Begin typing your search above and press return to search.
ആശ്വാസറാലി കാത്തു വിപണി; ഹ്രസ്വകാല ഗതി തിരുത്താൻ ശ്രമം; ടെക് ഭീതി ഇന്ത്യയിലും വരുമോ? വിലക്കയറ്റം മെരുങ്ങുന്നില്ല
തിങ്കളാഴ്ചത്തെ രണ്ടു ശതമാനം തകർച്ചയ്ക്കു ശേഷം ആശ്വാസറാലി പ്രതീക്ഷിച്ചാണ് ഇന്നു നിക്ഷേപകർ വിപണിയെ സമീപിക്കുന്നത്. എന്നാൽ ആശ്വാസറാലി വിപണിയുടെ ഹ്രസ്വകാല ഗതിയെ തിരിച്ചുവിടാൻ മാത്രം ശക്തമാകാനിടയില്ല. കുതിച്ചു പായുന്ന വിലക്കയറ്റം, വർധിച്ചു വരുന്ന മാന്ദ്യ ഭീഷണി, ആസന്നമായ പലിശ വർധന ഇങ്ങനെയുള്ള വിഷയങ്ങൾ വിപണിയെ വരും ദിവസങ്ങളിൽ താഴോട്ടു വലിക്കുക തന്നെ ചെയ്യും.
വിദേശനിക്ഷേപകർ വിൽപനയുടെ തോതു വർധിപ്പിച്ചത് ഗൗരവമായി കാണേണ്ട വിഷയമാണ്. വിദേശവിപണികൾ നൽകുന്ന സൂചനയും അത്ര മെച്ചമല്ല. പ്രമുഖ കമ്പനികളുടെ ഒന്നാം പാദ റിസൽട്ടാകും ഈയാഴ്ച യുഎസ് വിപണിയെ നയിക്കുക.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 113 ഡോളറിനു മുകളിലായതും ഡോളർ സൂചിക 100.78 ലേക്കു കയറിയതും രൂപയുടെ മേൽ സമ്മർദം ചെലുത്തും.
യുഎസ് ഓഹരികൾ ഇന്നലെ തുടക്കത്തിൽ ഉയർന്നിട്ട് നേരിയ നഷ്ടത്തോടെയാണു ക്ലോസ് ചെയ്തത്. രാവിലെ ബാങ്ക് ഓഫ് അമേരിക്കയുടെ നല്ല റിസൽട്ടിലാണു വിപണി കയറിയത്. വൈകുന്നേരത്തോടെ വരും ദിവസങ്ങളിലെ റിസൽട്ടുകളെപ്പറ്റി ആശങ്കകൾ ഉടലെടുത്തു. വിപണി താണു. എന്നാൽ ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലായി. ഓസ്ടേലിയൻ, ഏഷ്യൻ വിപണികൾ ഇന്നു നല്ല തുടക്കം കുറിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ നേട്ടം കുറിച്ചു. ഇന്നു രാവിലെ 17, 276 വരെ കയറിയ ശേഷം 17,265 ലേക്കു താഴ്ന്നാണ് എസ്ജിഎക്സ് നിഫ്റ്റിയുടെ വ്യാപാരം. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
ഇൻഫോസിസും മറ്റ് ഐടി കമ്പനികളും എച്ച്ഡിഎഫ്സി ദ്വയങ്ങളും ബാങ്കുകളും റിലയൻസും ഒക്കെയാണ് ഇന്നലെ തകർച്ചയ്ക്കു മുന്നിൽ നിന്നത്. ഐടി ഓഹരികളുടെ സൂചിക 4.76 ശതമാനം ഇടിഞ്ഞു. ഇൻഫി 7.22 ശതമാനം, എച്ച്ഡിഎഫ്സി ബാങ്ക് 4.74%, എച്ച്ഡിഎഫ്സി 4.83%, ടാറ്റാ പവർ 5.57%, ടിസിഎസ് 3.66% എന്നിങ്ങനെയായിരുന്നു വീഴ്ച. കൊട്ടക് മഹീന്ദ്ര ബാങ്കും ആക്സിസ് ബാങ്കും ഗണ്യമായി ഇടിഞ്ഞു.
