Begin typing your search above and press return to search.
യുഎസ് വിപണി തിരിച്ചു കയറിയതിൽ പ്രതീക്ഷ; ആശ്വാസ റാലി കാത്തു വിപണി; സാങ്കേതിക സൂചനകൾ ദുർബലം
ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത ചലനങ്ങൾ നടക്കുമോ? പുത്തൻ കൂറ്റ് നിക്ഷേപകർ ചതിയിൽ പെട്ടോ? റീറ്റെയ്ൽ നിക്ഷേപകർ ഇനിയും മറക്കരുത് അടിസ്ഥാന പാഠങ്ങൾ, സ്വർണ്ണ വില എങ്ങോട്ട്?
ഇന്നലെ യുഎസ് ഓഹരികൾ വലിയ താഴ്ചയ്ക്കുശേഷം തിരിച്ചു കയറിയെങ്കിലും വിപണികൾ ആശങ്കയിൽ നിന്നു മുക്തരായിട്ടില്ല. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഓസ്‌ട്രേലിയൻ, ജാപ്പനീസ് വിപണികളും രണ്ടു ശതമാനത്തോളം താഴ്ന്നാണു വ്യാപാരം.എസ്ജിഎക്സ് നിഫ്റ്റിയും വലിയ താഴ്ചയിലാണ്. ആശ്വാസറാലി കാത്തിരിക്കുന്ന വിപണിക്ക് സാങ്കേതിക വിശകലനങ്ങൾ ആശ്വാസം നൽകുന്നില്ല. വിദേശികൾ വിൽപന തുടർന്നാൽ കൂടുതൽ താഴ്ചയാണു മിക്കവരും പ്രവചിക്കുന്നത്. നാളെ റിപ്പബ്ലിക് ദിനം പ്രമാണിച്ച് വിപണി അവധിയിലാണ്.
യുഎസ് കേന്ദ്ര ബാങ്ക് ഫെഡ് ഇന്നു ദ്വിദിന യോഗം തുടങ്ങും. നാളെ സമാപിക്കും. കടപ്പത്രം വാങ്ങൽ അവസാനിപ്പിക്കുന്നതും പലിശ കൂട്ടുന്നതും പ്രഖ്യാനിക്കും. ഈ വർഷം മൂന്നു തവണ പലിശ കൂട്ടും എന്നാണു വിപണി കണക്കാക്കുന്നത്. എണ്ണം കൂടുമെന്നു വന്നാൽ വിപണിക്കു വീണ്ടും ക്ഷീണമാകും.
യുക്രെയ്ൻ വിഷയത്തിൽ നാളെ പാരീസിൽ റഷ്യയുമായി പാശ്ചാത്യശക്തികൾ ചർച്ച നടത്തും. എങ്കിലും യുക്രെയ്നിലേക്കു പാശ്ചാത്യർ യുദ്ധവിമാനങ്ങൾ അയച്ചുതുടങ്ങി. സംഘർഷാന്തരീക്ഷം പ്രകൃതി വാതക വില വർധിപ്പിച്ചു. എന്നാൽ ക്രൂഡ് ഓയിൽ വില താണു.
ഇടിഞ്ഞിട്ടു കയറി
അമേരിക്കൻ ഓഹരികൾ കുത്തനേ ഇടിഞ്ഞ ശേഷമാണു തിങ്കളാഴ്ച തിരിച്ചു കയറിയത്. ഇന്നലെ 4.9 ശതമാനം താഴ്ന്ന ശേഷം യുഎസ് നാസ്ഡാക് സൂചിക 0.6 ശതമാനം നേട്ടത്താേടെ ക്ലോസ് ചെയ്തു. 3.25 ശതമാനം ഇടിഞ്ഞ ഡൗ ജോൺസ് സൂചിക 0.3 ശതമാനം നേട്ടത്തോടെ അവസാനിച്ചു. രണ്ടാഴ്ചയായി തുടരുന്ന താഴ്ചയിൽ നിന്നു വിപണി മാറുന്നതാണോ ഇന്നലെ കണ്ടത് എന്ന് ഉറപ്പായി പറയാൻ ആരും തയാറല്ല. എങ്കിലും തിരിച്ചു കയറ്റത്തിന്നുള്ള ശ്രമത്തിൻ്റെ തുടക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലായി. ഇന്നലെ യൂറോപ്യൻ സൂചികകൾ എല്ലാം വലിയ നഷ്ടത്തിലായിരുന്നു.
