പ്രതീക്ഷ പോലെ റീപോ നിരക്കു വർധന; വളർച്ചയിൽ ഇടിവ്; പണനയം ആവേശമായില്ല

പ്രതീക്ഷ പോലെ റിസർവ് ബാങ്ക്. റീപോ നിരക്ക് 6.25 ശതമാനമാക്കി. വർധന 35 ബേസിസ് പോയിന്റ്. ഇതിനനുസരിച്ച് മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റിയും ബാങ്ക് റേറ്റും 6.15-ൽ നിന്ന് 6.5 ശതമാനമായി കൂട്ടി.

വിലക്കയറ്റം തികച്ചും നിയന്ത്രണ വിധേയമായിട്ടില്ല. അതിനാൽ ഇനിയും നിരക്ക് കൂട്ടും. ഒപ്പം റിസർവ് ബാങ്ക് സമീപനം വിപണിയിൽ പണലഭ്യത വർധിപ്പിക്കുന്ന തരത്തിൽ തുടരും.

2018 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് റീപോ. ആറംഗ പണനയ കമ്മിറ്റിയിൽ ഒരംഗം വിയോജിച്ചു.ഈ ധനകാര്യ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ ഏഴു ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി കുറച്ചു. ഒക്ടോബർ - നവംബറിൽ 4.4 ശതമാനവും ജനുവരി - മാർച്ചിൽ 4.2 ശതമാനവും ആയിരിക്കും വളർച്ച. രണ്ടു പാദങ്ങളിലെയും വളർച്ച പ്രതീക്ഷ 0.2 ശതമാനം വീതം കുറച്ചു.

ചില്ലറ വിലക്കയറ്റ നിരക്ക് 6.7 ശതമാനമായിരിക്കും എന്നു ബാങ്ക് കരുതുന്നു. ഇതു നേരത്തേ കണക്കാക്കിയിരുന്നതു തന്നെയാണ്. എന്നാൽ ഒക്ടോബർ- മാർച്ചിലെ വിലക്കയറ്റം പ്രതീക്ഷിച്ചതിലും അധികമാകും. റീപോ നിരക്കിലെ വർധന വിപണിയുടെ പ്രതീക്ഷ പോലെ വന്നു. എന്നാൽ ഇനിയും നിരക്കു വർധിപ്പിക്കും എന്നതു വിപണി പ്രതീക്ഷിച്ചതല്ല.

ജിഡിപി വളർച്ച പ്രതീക്ഷ കുറയ്ക്കുo എന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും കുറവ് കണക്കാക്കിയതല്ല. വിലക്കയറ്റ നിരക്ക് വർധിക്കുന്നു എന്നതും അപ്രതീക്ഷിതമായി.

ഓഹരിയിൽ പ്രതിഫലനം

രാവിലെ ചാഞ്ചാട്ടത്തിലാണു വിപണി തുടങ്ങിയത്. ആദ്യ മിനിറ്റുകളിൽ മുഖ്യ സൂചികകൾ നേട്ടത്തിലായിരുന്നു. തുടർന്നു ചെറിയ നഷ്ടത്തിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ തുടക്കം മുതലേ നേട്ടത്തിലായിരുന്നു.

പണനയ പ്രഖ്യാപനത്തിനു തൊട്ടു മുൻപ് സെൻസെക്സ് 62,658 ലും നിഫ്റ്റി 18,647- ലും ആയിരുന്നു. പ്രഖ്യാപനം തീരുമ്പോൾ സെൻസെക്സ് 62,686 -ലും നിഫ്റ്റി 18,655 -ലും ആണ്. നയം വിപണിയെ രസിപ്പിച്ചില്ല. രൂപ ഇന്നും താഴോട്ടു നീങ്ങി. ഡോളർ രാവിലെ നാലു പൈസ നേട്ടത്തിൽ 82.66 രൂപയിൽ ഓപ്പൺ ചെയ്തു. പണനയം പ്രഖ്യാപിക്കും മുൻപ് ഡോളർ 82.53 രൂപയിലേക്കു താണു. പിന്നീട് 82.46 രൂപ വരെ എത്തി. ലോകവിപണിയിൽ സ്വർണം 1772 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 160 രൂപ വർധിച്ച് 39,600 രൂപയായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it