റെക്കോർഡ് തലത്തിൽ നിന്ന് നഷ്ടത്തിലേക്ക് ഓഹരി സൂചിക വീണതിന്റെ കാരണങ്ങൾ? ഐആർസിടിസി ഓഹരി വിലയിൽ സംഭവിക്കുന്നത് എന്ത്? ബാങ്കുകൾ പ്രശ്നങ്ങളിലേക്കു നീങ്ങുമോ?

റിക്കാർഡ് നിലവാരത്തിൽ തുടങ്ങിയ ശേഷം ചാഞ്ചാട്ടങ്ങൾ. ഒടുവിൽ ചെറിയ നഷ്ടത്തോടെ ക്ലോസിംഗ്. ഏഴു ദിവസത്തെ ബുൾ മുന്നേറ്റത്തിനു വിരാമം. മുഖ്യസൂചികകളിൽ ഇന്നലെ കണ്ട നേരിയ കുറവ് വിപണി മനോഭാവത്തിൻ്റെ ശരിയായ പ്രതിഫലനമല്ല. വിശാല വിപണി കൂടുതൽ ആഴത്തിൽ ഇടിഞ്ഞിട്ടുണ്ട്.

ഒരു തിരുത്തലിനുള്ള ഒരുക്കമാണു വിപണി ഇന്നലെ നടത്തിയത്. എന്നാൽ അതിനു നിക്ഷേപകർ സമ്മതിക്കുമോ എന്നു സംശയമാണ്. ആഗാേള വിപണികളിലെ ഉയർച്ചയുടെ പിന്നാലെ ഇവിടെയും കയറാം എന്ന നിലപാട് നിക്ഷേപകർ എടുത്താൽ വിപണി വീണ്ടും മുന്നോട്ടു നീങ്ങും.

കയറിയിറങ്ങി

സെൻസെക്സ് 62,245.43 വരെ കയറിയിട്ടാണ് 61,716.05ൽ ക്ലോസ് ചെയ്തത്. തലേന്നത്തേക്കാൾ 49.54 പോയിൻ്റ് കുറവ്. ഇന്നലത്തെ ഉയർന്ന നിലയിൽ നിന്ന് 529 പോയിൻ്റ് താഴ്ചയിലാണു ക്ലോസിംഗ്. നിഫ്റ്റി ഇന്നലത്തെ ഉയരത്തിൽ നിന്നു 185.7 പോയിൻ്റ് താഴ്ന്നു. തലേന്നത്തേക്കാൾ 58.3 പോയിൻ്റ് കുറഞ്ഞ് 18,418.75 ൽ ക്ലോസിംഗ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 2.2 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.7 ശതമാനവും ഇടിഞ്ഞു.
ബിഎസ്ഇയിൽ 979 ഓഹരികൾ മാത്രം ഉയർന്നപ്പോൾ 2382 എണ്ണം താഴുകയായിരുന്നു. ബിഎസ്ഇ റിയൽറ്റി സൂചിക 4.6 ശതമാനഭം എഫ്എംസിജി സൂചിക 3.1 ശതമാനവും താണു. മെറ്റൽസ് 2.37 ശതമാനം, വാഹനങ്ങൾ 1.59 ശതമാനം, ഗൃഹോപകരണങ്ങൾ 2.85 ശതമാനം, ഹെൽത്ത് കെയർ 137 ശതമാനം, ഓയിൽ - ഗ്യാസ് 1.59 ശതമാനം എന്നിങ്ങനെ പോയി മറ്റു മേഖലകളിലെ ഇടിവ്. ഐടി മേഖല 2.2 ശതമാനം ഉയർന്നതു മാത്രമാണ് ആശ്വാസമായത്.

ഫണ്ടുകൾ വിൽക്കുന്നു

വിദേശ ഫണ്ടുകളും സ്വദേശി ഫണ്ടുകളും ഒരുപോലെ ലാഭമെടുക്കലിനുള്ള വിൽപനയിലായിരുന്നു ഇന്നലെ. വിദേശികൾ ക്യാഷ് വിപണിയിൽ 505.79 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 2578.22 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതോടെ വിദേശികൾ ക്യാഷ് വിപണിയിൽ 2510 കോടിയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. സ്വദേശി ഫണ്ടുകളുടെ വിൽപന 4733.93 കോടിയായി. വിദേശികൾ ഫ്യൂച്ചേഴ്സ് - ഓപ്ഷൻസ് വിപണിയിൽ ഇടപാട് വർധിപ്പിച്ചു.

