ബിറ്റ് കോയിന്‍ ഇ.ടി.എഫിന് അമേരിക്കയുടെ അനുമതി,​ വില ഒരുലക്ഷം ഡോളറിലേക്ക് കുതിച്ചേക്കും

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിന്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകള്‍ക്ക് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) അനുവദിച്ചു. അത്തരത്തില്‍ ക്രിപ്‌റ്റോ ഇ.ടി.എഫ് പ്രവര്‍ത്തിപ്പിക്കുന്നതിനായി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ യു.എസ് എസ്.ഇ.സി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍) നടപടി തുടങ്ങി.

കുറേ മാസങ്ങളായി ക്രിപ്‌റ്റോ ഇ.ടി.എഫ് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഒപ്പം ഇതിനോടനുബന്ധിച്ചുള്ള പല വ്യാജവാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഔദ്യോഗിക തലത്തില്‍ ഇത്തരത്തിലൊരു ഇ.ടിഎഫ് ചട്ടക്കൂടിനെക്കുറിച്ചുള്ള തീരുമാനമെത്തുന്നത്. ആദ്യ അപേക്ഷ നല്‍കി 10 വര്‍ഷമായപ്പോഴാണ് തീരുമാനം. ഇത് ക്രിപ്‌റ്റോ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് അനലിസ്റ്റുകളുടെ പ്രവചനങ്ങള്‍ പറയുന്നത്, ഇ.ടി.എഫുകള്‍ക്ക് ഈ വര്‍ഷം മാത്രം 50 ബില്യണ്‍ ഡോളര്‍ മുതല്‍ 100 ബില്യണ്‍ ഡോളര്‍ വരെ കയറി വരും എന്നാണ്. ഇത് ബിറ്റ്‌കോയിന്റെ വിലയും 100,000 ഡോളറിലേക്ക് ഉയര്‍ത്താനാണ് സാധ്യത. അഞ്ച് വര്‍ഷത്തിനുള്ളില്‍ 55 ബില്യണ്‍ ഡോളറിനടുത്തേക്ക് ഇ.ടിഎ.എഫ് നിക്ഷേപം കുതിക്കുമെന്നും ചില വിപണി വിദഗ്ധര്‍ പറയുന്നു.

സ്‌പോട്ട് ഇ.ടി.എഫ് തുടങ്ങുന്നതോടെ ക്രിപ്‌റ്റോ കറന്‍സികളിലേക്കു വലിയ തോതില്‍ പുതിയ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ പ്രധാനമായും ചെറുപ്പക്കാരുടെ മേഖലയായ ക്രിപ്‌റ്റോ നിക്ഷേപത്തിലേക്ക് വലിയ ഫണ്ടുകളും കടന്നു വരും എന്നതാണ് ഈ അംഗീകാരത്തിന്റെ മറ്റൊരു പ്രായോഗിക ഫലം.

ക്രിപ്‌റ്റോകള്‍ തിളങ്ങി

എസ്.ഇ.സി നീക്കത്തെ തുടര്‍ന്ന് ബിറ്റ് കോയിന്‍ വിലയില്‍ ഇന്ന് കുതിപ്പുണ്ടായി. 46,935.90 ഡോളറിലാണ് ഇന്ന് വ്യാപാരമവസാനിപ്പിച്ചത്. ഇന്നു രാവിലെ 46,700 ഡോളറിലാണ് വ്യാപാരം നടന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ ഇഥര്‍ 15 ശതമാനം കുതിച്ച് 2600 ഡോളറില്‍ എത്തി. 2,648.37 ഡോളറിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ലൈറ്റ് കോയിന്‍, എക്‌സ് ആര്‍പി എന്നിവയും കയറ്റത്തിലായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it