‍പ്പാദന രംഗത്തെ പുതിയ ആഭ്യന്തര കമ്പനികളുടെ നികുതി 17 ശതമാനമായും കുറച്ചി
രിക്കുകയാണ് കേന്ദ്ര ധനമന്ത്രി. പണപ്പെരുപ്പമുണ്ടാക്കാത്ത ഈ ഒരൊറ്റ യുക്തിപരമായ സാമ്പത്തിക ഉത്തേജനത്തിലൂടെ ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഒരുപക്ഷെ ഏറ്റവും വെറുക്കപ്പെട്ടിരുന്ന ധനമന്ത്രി എന്ന നിലയില്‍ നിന്നും ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌ക്കര്‍ത്താക്കളില്‍ ഒരാളായി മാറി. കഴിഞ്ഞ രണ്ട് മാസങ്ങളില്‍, പ്രത്യേകിച്ച് ആദ്യ ക്വാര്‍ട്ടറിലെ ജിഡിപി നിരക്കിന് ശേഷം, അവരുടെ പിന്തിരിപ്പനായ ബജറ്റ് തീരുമാനങ്ങള്‍ക്കും ഒട്ടുംതന്നെ പ്രോല്‍സാഹജനകമല്ലാത്ത നിലപാടുകള്‍ക്കുമെതിരെ വളരെയധികം വിമര്‍ശനങ്ങളും ട്രോളുകളും അവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നു.

ഇന്ത്യയിലെ കോര്‍പ്പറേറ്റ് ടാക്സ് നിരക്ക് ഈസ്റ്റ് ഏഷ്യക്ക് തുല്യമായി കൊണ്ടുവന്നതിനാല്‍ 'മേയ്ക്ക് ഇന്‍ ഇന്ത്യ' പ്രോഗ്രാമിന് ഇത് ശരിക്കുമൊരു ഗെയിം ചെയിഞ്ചറായിരിക്കും. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ആഭ്യന്തര കമ്പനികള്‍ക്ക് നികുതി നിരക്ക് കുറഞ്ഞ മറ്റ് പ്രദേശങ്ങളുമായി ഇപ്പോള്‍ മത്സരിക്കാവുന്നതാണ്. അമേരിക്ക-ചൈന വ്യാപാരയുദ്ധം കാരണം ബദല്‍ ഉല്‍പ്പാദന കേന്ദ്ര
ങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ബന്ധിതരാകുന്ന കമ്പനികള്‍ക്കും സ്ഥാനമാറ്റം ആഗ്രഹിക്കുന്ന വിദേശ കമ്പനികള്‍ക്കുമൊക്കെ ഇന്ത്യ ഇനി സുപ്രധാന ആകര്‍ഷണമായിരിക്കും.

വലിയൊരു സാമ്പത്തിക പ്രതിസന്ധിയായി പതുക്കെ മാറിക്കൊണ്ടിരുന്ന സാമ്പത്തിക തളര്‍ച്ചയെയും അതിന്റെ വിഷലിപ്തമായ നെഗറ്റീവ് ഫീഡ്ബാക്ക് വൃത്തത്തെയും അവസാനിപ്പിക്കാന്‍ സ്ഫോടനാത്മകമായ ഈ ഒരൊറ്റ പരിഷ്‌ക്കാരത്തിന് സാധിച്ചു. നികുതി ഇളവുകളിലൂടെയുള്ള 1.45 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജനം കാരണം ഏറെ അത്യാവശ്യമായ കോര്‍ പ്പറേറ്റ് മൂലധന നിക്ഷേപം വീണ്ടും ആരംഭിച്ചേക്കും. ഗവണ്‍മെന്റ് ചെലവ് വര്‍ധിപ്പിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും സ്വകാര്യ മേഖലയുടെ കൈകളിലേക്ക് പണമെത്തിക്കുന്നതാണ് എപ്പോഴും കാര്യക്ഷമം.

