രണ്ടാം ദിനത്തിലും നേട്ടം തുടര്‍ന്ന് വിപണി; 934 പോയ്ന്റ് ഉയര്‍ന്ന് സെന്‍സെക്സ്

തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 934.23 പോയ്ന്റ് ഉയര്‍ന്ന് 52532.07 പോയ്ന്റിലും നിഫ്റ്റി 288.60 പോയ്ന്റ് ഉയര്‍ന്ന് 15638.80 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ആഭ്യന്തര- ആഗോള വിപണികളില്‍ വിറ്റഴിക്കല്‍ പ്രവണ ഇല്ലാതിരുന്നതും കമ്മോഡിറ്റി വിലയില്‍ ഉണ്ടായ ഇടിവും ഓഹരി വിപണിക്ക് തുണയായി. 2428 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 819 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 125 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടൈറ്റന്‍ കമ്പനി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അപ്പോളോ ഹോസ്പിറ്റല്‍സ് അടക്കമുള്ളവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

എല്ലാ സെക്ടറല്‍ സൂചികകളും നേട്ടം രേഖപ്പെടുത്തി. ഐറ്റി, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, പവര്‍, റിയല്‍റ്റി, പി എസ് യു ബാങ്ക് എന്നിവ 3-6 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് സൂചിക 2.4 ശതമാനവും സ്മോള്‍ കാപ് സൂചിക 3 ശതമാനവും ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനി ഓഹരികളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. 13.70 ശതമാനം നേട്ടവുമായി കേരള ആയുര്‍വേദ മുന്നില്‍ നയിച്ചു. എഫ്എസിടി (11.40 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (8.01 ശതമാനം), സിഎസ്ബി ബാങ്ക് (6.94 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (6.40 ശതമാനം), മണപ്പുറം ഫിനാന്‍സ് (5.62 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (5.60 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (5.37 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (5.20 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍ പെടുന്നു.









Related Articles
Next Story
Videos
Share it