വീണ്ടും കാർമേഘങ്ങൾ; ഏഷ്യൻ വിപണികൾ താഴ്ചയിൽ; ഇന്ത്യയിൽ പലിശവർധന വൈകും; സ്വർണം കുതിക്കുന്നു

യുക്രെയ്ൻ പ്രതിസന്ധി വീണ്ടും വിപണിയെ ഉലയ്ക്കുമെന്ന ആശങ്കയാടെയാണ് ഇന്നു വിപണി തുടങ്ങുക. അതിൻ്റേതായ അനിശ്ചിതത്വം ഉൽപന്ന വിപണികളിലടക്കം ദൃശ്യമാണ്. ഇറാനുമായി പാശ്ചാത്യശക്തികൾ നടത്തുന്ന ആണവ ചർച്ചയിലെ പുരോഗതി പോലും യുക്രെയ്ൻ വിഷയം മൂലം ശ്രദ്ധിക്കപ്പെടുന്നില്ല. വിപണിയിൽ കരുതലാേടെ നീങ്ങേണ്ട ദിവസമാണിത്. വിപണി താഴ്ചയോടെ തുടങ്ങുമെന്നാണ് എസ്ജിക്സ് നിഫ്റ്റി നൽകുന്ന സൂചന. ഏഷ്യൻ വിപണികളെല്ലാം ഒരു ശതമാനത്തിലേറെ താഴ്ചയിലാണ്.

ഇന്നലെയും ചാഞ്ചാട്ടങ്ങൾ കണ്ട ഇന്ത്യൻ വിപണി നേരിയ താഴ്ചയിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ ഒരു ശതമാനത്തോളം താഴ്ന്നു. യുഎസ് വിപണി തുടക്കം മുതലേ ഇടിവിലായിരുന്നു. ഡൗ ജോൺസ് 1.78 ശതമാനവും നാസ്ഡാക് 2.88 ശതമാനവും താഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചു.
സുരക്ഷിത താവളം തേടുന്ന നിക്ഷേപകർ യുഎസ് സർക്കാർ കടപ്പത്രങ്ങൾ വാങ്ങാൻ തിരക്കുകൂട്ടി. കടപ്പത്ര വില ഉയർന്നു. അവയിലെ നിക്ഷേപനേട്ടം (Yield) കുറഞ്ഞു. സ്വർണവില എട്ടു മാസത്തെ ഉയർന്ന നിലവാരമായ 1902 ഡോളർ വരെ കയറി.
ഇന്നലെ സെൻസെക്സ് കയറ്റിറക്കങ്ങൾക്കൊടുവിൽ 104.67 പോയിൻ്റ് (0.18%) നഷ്ടപ്പെടുത്തി 57,892.01 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 17.6 പോയിൻ്റ് (0.1%) നഷ്ടത്തിൽ 14,304.6ൽ ക്ലോസ് ചെയ്തു. ഓയിൽ - ഗ്യാസും എഫ്എംസിജിയും ഒഴികെ എല്ലാ വ്യവസായ മേഖലകളും താഴ്ചയിലായിരുന്നു. സ്മാേൾ ക്യാപ് സൂചിക ഒരു ശതമാനവും മിഡ് ക്യാപ് സൂചിക 0.3 ശതമാനവും താണു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,198 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 17,150ലായി.

വിദേശികൾ വിൽപന തുടരുന്നു; പണലഭ്യത പ്രശ്നമായേക്കും

വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1242.1 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതാേടെ ഫെബ്രുവരിയിലെ അവരുടെ വിൽപന 19,398.12 കോടി രൂപയായി. പ്രതിവാര സെറ്റിൽമെൻ്റ് ദിനമായ ഇന്നലെ ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും വിദേശികൾ വലിയ വാങ്ങലുകാരായി. സ്വദേശി ഫണ്ടുകൾ ഇന്നലെ 901.1 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.
അമേരിക്കൻ ഫെഡ് വാങ്ങി വച്ചിട്ടുള്ള സർക്കാരിതര ബോണ്ടുകൾ വിറ്റഴിക്കണമെന്നു കഴിഞ്ഞ ഫെഡ് യോഗത്തിൽ പല അംഗങ്ങളും അഭിപ്രായപ്പെട്ടു. ഫെഡ് മിനിറ്റ്സിൽ നിന്നു മനസിലാകുന്നതാണ് ഇക്കാര്യം. സർക്കാർ കടപ്പത്രങ്ങൾ മാത്രം ഫെഡ് സൂക്ഷിച്ചാൽ മതി എന്നാണ് ആ അംഗങ്ങൾ പറയുന്നത്. സ്വകാര്യ ബാങ്കുകളുടെയും മറ്റും എംബിഎസു (മോർട്ഗേജ് ബായ്ക്ക്ഡ് സെക്യൂരിറ്റീസ്) കൾ ഫെഡ് ഒഴിവാക്കിയാൽ യുഎസ് വിപണിയിൽ പണലഭ്യത കുറയും. ഈ ആശങ്കയും ഇന്നലെ യുഎസ് ഓഹരികളുടെ ഇടിവിനു കാരണമായി.
യുഎസിലെ പണലഭ്യത കുറഞ്ഞാൽ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ വിപണികളിലും പ്രശ്നം ഉണ്ടാകും. വിദേശ നിക്ഷേപകരുടെ പിന്മാറ്റം വേഗത്തിലാകും.

