ഷോര്‍ട്ട് സെല്ലിംഗിന് പച്ചക്കൊടി വീശി സെബി; നിയമം കൂടുതല്‍ സുതാര്യമാക്കും

ഓഹരി വിപണിയിലെ ഷോര്‍ട്ട് സെല്ലിംഗിന് കൂടുതല്‍ സുതാര്യമായ നിയമം കൊണ്ടു വരാന്‍ സെബി. ഇതുവഴി ചെറുകിട നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെ എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും ഷോര്‍ട്ട് സെല്ലിംഗ് സാധ്യമാകും. ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സിലും ഷോര്‍ട്ട് സെല്ലിംഗ് അനുവദിക്കും.എന്നാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കാത്ത ഷോര്‍ട്ട് സെല്ലിംഗ് (നേക്കഡ് ഷോര്‍ട്ട് സെല്ലിംഗ്) അനുവദിക്കില്ലെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്.

കടം വാങ്ങിയ ഓഹരികള്‍ വിപണിയില്‍ വിറ്റ് ലാഭമെടുക്കുന്ന രീതിയാണ് ഷോര്‍ട്ട് സെല്ലിംഗ്. നിയമത്തിന്റെ ചില പഴുതുകള്‍ ഉപയോഗിച്ച് നിലവില്‍ ഇത് രഹസ്യമായാണ് നിക്ഷേപകര്‍ ചെയ്യുന്നത്. രണ്ടു ദിവസമോ മൂന്നു ദിവസമോ ഒക്കെ കഴിഞ്ഞാണ് ഇതിന്റെ സെറ്റില്‍മെന്റ് നടക്കുന്നത്. ഇതിലാണ് സെബി ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി അതത് ദിവസം തന്നെ ഷോര്‍ട്ട് സെല്ലിംഗ് നടത്തിയ ഓഹരികളെ കുറിച്ച് എക്‌സ്‌ചേഞ്ചുകളെ അറിയിക്കണം. നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
നിക്ഷേപകര്‍ക്ക് ഒരു ഓഹരി ഷോര്‍ട്ട് സെല്ലിംഗ് നടക്കുന്നതാണോ അല്ലയോ എന്നറിയാനാകുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. അവര്‍ക്ക് ആ ഓഹരിയെ മാറ്റി നിര്‍ത്താനും നഷ്ട സാധ്യത കുറയ്ക്കാനും സാധിക്കും.
ഷോര്‍ട്ട് സെല്ലിംഗ് നടത്തുന്നതെങ്ങനെ
സാധാരണ വ്യാപാരത്തില്‍ വില കുറയുമ്പോള്‍ വാങ്ങുകയും പിന്നീട് വില ഉയരുമ്പോള്‍ വിറ്റ് ലാഭമെടുക്കുകയുമാണല്ലോ ചെയ്യുന്നത്. ഇവിടെ അതിന്റെ വിപരീതമായാണ് നടക്കുന്നത്.
അതായത് വില കുറയാന്‍ സാധ്യത ഉള്ള ഓഹരികള്‍ കണ്ടെത്തി നിലവിലെ വിപണി വിലയില്‍ വില്‍ക്കുകയും വില താഴേക്ക് പോകുമ്പോള്‍ വാങ്ങുകയും ചെയ്യുന്നു. വിറ്റവിലയും വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ ലാഭം. വില താഴുന്നതിനു പകരം ഉയരുകയാണെങ്കില്‍ നഷ്ടം വരും.
ഉദാഹരണത്തിന്‌ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി ഇന്ന് 500 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് വിചാരിക്കുക. ഓഹരി വില 400 രൂപയിലേക്ക് കുറയുമെന്ന പ്രതീക്ഷയില്‍ ബ്രോക്കറില്‍ നിന്ന് 100 ഓഹരി കടം വാങ്ങി 500 രൂപയ്ക്ക് വില്‍ക്കാം. പിന്നീട് വില 400 രൂപയാകുമ്പോള്‍ നിങ്ങള്‍ക്ക് തിരിച്ചു വാങ്ങുകയും ചെയ്യാം.
കൈവശം ആ സ്‌റ്റോക്ക് ഇല്ലാതെ തന്നെയാണ് ഇവിടെ ട്രേഡിംഗ് നടക്കുന്നത്. സ്‌റ്റോക്ക് ബ്രോക്കര്‍മാര്‍ക്ക് മാര്‍ജിന്‍ നല്‍കിയാണ് ഓഹരി കടം വാങ്ങുക. പിന്നീട് അത് തിരിച്ചു നല്‍കിയാല്‍ മതി. ഇതിനായി സെക്യൂരിറ്റി ലെന്‍ഡിംഗ് ആന്‍ഡ് ബോറോയിംഗ്
(SLB) പ്ലാറ്റ്‌ഫോമും കൊണ്ടു വരാന്‍ സെബി പദ്ധതിയിടുന്നുണ്ട്.
അദാനിയും ഷോര്‍ട്ട് സെല്ലിംഗും
2023 ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് ഷോര്‍ട്ട് സെല്ലിംഗ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഷോര്‍ട്ട് സെല്ലിംഗ് നടത്തി ഓഹരിയില്‍ കൃത്യമ വിലക്കയറ്റം സൃഷ്ടിക്കുന്നുവെന്നതായിരുന്നു ആരോപണം. ഇതിന്റെ തുടര്‍ച്ചയായി ഷോര്‍ട്ട് സെല്ലിംഗില്‍ സുതാര്യത കൊണ്ടുവരണമെന്ന് സുപ്രീകോടതി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സെബി പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it