Begin typing your search above and press return to search.
ഈ ആഴ്ചയിലും ഓഹരി വിപണിയിൽ തിരുത്തൽ തുടരും; ഫ്യൂച്ചർ വിധി ദോഷം ചെയ്യുമോ? നികുതിപിരിവ് കൂടുന്നതിലെ അപായസൂചന
പണലഭ്യത അതിവേഗം കുറയും. പലിശ വേഗം ഉയരും. പുറമേ കോവിഡിൻ്റെ പുതിയ വകഭേദത്തിൻ്റെ അതിവേഗ വ്യാപനം.
ഇതാണ് ആഗോളതലത്തിൽ അനിശ്ചിതത്വം വളർത്തുന്നത്. അനിശ്ചിതത്വവും ആശങ്കയും കമ്പോളങ്ങൾക്ക് ഇഷ്ടമല്ല. ഓഹരി മുതൽ ഉൽപന്നങ്ങൾ വരെയുള്ള വിപണികളിൽ അതു കാണാം. ഒമിക്രോൺ മൂലം വീണ്ടും ഗതാഗത നിയന്ത്രണം വരുമെന്ന ഭീതിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. തിങ്കൾ രാവിലെ ഏഷ്യയിലും ഓസ്ട്രേലിയയിലും വിപണികൾ ഒരു ശതമാനത്തോളം ഇടിഞ്ഞാണു തുടങ്ങിയത്. യുഎസ് ഫ്യൂച്ചേഴ്സും ഗണ്യമായ താഴ്ചയിലാണ്.
വിദേശ നിക്ഷേപകർ വിട്ടു പോകുന്നു എന്ന വിഷയം കൂടി ഇന്ത്യൻ വിപണിയെ അലട്ടുന്നുണ്ട്. ഡിസംബറിൽ ഇതുവരെ ക്യാഷ് വിപണിയിൽ നിന്ന് 26,687 കോടി രൂപ (355 കോടി ഡോളർ) അവർ പിൻവലിച്ചു. നവംബറിൽ 39,902 കോടി രൂപയും ഒക്ടോബറിൽ 25,572 കോടി രൂപയും പിൻവലിച്ചതിനു പിന്നാലെയാണത്. അതേ സമയം ഐപിഒ വിപണിയിൽ അവർ സജീവമാണെന്നത് വിസ്മരിക്കേണ്ട. ഡിസംബറിൽ ഇതുവരെ അവർ 11,782 കോടി രൂപ ഐപിഒകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇതു കിഴിച്ചാലും ഈ പാദത്തിൽ ഇതുവരെ 32,965 കോടി രൂപ വിദേശികൾ പിൻവലിച്ചു എന്ന വസ്തുത നിലനിൽക്കുന്നു.
ഒക്ടോബറിലെ ഉയരത്തിൽ നിന്ന് സെൻസെക്സ് 8.4 ശതമാനവും നിഫ്റ്റി 8.7 ശതമാനവും താഴ്ന്നു നിൽക്കുന്നതിന് വേറേ വിശദീകരണം ആവശ്യമില്ല. ഇതു തുടരുമോ എന്നതേ ചോദ്യമായി ശേഷിക്കുന്നുള്ളു. എല്ലാ വിശകലനങ്ങളും തിരുത്തൽ തുടരുന്നതിലേക്കാണു വിരൽ ചൂണ്ടുന്നത്. ഈയാഴ്ചയും അതു തുടരും.
രണ്ടാഴ്ച ഉയർച്ച കാണിച്ച ശേഷമാണു കഴിഞ്ഞയാഴ്ച ഇന്ത്യൻ സൂചികകൾ കുത്തനെ താണത്. വെള്ളിയാഴ്ച 1.54 ശതമാനം ഇടിഞ്ഞ സെൻസെക്സിൻ്റെ ആഴ്ചയിലെ നഷ്ടം 3.02 ശതമാനം. ക്ലോസിംഗ് 57,011.74. വെള്ളിയാഴ്ച 1.53 ശതമാനം താഴ്ചയിലായ നിഫ്റ്റിയുടെ ആഴ്ചയിലെ നഷ്ടം 3.0 ശതമാനം. ക്ലോസിംഗ് 16,985.2. വെള്ളിയാഴ്ച മിഡ് ക്യാപ് സൂചിക 2.42 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.07 ശതമാനവും താണു.