ഇന്ത്യ പലിശവർധന വൈകിച്ചേക്കും

യുഎസ് പലിശ നിരക്ക് മാർച്ചിൽ കൂട്ടുമ്പോൾ ഇന്ത്യ ഒപ്പം പലിശ കൂട്ടുകയില്ലെന്നാണ് ഇപ്പാേഴത്തെ നിഗമനം. ഏതാനും മാസം കൂടി കുറഞ്ഞ പലിശ തുടർന്ന് വളയർച്ചയ്ക്ക് കരുത്തു പകരണമെന്നാണ് റിസർവ് ബാങ്ക് കരുതുന്നത്. ഇന്ത്യയിലെ വിലക്കയറ്റം കുറഞ്ഞു വരുമെന്നും ഗവർണർ ശക്തികാന്ത ദാസ് കരുതുന്നു. ഗവണ്മെൻ്റിൻ്റെ ഇംഗിതവും ഇതാണ്.
എസ്ബിഐ അടക്കം പല ബാങ്കുകളും നിക്ഷേപപലിശ ഈ ദിവസങ്ങളിൽ വർധിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്. റിസർവ് ബാങ്ക് നടപടി വൈകും. ബാങ്ക് നിക്ഷേപകർ സർക്കാരിൻ്റെ സമ്പാദ്യ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ താൽപര്യമെടുക്കുന്നു. ഈ സാഹചര്യത്തിൽ ബാങ്ക് നിക്ഷേപ പലിശ ആകർഷകമാക്കാനാണു ശ്രമം.

അനിശ്ചിതത്വം മുന്നിൽ

ആഗാേള ആശങ്കകൾ ആകും ഇന്നു വിപണി ഗതിയെ നിയന്ത്രിക്കുക. നിഫ്റ്റി അനിശ്ചിതത്വം കാണിക്കുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 17,215 ലും 17,120 ലും സപ്പോർട്ട് ഉണ്ട്. 17,420-ഉം 17,535-ഉം തടസങ്ങളാകും.

ക്രൂഡ് കയറിയിറങ്ങി

ക്രൂഡ് ഓയിൽ വില ചെറിയ മേഖലയിൽ കയറിയിറങ്ങുന്നു. യുക്രെയ്ൻ സംഘർഷം വില കൂടാൻ കാരണമാകുമ്പോൾ ഇറാനുമായുള്ള ചർച്ചയിൽ പുരോഗതിയുടെ സൂചന കാണുന്നത് വില കുറയാൻ നിമിത്തമാകുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 94.8 ഡോളർ വരെ ഉയരുകയും 91.9 വരെ താഴുകയും ചെയ്തു. 92.97 ഡോളറിലാണ് ഇന്നു രാവിലെ. സ്പോട്ട് വില ഇന്നലെ 96 ഡോളർ കടന്നിട്ടു പിൻവാങ്ങി.
വ്യാവസായികലോഹങ്ങൾ ഉയർന്നു നിൽക്കുന്നു. അലൂമിനിയം 3268 ഡോളറിലേക്കു കയറി. ഇരുമ്പയിര് വീണ്ടും ഉയർന്നു 144 ഡോളറിലെത്തി.

ലിഥിയം വില വാനോളം

ഇലക്ട്രിക് വാഹനങ്ങൾക്കു വേണ്ട ബാറ്ററിയിലെ അവശ്യഘടകമായ ലിഥിയത്തിൻ്റെ വില കുതിച്ചു പായുകയാണ്. 2022 ൽ ഇതിനകം 50 ശതമാനം കുതിപ്പാണു വിലയിൽ ഉള്ളത്. 2021-ൽ വില നാലു മടങ്ങ് വർധിച്ചിരുന്നു. വിപണി നിയന്ത്രിക്കുന്ന ചൈനയിൽ ലിഥിയം കാർബണേറ്റ് വില ടണ്ണിനു 4.4 ലക്ഷം യുവാൻ കടന്നു. മൊബൈൽ ഫോൺ ബാറ്ററിയിലും ലിഥിയം അയോൺ വേണം.

1900 ഡോളർ കടന്നു സ്വർണം

സ്വർണവില വീണ്ടും കയറി. ഇന്നലെ ഔൺസിന് 1902 ഡോളർ വരെ എത്തിയ മഞ്ഞലോഹം ഇന്ന് 1899-1901 ഡോളറിലാണ്. കഴിഞ്ഞ വർഷം ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. കേരളത്തിൽ ഇന്നും സ്വർണവില ഉയരും.


This section is powered by Muthoot Finance



T C Mathew
T C Mathew  

Related Articles

Next Story

Videos

Share it