വിപണി വീണ്ടും ബുൾ തരംഗത്തിലേക്ക് ?; ഏഷ്യൻ വിപണികൾ ഉയരത്തിൽ; വളർച്ച പ്രതീക്ഷ കുറയും; റീട്ടെയിലിൽ റിലയൻസിൻ്റെ പുതിയ നീക്കം

ബുള്ളുകൾ ഇന്ന് കരുത്ത് , റീറ്റെയ്ൽ രംഗത്ത് വീണ്ടും പുതിയ ചുവടുമായി റിലയൻസ്, കേരളത്തിൽ സ്വർണ്ണ വില ഇന്ന് കുറയും

പ്രശ്നങ്ങൾ തീർന്നിട്ടില്ല.അവ രൂക്ഷമാകുന്നതേ ഉള്ളൂ. ആശങ്കകൾ അകന്നിട്ടില്ല. അവ യാഥാർഥ്യമാകാൻ പോകുകയാണ്. എങ്കിലും വിപണികളിൽ ഇന്നു ബുള്ളുകൾ കരുത്തു കാട്ടുമെന്നാണു സൂചന.

ഇന്നലെ ഉച്ചയോടെ 933 പോയിൻ്റ് താഴ്ചയിലെത്തിയ സെൻസെക്സ് അവിടെ നിന്ന് 300-ലേറെ പോയിൻ്റ് കയറിയാണു ക്ലോസ് ചെയ്തത്. അതു തന്നെ തിരിച്ചുവരവിൻ്റെ പ്രതീക്ഷ ജനിപ്പിച്ചു. യൂറോപ്യൻ വിപണികൾ ഇന്നലെ നല്ലതുപോലെ താണു. എന്നാൽ യുഎസ് വിപണി തുടക്കത്തിലെ ക്ഷീണത്തിനു ശേഷം കാര്യമായ നഷ്ടമില്ലാതെ ക്ലോസ് ചെയ്തു. ഇന്നു വരുന്ന തൊഴിൽ കണക്കിനെ ആശ്രയിച്ചാകും വിപണിയുടെ തുടർഗതി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു നിൽക്കുന്നു. ഏഷ്യൻ വിപണികൾ നല്ല നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. എസ്ജിഎക്സ് നിഫ്റ്റിയും നല്ല നേട്ടത്തിലാണ്.
ഐടി ഓഹരികളും ബാങ്കുകളും റിലയൻസും ഒക്കെച്ചേർന്നാണ് ഇന്നലെ മുഖ്യ സൂചികകളെ താഴ്ത്തിയത്. സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകൾ നാമമാത്രമായാണെങ്കിലും ഉയർന്നു. 621.31 പോയിൻ്റ് (1.03%) നഷ്ടത്തിൽ 59,601.84 ൽ സെൻസെക്സും 179.35 പോയിൻ്റ് (1.0%) നഷ്ടത്തിൽ 17,745.9 ൽ നിഫ്റ്റിയും ഇന്നലെ ക്ലോസ് ചെയ്തു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,820-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,867 ലേക്കു കുതിച്ചു കയറിയാണു വ്യാപാരം തുടങ്ങിയത്. പിന്നീട് അൽപം താണു. ഇന്ത്യൻ വിപണി ഇന്ന് വലിയ ഉയർച്ചയിൽ വ്യാപാരം തുടങ്ങുമെന്ന് ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നു.

സ്വർണവില കുറയും

ക്രൂഡ് ഓയിൽ വില ഉയർന്നു പോകുകയാണ്. കസാഖ്സ്ഥാനിലെ കലാപം അവിടെ നിന്നുള്ള ക്രൂഡ് ലഭ്യത കുറയ്ക്കുമെന്ന ആശങ്ക വിപണിയിലുണ്ട്. ബ്രെൻ്റ് ഇനം 82.5 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ ചെറിയ നേട്ടത്തിലാണ് .
ഡോളർ ശക്തിപ്പെട്ടതും പലിശ ഭീഷണിയും സ്വർണത്തെ 1800 ഡോളറിനു താഴെയാക്കി. 1790-1792 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം. കേരളത്തിൽ സ്വർണ വില ഇന്നു ഗണ്യമായി താഴും

