Begin typing your search above and press return to search.
ദിശാബോധം കിട്ടാതെ വിപണി; വിലക്കയറ്റവും നാലാംപാദ ഫലങ്ങളും ഗതി നിർണയിക്കും; ഐടി ഭീമന്മാർക്കു മികച്ച ഫലം പ്രതീക്ഷിക്കാം
ഈയാഴ്ച ഓഹരി വിപണിയിൽ നിർണായമാകുന്ന ഘടകങ്ങൾ എന്തൊക്കെ? വിലക്കയറ്റം കൂടും, ഇന്ത്യയിലും യുഎസിലും; ഐടിയിൽ നേട്ടം
പലിശ വർധനയെപ്പറ്റി പെട്ടെന്ന് ആശങ്ക വേണ്ടെന്നു റിസർവ് ബാങ്ക് വെള്ളിയാഴ്ച ഉറപ്പു നൽകി. പ്രത്യക്ഷമായി നിരക്കുകൾ ഉയർത്താത്ത പണനയം പ്രഖ്യാപിച്ചത് മൂന്നു ദിവസത്തെ നഷ്ടങ്ങൾക്കു ശേഷം വിപണിക്കു നേട്ടമുണ്ടാകാൻ സഹായിച്ചു. ഈയാഴ്ച മാർച്ചിലെ ചില്ലറ വിലക്കയറ്റം, വ്യവസായ ഉൽപാദനം (ചൊവ്വ), കയറ്റിറക്കുമതി കണക്ക് (വെള്ളി) എന്നിവ പുറത്തു വരാനുണ്ട്. ഇന്നു ടിസിഎസിൻ്റെയും ബുധനാഴ്ച ഇൻഫോസിസിൻ്റെയും റിസൽട്ടുകളും വരും. മൂന്നു ദിവസം മാത്രം (വ്യാഴം, വെള്ളി അവധി) വിപണി പ്രവർത്തിക്കുന്ന ഈയാഴ്ച യുഎസ് വിലക്കയറ്റ കണക്കും വാണിജ്യ കണക്കും വരാനുണ്ട്.
വ്യക്തമായ ദിശാബോധം കാണിക്കാതെയാണ് കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണി ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച തുടക്കത്തിലേക്കാൾ ഉയർന്ന ക്ലോസിംഗ് നിരക്ക് ബുള്ളുകൾക്കു പ്രതീക്ഷ പകർന്നു. എന്നാൽ വിപണി പാർശ്വ നീക്കങ്ങൾക്കാണ് ഒരുങ്ങുന്നതെന്നു സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നു.
യൂറോപ്യൻ വിപണികൾ സമ്മിശ്ര ചിത്രമാണു നൽകിയത്. യുഎസ് വിപണിയുടെ ചിത്രവും ആശാവഹമല്ല. ടെക്നോളജി ഓഹരികൾ താഴോട്ടുള്ള യാത്ര തുടർന്നു. നാസ്ഡാക് സൂചിക 1.34 ശതമാനം ഇടിഞ്ഞു. ആഴ്ചയിലെ വീഴ്ച 3.9 ശതമാനം. ഡൗ ജോൺസ് സൂചിക താഴ്ചയിൽ നിന്ന് നല്ലതുപോലെ ഉയർന്നെങ്കിലും അവിടെ പിടിച്ചു നിൽക്കാനായില്ല. വളരെ ചെറിയ നേട്ടത്തിൽ വെള്ളിയാഴ്ച ക്ലോസ് ചെയ്തപ്പോൾ ആഴ്ചയിൽ 0.28 ശതമാനം നഷ്ടമായി.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു നീങ്ങുകയാണ്. ഏഷ്യൻ വിപണികൾ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീടു നഷ്ടം കുറച്ചു. ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച 102 ഡോളറിനു മുകളിൽ കയറി ക്ലോസ് ചെയ്തെങ്കിലും ഇന്നു രാവിലെ താഴുകയാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 17,860 ലേക്ക് ഉയർന്നാണു വാരാന്ത്യത്തിൽ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 17,882 ൽ എത്തിയിട്ട് 17,830 ലേക്കു താണു.. ഇന്ത്യൻ വിപണി രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