നഷ്ടത്തിൽ കുറേ ഭാഗം തിരിച്ചുപിടിച്ചു നിഫ്റ്റിയും സെൻസെക്സും
തിങ്കളാഴ്ച 17,000-നു താഴെ എത്തിയ ശേഷം 151 പോയിൻ്റ് തിരിച്ചു കയറിയാണു നിഫ്റ്റി ക്ലോസ് ചെയ്തത്. സെൻസെക്സ് 56,984 വരെ താണിട്ട് 500 ലേറെ പോയിൻ്റ് തിരിച്ചു കയറി. ആശ്വാസ സൂചനയായി ഇതിനെ ആരും കണക്കാക്കിയില്ല. എന്നാൽ അമേരിക്കൻ വിപണി അപ്രതീക്ഷിതമായി തിരിച്ചു കയറിയത് ഇന്ത്യൻ വിപണിയിൽ നല്ല ചലനങ്ങൾക്ക് ഇടയാക്കും. അഞ്ചു ദിവസം കൊണ്ടു വിപണിമൂല്യത്തിൽ ഉണ്ടായ 20 ലക്ഷം കോടി രൂപയുടെ നഷ്ടം കുറെയെങ്കിലും നികത്താനാവുന്ന ഒരാശ്വാസ റാലിയാണ് എല്ലാവരും കാത്തിരിക്കുന്നത്.
സെൻസെക്സ് ഇന്നലെ 1545.67 പോയിൻ്റ് (2.62%) നഷ്ടത്തിൽ 57,491.51 ലും നിഫ്റ്റി 468.05 പോയിൻ്റ് (2.66%) നഷ്ടത്തിൽ 17,149.1 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 3.86 ശതമാനവും സ്മോൾ ക്യാപ് സൂചിക 4.78 ശതമാനവും ഇടിഞ്ഞു. മെറ്റൽ സൂചിക 5.2 ശതമാനവും ഐടി സൂചിക 3.4 ശതമാനവും താഴെയായി. മികച്ച റിസൽട്ട് പുറത്തുവിട്ട റിലയൻസിൻ്റെ ഓഹരി 4.03 ശതമാനം ഇടിഞ്ഞു. പുതുതലമുറ ഓഹരികളുടെ തകർച്ചയ്ക്ക് 19.62 ശതമാനം ഇടിഞ്ഞ സൊമാറ്റാേ നേതൃത്വം നൽകി. ഒട്ടുമിക്ക മിഡ്, സ്മോൾ ക്യാപ് ഓഹരികളും 200 ദിന മൂവിംഗ് ശരാശരിയിലും താഴെയായി.
വിദേശികൾ വിൽപന കുറയ്ക്കുന്നില്ല
ഇന്നലെ വിദേശ നിക്ഷേപകർ 3751.58 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതാേടെ ക്യാഷ് വിപണിയിലെ അവരുടെ വിൽപന ഈ മാസം 19,315.3 കോടിയുടേതായി. സ്വദേശി ഫണ്ടുകൾ ഇന്നലെ 74.68 കോടിയുടെ ഓഹരികൾ വാങ്ങി.
സൂചനകൾ ദുർബലമാണെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി 16,998 വരെ താണപ്പോൾ കണ്ട വാങ്ങലിൽ ആണ് അവർക്ക് ആകെ പ്രതീക്ഷയുള്ളത്. 16,900- 17,000 മേഖല ഒരു നല്ല താങ്ങ് ആയി പ്രവർത്തിക്കാം. അതു കൈ വിട്ടാൽ 16,650 ലാണു സപ്പാേർട്ട് പ്രതീക്ഷിക്കാവുന്നത്. ഉയർച്ചയിൽ 17,500-ലും 17,850 ലും തടസങ്ങൾ പ്രതീക്ഷിക്കാം.
നിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,722 വരെ താഴ്ന്നിട്ടു 17,005 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 16,873-ലേക്കു താഴ്ന്ന ശേഷം 17,035 വരെ കയറി. പിന്നീടു 16,980 വരെ താഴ്ന്നു.
ക്രൂഡ് താണു, സ്വർണം കയറി
ക്രൂഡ് ഓയിൽ വില കുതിപ്പ് നിർത്തി അൽപം താണു. ബ്രെൻറ് ഇനം 86.6 ഡോളറിലാണ് ഇന്ന്. പശ്ചിമേഷ്യൻ സംഘർഷം ആകും വിലയെ സ്വാധീനിക്കുന്ന വലിയ ഘടകം.
