ക്രൂഡ് വില വീണ്ടും 110 ഡോളറിൽ; വിപണികളിൽ വിലക്കയറ്റ ഭീതി; ആവേശം വിടാതെ ഇന്ത്യൻ നിക്ഷേപകർ; ബാങ്കിംഗിൽ കൂടുതൽ ലയനങ്ങൾ പ്രതീക്ഷിക്കാം

ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങിയേക്കും; എച്ച്ഡിഎഫ്സി ബാങ്ക് ഇനി ആഗാേള ഭീമൻ; പരിധികൾ ലംഘിച്ച് രാജ്യത്തിന്റെ വ്യാപാര കമ്മി
ക്രൂഡ് വില വീണ്ടും 110 ഡോളറിൽ;  വിപണികളിൽ  വിലക്കയറ്റ ഭീതി; ആവേശം വിടാതെ ഇന്ത്യൻ നിക്ഷേപകർ; ബാങ്കിംഗിൽ കൂടുതൽ ലയനങ്ങൾ പ്രതീക്ഷിക്കാം
Published on

യുദ്ധം തുടരുന്നു; വിലക്കയറ്റം ശമിക്കുന്നില്ല; എങ്കിലും കമ്പനി മേഖലയിൽ നിന്നു നല്ല വാർത്തകൾ വരുന്നു. വിപണികൾ അതിൻ്റെ ബലത്തിൽ മൂന്നേറുന്നു. ഇന്നലെ ഇന്ത്യൻ, യുഎസ് വിപണികളിൽ സംഭവിച്ചത് അതാണ്.

എച്ച്ഡിഎഫ്സി ദ്വയങ്ങൾ ഒന്നിക്കാൻ പോകുന്നു എന്ന പ്രഖ്യാപനം ഇന്ത്യൻ വിപണി കുതിച്ചുയരാൻ കാരണമായി. മുഖ്യസൂചികകൾ രണ്ടേകാൽ ശതമാനത്തോളം ഉയർന്നു.

ട്വിറ്ററിൽ പത്തു ശതമാനത്തിനടുത്ത് ഓഹരി വാങ്ങിയ ടെസ്ല മേധാവി എലോൺ മസ്കിൻ്റെ അറിയിപ്പ് ട്വിറ്ററിൻ്റെ ഓഹരി വില 25 ശതമാനം കയറ്റി. ഇതോടെ നാസ്ഡാക് സൂചിക രണ്ടു ശതമാനത്തിനടുത്ത് ഉയർന്നു.

ഇത്തരം നല്ല നാടകീയ വാർത്തകൾ ഇന്നു പ്രതീക്ഷിക്കുന്നില്ല. എന്നു മാത്രമല്ല ക്രൂഡ് ഓയിൽ വില വീണ്ടും 110 ഡാേളറിലേക്കു കയറിയത് ആശങ്ക ജനിപ്പിക്കുന്നുമുണ്ട്.

ഏഷ്യൻ വിപണികൾ രാവിലെ നല്ല ഉയരത്തിൽ വ്യാപാരം തുടങ്ങിയ ശേഷം താഴോട്ടു പോയി. ജാപ്പനീസ് വിപണി അര ശതമാനത്തിലധികം താഴ്ചയിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,202 വരെ ഉയർന്നു. ഇന്നു രാവിലെ 18,185 ലാണു വ്യാപാരം. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.

ഇന്നലെ സെൻസെക്സ് 1335.05 പോയിൻ്റ് (2.25%) കുതിച്ച് 60,611.74 ലും നിഫ്റ്റി 382.95 പോയിൻ്റ് (2.17%) കുതിച്ച് 18,053.4 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി നാലു ശതമാനവും ഫിനാൻഷ്യൽ സർവീസസ് സൂചിക 4.64 ശതമാനവും നേട്ടമുണ്ടാക്കി.

ഐടിയും റിയൽറ്റിയുമാണു വിപണിയുടെ ആവേശ ലഹരിയിൽ ചേരാതിരുന്നത്. മിഡ് ക്യാപ് സൂചിക 1.63 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.62 ശതമാനവും കയറി.

വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1152.22 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 1675 കോടി രൂപ നിക്ഷേപിച്ചു.