സെൻസെക്സ് വെള്ളിയാഴ്ച 412.23 പോയിൻ്റ് (0.7%) നേട്ടത്തിൽ 59,447.18 ലും നിഫ്റ്റി 144.8 പോയിൻ്റ് (0.82%) ഉയർന്ന് 17,784.35ലും ക്ലോസ് ചെയ്തു. ഐടി ഒഴികെ എല്ലാ മേഖലകളും മികച്ച നേട്ടം ഉണ്ടാക്കി. വെള്ളിയാഴ്ച മിഡ് ക്യാപ് സൂചിക 0.93 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.99 ശതമാനവും കയറി. ഇവ ആഴ്ചയിൽ യഥാക്രമം 3.6 ഉം 2.7 ഉം ശതമാനം ഉയർന്നു. മെറ്റൽ (1.96%), എഫ്എംസിജി (1.93%), കൺസ്യൂമർ ഡ്യുറബിൾസ് (1.25%) തുടങ്ങിയ മേഖലകൾ വലിയ നേട്ടം ഉണ്ടാക്കി.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ചയും വിറ്റു മാറി. 575.04 കോടിയുടെ ഓഹരികൾ അവർ വിറ്റപ്പോൾ സ്വദേശി ഫണ്ടുകൾ 16.51 കോടിയുടെ ഓഹരികൾ വിറ്റു. ഫണ്ടുകൾ പലതും പണ നയത്തിൻ്റെ അടിസ്ഥാനത്തിൽ ലാഭമെടുക്കൽ നടത്തുകയായിരുന്നു.
നിഫ്റ്റി ഇന്ന് 17,700-നു മുകളിൽ കരുത്തോടെ നിന്നാൽ ബുള്ളുകൾക്ക് 18,000-18,100 മേഖലയിലേക്കു കയറാനാകും. 18,115-നു മുകളിൽ ക്ലോസിംഗ് സാധിച്ചാൽ സൂചിക ബ്രേക്ക് ഔട്ട് നിലവാരത്തിലാകും. മറിച്ചു സൂചിക താഴാേട്ടു നീങ്ങിയാൽ വീണ്ടും 17,000-നു താഴെയുള്ള സപ്പോർട്ടുകളെ ആശ്രയിക്കേണ്ടി വരും. നിഫ്റ്റിക്ക് ഇപ്പോൾ 17,645-ലും 17,500-ലും സപ്പോർട്ട് ഉണ്ട്. ഉയർന്നാൽ 17,885ലും 17,985ലും തടസം നേരിടും.
ക്രൂഡും ലോഹങ്ങളും താഴ്ചയിൽ
ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച ഉയർന്നു 102.5 ഡോളറിനു മുകളിലാണു ക്ലോസ് ചെയ്തത്. എന്നാൽ തിങ്കളാഴ്ച രാവിലെ ഏഷ്യൻ വ്യാപാരത്തിൽ വില താഴോട്ടു നീങ്ങി. ചൈനയിലെ ലോക്ക് ഡൗൺ തുടരുന്നത് അവിടെ നിന്നുള്ള ഡിമാൻഡ് കുറച്ചു. ചൈന റഷ്യൻ എണ്ണ വാങ്ങുന്നതു വർധിപ്പിക്കുകയും ചെയ്തു. ബ്രെൻ്റ് ഇനം ക്രൂഡ് രാവിലെ 101.2 ഡോളറിലേക്കു താഴ്ന്നു.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴോട്ടു നീങ്ങാൻ സാധ്യതയുണ്ട്. ചൈനയിലെ ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നതിനെപ്പറ്റി സൂചനയൊന്നും ഇല്ലാത്തതാണു കാരണം. ഇരുമ്പയിര് വില ഒരാഴ്ച മുൻപത്തെ നിലയിലേക്കു താണു.