വ്യാപാരം തുടങ്ങിയപ്പോൾ തന്നെ സെൻസെക്സ് ആയിരത്തോളം പോയിൻ്റ് താഴ്ചയിലായി. വലിയ വിൽപന സമ്മർദം രാവിലെ തന്നെയായിരുന്നു. അതിനു ശേഷം സൂചികകൾ ചെറിയ മേഖലയിലാണു കയറിയിറങ്ങിയത്. സെൻസെക്സ് 1172.19 പോയിൻ്റ് (2.01%) തകർച്ചയോടെ 57,166.74 ലും നിഫ്റ്റി 302 പോയിൻ്റ് (1.73%) വീഴ്ചയോടെ 17,173.65 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.05 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.25 ശതമാനവും താഴ്ന്നു. ബാങ്ക് നിഫ്റ്റി 1.96 ശതമാനവും ധനകാര്യ കമ്പനികൾ 2.21 ശതമാനവും റിയൽറ്റി 1.27 ശതമാനവും ഇടിഞ്ഞു.
വിദേശികളുടെ വിൽപന റിക്കാർഡ്
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 6387.45 കോടിയുടെ ഓഹരികൾ വിറ്റു. ഇതോടെ ഏപ്രിലിൽ അവരുടെ വിൽപന 17,149.83 കോടി രൂപയിലെത്തി. മേയ് ആദ്യ ആഴ്ച ചേരുന്ന ഫെഡ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) പലിശ നിരക്ക് 50 ബേസിസ് പോയിൻ്റ് (അര ശതമാനം) വർധിപ്പിക്കുമെന്ന നിഗമനമാണു വിദേശികളുടെ വിൽപന വർധിക്കാൻ കാരണം. സ്വദേശി ഫണ്ടുകൾ ഇന്നലെ 3341.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
സൂചികകളുടെ 50 ദിവസ സിംപിൾ മൂവിംഗ് ആവരേജ് 200 ദിന മൂവിംഗ് ആവരേജിനു താഴെ വരുന്ന ഡെത്ത് ക്രോസിൽ ഇന്നലെ വിപണി എത്തിയെന്നും ഇത് വിപണി ബെയറിഷ് ആണെന്ന് ഉറപ്പിക്കുന്നെന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി 17,000-16,800 സപ്പോർട്ട് മേഖലയുടെ തൊട്ടു മുകളിലാണെന്നും ആ മേഖലയിൽ ട്രെൻഡ് മാറ്റാൻ കഴിഞ്ഞേക്കുമെന്നും വിദഗ്ധർ കണക്കാക്കുന്നു. നിഫ്റ്റിക്ക് 17,080-ഉം 16,990-ഉം സപ്പോർട്ട് പ്രതീക്ഷിക്കാം. 17,250 ലും 17,330-ലും തടസങ്ങൾ കണക്കാക്കുന്നു.
ക്രൂഡ് 113 ഡോളറിൽ
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. റഷ്യയുടെ ക്രൂഡ് ഓയിലും പ്രകൃതി വാതകവും വാങ്ങുന്നതു കുറയ്ക്കുകയോ നിർത്തുകയോ ചെയ്യാൻ യൂറോപ്യൻ യൂണിയൻ വീണ്ടും ആലോചന തുടങ്ങിയതാണു വില ഉയർത്തി നിർത്തുന്നത്. ബ്രെൻ്റ് ഇനം ക്രൂഡ് 113.4 ഡോളറിലേക്കു കയറി. പ്രകൃതിവാതക വില 7.8 ഡോളറായി.
വ്യാവസായിക ലോഹങ്ങൾ ചെറിയ തോതിൽ ഉയർന്നു. എന്നാൽ സ്റ്റീൽ വില അൽപം താണു. ലഭ്യതയുടെ പ്രശ്നത്തിലാണു ചെമ്പും അലൂമിനിയവും ഉയരുന്നത്.
സ്വർണം ഇന്നലെ 2000 ഡോളറിൽ സ്പർശിച്ചിട്ടു തിരിച്ചിറങ്ങി. ഡോളർ കരുത്തു കൂടിയതോടെ സ്വർണം ഔൺസിന് 1976- 1978 ഡോളറിലേക്കു താഴ്ന്നു.
