Begin typing your search above and press return to search.
മാര്‍ച്ച് പാദത്തില്‍ പൊറിഞ്ചു വെളിയത്ത് വാങ്ങിയതും വിറ്റതുമായ ഓഹരികള്‍
ഓഹരി വിപണിയിലെ പോര്‍ട്ട്‌ഫോളിയോ മാനേജറും ഇക്വിറ്റി ഇന്റലിജന്റ്‌സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് മാര്‍ച്ച് പാദത്തില്‍ പോര്‍ട്ട്ഫോളിയോയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മൂന്ന് സ്‌മോള്‍ക്യാപ് ഓഹരികള്‍ വാങ്ങിക്കൂട്ടിയപ്പോള്‍ മറ്റ് രണ്ടെണ്ണത്തിലെ ഓഹരികള്‍ വെട്ടിക്കുറച്ചു. പൊറിഞ്ചു തന്റെ 167 കോടി രൂപയുടെ പോര്‍ട്ട്ഫോളിയോയില്‍ വാങ്ങിയതും വിറ്റതുമായ ഓഹരികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
സൊമാനി ഹോം ഇന്നൊവേഷന്‍
സൊമാനി ഹോം ഇന്നൊവേഷന്‍ ലിമിറ്റഡിന്റെ ഓഹരികള്‍ വെട്ടിക്കുറച്ച് പങ്കാളിത്തം ഒരു ശതമാനത്തില്‍ താഴെയാക്കി. 2021 ഡിസംബര്‍ പാദത്തിന്റെ അവസാനത്തില്‍ ഉപഭോക്തൃ ഉപകരണ സ്ഥാപനത്തില്‍ അദ്ദേഹത്തിന് 11.81 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ അഥവാ 1.63 ശതമാനം പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഓഹരി 40 ശതമാനത്തിലധികം നേട്ടമാണ് ഈ കമ്പനി സമ്മാനിച്ചത്.
ഷാലിമാര്‍ പെയ്ന്റ്‌സ്
പൊറിഞ്ചു വെളിയത്ത് ഷാലിമാര്‍ പെയ്ന്റ്സിന്റെ 80,000 ഓഹരികള്‍ വിറ്റഴിച്ച് ഓഹരികള്‍ 11.20 ലക്ഷം അഥവാ 1.55 ശതമാനമായി ചുരുക്കി. 2021 ഡിസംബര്‍ അവസാനത്തോടെ 12 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ (2.21 ശതമാനം) അദ്ദേഹം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 75 ശതമാനത്തിലധികം വളര്‍ച്ചയാണ് ഈ ഓഹരിയിലുണ്ടായത്.
തനേജ എയ്റോസ്പേസ് & ഏവിയേഷന്‍
പൂനെ ആസ്ഥാനമായുള്ള ഇന്ത്യന്‍ സീംലെസ് ഗ്രൂപ്പ് കമ്പനിയുടെ 32,000 ഓഹരികള്‍ കൂടി പൊറിഞ്ചു ഏറ്റെടുത്തു. 2022 മാര്‍ച്ച് 31 അവസാനത്തോടെ അദ്ദേഹത്തിന് 3 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 1.2 ശതമാനം ഓഹരികള്‍ കമ്പനിയില്‍ ഉണ്ടായിരുന്നു. കമ്പനിയിലെ അദ്ദേഹത്തിന്റെ ഓഹരി മൂല്യം 4.4 കോടി രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഓഹരി 400 ശതമാനത്തിലേറെ ഉയര്‍ന്നു.
കായ ലിമിറ്റഡ്
2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ കായയുടെ 25,000 ഇക്വിറ്റി ഓഹരികളാണ് പൊറിഞ്ചു വാങ്ങിയത്. ഇതിലൂടെ തന്റെ ഓഹരി രണ്ട് ലക്ഷം ഓഹരികളായി അഥവാ 1.34 ശതമാനമായി വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ 32 ശതമാനത്തിന്റെ വര്‍ധനവാണ് കായയുടെ ഓഹരി വിലയിലുണ്ടായത്.
തേജോ എഞ്ചിനീയറിംഗ്
1,47,600 ഇക്വിറ്റി ഷെയറുകള്‍ അഥവാ തേജോ എഞ്ചിനീയറിംഗിന്റെ 1.38 ശതമാനം ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് വാങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 ശതമാനത്തോളം വളര്‍ച്ചയാണ് ഈ കമ്പനി നേടിയത്.
(ഇക്കണോമിക് ടൈംസിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്)
Next Story
Videos