ഇന്നു "പവൽ റാലി " വരുമോ? പലിശ കൂട്ടൽ നീണ്ടുപോകും എന്നു സൂചന; ക്രൂഡ് ഓയിൽ വീണ്ടും ഉയരത്തിലേക്ക്; ഐടി റിസൽട്ടുകൾ ഇന്നു മുതൽ

മാർച്ചിൽ പലിശനിരക്ക് വർധിപ്പിക്കാൻ ഇടയില്ലെന്ന യുഎസ് ഫെഡ് ചെയർമാൻ്റെ പ്രസ്താവന ഇന്നു വിപണിയെ ഉത്തേജിപ്പിക്കും. ഐടി കമ്പനികളുടെ മൂന്നാം പാദ റിസൽട്ടും ചില്ലറ വിലക്കയറ്റ കണക്കും ഇന്നു പുറത്തു വരാനിരിക്കെ ബുള്ളുകൾക്ക് ആവേശം പകരുന്നതാണ് ചെയർമാൻ ജെറോം പവലിൻ്റെ പ്രസ്താവന.

യുഎസ് ഫെഡ് പലിശ കൂട്ടുന്നില്ലെങ്കിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളും പലിശ കൂട്ടൽ നീട്ടിവയ്ക്കും. വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നടപടികളും സാവധാനത്തിലാകും. ചുരുക്കത്തിൽ വിപണിയെ ആവരണം ചെയ്തിരുന്ന വലിയൊരു ആശങ്ക നീങ്ങി. പലിശവർധന മേയിലോ ജൂണിലാേ മാത്രമേ തുടങ്ങൂ. കേന്ദ്രബാങ്കുകൾ വാങ്ങി വച്ച കടപ്പത്രങ്ങൾ വിൽക്കുന്നതും വൈകും. വിദേശ നിക്ഷേപ സ്ഥാപനങ്ങളും വിദേശ മ്യൂച്വൽ ഫണ്ടുകളും ഉsനേ വിട്ടു പോകുമെന്ന ഭീതിയും മാറി.
ഇന്നലെ വ്യാപാരത്തുടക്കത്തിൽ താഴ്ചയിലായിരുന്ന യുഎസ് ഓഹരികൾ പവലിൻ്റെ പ്രസ്താവനയ്ക്കു ശേഷം നന്നായി ഉയർന്നു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സും ഉയരത്തിലാണ്. ഏഷ്യൻ ഓസ്ട്രേലിയൻ വിപണികളും രാവിലെ നല്ല നേട്ടത്തിലായി. സ്വർണവില കുതിച്ചു കയറി. ക്രൂഡ് ഓയിൽ ഉയർന്നു. ദിവസങ്ങൾക്കകം ക്രൂഡ് വില 86 ഡോളർ കടക്കുമെന്നാണു സൂചന. ഡോളർ സൂചിക താഴ്ന്നു. രൂപയ്ക്കും മറ്റും അതു സഹായകമാണ്.

ബുള്ളിഷ് പ്രവണത തുടരുന്നു

ഇന്നലെ വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം ഇന്ത്യൻ വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. പല മേഖലകളും താഴോട്ടു പോയെങ്കിലും ഒടുവിൽ മുഖ്യസൂചികകൾ തരക്കേടില്ലാത്ത നേട്ടം കുറിച്ചതു ബുളളിഷ് മനോഭാവം നിലനിർത്താൻ സഹായിച്ചു. സെൻസെക്സ് 221.26 പോയിൻ്റ് (0.37%) ഉയർന്ന് 60,616.89 ലും നിഫ്റ്റി 52.45 പോയിൻ്റ് (0.29%) കയറി 18,055.75 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ ഉണർവ് മാത്രമാണു കാണിച്ചത്. ഐടി മേഖല നല്ല ഉയർച്ച നേടി.ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓയിൽ കമ്പനികളും റിയൽറ്റിയും ചെറിയ നേട്ടത്തിലായി. മെറ്റൽ കമ്പനികൾ കുത്തനെ ഇടിഞ്ഞു. സ്റ്റീലിൻ്റെ ഭാവി മോശമാണെന്ന മട്ടിൽ ബ്രോക്കറേജുകൾ റിപ്പോർട്ട് പുറത്തുവിട്ടത് സെയിലിനും ടാറ്റാ സ്റ്റീലിനും ജെഎസ്ഡബ്ല്യു സ്റ്റീലിനുമെല്ലാം വലിയ തിരിച്ചടിയായി. വേദാന്ത, ഹിൻഡാൽകോ, കോൾ ഇന്ത്യ തുടങ്ങിയവയും താഴോട്ടു പോയി.
ഇന്നലെ വിദേശ നിക്ഷേപകർ 111.91 കോടി രൂപയുടെ ഓഹരികൾ വാങ്ങി.സ്വദേശി ഫണ്ടുകൾ 378.74 കോടിയുടെ വാങ്ങലുകാരായി.