ഇൻഫോസിസിനു സംഭവിക്കുന്നത്?
രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ താഴ്ചയാണ് ഇൻഫോസിസ് ടെക്നോളജീസ് ഇന്നലെ നേരിട്ടത്. 2020 മാർച്ച് 23-ന് വ്യാപാരത്തിനിടയിൽ ഓഹരിവില 11.99 ശതമാനം ഇടിഞ്ഞിരുന്നു. അന്നു ക്ലോസ് ചെയ്തതു 10 ശതമാനം താഴ്ചയിലാണ്. ഇന്നലെ വ്യാപാരത്തിനിടയിൽ ഒൻപതു ശതമാനം താണ് ഇൻഫോസിസ് ഓഹരി 1592.05 രൂപ വരെ എത്തിയിരുന്നു. ക്ലോസിംഗ് 7.22 ശതമാനം താഴ്ചയിൽ 1622.3 രൂപയിലാണ്. എന്താണ് ഇൻഫിക്കു സംഭവിച്ചത്?
ബ്രോക്കറേജുകളുടെ പ്രതീക്ഷയോളം എത്തിയില്ല നാലാംപാദ പ്രകടനം എന്നാണു വിശദീകരണം.ഇതേ തുടർന്നു വിദേശ ബ്രോക്കറേജുകൾ ഇൻഫി ഓഹരിയുടെ ഇപിഎസ് പ്രതീക്ഷയും വിലലക്ഷ്യവും താഴ്ത്തി. മോർഗൻ സ്റ്റാൻലി 2050-ൽ നിന്ന് 1970ലേക്കും ജെപി മോർഗൻ 2300-ൽ നിന്നു 2200 - ലേക്കും ജെഫെറീസ് 2135-ൽ നിന്ന് 2050-ലേക്കും നൊമുറ 2160-ൽ നിന്ന് 2050-ലേക്കും വില ലക്ഷ്യം താഴ്ത്തി. മിക്കവരും 2022-23ലെ ഇപിഎസ് പ്രതീക്ഷ അഞ്ചു മുതൽ ഏഴുവരെ ശതമാനം കുറച്ചു.
ഏതായാലും വിദേശ ബ്രോക്കറേജുകളുടെ ലക്ഷ്യവിലയിലും വളരെ താഴെയാണ് വിപണി ഇന്നലെ ഇൻഫി ഓഹരിയെ എത്തിച്ചത്. കമ്പനിയുടെ വരുമാനം തിരിച്ചു കയറുമെങ്കിലും ലാഭ മാർജിൻ തിരിച്ചുപിടിക്കാൻ സമയമെടുക്കുമെന്നാണു വിദേശ ബ്രോക്കറേജ് സിഎൽഎസ്എ കണക്കാക്കുന്നത്.
കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് കമ്പനിയുടെ റവന്യു പ്രതീക്ഷയും ലാഭപ്രതീക്ഷയും താഴ്ത്തി നിശ്ചയിച്ചു. അവർ 1975 രൂപയും എംകേ ഗ്ലോബൽ 1970 രൂപയും ആണു വിലലക്ഷ്യം കണ്ടത്.
ടെക് ഭീതി ഇവിടെയും?
എങ്കിലും ഒരു സംശയം. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അതിഭീമമായ വിൽപന നടത്തിയതും ഇൻഫിയുടെ വിലപ്രതീക്ഷ താഴ്ത്തി നിശ്ചയിച്ചതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? അതോ എല്ലാം യാദൃച്ഛികമായി സംഭവിച്ചതോ?
ഇൻഫി മാത്രമല്ല ടിസിഎസും ഇടത്തരം ഐടി കമ്പനികളുമെല്ലാം ഇന്നലെ കുത്തനേ ഇടിഞ്ഞു. ബിർലാ സോഫ്റ്റ് 6.06 ശതമാനവും എംഫസിസ് 5.6 ശതമാനവും താഴെയായി.