വ്യാവസായിക ലോഹങ്ങൾ ഉയരത്തിൽ തുടരുന്നു. ചൈനയിൽ പുതുവർഷ അവധി വരുന്നത് വിപണിയിലെ ചലനങ്ങൾ കുറയ്ക്കും.
സ്വർണം ഇന്നലെ കുതിച്ചു. 1845 ഡോളർ വരെ കയറി. ഇന്നു രാവിലെ 1842-1844 ഡോളറിലാണു വ്യാപാരം. കുറച്ചു ദിവസമായി മാറ്റമില്ലാതെ തുടരുന്ന കേരളത്തിലെ സ്വർണ വില ഇന്ന് ഉയർന്നേക്കും.
വില അമിതമായിരുന്നു
ഇപ്പോഴത്തെ തകർച്ച ചില കാര്യങ്ങൾ വ്യക്തമാക്കി. വിപണി അമിതമായ വിലനിലവാരത്തിലായിരുന്നു.പ്രതി ഓഹരി വരുമാനത്തിൻ്റെ 30-ഉം 35 - ഉം മടങ്ങ് ഓഹരിവില അർഹിക്കാൻ മാത്രം വളർച്ച കമ്പനികൾക്ക് ഇല്ല. വാനോളമുയർന്ന മൂല്യനിർണയത്തെ ന്യായീകരിക്കാൻ പറഞ്ഞതെല്ലാം ഭോഷ്കാണെന്നു തെളിഞ്ഞു. യാഥാസ്ഥിതിക അളവുകോലുകൾ തന്നെയാണു ശരിയെന്ന് വിപണിയുടെ തകർച്ച പഠിപ്പിക്കുന്നു.
ഐപിഒ തട്ടിപ്പിൻ്റെ തരംഗവും
ബുൾ തരംഗങ്ങൾ കൊടുമുടിയിലേക്ക് എത്തുമ്പോൾ അന്യായ വിലയിൽ ഐപിഒ നടത്തി നിക്ഷേപകരെ പറ്റിക്കാൻ കമ്പനികൾ വരും. അവ വിറ്റഴിക്കാൻ ലാഭേച്ഛമാത്രമുള്ള മർച്ചൻ്റ് ബാങ്കർമാരും വിശകലനക്കാരും എത്തും. വിപണിയിൽ എതിർ കാറ്റ് വീശുമ്പോൾ ഈ ഐപിഒകൾ യുദ്ധഭൂമിയിലെ തലയറ്റ ജഡങ്ങൾ പോലെ കിടക്കുന്നതു കാണാം. ഈ ദിവസങ്ങളിൽ അതു കണ്ടു. പഴയ തലമുറ ബിസിനസ് തന്നെ ഒരു ആപ്പ് ഉപയാേഗിച്ചു നടത്തുന്നതിൻ്റെ പേരിൽ അചിന്ത്യമായ വിലയിട്ടു വിറ്റ പുതു തലമുറ ഐപിഒകൾ ഇന്നലെ പത്തും ഇരുപതും ശതമാനമാണ് ഇടിഞ്ഞത്. ഈയിടെ ലിസ്റ്റ് ചെയ്ത പല കമ്പനികളും അവർ എത്തിപ്പെട്ട ഉയരത്തിൽ നിന്നു 40- ഉം 50-ഉം ശതമാനം താഴെയാണ് ഇപ്പോൾ. പേയ്ടിഎം ഐപിഒ വിലയുടെ 57 ശതമാനവും കാർ ട്രേഡ് ടെക് 53 ശതമാനവും വിൻഡ് ലാസ് ബയാേ 43 ശതമാനവും ഫിനോ പേമെൻ്റ്സ് ബാങ്ക് 34 ശതമാനവും പോളിസി ബസാർ 21 ശതമാനവും താഴെയാണ്.