കഴിഞ്ഞയാഴ്ച റിയൽറ്റി ഓഹരികളാണ് ഏറ്റവും തകർച്ച നേരിട്ടത്. ബിഎസ്ഇ റിയൽറ്റി സൂചിക7.48 ശതമാനം ഇടിഞ്ഞു. ബാങ്ക് സൂചിക നാലു ശതമാനവും എഫ്എംസിജി സൂചിക 4.4 ശതമാനവും താഴ്ചയിലായി. 1.78 ശതമാനം ഉയർന്ന ഐടി മേഖല മാത്രമാണു നേട്ടമുണ്ടാക്കിയത്.
യുഎസ് വിപണിയും വെള്ളിയാഴ്ച വലിയ താഴ്ചയിലായി. ഡൗ ജോൺസ് 500-ലേറെ പോയിൻ്റ് താണു. ടെക് ഓഹരികളുടെ ദൗർബല്യത്തിൽ നാസ് ഡാക് സൂചിക രണ്ടു ദിവസം കൊണ്ടു മൂന്നു ശതമാനത്തോളം ഇടിഞ്ഞു. വെള്ളിയാഴ്ച ഏഷ്യൻ, യൂറോപ്യൻ ഓഹരികളും ഗണ്യമായി ഇടിഞ്ഞു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 16,996-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താണ് 16,956ലെത്തി. ഇന്ത്യയിൽ നിഫ്റ്റി താഴ്ന്നു വ്യാപാരം തുടങ്ങും എന്ന വിലയിരുത്തലിലാണ് ഡെറിവേറ്റീവ് വ്യാപാരം.
തിരുത്തൽ ഏതു വരെ?
സാങ്കേതിക വിശകലന വിദഗ്ധർ വിപണിസൂചന ബെയറിഷ് ആണെന്നു പറയുന്നു. 16,900-ലെ താങ്ങു നിലനിർത്താനായില്ലെങ്കിൽ ഈയാഴ്ച നിഫ്റ്റി 16,800-16,700 മേഖലയിലേക്കു താഴാനുള്ള സധ്യതയാണ് അവർ കാണുന്നത്. മറിച്ചായാൽ 17,300- 17,400 മേഖലയിലേക്ക് ഉയരാനുള്ള സാധ്യത തെളിയും. 16,870- യും 16,755 ലും നിഫ്റ്റിക്കു സപ്പോർട്ട് ഉണ്ട്. 17, 200 ലും 17,415 ലും പ്രതിരോധം പ്രതീക്ഷിക്കുന്നു.
വിപണി തിരുത്തൽ തുടരുന്ന പക്ഷം 14,000 വരെ നിഫ്റ്റി താഴുന്നതിനെപ്പറ്റി ചിലർ സൂചിപ്പിക്കുന്നുണ്ട്. ഒക്ടോബറിലെ സർവകാല ഉയരത്തിൽ നിന്ന് 20 ശതമാനം താഴെയാണ് 14,000.
ക്രൂഡ് വില ഇടിഞ്ഞു
ക്രൂഡ് ഓയിൽ വെള്ളിയാഴ്ച താഴ്ന്നു. ലഭ്യത വർധിച്ചതാണു കാരണം. ഒമിക്രോൺ വ്യാപനം ഉപയോഗം കുറയ്ക്കുമെന്നും വിപണി കരുതുന്നു. ക്രിസ്മസ് വരെ അടച്ചിടീൽ പ്രഖ്യാപിക്കില്ല എന്നു പല രാജ്യങ്ങളും പ്രഖ്യാപിച്ചെങ്കിലും പ്രാദേശിക നിരോധനങ്ങൾ നടപ്പാക്കുന്നുണ്ട്. വെള്ളിയാഴ്ച 73.52 ഡോളർ വരെ താണ ബ്രെൻ്റ് ഇനം ഇന്നു രാവിലെ വീണ്ടും രണ്ടു ശതമാനം താണ് 72.03 ഡോളറിലാണു വ്യാപാരം തുടങ്ങിയത്. ഡബ്ള്യുടിഐ ഇനം 69.5 ഡോളറിനു താഴെ എത്തി. യൂറോപ്പിലേക്കു കൂടുതൽ പ്രകൃതി വാതകം അയയ്ക്കുമെന്നു റഷ്യ അറിയിച്ചതു വാതക വില 3.7 ഡോളറിനു താഴെയാക്കി. റഷ്യയുടെ പുതിയ വാതക പൈപ്പ് ലൈൻ ആയ നോർഡ് സ്ട്രീമിന് അംഗീകാരം ഉടനെങ്ങും നൽകില്ലെന്നു ജർമൻ പാർലമെൻ്റ് നിലപാടെടുത്തത് കാര്യമാക്കാനില്ലെന്നാണു റഷ്യൻ കാഴ്ചപ്പാട്.