വിദേശ വിപണികൾ ഉയർന്നു

യൂറോപ്യൻ - അമേരിക്കൻ വിപണികൾ ഇന്നലെ ഉയരത്തിലായിരുന്നു. പ്രമുഖ കമ്പനികൾ നല്ല ലാഭവളർച്ച കാണിക്കുന്ന റിസൽട്ടുകൾ പുറത്തിറക്കിയപ്പോൾ വിലക്കയറ്റ ഭീതി മാറ്റി വയ്ക്കാൻ നിക്ഷേപകർ തയാറായി.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികളും ഉയർന്നാണു തുടങ്ങിയത്. ചൈനയിലെ തകർച്ചയിലായ റിയൽറ്റി ഗ്രൂപ്പ് എവർഗ്രാൻഡെ ചൈനീസ് കടപ്പത്ര നിക്ഷേപകർക്കു പലിശ നൽകി. എന്നാൽ വിദേശ നിക്ഷേപകരുടെ പലിശയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഇതു വിദേശ നിക്ഷേപകരെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,465 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 18,450 ലാണു വ്യാപാരം. ഇന്ന് ഇന്ത്യൻ വിപണി ചെറിയ ഉയർച്ചയോടെ തുടങ്ങുമെന്ന പ്രതീക്ഷയാണ് ഇതിൽ കാണുന്നത്.

ബെയറിഷ് മനോഭാവം

വിപണി കടുത്ത ബെയറിഷ് മനോഭാവത്തിലേക്കു മാറിയെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 18,300 നു താഴേക്ക് നിഫ്റ്റി എത്തുന്ന ഒരു ഹ്രസ്വകാല തിരുത്തലാണ് അവർ മുന്നിൽ കാണുന്നത്. വിപണിയുടെ ആരോഗ്യകരമായ മുന്നേറ്റത്തിനും ഒരു തിരുത്തൽ ആവശ്യമാണത്രെ. നിഫ്റ്റി മുന്നോട്ടു നീങ്ങുമ്പോൾ 18,470-ലും 18,555 ലും കടുത്ത തടസം നേരിടുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 18,330-ഉം 18,240-ഉം നിഫ്റ്റിക്കു സപ്പോർട്ടാകും.

ക്രൂഡ് ഓയിൽ വീണ്ടും കയറുന്നു

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 85.15 ഡോളർ കടന്നു. ചൈനയിൽ നിന്നു ഡിമാൻഡ് കൂടി.
വ്യാവസായിക ലോഹങ്ങളുടെ വില ഉയരത്തിൽ തുടരുന്നു. ചെമ്പ് ടണ്ണിനു 10,651 ഡോളറിലേക്കു കയറി. ചില ലോഹങ്ങളിൽ ലാഭമെടുക്കൽ മൂലം വില അൽപം താണു.
ഡോളർ സൂചിക 93.5 ലേക്കു താണെങ്കിലും സ്വർണം ഉയർന്നില്ല. ഔൺസിന് 1780 ലേക്ക് എത്തിനോക്കിയിട്ടു പിന്മാറേണ്ടി വന്നു. 1772-1773 ഡോളറിലാണു രാവിലെ വ്യാപാരം.

വളർച്ച പ്രതീക്ഷയിൽ മാറ്റം

കോവിഡിൻ്റെ രണ്ടാം തരംഗവും മറ്റു പ്രശ്നങ്ങളും മൂലം ഇക്കൊല്ലം ഏഷ്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് ഐഎംഎഫിൻ്റെ പുതിയ വിലയിരുത്തൽ. 6.5 ശതമാനം വളർച്ചയേ ഉണ്ടാകൂ. ഏപ്രിലിൽ പ്രവചിച്ചത് 7.6 ശതമാനം വളർച്ചയാണ്. ഇന്ത്യ 9.5 ശതമാനം വളരുമെന്ന് ഫണ്ട് പറയുന്നു. ഈ നിഗമനം നേരത്തേ പറഞ്ഞിരുന്നതാണ്. ചൈന എട്ടു ശതമാനം വളരും.