ഐടി മേഖലയിൽ നിന്നു തന്നെ വിട്ടു മാറുന്ന സൂചനകളാണു വിദേശ നിക്ഷേപകർ നൽകുന്നത്. അമേരിക്കയിൽ ടെക് ഓഹരികളിൽ നിന്നു മാറാനാണു വലിയ ഫണ്ടുകളും മറ്റും ശ്രമിക്കുന്നത്. നാസ്ഡാക് സൂചിക സർവകാല റിക്കാർഡിൽ നിന്ന് 17.75 ശതമാനം ഇടിഞ്ഞു നിൽക്കുമ്പോൾ വിശാല സൂചികകളായ ഡൗ ജോൺസ് 6.85 ശതമാനവും എസ് ആൻഡ് പി 8.8 ശതമാനവും മാത്രമേ താണിട്ടുള്ളു. അമേരിക്കയിലെ ടെക് ഫോബിയ (ടെക് ഭീതി) ഇന്ത്യയിലും വരുകയാണോ എന്നു സംശയിക്കണം.
പടിഞ്ഞാറൻ കാറ്റ് ബാങ്കുകളെയും ബാധിച്ചു
എച്ച്ഡിഎഫ്സി ബാങ്കിൻ്റെ റിസൽട്ട് മോശമല്ലായിരുന്നെങ്കിലും പ്രതീക്ഷയേക്കാൾ കുറവാണ് ലാഭത്തോത് എന്ന കാരണത്താൽ ബ്രോക്കറേജുകൾ ഓഹരിയുടെ വിലലക്ഷ്യം താഴ്ത്തി. 2000 രൂപയുടെ ചുറ്റുവട്ടത്തായിരുന്ന ലക്ഷ്യം 1700- 1950 മേഖലയിലായി. ഓഹരി വില ഇന്നലെ 1395.35 രൂപയിലാണു ക്ലോസ് ചെയ്തത്.
മറ്റു ബാങ്ക് ഓഹരികളും ഇന്നലെ താഴോട്ടു നീങ്ങി. വിദേശ നിക്ഷേപകർ ബാങ്ക് - ധനകാര്യ കമ്പനി ഓഹരികളും വൻതോതിൽ വിറ്റഴിച്ചു.
മൊത്തവിലക്കയറ്റം കുതിപ്പ് തുടരുന്നു
മാർച്ചിലെ മൊത്തവിലക്കയറ്റം 14.55 ശതമാനത്തിലേക്കു കുതിച്ചു കയറി. ഫെബ്രുവരിയിൽ 13.11 ശതമാനമായിരുന്നു. ഇന്ധന, ലോഹ, ഭക്ഷ്യ വിലകളിലെ വർധനയാണു കയറ്റത്തിനു കാരണം.
ഇന്ധന,ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 10.9 ശതമാനമായി. ഇതു തലേമാസത്തേക്കാൾ 2.2 ശതമാനം കൂടുതലാണ്.
മൊത്തവിലക്കയറ്റം ഇരട്ടയക്കത്തിൽ തുടരുന്നത് ഇതു പന്ത്രണ്ടാമത്തെ മാസമാണ്. കഴിഞ്ഞ നവംബറിലെ 14.87 ശതമാനം കഴിഞ്ഞാലുള്ള ഉയർന്ന നിരക്കാണു മാർച്ചിലേത്. 2014 നു ശേഷം ആദ്യമാണ് വിലക്കയറ്റം ഈ നിലവാരത്തിലെത്തുന്നത്.
മൊത്തവിലക്കയറ്റം ഉയർന്നു നിൽക്കുമ്പോൾ ചില്ലറ വിലക്കയറ്റം താഴോട്ടു യാത്ര തുടങ്ങുകയില്ല. ഇന്ധനവിലയിലെ വലിയ വർധനയുടെ ആഘാതം ഏപ്രിലിലെ ചില്ലറവിലക്കയറ്റത്തിലാകും പ്രതിഫലിക്കുക. റിസർവ് ബാങ്കിൻ്റെ നിഗമനത്തെ മറികടക്കുന്ന തോതിലാകും ഏപ്രിൽ - ജൂൺ പാദത്തിലെ ചില്ലറവിലക്കയറ്റം എന്ന സൂചനയാണ് മൊത്തവിലക്കയറ്റം നൽകുന്നത്. മാർച്ചിൽ ചില്ലറവിലക്കയറ്റം 6.95 ശതമാനമായിരുന്നു.
This section is powered by Muthoot Finance
Next Story
Videos