വില്‍പന സമ്മര്‍ദ്ദം വിനയായി, സൂചികകളില്‍ കനത്ത ഇടിവ്
വ്യാപാരത്തിന്റെ തുടക്കത്തിലുണ്ടായ കുതിപ്പ് നിലനിറുത്താനാകാതെ ഇന്ത്യന്‍ ഓഹരിസൂചികകള്‍ ഇന്ന് വ്യാപാരാന്ത്യം കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വ്യാപാരത്തിനിടെ ഒരുവേള 59,511 വരെ മുന്നേറിയ സെന്‍സെക്‌സ്, വ്യാപാരാന്ത്യമുള്ളത് 897 പോയിന്റിടിഞ്ഞ് (1.52%) 58,237ലാണ്. ഈവര്‍ഷത്തെ ഏറ്റവും താഴ്ന്ന ക്ലോസിംഗ് പോയിന്റുകളിലൊന്നാണിത്.
258 പോയിന്റ് (1.49%) താഴ്ന്ന് 17,154ലാണ് നിഫ്റ്റി. 775 കമ്പനികള്‍ ഇന്ന് സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2827 കമ്പനികള്‍ നഷ്ടം കുറിച്ചു. 155 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
വലച്ചത് പൊതുമേഖലാ ബാങ്കുകള്‍
പൊതുമേഖലാ ബാങ്ക് ഓഹരികളിലുണ്ടായ കനത്ത വില്‍പനസമ്മര്‍ദ്ദമാണ് ഓഹരിസൂചികകളെ വലച്ചത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്കോഹരികള്‍ 7 ശതമാനം ഇടിഞ്ഞു. എസ്.ബി.ഐക്ക് നഷ്ടം 3 ശതമാനം. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായി മൂന്നുവര്‍ഷത്തേക്ക് സുമന്ത് കാഠ്പാലിയയ്ക്ക് പുനര്‍നിയമനം നല്‍കണമെന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശയിലെ ആവശ്യം റിസര്‍വ് ബാങ്ക് രണ്ട് വര്‍ഷമായി കുറച്ചതാണ് ബാങ്കിന് തിരിച്ചടിയായത്.
ടാറ്റാ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ് ഓഹരികളിലും കനത്ത വില്‍പന സമ്മര്‍ദ്ദമുണ്ടായി. ടെക് മഹീന്ദ്രയാണ് നേട്ടമുണ്ടാക്കിയ ഏക മുന്‍നിര ഓഹരി. കമ്പനിയുടെ സി.ഇ.ഒയും എം.ഡിയുമായി ഇന്‍ഫോസിസില്‍ നിന്നുള്ള മോഹിത് ജോഷി എത്തിയതാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്.
സിലിക്കണ്‍ വാലി ബാങ്കിന്റെ നിഴലും വലച്ചു
അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ ഓഹരികള്‍ മെല്ലെ കരകയറവേയാണ് പുതിയ പ്രതിസന്ധിയായി സിലിക്കണ്‍ വാലി ബാങ്ക്, സിഗ്നേച്ചര്‍ ബാങ്ക് എന്നിവയുടെ തകര്‍ച്ചയെത്തിയത്. എസ്.വി.ബി ബാങ്കിടപാടുകാരുടെ നിക്ഷേപം സുരക്ഷിതമാണെന്നും പ്രതിസന്ധി വ്യാപിക്കില്ലെന്നും അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നല്‍കിയ ഉറപ്പ് വ്യാപാരത്തുടക്കത്തില്‍ അമേരിക്കന്‍ ഫ്യൂച്ചേഴ്‌സിന് നേട്ടം നല്‍കിയിരുന്നു. ഇത് ഇന്ത്യന്‍ ഓഹരികളിലും നേട്ടത്തിന് വഴിയൊരുക്കി. എന്നാല്‍, പിന്നീടുണ്ടായ വില്‍പന സമ്മര്‍ദ്ദം കനത്ത നഷ്ടത്തിന് വഴിവയ്ക്കുകയായിരുന്നു.
അമേരിക്കന്‍, ഏഷ്യന്‍, ഓസ്‌ട്രേലിയന്‍ ഓഹരികളിലുണ്ടായ നഷ്ടവും സ്വാധീനിച്ചു. ഫെഡറല്‍ റിസര്‍വ് വീണ്ടും അടിസ്ഥാന പലിശനിരക്ക് 0.50% കൂട്ടുമെന്ന ഭീതിയും വലച്ചു.
കേരള കമ്പനികളുടെ പ്രകടനം
മൂന്ന് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റ്‌സ് പിന്‍ ഇന്ത്യ 3.27 ശതമാനവും വെര്‍ടെക്‌സ് സെക്യൂരിറ്റീസ് 5 ശതമാനവും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 0.32 ശതമാനവും നേട്ടമുണ്ടാക്കി.
സെന്‍സെക്‌സില്‍ നിന്ന് കൊഴിഞ്ഞത് 4.38 ലക്ഷം കോടി രൂപ
സെന്‍സെക്‌സിന്റെ നിക്ഷേപകമൂല്യത്തില്‍ നിന്ന് ഇന്ന് ഒറ്റദിവസം കൊഴിഞ്ഞത് 4.38 ലക്ഷം കോടി രൂപയാണ്. 262.94 ലക്ഷം കോടി രൂപയില്‍ നിന്ന് 258.56 ലക്ഷം കോടി രൂപയായാണ് മൂല്യമിടിഞ്ഞത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് സെന്‍സെക്‌സ് നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. 3 ദിവസത്തിനിടെ മൂല്യത്തില്‍ നിന്ന് കൊഴിഞ്ഞത് 7.68 ലക്ഷം കോടി രൂപ.