വിപണികളിൽ യുദ്ധഭീതി; വിലക്കയറ്റവും വിഷയം; ബുള്ളുകൾക്കു തിരിച്ചടി; ക്രൂഡ് വില കുതിക്കുന്നു

ആഗോള തലത്തിലെ ഈ രണ്ട് കാര്യങ്ങൾ വിപണിയെ ഉലയ്ക്കും; വ്യവസായവളർച്ച മന്ദഗതിയിൽ; വാഹനവിൽപന വീണ്ടും കുറയുന്നു

ആഗോള ആശങ്കകൾ വിപണിയെ സ്വാധീനിച്ച ഒരാഴ്ചയ്ക്കു ശേഷം ഇന്നു വിപണിയെ കാത്തിരിക്കുന്നതും അതു തന്നെ. യുക്രെയ്നിൽ റഷ്യ ആക്രമണം നടത്തുമെന്ന ആശങ്ക വെള്ളിയാഴ്ച ഓഹരി വിപണികളെ വലിച്ചു താഴ്ത്തി; സ്വർണവും ക്രൂഡും കുതിച്ചു കയറി. ഈ ആശങ്ക കുറയ്ക്കാനുള്ള ഒരു കാര്യവും ഉണ്ടായിട്ടില്ല. വേറൊരാശങ്ക പലിശ സംബന്ധിച്ചാണ്. ഈ വർഷം ഡിസംബറിനകം ഏഴു തവണയായി പലിശ 1.75 ശതമാനത്തിലേക്കു വർധിപ്പിക്കാൻ യുഎസ് ഫെഡ് തീരുമാനിക്കും എന്നാണു ഗോൾഡ്മാൻ സാക്സിൻ്റെ പ്രവചനം.

യുദ്ധം വിപണിക്ക് ഇഷ്ടമല്ല. പലിശ അധികം കൂടുന്നതും രസിക്കുന്ന കാര്യമല്ല. രണ്ടും അനിശ്ചിതത്വത്തിനും വളർച്ച തടസപ്പെടാനും കാരണമാകും.
വെള്ളിയാഴ്ച ആഗാേള വിപണികൾ ഈ ആശങ്കയോടെ താഴോട്ടു വീണു. അമേരിക്കയിൽ ഡൗ ജോൺസ് ഒന്നരയും എസ് ആൻഡ് പി രണ്ടും നാസ്ഡാക് മൂന്നും ശതമാനം ഇടിഞ്ഞു. യൂറോപ്യൻ ഓഹരികളും കുത്തനേ താണു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഓസ്ട്രേലിയ, ജപ്പാൻ, കൊറിയ വിപണികളിലും രാവിലെ ഇടിവോടെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ സൂചിക രണ്ടു ശതമാനം ഇടിഞ്ഞു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,195 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 17,170-ലെത്തി. ഇന്ത്യയിൽ നല്ല താഴ്ചയിലാകും വ്യാപാരം തുടങ്ങുക എന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച സെൻസെക്സ് 773.11 പോയിൻ്റ് (1.31%) നഷ്ടത്തിൽ 58,152.92 ലും നിഫ്റ്റി 231.1 പോയിൻ്റ് (1.31%) താഴ്ചയിൽ 17,374.75 ലും ക്ലോസ് ചെയ്തു. സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകൾ 1.9 ശതമാനം താണു. ഐടി, ബാങ്ക്, ഓട്ടോ തുടങ്ങി മിക്ക വ്യവസായ മേഖലകളും താഴ്ചയിലായിരുന്നു.
കഴിഞ്ഞയാഴ്ച സെൻസെക്സ് 0.84 ശതമാനവും നിഫ്റ്റി 0.81 ശതമാനവും താഴ്ന്നു. 3.8 ശതമാനം ഉയർന്ന മെറ്റൽസ് ഒഴികെയുള്ള മേഖലകൾക്കെല്ലാം ക്ഷീണമായിരുന്നു.
വെള്ളിയാഴ്ച 108.53 കോടിയുടെ ഓഹരികൾ വാങ്ങിയെങ്കിലും കഴിഞ്ഞയാഴ്ച വിദേശ നിക്ഷേപകർ 5642 കോടിയുടെ വിൽപനക്കാരായിരുന്നു. ജനുവരി ഒന്നിനു ശേഷം അവർ 500 കോടിയിലേറെ ഡോളർ ഓഹരി വിപണിയിൽ നിന്നു പിൻവലിച്ചിട്ടുണ്ട്. അവരുടെ വിൽപന തുടരുമെന്നാണു സൂചന. വെള്ളിയാഴ്ച സ്വദേശി ഫണ്ടുകൾ 696.9 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു.
വിപണി ബെയറിഷ് ആണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. കഴിഞ്ഞയാഴ്ച 17,600-നു മുകളിൽ ക്ലോസ് ചെയ്യാനാകാതെ വന്നതു നിഫ്റ്റിയെ ദുർബലമാക്കി. ഇനി 17, 260 നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ 17,040-ലേക്കും 16,835-ലേക്കും വീഴും. വിൽപന സമ്മർദം തുടർന്നാൽ 14,000 വരെയുള്ള തകർച്ചയും കാണേണ്ടി വരും. ഇന്നു വിപണിക്ക് 17,305-ലും 17,230 ലും താങ്ങ് പ്രതീക്ഷിക്കാം. 17,450 ലും 17,530 ലും ശക്തമായ തടസം ഉണ്ടാകും.

