അനധികൃത ഓഹരി ഉപദേശം: ബാപ് ഓഫ് ചാര്‍ട്ട് ഫിന്‍ഫ്‌ളുവന്‍സര്‍ അന്‍സാരിക്ക് സെബിയുടെ വിലക്കും ₹17 കോടി പിഴയും

സാമൂഹിക മാധ്യമങ്ങളിലൂടെ ഓഹരി നിക്ഷേപകര്‍ക്ക് അനധികൃതമായി ഉപദേശങ്ങളും ഇരട്ടി ലാഭം നല്‍കാമെന്ന വ്യാജ വാദ്ഗാനങ്ങളും നല്‍കിയതിന് ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറായ (ഫിന്‍ഫ്‌ളുവന്‍സര്‍/Finfluencer) മൊഹമ്മദ് നസീറുദ്ദീന്‍ അന്‍സാരിയെയും മറ്റ് 7 പേരെയും ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍ നിന്ന് വിലക്കി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).

യൂട്യൂബില്‍ 4.4 ലക്ഷത്തോളം സബ്‌സ്‌ക്രൈബര്‍മാരുള്ള 'ബാപ് ഓഫ് ചാര്‍ട്ട്' (Baap of Chtar/BoC) ചാനല്‍ വഴിയായിരുന്നു അന്‍സാരിയുടെയും ഒപ്പമുള്ളവരുടെയും പ്രവര്‍ത്തനം. ഏഴ് കോടിയിലേറെ പേര്‍ ബാപ് ഓഫ് ചാര്‍ട്ടിന്റെ വീഡിയോകള്‍ കണ്ടിട്ടുണ്ട്. ഇവര്‍ ഇടപാടുകാരില്‍ നിന്നും ഉപയോക്താക്കളില്‍ നിന്നും ഫീസ് ഇനത്തില്‍ ഈടാക്കിയ 17.21 കോടി രൂപ പിഴയായി തിരിച്ചടയ്ക്കണമെന്നും സെബി വിധിച്ചു. കരാറുകളിലൂടെ പണമിടപാടുകള്‍ നടത്താവുന്ന എസ്‌ക്രോ (Escrow) ബാങ്ക് അക്കൗണ്ടുകള്‍ തുറന്നായിരുന്നു ബാപ് ഓഫ് ചാര്‍ട്ട് പണം പിരിച്ചിരുന്നത്.
സെബിയില്‍ നിന്ന് രജിസ്‌ട്രേഷന്‍ നേടിയവര്‍ക്ക് മാത്രമാണ് ഓഹരികള്‍ സംബന്ധിച്ച ഉപദേശം ഉപയോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും നല്‍കാന്‍ നിയമപ്രകാരം കഴിയൂ. എന്നാല്‍, രജിസ്‌ട്രേഷന്‍ ഇല്ലാതെയായിരുന്നു അന്‍സാരിയുടെയും ബാപ് ഓഫ് ചാര്‍ട്ടിന്റെയും പ്രവര്‍ത്തനം. മാത്രമല്ല, വിവിധ ഓഹരികള്‍ക്ക് അന്‍സാരി അനധികൃത 'വാങ്ങല്‍' (buy), 'വില്‍ക്കല്‍' (sell) സ്റ്റാറ്റസ് നല്‍കിയെന്നും അന്വേഷണത്തില്‍ സെബി കണ്ടെത്തിയിട്ടുണ്ട്. പ്രഥമദൃഷ്ട്യാ തന്നെ അന്‍സാരിയും ബാപ് ഓഫ് ചാര്‍ട്ടും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരും നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയാണ് സെബിയുടെ നടപടി. നിരവധി പേരില്‍ നിന്ന് പാരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സെബി അന്വേഷണം നടത്തിയത്.
അനധികൃത ഉപദേശം, വഞ്ചന
യൂട്യൂബ്, ടെലഗ്രാം, എക്‌സ് (ട്വിറ്റര്‍) എന്നിവ വഴി അനധികൃത ഉപദേശങ്ങളും നിര്‍ദേശങ്ങളും മൊഹമ്മദ് അന്‍സാരി നല്‍കിയെന്നതിന് പ്രഥമദൃഷ്ട്യാ തന്നെ തെളിവുണ്ടെന്ന് സെബി കണ്ടെത്തിയിട്ടുണ്ട്.
2021 ജനുവരി മുതലുള്ള അന്‍സാരിയുടെ പ്രവര്‍ത്തനങ്ങളാണ് സെബി അന്വേഷിച്ചത്. ഇക്കാലയളവില്‍ ഇടപാടുകാരില്‍ നിന്ന് ഫീസിനത്തില്‍ സ്വീകരിച്ച പണമാണ് 17.21 കോടി രൂപ. ഇതാണ് പിഴയായി തിരിച്ചടയ്‌ക്കേണ്ടത്.
Image : baapofchart.com

