Begin typing your search above and press return to search.
സംഘർഷം അയഞ്ഞു; വിപണികളിൽ ആശ്വാസ റാലി; വിദേശികൾ പണം മാറ്റുന്നത് എങ്ങോട്ട്? കേരളത്തിൽ ഇന്ന് സ്വർണ്ണ വില താഴും; കാരണം ഇതാണ്
യുക്രെയ്ൻ അതിർത്തിയിൽ നിന്ന് റഷ്യ കുറേ സൈന്യത്തെ പിൻവലിച്ചു. വലിയ ആഗാേള സംഘർഷ ഭീതി ഒഴിവായി. വിപണികൾ തിരിച്ചു കയറി. ക്രൂഡ് ഓയിൽ താണു. സ്വർണം ഇടിഞ്ഞു. ഇനി പലിശപ്പേടി മാത്രം.
തലേന്നത്തെ നഷ്ടം മിക്കവാറും നികത്തിയാണ് ഇന്നലെ മുഖ്യസൂചികകൾ ക്ലോസ് ചെയ്തത്. വിപണി മൂല്യത്തിലെ നഷ്ടത്തിൽ 80 ശതമാനവും വീണ്ടെടുത്തു. തിങ്കളാഴ്ച നഷ്ടമായത് എട്ടര ലക്ഷം കോടി രൂപ. ഇന്നലെ തിരിച്ചു കയറിയത് ഏഴു ലക്ഷം കോടി രൂപ.
ഇന്നു വിപണി ഉയർച്ചയുടെ പാതയിലാകും എന്നു പ്രതീക്ഷയുണ്ട്. ആഗോള സൂചനകൾ നേട്ടത്തിന് അനുകൂലമാണ്. യൂറോപ്യൻ, യുഎസ് ഓഹരികൾ ഇന്നലെ നല്ല നേട്ടത്തിലാണു ക്ലോസ് ചെയ്തത്. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു തുടക്കത്തിൽ അൽപം താഴ്ന്നു. യുഎസ് കടപ്പത്ര വില കുറയുകയും അവയിലെ നിക്ഷേപനേട്ടം (Yield) രണ്ടു ശതമാനത്തിനു മുകളിലാകുകയും ചെയ്തു. ഏഷ്യൻ വിപണികൾ എല്ലാം നല്ല ഉയർന്ന നിലവാരത്തിലാണ്. സിംഗപ്പുരിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ 17,416 വരെ കയറിയിട്ട് 17,384 ലേക്കു താണു. ചെറിയ നേട്ടത്തോടെ ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ സെൻസെക്സ് 1736.21 പോയിൻ്റ് (3.08%) കയറ്റത്തോടെ 58,142.05ലും നിഫ്റ്റി 509.65 പോയിൻ്റ് (3.03%) നേട്ടത്തോടെ 17,352.45 ലും ക്ലോസ് ചെയ്തു. മിഡ്, സ്മാേൾ ക്യാപ് സൂചികകൾ അൽപം കുറഞ്ഞ നേട്ടമേ ഉണ്ടാക്കിയുള്ളു. ബാങ്ക്, ധനകാര്യ, വാഹന, ഐടി, റിയൽറ്റി കമ്പനികൾ മികച്ച നേട്ടമുണ്ടാക്കി.
വിദേശ നിക്ഷേപകർ ഇന്നലെ 2298.76 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. ഇതോടെ ഈ മാസത്തെ അവരുടെ വിൽപന 16,265 കോടി രൂപയിലെത്തി. ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും വിദേശ നിക്ഷേപകർ കൂടുതൽ പണം മുടക്കി. ഇന്നലെ സ്വദേശി ഫണ്ടുകൾ 4411.6 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബുള്ളുകൾ വീണ്ടും വിപണിയുടെ നിയന്ത്രണം പിടിച്ചു എന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. നിഫ്റ്റിക്കു 17,450-നു മുകളിലേക്കു കരുത്താേടെ കയറാനായാൽ 17,640- 17,780-18,000 പാതയിൽ മുന്നേറാനാകും. ഇന്നു 17,005ലും 16,655 ലും നിഫ്റ്റിക്കു സപ്പോർട്ട് ഉണ്ട്. 17,540 ലും 17,725 ലും പ്രതിരാേധം നേരിടും.
ക്രൂഡ് ഇടിഞ്ഞു
യുക്രെയ്ൻ പ്രതിസന്ധി നീങ്ങിയതിനെ തുടർന്നു ക്രൂഡ് ഓയിൽ വില കുറഞ്ഞു. 96 ഡോളറിനു മുകളിൽ ചെന്ന ബ്രെൻ്റ് ഇനം ഇന്നു രാവിലെ 93.3 ഡോളറിലാണ്. അമേരിക്കയിലെ ക്രൂഡ് ശേഖരം പ്രതീക്ഷിച്ചതിലധികം താഴ്ന്നതു വിലയിടിവിൻ്റെ തോതു കുറച്ചു. പ്രകൃതി വാതക വില രണ്ടു ശതമാനം കൂടി.
