റിലയൻസ് ഇൻഡസ്ട്രീസ് ലാഭം 12.5 ശതമാനം കൂടി

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡിസംബർ പാദത്തിൽ ലാഭം 12.5 ശതമാനം വർധിപ്പിച്ചു. മുമ്പ് പ്രതീക്ഷിച്ചതിലും മേലെയാണ് ഇത്. 2020 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഏകീകൃത അറ്റാദായം 13,101 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 11,640 കോടി രൂപയായിരുന്നു.

ഓയിൽ-ടു-കെമിക്കൽ അല്ലെങ്കിൽ ഒ2സി ബിസിനസ്സ് ഈ ത്രൈമാസത്തിൽ മെച്ചപ്പെട്ടപ്പോൾ, ഇത് മുൻവർഷത്തെ ഇതേ ത്രൈമാസത്തെ വരുമാനത്തേക്കാൾ കുറവാണ്. ഇത്തവണ മൊത്തം വരുമാനത്തിന്റെ 51 ശതമാനം വന്നിരിക്കുന്നത് ടെലികോം, റീട്ടെയിൽ എന്നീ ബിസിനസുകളിൽ നിന്നാണ്. ഒരു വർഷം മുമ്പ് ഈ ബിസിനസുകളിൽ നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിന്റെ 37 ശതമാനം മാത്രമായിരുന്നു. ടാക്സിന് മുമ്പുള്ള ലാഭത്തിന്റെ 56 ശതമാനവും (8,483 കോടി രൂപ) ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവയിൽ നിന്നാണ്.
ജിയോ പ്ലാറ്റ്ഫോം, ഗൂഗിൾ മറ്റ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള നിക്ഷേപം മൂലം ധനകാര്യ ചെലവുകളിൽ 20 ശതമാനം ഇടിവുണ്ടായതാണ് ലാഭ വർദ്ധനവിന് കൂടുതൽ സഹായകമായത്. എന്നാൽ മൊത്തം വരുമാനം 18.6 ശതമാനം ഇടിഞ്ഞ് 137,829 കോടി രൂപയായി.
ടെലികോം വിഭാഗമായ ജിയോയുടെ അറ്റാദായത്തിൽ 15.5 ശതമാനം വർധന രേഖപ്പെടുത്തി 3,489 കോടി രൂപയായി. 2.5 കോടി വരിക്കാരെ ഈ ത്രൈമാസത്തിൽ കൂട്ടിച്ചേർത്തു. ഡിസംബർ അവസാനത്തെ കണക്കനുസരിച്ചു ആകെ വരിക്കാരുടെ എണ്ണം 41 കോടിയാണ്. ഒരു ഉപഭോഗ്താവിൽ നിന്നുള്ള ശരാശരി വരുമാനം പ്രതിമാസം 151 രൂപയായി ഉയർന്നു. ഇതിന് മുമ്പുള്ള പാദത്തിൽ ഇത് പ്രതിമാസം 145 രൂപയായിരുന്നു.
കോവിഡിന് മുമ്പുള്ള നിലയിലേക്ക് ഫാഷൻ, ജീവിതശൈലി ബിസിനസുകൾ വന്നതിനെ തുടർന്ന് റീട്ടെയിൽ വിഭാഗത്തിൽ നിന്നുള്ള ലാഭം 76.3 ശതമാനം ഉയർന്ന് 2,482 കോടി രൂപയായി. ഇന്ധന വിലയിലെ കുറവും കോവിഡിനെ തുടർന്ന് ഡിമാൻഡിൽ വന്ന കുറവും കാരണം പരമ്പരാഗത ഒ2സി ബിസിനസിൽ നിന്നുള്ള ലാഭം 28.1 ശതമാനം ഇടിഞ്ഞ് 8,756 കോടി രൂപയായി. എന്നാൽ തൊട്ടുമുമ്പുള്ള ത്രൈമാസത്തെ അപേക്ഷിച്ച് ലാഭത്തിൽ വർദ്ധനവുണ്ട്.
എന്നാൽ 4,326 കോടി രൂപയുടെ സാമ്പത്തിക ചെലവ് ത്രൈമാസ അടിസ്ഥാനത്തിൽ 29 ശതമാനം കുറവാണ്. ടെലികോം, ഡിജിറ്റൽ ബിസിനസുകൾ നടത്തുന്ന യൂണിറ്റായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിലെ ന്യൂനപക്ഷ ഓഹരികൾ വിറ്റതിലൂടെയുള്ള ധനസമാഹരണം പൂർത്തിയാക്കിയതായി റിലയൻസ് പറഞ്ഞു.