വിലക്കയറ്റം എത്ര വരെ?

ജനുവരിയിലെ ചില്ലറവില സൂചിക (സിപിഐ), മൊത്തവില സൂചിക (ഡബ്ള്യുപിഐ) എന്നിവ ഇന്നു പ്രസിദ്ധീകരിക്കും. ഡിസംബറിൽ ചില്ലറ വിലക്കയറ്റം 5.59 ശതമാനവും മൊത്ത വിലക്കയറ്റം 13.56 ശതമാനവും ആയിരുന്നു. ജനുവരിയിൽ ചില്ലറ വിലക്കയറ്റം ആറു ശതമാനമാകുമെന്നാണു നിഗമനം. ജനുവരി- മാർച്ച് പാദത്തിൽ 5.7 ശതമാനമാണു റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്ന ചില്ലറ വിലക്കയറ്റം

ക്രൂഡ് 95 ഡോളറിനു മുകളിൽ

യുദ്ധഭീതി ക്രൂഡ് ഓയിൽ വിലയിൽ വലിയ കുതിപ്പിനു കാരണമായി. ബ്രെൻ്റ് ഇനം സ്പോട്ട് വില വീപ്പയ്ക്ക് 97 ഡോളർ കടന്നു. അവധി വില 96.2 ഡോളർ ആയി. യുക്രെയ്നിലെ സംഘർഷനില രൂക്ഷമായാൽ 100 ഡോളറിനു മുകളിലേക്കു വില കയറും. 120 ഡോളർ എത്തുമെന്നാണു ജെ.പി.മോർഗൻ്റെ പ്രവചനം. 2014 ഓഗസ്റ്റിനു ശേഷം ക്രൂഡ് വില 100 ഡോളറിനു മുകളിൽ എത്തിയിട്ടില്ല.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച അൽപം താണു. രണ്ടു മൂന്നു ദിവസത്തെ കുതിപ്പിനു ശേഷമുള്ള ഒരു സാങ്കേതിക തിരുത്തൽ മാത്രമാണ് അതെന്നു വിപണി കരുതുന്നു. ചെമ്പ് 10,000 ഡോളറിനും അലൂമിനിയം 3100 ഡോളറിനും മുകളിലാണ്. ഇരുമ്പയിര് 150 ഡോളറിനു മുകളിലേക്കു കയറി.
സ്വർണം വെള്ളിയാഴ്ച വൻ കുതിപ്പ് നടത്തി. ഔൺസിന് 1860 ഡോളറിലേക്കുയർന്നു. ഇന്നു രാവിലെ 1858-18606 ഡാേളറിലാണു വ്യാപാരം. യുദ്ധഭീതിയാണു സ്വർണവില കയറാൻ കാരണം. കേരളത്തിൽ ശനിയാഴ്ച പവന് 800 രൂപ വർധിച്ച് 37,440 രൂപയായി.2021 ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്

യുദ്ധം സാമ്പത്തികവും സാങ്കേതികവും

യുക്രെയ്നിൽ റഷ്യ സൈനികമായി ഇടപെട്ടാൽ തിരികെ ആക്രമണത്തേക്കാൾ സാമ്പത്തിക ഉപരോധത്തിനാകും പാശ്ചാത്യശക്തികൾ ശ്രമിക്കുക. റഷ്യയുടെ എണ്ണ കയറ്റുമതിയും രാജ്യാന്തര ബാങ്കിംഗും വിലക്കുന്നതു മുതൽ വാർത്താവിനിമയ ശൃംഖലകൾ മരവിപ്പിക്കുന്നതു വരെയുള്ള നടപടികൾ ഉണ്ടാകും. ഇവ ആഗോളതലത്തിൽ നിയന്ത്രണമില്ലാത്ത വിലക്കയറ്റത്തിനും വാണിജ്യ തടസങ്ങൾക്കും ഇടയാക്കും. ബുധനാഴ്ചയോടെ റഷ്യൻ സേന യുക്രെയ്നെ ആക്രമിക്കുമെന്നാണു യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറയുന്നത്. അമേരിക്കയും സഖ്യകക്ഷികളും റഷ്യയും യുക്രെയ്നിൽ നിന്ന് നയതന്ത്രപ്രതിനിധികളെ പിൻവലിച്ചിട്ടുമുണ്ട്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് തിങ്കളാഴ്ച മധ്യസ്ഥശ്രമം നടത്തും.

