വിപണിയില്‍ ഇടിവ്, സെന്‍സെക്‌സ് 168 പോയ്ന്റ് താഴ്ന്നു
ആഗോള സൂചനകള്‍ക്കനുസൃതമായി ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 168 പോയ്ന്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 59,029 ലാണ് ഇന്ന് ക്ലോസ് ചെയ്തത്. നിഫ്റ്റി 50 സൂചിക 31 പോയ്ന്റ് അഥവാ 0.18 ശതമാനം നഷ്ടത്തോടെ 17,624 ലുമെത്തി.
ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എം ആന്‍ഡ് എം, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക് എന്നിവ 1-2.6 ശതമാനം ഇടിവ് നേരിട്ടു. ശ്രീ സിമന്റ്, അള്‍ട്രാടെക് സിമന്റ്, അദാനി പോര്‍ട്ട്‌സ്, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, എസ്ബിഐ ലൈഫ്, ഗ്രാസിം, ബിപിസിഎല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഇവ ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.5 ശതമാനവും 0.75 ശതമാനവും മുന്നേറി. മേഖലാതലത്തില്‍ നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ഫാര്‍മ സൂചിക 0.8 ശതമാനം നേട്ടമുണ്ടാക്കി. തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഇന്ന് സമാപിച്ചപ്പോള്‍ 2.7 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് നേടിയത്. റീട്ടെയ്ല്‍ വിഭാഗം ആറ് തവണയും സ്ഥാപനേതര നിക്ഷേപകര്‍ 2.68 തവണയും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ 1.6 തവണയുമാണ് സബ്‌സ്‌ക്രൈബ് ചെയ്തത്.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 25 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (4.98 ശതമാനം), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (4.30 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (5.52 ശതമാനം), ഹാരിസണ്‍സ് മലയാളം (1.53 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (2.39 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (1.42 ശതമാനം), കേരള ആയുര്‍വേദ (1.41 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (1.15 ശതമാനം), നിറ്റ ജലാറ്റിന്‍ (3.03 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (5.00 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.98 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.48 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (1.93 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവയുടെ ഓഹരിവിലയില്‍ ഇടിവുണ്ടായി.