അന്‍സാരിക്ക് പുറമേ രാഹുല്‍ റാവു പഡമതി, ഗോള്‍ഡന്‍ സിന്‍ഡിക്കേറ്റ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (GSVPL), ഗോള്‍ഡന്‍ സിന്‍ഡിക്കേറ്റിന്റെ ഷെയര്‍ഹോള്‍ഡര്‍മാരായ ആസിഫ് ഇഖ്ബാല്‍ വാനി, തബ്രായിസ് അബ്ദുല്ല, മാന്‍ഷ അബ്ദുല്ല, വാംഷി ജാദവ് എന്നിവര്‍ക്കെതിരെയുമാണ് സെബിയുടെ നടപടി. എതിര്‍വാദം ഉന്നയിക്കാന്‍ അന്‍സാരിക്കും കൂട്ടര്‍ക്കും 21 ദിവസത്തെ സമയം സെബി അനുവദിച്ചിട്ടുണ്ട്.
രജിസ്‌ട്രേഷനില്ലാതെ സ്വയം സ്റ്റോക്ക് മാര്‍ക്കറ്റ് എക്‌സ്‌പേര്‍ട്ട് (ഓഹരി വിപണി വിദഗ്ദ്ധന്‍) ആയി സോഷ്യല്‍ മീഡിയകള്‍ വഴി അന്‍സാരി ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുകയായിരുന്നു. ഇടപാടുകാര്‍ക്കായി അന്‍സാരി പഠന കോഴ്‌സുകളും സംഘടിപ്പിച്ചിരുന്നു. ഈ കോഴ്‌സുകളിലാണ് അദ്ദേഹം പ്രധാനമായും ഇരട്ടി ലാഭ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നത്. മൂന്നുലക്ഷം മുതല്‍ ആറ് ലക്ഷം രൂപവരെ പ്രതിമാസ ലാഭമാണ് അന്‍സാരി വാദ്ഗാനം ചെയ്തിരുന്നത്.
അതേസമയം, നിക്ഷേപങ്ങളിലൂടെ താന്‍ 20-30 ശതമാനം ലാഭം നേടുന്നുണ്ടെന്ന് അന്‍സാരി ഒരിക്കല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, 2.9 കോടി രൂപ അറ്റ നഷ്ടമാണ് (Net Trading Loss) അദ്ദേഹത്തിനുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതൊരു തുടക്കം മാത്രം
രജിസ്‌ട്രേഷനില്ലാതെ ഓഹരികളിന്മേല്‍ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നവര്‍ക്കെതിരെ ഒരിടവേളയ്ക്ക് ശേഷമാണ് സെബി കര്‍ശന നടപടികളിലേക്ക് കടന്നത്. ബാപ് ഓഫ് ചാര്‍ട്ടിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും എതിരെയുള്ള നടപടി ഒരു തുടക്കം മാത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മറ്റ് ഫിന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് മേലും വൈകാതെ സെബിയുടെ പിടിവീഴുമെന്നാണ് സൂചനകള്‍.
അനധികൃത ഉപദേശങ്ങളില്‍പ്പെട്ട് നിരവധി നിക്ഷേപകര്‍ക്ക് നഷ്ടങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള സെബിയുടെ നടപടി.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it