കൃത്രിമ വിലക്കയറ്റം
ബുൾ തരംഗത്തിനിടെ തീർത്തും ദുർബലമായ ഓഹരികളെ കൃത്രിമമായി ഉയർത്തി കാര്യമറിയാത്ത നിക്ഷേപകരുടെ തലയിൽ കെട്ടി വയ്ക്കുന്നവർ സജീവമാകും. ഭാവിയുടെ ആപ്പിളും ഇൻഫിയും ടെസ്ലയും റിലയൻസും ഒക്കെയായി നാമമാത്ര വിലയുള്ള ഓഹരികളെ അവതരിപ്പിച്ചു വിൽക്കും. കിട്ടിയവർക്കു മാറാച്ചരക്കായി അവ കൈയിലിരിക്കും. ഇന്നലെ മുഖ്യസൂചികകൾ 2.6 ശതമാനം താഴ്ന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 4.78 ശതമാനമാണ് ഇടിഞ്ഞത്. പലതിൻ്റെയും തകർച്ച എട്ടും പത്തും ശതമാനമായിരുന്നു. ജനുവരിയിൽ 25 ശതമാനത്തിലേറെ ഇടിഞ്ഞവയാണ് സ്റ്റെർലൈറ്റ് ടെക്നോളജീസ്, ഹിത്കാൽ, ജിഎൻഎ ആക്സിൽസ്, സ്പന്ദന സ്ഫൂർത്തി ഫിനാൻഷ്യൽ, മെട്രോപ്പോലിസ് ഹെൽത്ത് കെയർ തുടങ്ങിയവ.
വിശദീകരണമില്ലാതെ നിക്ഷേപ ഗുരുക്കൾ
അവിരാമമായ വളർച്ചയെപ്പറ്റി സ്വപ്നം വിറ്റ് വിപണിയെ വാനോളം ഉയർത്തിയവർ വിപണി താഴേക്കു പതിക്കുമ്പോൾ ഒരു വിശദീകരണവും നൽകാൻ പറ്റാതെയാണു നിൽക്കുന്നത്. യുഎസ് പലിശ കൂട്ടിയാലും ഇത്തവണ നമ്മുടെ വിപണിക്ക് ഒന്നും സംഭവിക്കില്ല എന്നു സമർഥിച്ചിരുന്നവരെ കാണാനില്ല. വിദേശ നിക്ഷേപകർക്കു വിട്ടു പോകാൻ വയ്യാത്തവിധം ആകർഷകമാണ് ഇന്ത്യൻ വിപണി എന്ന കഥ പറഞ്ഞിരുന്നവരെ ഇപ്പോൾ ഉത്സവപ്പറമ്പിൽ പോലും കാണാനില്ല. ഇവരെല്ലാം വിപണിയിൽ കൂടുതൽ വ്യാപാരം നടക്കണം എന്ന ലക്ഷ്യത്തോടെ മാത്രമാണ് സംസാരിക്കുന്നത് എന്നു സാദാ നിക്ഷേപകർ തിരിച്ചറിയാൻ ഇത് അവസരമാണ്. നിഫ്റ്റി @ 40,000 എന്നും സെൻസെക്സ് @ 1,50,000 എന്നുമൊക്കെ ആവേശം കൊള്ളിക്കുന്ന കഥകൾ പറഞ്ഞവർ ഇപ്പോൾ വിശ്രമത്തിലാണ്.
ആ തലമുറയെ ചതിയിൽപ്പെടുത്തി
രണ്ടു വർഷം കൊണ്ടു വിപണിയിലേക്കു കടന്നു വന്നവർ ഏകദേശം നാലു കോടി വരും. നിലവിൽ വിപണിയിലുള്ളവരിൽ പകുതിയും ഈ പുതിയ നിക്ഷേപകരാണ്. പുതുതലമുറ കമ്പനികളെ മറ്റും ആവേശപൂർവം ഏറ്റുവാങ്ങിയവരാണ് അവർ.വിവിധ മേഖലകളിലെ പ്രഫഷണലുകളായ ആ യുവ നിക്ഷേപക സമൂഹത്തിനു വലിയ തിരിച്ചടിയായി ഇപ്പോഴത്തെ വിലത്തകർച്ച. വിപണി തിരുത്തൽ മേഖലയിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് തന്നെ ഈ തലമുറയുടെ നിക്ഷേപങ്ങൾ 20 ഉം 30 ഉം ശതമാനം താഴ്ചയിലായി. ന്യൂ ഏജ് കമ്പനികൾ, നാളത്തെ ലാർജ് ക്യാപ് ഇന്നത്തെ മിഡ് ക്യാപ്, സ്വർണം കൊയ്യും സ്മോൾ ക്യാപ് എന്നൊക്കെയുള്ള അവതരണങ്ങളിലൂടെ അവരുടെ കൈയിൽ എടുക്കാച്ചരക്കുകൾ കെട്ടിവച്ചവർ ശരിക്കും ചതിക്കുഴികൾ തീർക്കുകയായിരുന്നു.
This section is powered by Muthoot Finance
Next Story
Videos