സ്റ്റീൽ ഒഴികെ വ്യാവസായിക ലോഹങ്ങൾ ഉയർന്നു നിൽക്കുന്നു. ചെമ്പ് 10,017 ഡോളറിലും അലൂമിനിയം 3190 ഡോളറിലുമാണ്. സ്റ്റീൽ വില താഴ്ത്താനുള്ള ചൈനീസ് സമ്മർദം ഇരുമ്പയിര് വില 10 ശതമാനം ഇടിയാൻ കാരണമായി.
സ്വർണവില കുറയും
സംഘർഷം നീങ്ങിയതോടെ സ്വർണവില ഇടിഞ്ഞു. 1880 ഡോളർ വരെ എത്തിയ വില ഇന്നലെ 1844 ഡോളറിലേക്കു താഴ്ന്നു. ഇന്നു രാവിലെ 1850-1852 ഡോളറിലാണു വ്യാപാരം. കേരളത്തിൽ ഇന്നലെ 37,440 രൂപയിലേക്കു കയറിയ പവൻ വില ഇന്നു ഗണ്യമായി താഴും. ഡോളർ നിരക്ക് കുറയുന്നതും സ്വർണ വിലയിൽ പ്രതിഫലിക്കും.
വിദേശികൾക്കു പ്രിയം ചൈന, ഇന്തോനേഷ്യ
വിദേശ നിക്ഷേപകരുടെ വിൽപനയാണ് വിപണി ഈ ദിവസങ്ങളിൽ നേരിടുന്ന വലിയ ഭീഷണി. പല ഫണ്ടുകളും ഇന്ത്യയിൽ നിന്നു പണം പിൻവലിച്ച് ചൈനീസ്, ഇന്താേനേഷ്യൻ വിപണികളിൽ നിക്ഷേപിക്കുകയാണ്. ഇന്ത്യൻ ഓഹരികളെ അപേക്ഷിച്ചു താരതമ്യേന കുറഞ്ഞ വില നിലവാരത്തിലാണ് അവ എന്നാണു ന്യായീകരണം. പലിശ കൂടുന്നതുമൂലം യുഎസ് കടപ്പത്രങ്ങളിലേക്കു നിക്ഷേപം മാറ്റുന്നവരും ഉണ്ട്.
കയറ്റുമതി 40,000 കോടി ഡോളറിനു മുകളിലേക്ക്
ജനുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 3450 കോടി ഡോളർ ആയി. ഇതു കഴിഞ്ഞ വർഷം ജനുവരിയിലേക്കാൾ 25.3 ശതമാനം അധികമാണ്. ഇറക്കുമതി 5193 കോടി ഡോളറിലേക്കു കയറി. വാണിജ്യ കമ്മി അഞ്ചു മാസത്തിനിടയിലെ കുറഞ്ഞ തുകയായ 1742 കോടി ഡോളറിൽ എത്തി. സ്വർണ ഇറക്കുമതി ഡിസംബറിലെ 472 കോടി ഡോളറിൽ നിന്ന് ജനുവരിയിൽ 240 കോടി ഡോളറിലേക്കു താണതാണ് കമ്മി കുറയാൻ ഗണ്യമായി സഹായിച്ചത്.
ശ്രദ്ധേയമായ കാര്യം 2021-22 ലെ കയറ്റുമതി 40,000 കോടി ഡോളർ എന്ന നാഴികക്കല്ലിൽ എത്തുമെന്നതാണ്. ഏപ്രിൽ -ജനുവരി 10 മാസത്തെ കയറ്റുമതി 33,600 കോടി ഡോളർ ഉണ്ട്. രണ്ടു മാസം കൊണ്ടു 40,000 കോടി ഡോളർ മറികടക്കാനാവും.
നിഫ്റ്റി ലക്ഷ്യം താഴ്ത്തി യുഎസ് ബ്രോക്കറേജ്
പലിശനിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിപണിയുടെ വർഷാന്ത്യ പ്രതീക്ഷ വെട്ടിക്കുറച്ച് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്. ഈ ഡിസംബർ ഒടുവിൽ നിഫ്റ്റി 19,100-ൽ എത്തുമെന്ന നിഗമനം മാറ്റി ലക്ഷ്യം 17,000 എന്നാക്കി. ഇന്നലത്തെ ക്ലോസിംഗ് നിരക്കിനേക്കാൾ രണ്ടു ശതമാനം കുറവാണു ബ്രോക്കറേജിൻ്റെ പ്രവചനം. ഓട്ടാേ, ഐടി മേഖലകളുടെ റേറ്റിംഗ് അവർ താഴ്ത്തി. ഹെൽത്ത് കെയർ ആണ് അവർ വലിയ നേട്ടമുണ്ടാക്കുന്ന മേഖലയായി കാണുന്നത്. ധനകാര്യ കമ്പനികളും നേട്ടമുണ്ടാക്കും. യുഎസ് കേന്ദ്ര ബാങ്ക് ഈ വർഷം ഏഴു തവണ പലിശ കൂട്ടുമെന്നാണു ബ്രോക്കറേജ് പ്രവചിക്കുന്നത്.
This section is powered by Muthoot Finance
Next Story
Videos