വിദേശികൾ വീണ്ടും വിൽപനക്കാർ

വിദേശ നിക്ഷേപകർ വലിയ തോതിൽ വിൽപനക്കാരായതാണ് ഇന്നലെ ശ്രദ്ധേയമായ കാര്യം. ക്രിസ്മസിനു ശേഷം വാങ്ങലുകാരായിരുന്ന അവർ ഇന്നലെ 1926.77 കോടിയുടെ ഓഹരികൾ വിറ്റു. അതേസമയം അവർ വലിയ അളവിൽ ഇൻഡെക്സ് ഓപ്ഷൻസ് വാങ്ങിക്കൂട്ടി. സ്വദേശി ഫണ്ടുകൾ ഇന്നലെ 800.91 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണിയിലെ ബെയറിഷ് നിഴൽ മാറിയിട്ടില്ലെന്ന് സിങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 17,600-17,500 മേഖലയിലേക്ക് നിഫ്റ്റി നീങ്ങുന്നത് വാങ്ങാനുള്ള അവസരമായി ഉപയോഗിക്കാം. (സ്റ്റോപ് ലോസ് 17,400). വിപണി തിരിച്ചു 18,000-18,200 മേഖലയിലേക്കു കയറും. ഇന്നു നിഫ്റ്റിക്ക് 17,670-ലും 17,590- ലും സപ്പോർട്ട് ഉണ്ട്. കയറ്റത്തിൽ 17,810- ലും 17,875 ലും തടസങ്ങൾ ഉണ്ട്.

വളർച്ച കുറയും

ക്രൂഡ് ഓയിൽ വില 82 ഡോളറിനു മുകളിൽ നിൽക്കുന്നതും കോവിഡ് വ്യാപനം കുറയ്ക്കാൻ പലേടത്തും നിയന്ത്രണങ്ങൾ വരുന്നതും മൂലം വിലക്കയറ്റം കുടുകയും സാമ്പത്തിക വളർച്ച കുറയുകയും ചെയ്യും. ഇന്ത്യയുടെ ജനുവരി-മാർച്ച് ജിഡിപിയിൽ 1.5 ശതമാനം വരെ കുറവ് പ്രതീക്ഷിക്കാമെന്നാണ് ബ്രിക്ക് വർക്ക് റേറ്റിംഗ്സിലെ ചീഫ് ഇക്കണോമിസ്റ്റ് എം.ഗോവിന്ദറാവു പറയുന്നത്. ഇന്നു നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ് ഒ) 2021-22 ജിഡിപി സംബന്ധിച്ച ഒന്നാമത്തെ അഡ്വാൻസ് എസ്റ്റിമേറ്റ് പുറത്തുവിടും. 2020-21ൽ 7.3 ശതമാനം ചുരുങ്ങിയ ജിഡിപി ഇത്തവണ 9.5 ശതമാനം വളരുമെന്നാണു റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഒൻപതു മുതൽ 9.5 വരെ ശതമാനം വളർച്ചയാണ് വിവിധ റേറ്റിംഗ് ഏജൻസികളുടെയും ബാങ്കുകളുടെയും നിഗമനം. ഒമിക്രോൺ ഗുരുതരമല്ല എന്ന അടിസ്ഥാനത്തിലുള്ളതാണു മിക്കവരുടെയും നിഗമനങ്ങൾ. രോഗവ്യാപനം കൂടിയ ശേഷം തയാറാക്കിയ ബ്രിക്ക് വർക്ക് റേറ്റിംഗ്സിൻ്റെ നിഗമനത്തിൽ വളർച്ച 8.5-9.0 ശതമാനമാകും. നേരത്തേ 10 ശതമാനം വളർച്ച കണക്കാക്കിയതാണ്. ഇന്ത്യാ റേറ്റിംഗ്സ് പ്രതീക്ഷ 9.3 ശതമാനത്തിലേക്കു താഴ്ത്തി. നാലാംപാദ വളർച്ച 4.5 മുതൽ 5.7 വരെ ശതമാനം എന്നാണ് റേറ്റിംഗ് ഏജൻസികളുടെ പുതിയ നിഗമനം.

കോവിഡ് വ്യാപനം കൂടുന്നു

കോവിഡ് വ്യാപനം വർധിക്കുകയാണ്. പ്രതിദിന ശരാശരി രോഗബാധ ആഗോളതലത്തിൽ 20 ലക്ഷത്തിനു മുകളിലാണ്. മുൻ തരംഗങ്ങളിലെ ഉയർന്ന നിലയുടെ ഇരട്ടിയിലേറെ. യൂറോപ്പിൽ മാത്രം ദിവസേന 10 ലക്ഷത്തിലധികം. ഇന്ത്യയിൽ പ്രതിദിന രോഗബാധ 1.2 ലക്ഷത്തിലേക്കു കുതിച്ചു. ഈ ദിവസങ്ങളിൽ രോഗ ബാധ വീണ്ടും വർധിക്കുമെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പലിശപ്പേടി മാറുന്നില്ല

