ആര്‍ബിഐയുടെ ഹരിത ബോണ്ട് എത്തുന്നു, സമാഹരിക്കുന്നത് 16,000 കോടി
നടപ്പ് സാമ്പത്തിക വര്‍ഷം 16,000 കോടി രൂപയുടെ ഹരിത ബോണ്ടുകള്‍ (Green Bond) പുറത്തിറക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(RBI). ആദ്യമായാണ് ആര്‍ബിഐ ഹരിത ബോണ്ട് പുറത്തിറക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 8,000 കോടി രൂപ വീതമാണ് സമാഹരിക്കുക.
ആദ്യഘട്ട ഹരിതബോണ്ട് ജനുവരി 25ന് പുറത്തിറക്കും. 5 വര്‍ഷം, 10 വര്‍ഷം എന്നിങ്ങനെ കാലാവധിയുള്ള 4000 കോടി രൂപയുടെ വീതം ബോണ്ടുകളാണ് ഓരോ ഘട്ടത്തിലും അവതരിപ്പിക്കുന്നത്. രണ്ടാംഘട്ടം ഫെബ്രുവരി ഒമ്പതിനാണ്. വിപണിയില്‍ നിന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ മൊത്തം കടമെടുപ്പിന്റെ ഭാഗമാണ് ഈ ബോണ്ടുകളും. 2022-23 കാലയളവില്‍ വിപണിയില്‍ നിന്ന് 14.21 ട്രില്യണ്‍ രൂപയുടെ റെക്കോര്‍ഡ് ധനസമാഹരണമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ഹരിത ബോണ്ടിന്റെ അഞ്ച് ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെക്കും. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്യാനുള്ള അവസരവും ഉണ്ടാവും. വ്യവസ്ഥകളെല്ലാം ആര്‍ബിഐ പുറത്തിറക്കുന്ന സാധാരണ ബോണ്ടുകള്‍ക്ക് സമാനമാണ്. ആഗോള തലത്തില്‍ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൂലധനം കണ്ടെത്താന്‍ വിവിധ രാജ്യങ്ങള്‍ ഹരിത ബോണ്ടുകള്‍ പുറത്തിറക്കുന്നുണ്ട്. കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കുന്നതിന് സഹായിക്കുന്ന പൊതുമേഖലയിലെ പദ്ധതികള്‍ക്ക് വേണ്ടിയാവും ഇന്ത്യ ഈ ബോണ്ടുകളിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുക. 2070 ഓടെ നെറ്റ് കാര്‍ബണ്‍ സീറോ രാജ്യമാവുകയാണ് ഇന്ത്യയുടെ ലക്ഷ്യം.