എൻപിഎ കുടും; മൂലധന നിക്ഷേപം കൂടുന്നില്ല

ഇന്ത്യൻ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) ഈ ധനകാര്യ വർഷാവസാനം ഒൻപതു ശതമാനമാകുമെന്നു റേറ്റിംഗ് ഏജൻസി ക്രിസിൽ. കഴിഞ്ഞ മാർച്ചിൽ 7.5 ശതമാനമായിരുന്നു. 2018-ലെ 11.2 ശതമാനത്തിൽ നിന്നു വളരെ കുറവായിരിക്കും അടുത്ത മാർച്ചിലേത്. വ്യക്തിഗത വായ്പകളിലും സൂക്ഷ്മ - ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വായ്പകളിലുമാണു കൂടുതൽ എൻപിഎ വരിക.
ബാങ്ക് വായ്പകളിൽ വ്യവസായങ്ങളുടെ പങ്ക് വീണ്ടും കുറഞ്ഞതായി റിസർവ് ബാങ്ക് റിപ്പോർട്ട്. ഓഗസ്റ്റ് അവസാനത്തെ കണക്കനുസരിച്ച് മൊത്തം വായ്പയിൽ 26 ശതമാനമാണു വ്യവസായങ്ങളുടേത്. 2013-ൽ ഇത് 46 ശതമാനമുണ്ടായിരുന്നതാണ്. ഭവന വായ്പകളടക്കം വ്യക്തിഗത വായ്പകൾ 26.7 ശതമാനമായി വർധിച്ചു. ഓഗസ്റ്റിലെ നിലവച്ച് വ്യവസായ വായ്പയിലെ വാർഷിക വളർച്ച 2.3 ശതമാനം മാത്രമാണ്. കോവിഡനന്തര കാലത്തു സ്വകാര്യ മൂലധന നിക്ഷേപം വർധിക്കുന്നില്ല എന്നാണ് ഇതിൻ്റെ അർഥം.

ചെലവാക്കാൻ പണമില്ല

രാജ്യത്തു ജനങ്ങളുടെ ഉപഭോഗവർധനയെപ്പറ്റിയുള്ള ഔദ്യാേഗിക അവകാശവാദങ്ങൾ ശരിയല്ലെന്നു കാണിക്കുന്നതായി ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെയും നെസ് ലെയുടെയും രണ്ടാം പാദ റിസൽട്ടുകൾ. എഫ്എംസിജി വിപണിയിൽ ഒന്നാം സ്ഥാനക്കാരായ യൂണിലിവറിന് വിൽപനയിൽ (അളവ് വച്ച് ) നാലു ശതമാനം വർധനയേ ഉള്ളു. ജൂണിൽ അവസാനിച്ച പാദത്തിൽ ഒൻപതു ശതമാനം വർധിച്ചതാണ്. ഗ്രാമീണ മേഖലയിലാണു വിൽപനയിൽ തിരിച്ചടി. വിറ്റുവരവ് 11 ശതമാനം കൂടിയെങ്കിലും അതിനു പ്രധാന കാരണം വില വർധനയാണ്. നെസ് ലെയുടെ വിൽപന കുറേക്കൂടി മെച്ചപ്പെട്ടെങ്കിലും ഇരട്ടയക്ക വളർച്ച സാധിച്ചില്ല. ജനങ്ങൾക്കു ചെലവഴിക്കാനാകുന്ന പണത്തിൽ വിലക്കയറ്റത്തിന് ആനുപാതികമായ വളർച്ച ഉണ്ടാകാത്തതാണ് യഥാർഥ വിഷയം.

ഐആർസിടിസി ഓഹരിയിൽ വൻഇടിവ്

ഈ വർഷം അസാധാരണ കുതിപ്പ് നടത്തിയ ഐആർസിടിസി ഓഹരികൾ ഇന്നലെ രാവിലെ വലിയ നേട്ടമുണ്ടാക്കിയ ശേഷം 22 ശതമാനം ഇടിഞ്ഞതു ശ്രദ്ധേയമായി. ഓഹരിയുടെ കുതിപ്പ് ഊഹക്കച്ചവടത്തിൻ്റെ ഫലമായിരുന്നെന്നാണു പുതിയ വ്യാഖ്യാനം.
പുകയില വ്യവസായത്തിലെ നികുതി പുനർ ക്രമീകരിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയ വാർത്ത ഐടിസി ഓഹരിക്ക് പ്രഹരമായി. ഓഹരി 6.3 ശതമാനം ഇടിഞ്ഞു.
ടാറ്റാ മോട്ടോഴ്സ്, ഐഷർ മോട്ടാേഴ്സ്, ടൈറ്റൻ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയവ നാലു ശതമാനത്തിലേറെ താണു

This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it