വിപണി ബുളളിഷ് ആവേശത്തിലാണ്. വലിയ വിൽപന സമ്മർദം ഉണ്ടായില്ലെങ്കിൽ റിക്കാർഡ് ഉയരം എത്താമെന്നു നിക്ഷേപകർ കരുതുന്നു. നിഫ്റ്റി 18,000 നു താഴാേട്ടു വീണാൽ 17,800-17,900 മേഖലയിലേക്കു വരെ താഴാമെന്നു വിദഗ്ധർ കരുതുന്നു. നിഫ്റ്റിക്ക് 17,860 ലും 17,665ലുമാണു സപ്പോർട്ട്. ഉയർച്ചയിൽ 18,180- ഉം 18,310 ഉം തടസമാകും.

ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. റഷ്യൻ ഇന്ധനത്തിന് ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ വീണ്ടും ആലോചന തുടങ്ങിയതാണ് കാരണം. സൗദി അറേബ്യ വിൽപന വില കൂട്ടിയതും കാരണമാണ്.

ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 109.5 ലേക്ക് ഉയർന്നു. സ്പോട്ട് വില 112 ഡോളറിനു മുകളിലായി.

വ്യാവസായിക ലോഹങ്ങളുടെ വില ഉയരുകയാണ്. ചെമ്പ് ടണ്ണിന് 10,300 ഡോളർ കടന്നു. അലൂമിനിയം 3468 ലേക്കു കയറി. ഇരുമ്പയിര് ടണ്ണിനു 162 ഡോളറിനടുത്തായി.

നിക്കൽ, സിങ്ക് തുടങ്ങിയവ ഇന്നലെ മൂന്നു ശതമാനത്തിലധികം ഉയർന്നു.

സ്വർണം തിരിച്ചു കയറുന്നു. 1915 ഡോളറിലേക്കു താണ വില 1936 വരെ കയറി. ഇന്നു രാവിലെ 1931-1933 ഡോളറിലാണു വ്യാപാരം. ക്രൂഡ് ഓയിൽ ഉയരുന്നതും വിലക്കയറ്റ ഭീഷണി വർധിച്ചതുമാണ് സ്വർണത്തെ കയറ്റുന്നത്.

ഇന്ത്യൻ ബാങ്കിംഗിലും ധനകാര്യ കമ്പനികളിലും തുടർ ചലനങ്ങൾ

ഇന്ത്യയിൽ സ്വകാര്യ ബാങ്കിംഗ് രംഗത്ത് പല നീക്കങ്ങൾക്കും വഴി തുറന്നു കൊണ്ടാണ് എച്ച്ഡിഎഫ്സി ബാങ്കിലേക്ക് പ്രോമാേട്ടർ കമ്പനിയായ എച്ച്ഡിഎഫ്സി ലയിക്കുന്നത്.

പഴയ തലമുറയിലെയും പുതിയ തലമുറയിലെയും സ്വകാര്യ ബാങ്കുകൾ ലയനത്തിൻ്റെ വഴി തേടാൻ നിർബന്ധിതമാകും.

ചെറുതായി നിന്നാൽ വളർച്ച എളുപ്പമല്ലെന്ന് അവർ മനസിലാക്കും. പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തിനും വേഗം കൈവരും.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻബിഎഫ്സി) പരസ്പരം ലയിക്കുന്നതിനും ചിലവ ബാങ്കിംഗ് ലൈസൻസ് തേടുന്നതിനും ഇതു പ്രേരണയാകും.

എൻബിഎഫ്സികൾക്ക് പ്രവർത്തന മൂലധനം സമാഹരിക്കാൻ വഴികൾ കുറവാണ്. ബാങ്കുകളിൽ നിന്നോ കടപ്പത്ര വിപണിയിൽ നിന്നോ വേണം പണം ലഭിക്കാൻ. അതു രണ്ടും ചെലവേറിയ മാർഗങ്ങളാണ്.

ബാങ്കുകൾക്കു കുറഞ്ഞ ചെലവിൽ ധനസമാഹരണം നടക്കും. അതിനാൽ വായ്പാ വിപണിയിൽ ബാങ്കുകളോടു പിടിച്ചു നിൽക്കാൻ എൻബിഎഫ്സികൾക്കു കഴിയില്ല.

വലിയ എൻബിഎഫ്സികൾ സംയോജിച്ചോ അല്ലാതെയോ ബാങ്കുകളായി മാറാൻ ശ്രമിക്കും. ബാങ്കുകൾ തന്നെ എൻബിഎഫ്സികളെ ഏറ്റെടുത്ത് ബിസിനസ് വർധിപ്പിക്കാൻ വഴിതേടിയെന്നും വരാം.