എസ്ജിഎക്സ് നിഫ്റ്റി ഉയരത്തിൽ

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ 18,200 നടുത്താണു വ്യാപാരം. ഇന്ത്യയിൽ നല്ല ഉയർച്ചയാേടെ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരം കാണിക്കുന്നത്
വിപണി ബുളളിഷ് ഭാവത്തിലാണെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 17,990 ലും 17,920 ലും സപ്പോർട്ട് കാണുന്നു. ഉയരത്തിൽ 18,105 ഉം 18,150-ഉം തടസമേഖലകളാണ്.

ക്രൂഡ് 86 ഡോളർ കടക്കുമോ?

ക്രൂഡ് ഓയിൽ വില നവംബറിലെ റിക്കാർഡ് ആയ 86 ഡോളറിൽ എത്തുമെന്നു നിരീക്ഷകർ കരുതുന്നു. പലിശ നിരക്ക് ഉടനെ കൂടില്ല എന്ന നിഗമനമാണു കാരണം. പലിശ കൂടില്ലെങ്കിൽ സാമ്പത്തിക വളർച്ച കുറയില്ല. ഡിമാൻഡ് കൂടും. ഇതാണു നിഗമനം. ബ്രെൻ്റ് ഇനം ക്രൂഡ് 83.75 ഡോളറിലേക്ക് ഉയർന്നു. പ്രകൃതി വാതക വിലയും കൂടി.
വ്യാവസായിക ലോഹങ്ങളുടെ വില ഒരു ശതമാനത്തോളം ഉയർന്നു. ഇനിയും ഉയരുമെന്നാണു സൂചന.

സ്വർണം കയറി

സ്വർണത്തിനു പവലിൻ്റെ പ്രസ്താവന വലിയ ഉത്തജകമായി. വില 1820 ഡോളറിനു മുകളിലെത്തി. ഹ്രസ്വകാല ലക്ഷ്യം 1830 ഡോളറാണെന്നു വ്യാപാരികൾ പറയുന്നു. ഇന്നു രാവിലെ 1820-1822 ഡോളറിലാണ് വ്യാപാരം. കേരളത്തിൽ ഇന്നു സ്വർണ വില ഉയരും.

വോഡഫോൺ ഐഡിയയിലേക്കു ബി എസ് എൻ എൽ?