വ്യാവസായിക ലോഹങ്ങൾ വാരാന്ത്യത്തിൽ നേട്ടമുണ്ടാക്കി. ചെമ്പും അലൂമിനിയവും ഇരുമ്പയിരും ഒക്കെ ഉയർന്നു. നേട്ടം ഈയാഴ്ച തുടരണമെന്നില്ല.
സ്വർണം 1817 ഡോളർ വരെ കയറിയിട്ട് താണു. 1798-1800 ലാണ് ആഴ്ച ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വ്യാപാരം 1802-1803 ഡോളറിലേക്കു കയറി.
പലിശ കൂടുന്നു; വിപണിയിൽ പണം കുറയുന്നു
ലോകമെങ്ങും കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഉയർത്തി വരികയാണ്. കഴിഞ്ഞയാഴ്ച ബ്രിട്ടൻ, റഷ്യ, നോർവേ, പാക്കിസ്ഥാൻ തുടങ്ങി 14 രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് കൂട്ടി. 2020-ൽ 93 രാജ്യങ്ങളിലായി 256 പലിശ കുറയ്ക്കൽ നടപടികൾ ഉണ്ടായ സ്ഥാനത്ത് ഈ വർഷം 40 രാജ്യങ്ങളിലായി 119 പലിശ കൂട്ടൽ നടപടികൾ ഉണ്ടായി. ഈയാഴ്ച ഒൻപതു കേന്ദ്ര ബാങ്കുകൾ കൂടി പലിശ വർധന പ്രഖ്യാപിക്കുമെന്നു സൂചനയുണ്ട്. ഇതോടൊപ്പം കേന്ദ്ര ബാങ്കുകൾ പണലഭ്യത കുറയ്ക്കാനും നടപടി എടുത്തു വരികയാണ്. യുഎസ് ഫെഡ് കടപ്പത്രം വാങ്ങൽ നാലു മാസം കൊണ്ട് അവസാനിപ്പിക്കും. യൂറോപ്യൻ കേന്ദ്ര ബാങ്ക് ഉടനേ അവസാനിപ്പിക്കില്ലെങ്കിലും കടപ്പത്രം വാങ്ങൽ ചുരുക്കി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കടപ്പത്രം വാങ്ങൽ ഈയാഴ്ച അവസാനിപ്പിക്കും. കാനഡ കടപ്പത്രം വാങ്ങൽ നിർത്തി.
ഇന്ത്യ കടപ്പത്രം വാങ്ങൽ നിർത്തിയില്ലെങ്കിലും വിപണിയിലെ അധിക പണം വലിച്ചെടുക്കാൻ നടപടി തുടങ്ങി. പലിശ നിരക്കിൽ വലിയ ചാഞ്ചാട്ടം ഉണ്ടാകാതെ അധികപണലഭ്യത കുറയ്ക്കാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്.
ഇത്തരം നടപടികൾ ധനകാര്യ വിപണികളിലെ പണലഭ്യത കുറയ്ക്കും. അതു സ്വാഭാവികമായും ആസ്തികളുടെ - ഓഹരി, കടപ്പത്രം, ലോഹങ്ങൾ, ഉൽപന്നങ്ങൾ - വില ഇടിയാൻ കാരണമാകും.' കഴിഞ്ഞയാഴ്ച കമ്പോളങ്ങൾ ഇടിഞ്ഞത് ഈ സാഹചര്യത്തിലാണ്.
