വിലക്കയറ്റം പ്രതീക്ഷയ്ക്കപ്പുറം; വ്യവസായ ഉൽപാദന വളർച്ച താഴോട്ട്; ക്രൂഡ് വില വീണ്ടും കയറുന്നു; വിപണി പ്രതീക്ഷയോടെ നീണ്ട വാരാന്ത്യത്തിലേക്ക്

ഇന്ത്യയിലും അമേരിക്കയിലും ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായി. എങ്കിലും വിലക്കയറ്റം പാരമ്യത്തിൽ എത്തി, ഇനി കുറയുകയേ ഉള്ളൂ എന്ന ആശ്വാസം പലേടത്തും പരന്നു. വിലക്കയറ്റ കണക്ക് വന്ന ശേഷം യുഎസ് വിപണി തരക്കേടില്ലാതെ കയറുകയും ചെയ്തു. എന്നാൽ പിന്നീടു രണ്ടു കാര്യങ്ങൾ സംഭവിച്ചു.

ഒന്ന്: യുഎസ് ഫെഡ് ഗവർണർ ലയൽ ബ്രെയ്നാർഡ് ഫെഡ് നിരക്കു കൂട്ടൽ അതിവേഗമാക്കുമെന്നും കടപ്പത്ര വിൽപന ജൂണിലെങ്കിലും തുടങ്ങുമെന്നും പ്രസ്താവിച്ചു. വിലക്കയറ്റം പരമാവധി ആയിട്ടില്ലെന്നു ഫെഡ് കരുതുന്നതിൻ്റെ പ്രഖ്യാപനം ആയിരുന്നു അത്.

രണ്ട്: ചൈന ഷാങ്ഹായിയിലും മറ്റും ലോക്ക്ഡൗൺ അയച്ചു. ഇതു ക്രൂഡ് ഓയിൽ വില ഏഴു ശതമാനത്തോളം കുതിക്കാൻ കാരണമായി.

ഫലം: യുഎസ് ഓഹരികൾ നഷ്ടത്തിലേക്കു വീണു.


എന്നാൽ ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നല്ല നേട്ടത്തിലായി. രാവിലെ ഏഷ്യൻ വിപണികളും തരക്കേടില്ലാത്ത നേട്ടത്തോടെയാണു തുടങ്ങിയത്. പിന്നീടു കുറേക്കൂടി കയറി.

ഈയാഴ്ചയിലെ അവസാന വ്യാപാര ദിനത്തിലേക്കു കടക്കുമ്പോൾ ഏഷ്യൻ ചലനങ്ങളേക്കാൾ വിദേശ നിക്ഷേപകരുടെ നീക്കങ്ങളാണ് ഇന്ത്യൻ വിപണിയെ സ്വാധീനിക്കുക. അവർ വിൽപനയുടെ തോതു കുറയ്ക്കുന്നില്ലെങ്കിൽ വിപണി ഇടിയും. ഡോളർ വില 76 രൂപയ്ക്കു മുകളിലായതും ക്രൂഡ് വില വീണ്ടും കുതിച്ചു കയറിയതും വിപണിയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ്. ഡോളർ സൂചിക ആഴ്ചകൾക്കു ശേഷം 100-നു മുകളിൽ കയറി. രൂപയ്ക്ക് അത്ര നല്ല സൂചനയല്ല ഇതിലുള്ളത്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 17,500-ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ തുടക്കത്തിൽ 17,560 ലേക്കു കയറി. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങുമെന്ന പ്രതീക്ഷയാണ് സിംഗപ്പുർ പ്രകടിപ്പിക്കുന്നത്.

ഉയർന്ന വിലക്കയറ്റം പലിശനിരക്കു കൂട്ടൽ വേഗത്തിലാക്കും. വിലയും പലിശയും ഒരുമിച്ചു കൂടുമ്പാൾ ഡിമാൻഡ് കുറഞ്ഞ് വിൽപന മന്ദീഭവിക്കും എന്നു പല ധനശാസ്ത്രജ്ഞരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതാണു യുഎസ് വിപണിയെ താഴ്ത്തിയത്.