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം തളര്‍ച്ചയുണ്ടാക്കിയ ദീര്‍ഘമായൊരു ബെയര്‍ മാര്‍ക്കറ്റിന്റെ അവസാനമാണിത്. എന്നാല്‍ കൂപ്പുകുത്തിക്കൊണ്ടിരുന്ന കോര്‍പ്പറേറ്റ് ആദായം പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന് മാത്രമല്ല ഇതിലൂടെ സമ്പദ്ഘടനയുടെ അനിമല്‍ സ്പിരിറ്റ്സ് ജ്വലിപ്പിക്കപ്പെടുകയും ചെയ്യുമെന്നതാണ് ഏറ്റവും പ്രധാനം. വിപണി സെന്റിമെന്റിനെ ഇത് ശരിയായ ദിശയിലേക്ക് തിരിച്ചിരിക്കുകയാണ്. കമ്പനികള്‍ക്ക് പ്രത്യേകിച്ചും പുതിയ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കു അവയുടെ പദ്ധതികള്‍ കൂടുതല്‍ പ്രയോഗികമാക്കുകയും നിക്ഷേപം മൂല്യവത്താകുകയും ചെയ്യും. പുതിയ ടാക്സ് സ്‌കീം കൊണ്ടുള്ള ഏറ്റവും വലിയ സാമ്പത്തികേതര നേട്ടമെന്തെന്നാല്‍ നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ വളരെയേറെ കുറയുകയും ഇന്നേവരെ പാഴാക്കിക്കൊണ്ടിരുന്ന വിലയേറിയ മാനേജ്മെന്റ് ടൈം ലാഭിക്കാനും സാധിക്കുമെന്നതാണ്. ചുരുക്കത്തില്‍ അത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ഇതുവഴി കോര്‍പ്പറേറ്റ് ഇന്ത്യയുടെ പ്രോഫിറ്റ് ആഫ്റ്റര്‍ ടാക്സില്‍ (PAT) ഏകദേശം 11 ശതമാനത്തോളം വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പി ഇ റീ-റേറ്റിംഗും സെന്റിമെന്റ് ചെയ്ഞ്ചും കൂടി കൂട്ടിച്ചേര്‍ത്ത് വിപണിയില്‍ ഉടനെ 20-25 ശതമാനം വരെ റാലി ഉണ്ടായാലും അത്ഭുതപ്പെടാനില്ല. കൃത്യമായി നികുതി നല്‍കുന്ന കമ്പനികളാണ് ഓഹരി നിക്ഷേപകര്‍ നോക്കേണ്ടത്. കേരളം ആസ്ഥാനമാക്കിയുള്ള കിട്ടാക്കടമില്ലാത്ത സ്വകാര്യ ബാങ്കുകള്‍, മുന്‍നിര ക്രെഡിറ്റ് റേറ്റിംഗ് കമ്പനികള്‍, പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന മാനുഫാക്ചറിംഗ് കമ്പനികള്‍, പ്രമുഖ ലോജിസ്റ്റിക്സ് സംരംഭങ്ങള്‍ എന്നിവയൊക്കെ നിക്ഷേപത്തിന് അനുയോജ്യമാണ്.

ഇന്ന് നമ്മള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ളൊരു ഒറ്റമൂലി ഒന്നുമല്ല ഇപ്പോഴത്തെ നീക്കങ്ങള്‍. ലാന്‍ഡ്, ലേബര്‍, ലോജിസ്റ്റിക്സ്, പേഴ്സണല്‍ ഇന്‍കം ടാക്സ് തുടങ്ങിയ മേഖലകളില്‍ ഒക്കെ ഇനിയും വളരെയേറെ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. എന്തായാലും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന തെറ്റുതിരുത്തല്‍ നടപടിയിലൂടെ വിപണിയില്‍ ശുഭാപ്തി വിശ്വാസം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യ സ്റ്റോറി സ്ഫോടനാത്മകമായ ഒരു തിരിച്ചുവരവ് നടത്തി എന്നു മാത്രമല്ല ഇതു ദി ഗ്രെയ്റ്റ് ഇന്ത്യന്‍ ഡ്രീം - അവസരങ്ങള്‍ നിറഞ്ഞ ഒരു മഹാ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നതിന്റെ തുടക്കം കൂടിയായി കാണാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it