വ്യവസായവളർച്ച മന്ദഗതിയിൽ

ഡിസംബറിൽ വ്യവസായ ഉൽപാദന സൂചിക (ഐഐപി) യിലെ വർധന തീരെ കുറവായി. നവംബറിൽ 1.3 ശതമാനം ഉയർന്ന സ്ഥാനത്തു ഡിസംബറിൽ കേവലം 0.4 ശതമാനം ഉയർച്ച. തലേ ഡിസംബറിൽ 2.2 ശതമാനം വളർന്നതാണ്. പത്തു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചയാണിത്.
ഫാക്ടറി ഉൽപാദനം 0.1 ശതമാനം കുറഞ്ഞു. യന്ത്രസാമഗ്രികളുടെയും കൺസ്യൂമർ ഡ്യുറബിൾസിൻ്റെയും ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഉൽപന്നങ്ങളുടെയും ഉൽപാദനം ചുരുങ്ങി. സാമ്പത്തിക വളർച്ച തിരിച്ചു വരുന്നു എന്ന അവസ്ഥ ഇനിയും എത്തിയിട്ടില്ല എന്നാണ് ഇതു കാണിക്കുന്നത്. മൂലധന നിക്ഷേപവും ഉപഭോഗവും ഒരേ പോലെ കുറഞ്ഞു നിൽക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
ജനുവരിയിൽ രണ്ടു ശതമാനം വളർച്ച വ്യവസായ ഉൽപാദനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. ജനുവരിയിലെ ത്വരിത സൂചകങ്ങൾ വച്ചുള്ള പ്രതീക്ഷയാണത്.

വാഹനവിൽപന വീണ്ടും കുറയുന്നു; ഡിമാൻഡ് വർധിക്കുന്നില്ല

ജനുവരിയിൽ രാജ്യത്തെ വാഹന വിൽപന 19 ശതമാനം കുറഞ്ഞു. കമ്പനികൾ ഡീലർമാരുടെ പക്കലേക്ക് വാഹനങ്ങൾ അയയ്ക്കുന്നത് വച്ചുള്ള കണക്കാണിത്. റീട്ടെയിൽ വിൽപന ആധാരമാക്കിയല്ല.
ടൂ വീലർ വിൽപനയിൽ 21 ശതമാനവും ത്രീവീലർ വിൽപനയിൽ 23 ശതമാനവും ഇടിവുണ്ട്. ഇവ കുറഞ്ഞത് ചിപ്പ് ക്ഷാമം മൂലമല്ല. ഡിമാൻഡ് കുറവായതു മൂലമാണ്. ചെറുകിട സംരംഭകരും ആദ്യമായി ജോലി ലഭിക്കുന്നവരും ഒക്കെയാണ് ടൂ വീലർ വാങ്ങുന്നത്. അവർ പിന്മാറി നിൽക്കുന്നത് വരുമാനം ഇല്ലായ്മയെ കാണിക്കുന്നു. സ്കൂട്ടർ വിൽപന 4.55 ലക്ഷത്തിൽ നിന്ന് 3.49 ലക്ഷത്തിലേക്കും മോട്ടോർ സൈക്കിൾ വിൽപന 9.16 ലക്ഷത്തിൽ നിന്ന് 7.44 ലക്ഷത്തിലേക്കും ഇടിഞ്ഞു.
യാത്രാവാഹന വിൽപനയിലെ ഇടിവ് എട്ടു ശതമാനമാണ്. കാറുകളുടെയും വാനുകളുടെയും വിൽപന കുറഞ്ഞു. യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപന കൂടി. കാർ വിൽപന 1.53 ലക്ഷത്തിൽ നിന്ന് 1.27 ലക്ഷത്തിലേക്ക് താണു. യൂട്ടിലിറ്റി വാഹന വിൽപന 1.12 ലക്ഷത്തിൽ നിന്ന് 1.17 ലക്ഷത്തിലേക്കു വർധിച്ചു. മൈക്രോ ചിപ്പുകളുടെ ക്ഷാമമാണു യാത്രാ വാഹന വിൽപന കുറയാൻ കാരണമെന്നാണു കമ്പനികൾ ഇപ്പാേഴും പറയുന്നത്. ഡിമാൻഡ് കുറവില്ലെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ എൻട്രി ലെവൽ കാറുകളുടെ ഡിമാൻഡിൽ വലിയ ഇടിവ് ഉണ്ടെന്നാണു വിൽപ്പന കേന്ദ്രങ്ങൾ പറയുന്നത്.

This section is powered by Muthoot Finance


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it