പലിശ വർധന സംബന്ധിച്ച ആശങ്കകൾ തുടരുക തന്നെയാണ്. ഫെഡ് മിനിറ്റ്സിൽ പറയുന്ന കാര്യങ്ങൾ തിരുത്താനോ അതു വച്ചുള്ള നിഗമനങ്ങൾ ശരിയല്ലെന്നു പറയാനോ ആരും തയാറായില്ല. എന്നാൽ ഡിസംബറിലെ യോഗ ശേഷം ചെയർമാൻ ജെറോം പവൽ പറഞ്ഞതിൽ നിന്നു വ്യത്യസ്തമായ ഒന്നും മിനിറ്റ്സിൽ ഇല്ലെന്ന് ബ്രോക്കറേജ് സ്ഥാപനം ജെഫെറീസ് വിലയിരുത്തി. എൻഎസ്ഒ ഏറ്റവും പുതിയ സാഹചര്യം വച്ചാണോ എസ്റ്റിമേറ്റ് തയാറാക്കിയത് എന്ന് ഇന്നു വൈകുന്നേരം അറിയാം.

വിദേശവായ്പയിൽ റിക്കാർഡിട്ട് റിലയൻസ്

റിലയൻസ് ഗ്രൂപ്പ് ഇന്നലെ 400 കോടി ഡോളറിൻ്റെ (30,000 കോടി രൂപ) ദീർഘകാല വിദേശ കറൻസി വായ്പ എടുത്തു. 40 വർഷം വരെയുള്ള ബോണ്ടുകൾ ഇറക്കിയാണ് ഇന്ത്യൻ കമ്പനികളുടെ ഏറ്റവും വലിയ വിദേശ വായ്പ റിലയൻസ് എടുത്തത്. 10 വർഷ ബോണ്ടിന് 2.875 ശതമാനം, 30 വർഷ ബോണ്ടിന് 3.625 ശതമാനം, 40 വർഷ ബോണ്ടിന് 3.75 ശതമാനം എന്നിങ്ങനെയാണു പലിശ. ഫെഡ് പലിശ നിരക്കു കൂട്ടും മുമ്പ് കുറഞ്ഞ പലിശയിൽ ബോണ്ട് ഇറക്കുകയായിരുന്നു റിലയൻസ്. യുഎസ് സർക്കാർ കടപ്പത്രത്തിൻ്റെ പലിശ നിരക്കിൽ നിന്ന് 1.2 ശതമാനം മുതൽ 1.7 ശതമാനം വരെ ഉയർന്നതാണ് ഈ നിരക്കുകൾ. നിലവിലെ വിദേശ വായ്പകൾ അടച്ചു തീർക്കാൻ ഈ വായ്പ ഉപയോഗിക്കും.

ക്വിക്ക് കൊമേഴ്സിലും റിലയൻസ്

റിലയൻസിൻ്റെ റീട്ടെയിൽ വിഭാഗം ഡൺസോ എന്ന ക്വിക്ക് കൊമേഴ്സ് സ്റ്റാർട്ടപ്പിൽ 20 കോടി ഡോളർ (1500 കോടി രൂപ) നിക്ഷേപിച്ചു. ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ 25.8 ശതമാനം ഓഹരി ഇതോടെ റിലയൻസ് റീട്ടെയിലിനാകും. കൂടുതൽ സ്ഥലങ്ങളിൽ ചെറിയ വെയർ ഹൗസുകൾ സ്ഥാപിച്ചു വെച്ച് ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും അതിവേഗം (15 മുതൽ 30 വരെ മിനിറ്റിനകം) സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതാണ് ക്വിക്ക് കൊമേഴ്സ്. നേരത്തേ ഹൈപ്പർ ലോക്കൽ ഡെലിവറി നെറ്റ് വർക്ക് ആയിരുന്നു ഡൺസോയുടെ പ്രവർത്തനം. ക്വിക്ക് കൊമേഴ്സ് റീട്ടെയിലിംഗിലെ ഏറ്റവും പുതിയ പ്രവണതയാണ്. സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട്, സെപ്റ്റോ, ബ്ലിങ്കിറ്റ് (മുമ്പ് ഗ്രോഫേഴ്സ് ) തുടങ്ങിയവ ഈ രംഗത്തുണ്ട്. റിലയൻസ് റീട്ടെയിലിൻ്റെ ചില്ലറ വ്യാപാരികൾക്കും ഉപയോക്താക്കൾക്കും ഡൺസോയുടെ സംവിധാനം സഹായകമാകും.


This section is powered by Muthoot Finance
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it