ചൊവ്വാഴ്ച ഇന്ത്യൻ വിപണി ഇറങ്ങിയും കയറിയും ചാഞ്ചാടിയ ശേഷം ഒടുവിൽ നഷ്ടത്തിൽ അവസാനിക്കുകയായിരുന്നു. ബെയറിഷ് മനോഭാവത്തിലാണു വിപണി. ഹ്രസ്വകാല നീക്കം താഴോട്ടാകുമെന്നു പൊതുവേ കരുതപ്പെടുന്നു. എങ്കിലും ഏഷ്യൻ വിപണികളിലെ ഉണർവ് പ്രതീക്ഷ നൽകുന്നു.

ചൊവ്വാഴ്ച സെൻസെക്സ് 388.2 പോയിൻ്റ് (0.66%) നഷ്ടത്തിൽ 58,576.37 ലും നിഫ്റ്റി 144.65 പോയിൻ്റ് (0.82%) താഴ്ന്ന് 17,530. 3 ലും ക്ലോസ് ചെയ്തു. വിശാല വിപണി കൂടുതൽ ആഴത്തിൽ താഴ്ന്നു. മിഡ് ക്യാപ് സൂചിക 1.92 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.58 ശതമാനവും ഇടിഞ്ഞു. ഐടി (1.48%), മെറ്റൽ (2.74%), റിയൽറ്റി (2.76%), ഓയിൽ - ഗ്യാസ് (2.37%) എന്നിവ വലിയ ഇടിവു കാണിച്ചു.


വിദേശ നിക്ഷേപകർ ഇന്നലെ 3128.39 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. സ്വദേശി ഫണ്ടുകൾ 870.01 കോടിയുടെ ഓഹരികൾ മാത്രമാണു വാങ്ങിയത്.

നിഫ്റ്റിക്ക് 17,450-ലും 17,370- ലും സപ്പോർട്ട് ഉണ്ടെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഉയർച്ചയിൽ 17,605-ഉം 17,675- ഉം തടസങ്ങളാകും.



ക്രൂഡ് ഓയിൽ 105 ഡോളർ കടന്നു

ക്രൂഡ് ഓയിൽ വിപണി ഇന്നലെ വലിയ തിരിച്ചു കയറ്റം നടത്തി. ഷാങ്ഹായ് അടക്കം കുറേ മേഖലകളിലെ ലോക്ക് ഡൗണിൽ ചൈന അയവു പ്രഖ്യാപിച്ചതാണ് വില കൂടാൻ കാരണം. ചൈനീസ് ഡിമാൻഡ് ഉയരും എന്ന പ്രതീക്ഷയിൽ ക്രൂഡ് വില ഏഴു ശതമാനം കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 104.6 ഡാേളറിലെത്തി. ഇന്നു രാവിലെ 105.2 ഡോളറിലേക്കു വീണ്ടും കയറി. സ്പോട്ട് വില 107 ഡോളറിനു മുകളിലായി.

വ്യാവസായിക ലോഹങ്ങളുടെ വില ഇന്നലെയും താഴ്ചയിലായിരുന്നു. ചൈനീസ് ഡിമാൻഡ് സംബന്ധിച്ചു വ്യക്തത വരുന്നതുവരെ വിപണി മാന്ദ്യം തുടരും. വാരാന്ത്യത്തോടെ നില മാറുമെന്നാണു സൂചന. ഇടിവിനു ശേഷവും ചെമ്പ് 10,200 ഡോളറിനു മുകളിലും അലൂമിനിയം 3200 നു മുകളിലുമാണ്.

വിലക്കയറ്റം കുതിക്കുന്നതിനു പിന്നാലെ സ്വർണവും കുതിച്ചു. ഇന്നലെ 1978 ഡോളർ വരെ കയറിയ സ്വർണം ഇന്നു രാവിലെ 1966- 1968 ഡോളറിലാണ്. കേരളത്തിൽ ഇന്നലെ പവന് 320 രൂപ വർധിച്ച് 39,200 രൂപയായി. ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.


പരിധി വിട്ടു ചില്ലറ വിലക്കയറ്റം


മാർച്ചിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റം എല്ലാവരുടെയും കണക്കുകൂട്ടലുകൾക്ക് അപ്പുറമായി. റോയിട്ടേഴ്സും മറ്റ് ഏജൻസികളും നടത്തിയ സർവേകളിൽ 6.3 മുതൽ 6.5 വരെ ശതമാനം വിലക്കയറ്റമാണു പ്രതീക്ഷിച്ചത്. എന്നാൽ കണക്കു വന്നപ്പോൾ 6.95 ശതമാനം വിലക്കയറ്റം. 17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നില. ഫെബ്രുവരിയിൽ 6.07 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം.