ജിയോയിൽ 1,52,056 കോടി രൂപയും റീട്ടെയിലിൽ 47,265 കോടി രൂപയും ഇങ്ങനെ സമാഹരിച്ചു. 2,20,231 കോടി രൂപയുടെ മൊത്തം സമാഹരണം നെറ്റ് ക്യാഷ് മിച്ച കമ്പനിയായി മാറാൻ സഹായിച്ചു. മൊത്തം കടം ഡിസംബർ അവസാനത്തോടെ 2,57,413 കോടി രൂപയായി കുറഞ്ഞു. 2020 മാർച്ചിൽ ഇത് 3,36,294 കോടി രൂപയായിരുന്നു. കൈവശമുള്ള ക്യാഷ് 1,75,259 കോടിയിൽ നിന്ന് 2,20,524 കോടി രൂപയായി വർധിച്ചു.
ഫലങ്ങളെക്കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു: "ഒ2സി, റീട്ടെയിൽ വിഭാഗങ്ങളിലെ ശക്തമായ പുനരുജ്ജീവനവും ഞങ്ങളുടെ ഡിജിറ്റൽ സേവന ബിസിനസിലെ സ്ഥിരമായ വളർച്ചയും ഈ പാദത്തിൽ ഞങ്ങൾക്ക് ശക്തമായ പ്രവർത്തന ഫലങ്ങൾ നൽകി."
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശക്തമായ ആഗോള നടപടികൾക്കായി ലോകം ഇപ്പോൾ തയ്യാറെടുക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, ശുദ്ധവും ഹരിതവുമായ വികസനത്തിന്റെ കാഴ്ചപ്പാടിന് അനുയോജ്യമായ പുതിയ എനെർജി, മെറ്റീരിയൽ ബിസിനസുകൾ വികസിപ്പിക്കാനുള്ള ശരിയായ അവസരം ഇത് റിലയൻസിന് നൽകുന്നതായി അഭിപ്രായപ്പെട്ടു.
കിഴക്കൻ ഓഫ്‌ഷോർ കെ‌ജി-ഡി 6 ബ്ലോക്കിലെ പുതിയ കണ്ടെത്തലുകളിൽ നിന്ന് ഗ്യാസ് ഉൽ‌പാദനം ആരംഭിച്ചത് വർഷങ്ങൾക്ക് ശേഷം ഈ വിഭാഗത്തിൽ നിന്ന് ആദ്യമായി കമ്പനിക്ക് ലാഭം കിട്ടി. കഴിഞ്ഞ പാദത്തിൽ 194 കോടി രൂപയുടെ നഷ്ടത്തെ അപേക്ഷിച്ച് 4 കോടി രൂപയാണ് നികുതിക്ക് മുമ്പുള്ള ലാഭമായി ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയുടെ കിഴക്കൻ തീരത്ത് കെ‌ജി ഡി 6 ബ്ലോക്കിലെ അൾട്രാ ഡെപ്-വാട്ടർ ഗ്യാസ് ഫീൽഡായ ആർ ക്ലസ്റ്ററിൽ നിന്ന് തങ്ങളുടെ പങ്കാളിയായ ബിപിയുമായി ചേർന്ന് ഉത്പാദനം ആരംഭിച്ചതായി റിലയൻസ് അറിയിച്ചു.
കെ‌ജി ഡി 6 - ആർ ക്ലസ്റ്റർ, സാറ്റലൈറ്റ് ക്ലസ്റ്റർ, എം‌ജെ എന്നീ മൂന്ന് ഡീപ് വാട്ടർ ഗ്യാസ് പ്രോജക്ടുകൾ ഇരുവരും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവ 2023 ഓടെ ഇന്ത്യയുടെ ഗ്യാസ് ഡിമാൻഡിന്റെ 15 ശതമാനം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. 66.67 ശതമാനം പങ്കാളിത്തവുമായി കെജി-ഡി 6-ന്റെ ഓപ്പറേറ്ററാണ് റിലയൻസ്, ബിപിക്ക് 33.33 ശതമാനം ഓഹരിയുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it