ഫ്യൂച്ചർ- ആമസോൺ പോരിൽ വഴിത്തിരിവ്
ഫ്യൂച്ചർ റീട്ടെയിൽ റിലയൻസിനു കൈമാറാനുള്ള നീക്കത്തിനെതിരേ ആമസോൺ നടത്തുന്ന നിയമ പോരാട്ടത്തിൽ വഴിത്തിരിവ്. 2019 -ൽ ഫ്യൂച്ചർ ഗ്രൂപ്പിൽ ആമസോൺ നടത്തിയ നിക്ഷേപത്തിനു തങ്ങൾ നൽകിയ അനുമതി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) സസ്പെൻഡ് ചെയ്തു. അന്നു മുഴുവൻ കാര്യങ്ങളും അറിയിച്ചില്ല എന്നു പറഞ്ഞാണ് ഈ അസാധാരണ നടപടി.200 കോടി രൂപ പിഴയും ചുമത്തി. ആമസോൺ അപ്പീലിന് പോകും. ഇന്ത്യയിലേക്കുള്ള വിദേശ മൂലധന വരവിനു ഭീഷണി ഉയർത്തുന്നതാണു സിസിഐ നടപടി എന്നു പലരും വിലയിരുത്തുന്നു. നയങ്ങളിലും നിയമ വ്യാഖ്യാനങ്ങളിലും സ്ഥിരത ഇല്ലെന്നു കാണിക്കുന്നതാണ് ഈ സംഭവ വികാസം.
ആദായനികുതി പിരിവ് കൂടുമ്പോൾ എന്തിനു വിഷമിക്കണം?
കമ്പനികളുടെയും വ്യക്തികളുടെയും ആദായ നികുതി ഇനത്തിൽ ഡിസംബർ പകുതി വരെ ലഭിച്ച തുക 47 ശതമാനം വർധിച്ചു. മുൻകൂർ നികുതി ഇനത്തിൽ 53.5 ശതമാനമാണു വർധന. കോവിഡിനു മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ചും 50 ശതമാനത്തോളം വർധന ഉണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2.99 ലക്ഷം കോടിയായിരുന്ന മുൻകൂർ നികുതി 4.6 ലക്ഷം കോടിയിലെത്തി. മൊത്തം പ്രത്യക്ഷനികുതി പിരിവ് 7.33 ലക്ഷം കോടിയിൽ നിന്ന് 10.8 ലക്ഷം കോടിയിലെത്തി.
ആദായ നികുതിയിലെ വലിയ വർധന രണ്ടു പ്രവണതകളെ കാണിക്കുന്നു.
ഒന്ന്: ബിസിനസിൽ വലിയ കമ്പനികൾ വളരുകയും ചെറുകിട-ഇടത്തരം കമ്പനികൾ തളരുകയും ചെയ്തു. അസംഘടിത (Unorganised) മേഖലയിൽ നിന്ന് സംഘടിത മേഖലയിലേക്കു കാര്യങ്ങൾ നീങ്ങി എന്നു ചുരുക്കം. അസംഘടിതമേഖല ജിഡിപിയുടെ 40-45 ശതമാനം ഉണ്ടായിരുന്നത് 15-20 ശതമാനമായി കുറഞ്ഞെന്നാണു വിലയിരുത്തൽ.
രണ്ട്: ഉയർന്ന വരുമാനക്കാരുടെ വരുമാനം സമീപകാലത്തു വർധിച്ചു. സമാന്തരമായി താഴ്ന്ന വരുമാനക്കാരുടെ വരുമാനം ഗണ്യമായി കുറഞ്ഞു.
അത്ര നല്ലതല്ല ഈ പ്രവണത എന്നാണു കൂടുതൽ പേരും കരുതുന്നത്. സമ്പത്തിൻ്റെ കേന്ദ്രീകരണത്തിലേക്കാണ് ഈ പ്രവണതകൾ നയിക്കുക. കറൻസി റദ്ദാക്കലിൽ തുടങ്ങിയ ഈ പ്രവണതകൾ കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ വേഗം നേടുകയായിരുന്നു. നല്ല സമൂഹക്രമത്തിന് ഒട്ടും നല്ലതല്ല ഈ കേന്ദ്രീകരണം.
Next Story
Videos