റിസർവ് ബാങ്കിനു നൽകിയിട്ടുള്ള ചുമതല വിലക്കയറ്റം ആറു ശതമാനത്തിനു താഴെ നിർത്താനാണ്. ജനുവരി-മാർച്ച് പാദത്തിൽ 6.3 ശതമാനമാണ് ചില്ലറ വിലക്കയറ്റം. (ജനുവരി 6.01 ശതമാനം, ഫെബ്രുവരി 6.07 ശതമാനം, മാർച്ച് 6.95 ശതമാനം). ഏപ്രിൽ- ജൂണിൽ 6.3 ശതമാനവും ജൂലൈ - സെപ്റ്റംബറിൽ 5.8 ശതമാനവുമാകും ചില്ലറ വിലക്കയറ്റം എന്നാണു റിസർവ് ബാങ്ക് കഴിഞ്ഞ പണനയ കമ്മിറ്റി യോഗത്തിൽ വിലയിരുത്തിയത്. സമീപകാലത്തെ മറ്റു വിലയിരുത്തലുകൾ പോലെ ഇതും തെറ്റാകാനാണു സാധ്യത.

മാർച്ചിലെ വിലക്കയറ്റത്തിൽ ഭക്ഷ്യവസ്തുക്കൾ വലിയ പങ്ക് വഹിച്ചു. 7.68 ശതമാനമാണ് ആ വിഭാഗത്തിൻ്റെ വിലക്കയറ്റം. ഫെബ്രുവരിയിൽ 5.85 ശതമാനമായിരുന്നു ഭക്ഷ്യവിലക്കയറ്റം. ഭക്ഷ്യ എണ്ണ, നെയ് എന്നിവയുടെ വിഭാഗം 18.79 ശതമാനമാണു കൂടിയത്. പച്ചക്കറിവില 11.64 ശതമാനം ഉയർന്നു.

ഇന്ധന-ഊർജ വിഭാഗം 7.52 ശതമാനം വിലക്കയറ്റം കാണിച്ചു. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 6.4 ശതമാനത്തിലേക്കു കയറി. തലേ മാസം ഇത് ആറു ശതമാനമായിരുന്നു.

ഏപ്രിലിലെ വിലക്കയറ്റം ഗണ്യമായ കുറവു കാണിക്കുന്നില്ലെങ്കിൽ റിസർവ് ബാങ്ക് ജൂണിൽത്തന്നെ നിരക്ക് വർധിപ്പിച്ചു തുടങ്ങുമെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്രയുടെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നയ്യാർ അഭിപ്രായപ്പെട്ടു. മുമ്പ് തങ്ങൾ വിലയിരുത്തിയതിലും വളരെ കൂടുതലാണ് മാർച്ചിലെ വിലക്കയറ്റം എന്ന് അവർ പറഞ്ഞു. ഭക്ഷ്യ എണ്ണകളുടെയും മറ്റും വില താഴ്ത്താൻ ഗവണ്മെൻ്റ് ഗൗരവമായി ശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.


യുഎസ് വിലക്കയറ്റവും പുതിയ റിക്കാർഡിൽ


മാർച്ചിലെ യുഎസ് ചില്ലറ വിലക്കയറ്റം 41 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലായി. 8.5 ശതമാനം വർധന നിരീക്ഷകരുടെ നിഗമനങ്ങളേക്കാൾ കൂടിയതായി. മിക്കവരും 8.4 ശതമാനം വിലക്കയറ്റമാണു പ്രതീക്ഷിച്ചത്. ഫെബ്രുവരിയിൽ 7.9 ശതമാനമായിരുന്നു വർധന. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 6.5 ശതമാനമായി. ഇതു പ്രതീക്ഷിച്ചതിലും നേരിയ തോതിൽ കുറവാണ്.

ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) വിലക്കയറ്റത്തെപ്പറ്റി പുലർത്തിയ നിലപാടുകൾ പാളിപ്പോയി എന്നാണ് ഉയർന്ന വിലക്കയറ്റം കാണിക്കുന്നതെന്ന് ഒരുവിഭാഗം ധനശാസ്ത്രജ്ഞർ പറയുന്നു. പലിശ കൂട്ടിയിരുന്നെങ്കിൽ റഷ്യയുടെ യുക്രെയ്ൻ ആക്രമണം നടക്കില്ലായിരുന്നു എന്നോ ക്രൂഡ് വില താഴുമായിരുന്നു എന്നാേ അവർ പറയുന്നില്ല. ഫെഡിൻ്റെ നിഗമനവും വിലയിരുത്തലും തെറ്റി എന്നതു ശരി. പക്ഷേ ഫെഡ് നേരത്തേ പലിശ കൂട്ടിയാൽ വിലക്കയറ്റം കുറയുമായിരുന്നു എന്നതു ഭാവന മാത്രം.

പുതിയ കണക്കു വന്ന ശേഷം ഫെഡ് ഗവർണർ ബ്രെയ്നാർഡ് പറഞ്ഞത് നിരക്കു വർധനയും കടപ്പത്ര വിൽപനയും ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നാണ്. ഇക്കൊല്ലം നിരക്കുവർധനയുടെ ലക്ഷ്യം രണ്ടു ശതമാനത്തിലേക്ക് ഉയർത്തുമാേ എന്ന ചോദ്യം പലരും ഉന്നയിച്ചു തുടങ്ങി.


വ്യവസായ ഉൽപാദനം കുറഞ്ഞെന്നു സൂചന


ഫെബ്രുവരിയിലെ വ്യവസായ ഉൽപാദന വളർച്ച 1.7 ശതമാനം കൂടി. എന്നാൽ ഉൽപാദനത്തിലെ വളർച്ച ജനുവരിയെ അപേക്ഷിച്ചു 5.5 ശതമാനം കുറവാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വ്യവസായ ഉൽപാദനം 3.2 ശതമാനം കുറവായിരുന്നതുകൊണ്ടുള്ള സ്റ്റാറ്റിസ്റ്റിക്കൽ നേട്ടം മാത്രമാണു കണക്കിൽ ഉള്ളത്. രാജ്യത്ത് ഉപഭോഗം കുറയുന്നു, അതിനാൽ ഉൽപാദനം കുറയുന്നു എന്നാണ് കൺസ്യൂമർ ഉൽപന്നങ്ങളുടെ ഉൽപാദനം കുറഞ്ഞതിൽ നിന്നു മനസിലാക്കേണ്ടത്.

മൺസൂൺ പതിവുപോലെ എന്നു പ്രവചനം

ഈ വർഷവും മൺസൂൺ പതിവു തോതിൽ കിട്ടുമെന്നു സ്വകാര്യ കാലാവസ്ഥ പ്രവചന ഏജൻസി സ്കൈമെറ്റ് പ്രവചിച്ചു. ദീർഘകാല ശരാശരിയുടെ 98 ശതമാനം മഴ ലഭിക്കുമെന്നാണു പ്രവചനം. കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം ഈയാഴ്ച വരും.

ജൂൺ - സെപ്റ്റംബർ കാലയളവിലെ മഴയാണു തെക്കുപടിഞ്ഞാറൻ മൺസൂൺ അഥവാ കാലവർഷം. അതിലാണു രാജ്യത്തെ മഴയുടെ മൂന്നിൽ രണ്ടു ഭാഗവും ലഭിക്കുന്നത്.

ഹ്രസ്വകാല മഴപ്രവചനം ഒട്ടേറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ദീർഘകാല പ്രവചനം ഇപ്പോഴും വിജയകരമല്ല. പ്രത്യേകിച്ചും വിവിധ മേഖലകളിലെ മഴലഭ്യതയിൽ വരുന്ന മാറ്റം പറയുന്നതിൽ.

കേരളത്തിലും തെക്കൻ കർണാടകത്തിലും കാലവർഷം ജൂൺ - ജൂലൈ കാലയളവിൽ കുറവായിരിക്കുമെന്നാണു സ്കൈമെറ്റ് പ്രവചനം.


This section is powered by Muthoot Finance


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it