എച്ച്ഡിഎഫ്സി ബാങ്ക് ആഗാേള ഭീമനാകും

ലയനം വഴി എച്ച്ഡിഎഫ്സിസി ബാങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് എന്ന സ്ഥാനം നിലനിർത്തുന്നതേ ഉള്ളൂ എന്നു സാങ്കേതികമായി പറയാം. പക്ഷേ മൂന്നാം സ്ഥാനത്തുള്ള ഐസിഐസിഐ ബാങ്കിൻ്റെ ഇരട്ടിയിലേറെയാകും ഈ ബാങ്ക്.

ബാങ്കിംഗ് വിപണിയിലെ പങ്ക് 11 ശതമാനത്തിൽ നിന്നു 15 ശതമാനമാകും.

ആഗോളതലത്തിൽ വലിയ ആറോ ഏഴോ ബാങ്കുകളിൽ ഒന്നാകും സംയുക്ത സ്ഥാപനം.

സംയുക്ത കമ്പനിയുടെ വിപണിമൂല്യം 14 ലക്ഷം കോടി രൂപയ്ക്കു മുകളിലാകും. 18 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള റിലയൻസിനു താഴെ, 13.79 ലക്ഷം കോടിയുള്ള ടിസിഎസിനു മുകളിൽ. അറ്റാദായത്തിൻ്റെ കാര്യത്തിൽ റിലയൻസിനു തൊട്ടു പിന്നിലാകും എച്ച്ഡിഎഫ്സി ബാങ്ക്.

റിലയൻസ് കഴിഞ്ഞ 12 മാസം 57,729 കോടി അറ്റാദായമുണ്ടാക്കി. എച്ച്ഡിഎഫ്സി ദ്വയങ്ങളുടെ സംയുക്ത അറ്റാദായം 56,579 കോടി രൂപ. ഒഎൻജിസി (38,180 കോടി), ടിസിഎസ് (37,647 കോടി), ടാറ്റാ സ്റ്റീൽ (37,042 കോടി), എസ്ബിഐ (31,950 കോടി) എന്നിവയേക്കാൾ വളരെ കൂടുതൽ.

സംയുക്ത ബാങ്കിൻ്റെ മൊത്തം വായ്പ 17.87 ലക്ഷം കോടി രൂപ വരും. എസ്ബിഐയുടെ വായ്പാ പോർട്ട് ഫോളിയോ 26.6 ലക്ഷം കോടി രൂപ ഉണ്ട്. ഐസിഐസിഐ ബാങ്കിന് 8.1 ലക്ഷം കോടിയാണു വായ്പകൾ.

ഇറക്കുമതിയും കമ്മിയും കുതിച്ചു

2021-22 വർഷം ഇന്ത്യയുടെ കയറ്റുമതിക്കൊപ്പം ഇറക്കുമതിയും റിക്കാർഡ് കുതിപ്പായിരുന്നു. അതനുസരിച്ച് വാണിജ്യ കമ്മിയും പരിധികൾ ലംഘിച്ചു വർധിച്ചു.

കയറ്റുമതി 41,780 കോടി ഡോളറായപ്പോൾ ഇറക്കുമതി 61,020 കോടി ഡോളറിലേക്കു കുതിച്ചു. ഇറക്കുമതിയിലെ വർധന 54.7 ശതമാനം. വാണിജ്യ കമ്മി 87.5 ശതമാനം ഉയർന്ന് 19,240 കോടി ഡോളറിലെത്തി.

വാർഷിക കയറ്റുമതി ആദ്യമായി 40,000 കോടി ഡോളറിനു മുകളിലായപ്പോൾ മാർച്ചിലെ കയറ്റുമതി 4000 ഡോളർ കടന്നു. വാണിജ്യ കമ്മി വർധിക്കുന്നതു കറൻ്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കും.

ഉൽപന്ന വ്യാപാരം, സേവന മേഖലയിലെ കൊടുക്കൽ വാങ്ങലുകൾ, വിദേശങ്ങളുമായുള്ള മറ്റു കൊടുക്കൽ വാങ്ങലുകൾ എന്നിവയുടെ ബാക്കിപത്രമാണു കറൻ്റ് അക്കൗണ്ട് ബാലൻസ്.

കടമെടുപ്പ് ഒഴികെയുള്ള എല്ലാ വിദേശ ഇടപാടുകളും കഴിച്ചുള്ളതാണു കറൻ്റ് അക്കൗണ്ട് ബാലൻസ് എന്നും പറയാം.

This section is powered by Muthoot Finance

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com