വോഡഫോൺ ഐഡിയ സർക്കാരിനു നൽകാനുള്ള കുടിശിഖയുടെ പലിശ ഓഹരിയാക്കി മാറ്റാൻ ധാരണയിലെത്തി. കുടിശിഖ 16,000 കോടി രൂപ വരും. കഴിഞ്ഞ ഓഗസ്റ്റ് 14-നു വച്ച് ഈ തുകയ്ക്കുള്ള ഓഹരി കേന്ദ്രത്തിനു നൽകും.ഓഹരി മുഖവിലയായ 10 രൂപ പ്രകാരമാണു നൽകുക. ഇതു വഴി വോഡഫോൺ ഐഡിയയിൽ 35.8 ശതമാനം ഓഹരി ഗവണ്മെൻ്റിനാകും. പ്രൊമോട്ടർമാരുടെ ഓഹരി 72 ശതമാനത്തിൽ നിന്ന് 46.3 ശതമാനം (വോഡഫോൺ 28.5%, ബിർല ഗ്രൂപ്പ് 17.8%) ആകും.
ഇപ്പോഴത്തെ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഗവണ്മെൻ്റിന് ഓഹരി നൽകുന്നത്. എന്നാൽ ഓഗസ്റ്റ് 14 ന് ഓഹരി വില 10 രൂപയിൽ താഴെയായിരുന്നു. നിലവിലെ മറ്റ് ഓഹരിയുടമകൾക്കും തങ്ങളുടെ പങ്കാളിത്തം ആനുപാതികമായി കുറഞ്ഞു. ഇതിൻ്റെയെല്ലാം ഫലമായി ഓഹരിവില ഇന്നലെ 21 ശതമാനം ഇടിഞ്ഞു.
വോഡഫോൺ ഐഡിയയിൽ സർക്കാർ മുഖ്യ ഓഹരി ഉടമയാകുന്നതോടെ മറ്റു ചില കാര്യങ്ങൾക്കു വഴിതെളിയും. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയെ വോഡഫോൺ ഐഡിയയുമായി സംയോജിപ്പിക്കാൻ നീക്കം ഉണ്ടാകാം. രാജ്യത്തെ ടെലിഫോൺ ബിസിനസ് റിലയൻസും എയർടെലും കൂടി പങ്കിടുന്ന ഇരട്ടക്കുത്തക വരാതിരിക്കാൻ അതു സഹായിക്കും. പൊതുമേഖലാ കമ്പനികളെ സ്വന്തമാക്കുന്നതോടെ വോഡഫോൺ ഐഡിയയ്ക്കു വലിയ റിയൽ എസ്റ്റേറ്റും ലഭിക്കും. ഏതായാലും ഇന്ത്യൻ ടെലികോമിൻ്റെ ഗതി മാറ്റുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.
ഇതോടൊപ്പം ടാറ്റാ ടെലി സർവീസസും സർക്കാരിനു നൽകാനുള്ള കുടിശിഖയുടെ പലിശ സർക്കാരിൻ്റെ ഓഹരിയാക്കി മാറ്റാൻ തീരുമാനിച്ചു. 850 കോടി രൂപ ഓഹരിയാക്കുമ്പോൾ കമ്പനിയിൽ ഗവണ്മെൻ്റിന് 9.5 ശതമാനം ഓഹരി കിട്ടും.

ജെറോം പവൽ നൽകിയ ആശ്വാസം

ജെറോം പവൽ വിപണിയെ അമിതമായി ഇഷ്ടപ്പെടുന്ന ആളായി അറിയപ്പെട്ടിട്ടില്ല.എന്നാൽ ഇന്നു വിപണിക്ക് ഏറ്റവും ഇഷ്ടമുള്ളവരിൽ ഒരാളായി യുഎസ് ഫെഡ് (ഫെഡറൽ റിസർവ് ബാേർഡ്) ചെയർമാൻ മാറിയിരിക്കുന്നു. ഇന്ത്യൻ വിപണി ഇന്നു വലിയ കുതിപ്പിനു തുനിയുന്നുവെങ്കിൽ അത് പവലിൻ്റെ വാക്കുകളുടെ ബലത്തിലാകും.
പലിശ നിരക്ക് കൂട്ടലും പണലഭ്യത കുറയ്ക്കലും അതിവേഗം നടത്തും എന്ന ആശങ്ക പവൽ മാറ്റി. ഡിസംബറിലെ ഫെഡ് കമ്മിറ്റി യോഗത്തിൻ്റെ മിനിറ്റ്സ് പുറത്തു വന്നപ്പോഴാണ് പലിശ കൂട്ടലും പണലഭ്യത കുറയക്കലും അതിവേഗം നടത്തുമെന്ന ആശങ്ക പരന്നത്. പലരും 2022-ൽ ഫെഡ് നാലു തവണ പലിശ കൂട്ടുമെന്നും കൂടുതൽ കടപ്പത്രങ്ങൾ വിൽക്കുമെന്നും കരുതി. ഫെഡ് കമ്മിറ്റിയിലെ പലരും അങ്ങനെയാണു സംസാരിച്ചത്. ഇന്നലെ പവൽ യുഎസ് സെനറ്റിൻ്റെ ബാങ്കിംഗ് കമ്മിറ്റി മുമ്പാകെ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ചിത്രം വ്യക്തമായി. പവലിൻ്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ടായിരുന്നു കമ്മിറ്റിയുടെ മൊഴി എടുക്കൽ. പവൽ പറഞ്ഞതിൻ്റെ ഉള്ളടക്കം മാർച്ചിൽ പലിശ കൂട്ടില്ല എന്നാണെന്നു കാര്യ വിവരമുള്ളവർ പറയുന്നു. എന്നാൽ വിലക്കയറ്റം മയപ്പെടുന്നില്ലെങ്കിൽ പണനയം കർശനമാക്കും. അതു സാമ്പത്തിക മാന്ദ്യം ഉണ്ടാക്കാമെന്നു പവൽ മുന്നറിയിപ്പ് നൽകി.


This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story
Share it