കമ്പം കപ്പല്‍ശാല ഓഹരികളോട്, ചെറുകിട നിക്ഷേപകരുടെ വലിയ ചങ്ങാതി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്

കപ്പല്‍ നിര്‍മാണ കമ്പനി ഓഹരികളിലേക്ക് ഇരച്ചു കയറുകയാണ് ചെറുകിട നിക്ഷേപകര്‍. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ്, മസഗണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് എന്നീ കമ്പനികളില്‍ നിക്ഷേപകരുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണുണ്ടായത്.

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റടുത്തിനു ശേഷം വലിയ മുന്നേറ്റമുണ്ടാക്കിയ ഓഹരികളാണിത്. പിന്നീട് കഴിഞ്ഞ പാദത്തില്‍ ഓഹരി വിലകളില്‍ 40-50 ശതമാനം വരെ തിരുത്തലുണ്ടായെങ്കിലും ചെറുകിട നിക്ഷേപകരുടെ ഒഴുക്കു തുടരുകയാണ്. രണ്ട് ലക്ഷം രൂപയില്‍ താഴെ നിക്ഷേപിക്കുന്നവരെയാണ് ചെറുകിട നിക്ഷേപകരായി കണക്കാക്കുന്നത്.

ഒരു വര്‍ഷത്തിനിടെ മൂന്ന് ഇരട്ടി വര്‍ധന

2024 ജൂണ്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 6.17 ലക്ഷം ചെറുകിട നിക്ഷേപകരാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ടായിരുന്നത്. സെപ്റ്റംബര്‍ അവസാനിച്ചപ്പോള്‍ ഇത് 8.22 ലക്ഷമായി ഉയര്‍ന്നു.

ശതമാനകണക്കില്‍ നോക്കിയാല്‍ ആഭ്യന്തര ഫണ്ടുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ ഓഹരി പങ്കാളിത്തം ജൂണിലെ 2.2 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 2.63 ശതമാനമായി ഉയര്‍ത്തി. അതേസമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (FPI) ഇക്കാലയളവില്‍ 4.47 ശതമാനത്തില്‍ നിന്ന് 3.84 ശതമാനമായി കുറയ്ക്കുകയാണുണ്ടായത്. മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി നോക്കുമ്പോള്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് റീറ്റെയ്ല്‍ നിക്ഷേപകരുടെ എണ്ണത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നേടിയിരിക്കുന്നത്.

ഓഹരി ഇടിവില്‍

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ജൂലൈയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് 40 ശതമാനത്തോളമാണ് താഴ്ന്നത്. ജൂലൈ എട്ടിന് രേഖപ്പെടുത്തിയ 2,979.45 രൂപയാണ് ഓഹരിയുടെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വില. അന്ന് ആദ്യമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുകളുടെ വിപണി മൂല്യം 70,000കോടി ഭേദിച്ചിരുന്നു. വിലയില്‍ വലിയ ഇടിവുണ്ടാകുന്നത് അവസരമാക്കി ചെറുകിട നിക്ഷേപകര്‍ ഓഹരിയിലേക്ക് ചേക്കേറുന്നതായാണ് മനസിലാകുന്നത്.

ഈ വര്‍ഷം ഇതുവരെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളുടെ നേട്ടം 113 ശതമാനത്തിലധികമാണ്. ഒരു വര്‍ഷക്കാലയളവിലെ നേട്ടം 199 ശതമാനവും. അടുത്തിടെ സര്‍ക്കാര്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികള്‍ 5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കു പ്രകാരം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 72.86 ശതമാനം ഓഹരികളാണ് കേന്ദ്രത്തിനുണ്ടായിരുന്നത്. ഒ.എഫ്.എസിനു ശേഷം കൊച്ചി കപ്പല്‍ ശാലയിലെ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തം 67.86 ശതമാനമായി കുറഞ്ഞു.

ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ലോവർ സര്‍ക്യൂട്ടിലാണ് വ്യാപാരം നടത്തുന്നത്. ഓഹരി വില 1,530.30 രൂപയിലേക്ക് താഴ്ന്നു.

മസഗണ്‍ ഡോക്ക്

ഈ രംഗത്തെ മറ്റൊരു പ്രമുഖ കമ്പനിയായ മസഗണ്‍ ഡോക്ക് ഷിപ്പ്‌യാര്‍ഡ് ബില്‍ഡേഴ്‌സിന്റെ ചെറുകിട നിക്ഷേപകരുടെ എണ്ണം 4.64 ലക്ഷത്തില്‍ നിന്ന് 6.56 ലക്ഷമായാണ് സെപ്റ്റംബര്‍ പാദത്തില്‍ ഉയര്‍ന്നത്. ചെറുകിട നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 9 ശതമാനത്തില്‍ നിന്ന് 10.6 ശതമാനമായി വര്‍ധിച്ചു.

മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി നോക്കിയാല്‍ മസഗോണ്‍ ഡോക്കിലെ ചെറികിട നിക്ഷേപകരുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ നിന്ന് 6.56 ലക്ഷമായി ഉയര്‍ന്നു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണ്‍പാദത്തിലെ 2.44 ശതമാനത്തില്‍ നിന്ന് 1.45 ശതമാനമായി ഓഹരി പങ്കാളിത്തം കുറച്ചിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ മസഗണ്‍ ഓഹരി വില 5,860 രൂപയെന്ന സര്‍വകാല റെക്കോഡ് തൊട്ടിരുന്നു. ഉയര്‍ന്ന വിലയില്‍ നിന്ന് 20 ശതമാനത്തോളം താഴെയാണ് നിലവില്‍ ഓഹരി വില.

ഗാര്‍ഡന്‍ റീച്ച് ഷിപ്ബില്‍ഡേഴ്‌സ്

ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ഓഹരിയിലും ചെറുകിട നിക്ഷേപകര്‍ക്ക് താത്പര്യം കൂടുതലാണ്. സെപ്റ്റംബര്‍ പാദത്തില്‍ ചെറുകിട നിക്ഷേപകരുടെ എണ്ണം 2.52 ലക്ഷത്തില്‍ നിന്ന് 3.95 ലക്ഷമായി ഉയര്‍ന്നു. ശതമാനക്കണക്കില്‍ നോക്കിയാല്‍ ജൂണിലെ 12.93 ശതമാനത്തില്‍ നിന്ന് 16.78 ശതമാനമായി. ആഭ്യന്തര മ്യൂച്വല്‍ഫണ്ടുകളും വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഓഹരി പങ്കാളിത്തത്തില്‍ ഇക്കാലയളവില്‍ നേരിയ കുറവു വരുത്തിയിട്ടുണ്ട്. ജൂലൈയില്‍ രേഖപ്പെടുത്തിയ 2,833 രൂപയാണ് ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വില. അതില്‍ നിന്ന് 35 ശതമാനത്തോളം ഇടിവിലാണ് ഓഹരിയുടെ ഇപ്പോഴത്തെ വ്യാപാരം.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it