സ്വർണം വെള്ളിയാഴ്ച ഉയർന്ന് 1946-1947 ഡോളർ നിലവാരത്തിൽ എത്തി. യുഎസിലെ ചില്ലറ വിലക്കയറ്റം വീണ്ടും ഉയരും എന്ന സൂചനയെ തുടർന്നാണു സ്വർണത്തിൻ്റെ കയറ്റം. ഇന്നു രാവിലെ 1942- 1949 മേഖലയിൽ കയറിയിറങ്ങിയ സ്വർണം 1945-1947 ഡോളറിലാണു വ്യാപാരം.
വിലക്കയറ്റം കൂടും, ഇന്ത്യയിലും യുഎസിലും
ചൊവ്വാഴ്ച ഇന്ത്യ ചില്ലറ വിലക്കയറ്റ കണക്കു പുറത്തുവിടും. ഫെബ്രുവരിയിൽ 6.07 ശതമാനമായിരുന്ന ചില്ലറ വിലക്കയറ്റം മാർച്ചിൽ 6.4 ശതമാനമാകുമെന്നാണു നിഗമനം. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റവും ആറു ശതമാനത്തിനു മുകളിലാകുമെന്നാണു സൂചന. ഫെബ്രുവരിയിൽ 13.11 ശതമാനം മൊത്തവിലക്കയറ്റം മാർച്ചിൽ 14 ശതമാനത്തിലേക്കു കയറും എന്നു കരുതപ്പെടുന്നു.
യുഎസ് ചില്ലറ വിലക്കയറ്റ കണക്കും ചൊവ്വാഴ്ച പുറത്തുവിടും. മാർച്ചിൽ ചില്ലറ വിലക്കയറ്റം 8.5 ശതമാനം വരെ കയറി എന്നാണു പ്രമുഖ നിക്ഷേപ ബാങ്കുകൾ കണക്കാക്കുന്നത്. 1981 ഡിസംബറിനു ശേഷമുള്ള ഏറ്റവും കൂടിയ നിലയാകും അത്. മേയിൽ പലിശ നിരക്ക് ഇരട്ടി വേഗത്തിൽ വർധിപ്പിക്കാൻ യുഎസ് ഫെഡിന് ഉയർന്ന വിലക്കയറ്റം സമ്മർദമാകും.
ഐടിയിൽ നേട്ടം
ഈയാഴ്ച പ്രമുഖ ഐടി കമ്പനികളുടെ നാലാംപാദ റിസൽട്ട് വരും. ടിസിഎസിൻ്റെ പാദവരുമാനം 50,000 കോടിയും അറ്റാദായം 10,000 കോടിയും കടക്കുമെന്നാണു ബ്രോക്കറേജുകളുടെ നിഗമനം. ഇൻഫോസിസിൻ്റെ വരുമാനം 32,000 കോടിക്കും ലാഭം 5900 കോടി രൂപയ്ക്കും മുകളിൽ എത്തുമെന്നാണു കണക്കാക്കുന്നത്. എച്ച്സിഎൽ ടെക്നോളജീസിൻ്റെ വരുമാനം കൂടുമെങ്കിലും ലാഭം കുറയുമത്രെ.
നിഫ്റ്റി കമ്പനികൾക്കു ലാഭക്കുതിപ്പ്
നാലാംപാദത്തിൽ നിഫ്റ്റി 50 സൂചികയിലെ കമ്പനികൾ 29 ശതമാനം പ്രതി ഓഹരി വരുമാന (ഇപിഎസ് ) വർധന കാണിക്കുമെന്ന് ബ്രോക്കറേജുകൾ
കരുതുന്നു. ബാങ്ക്, ധനകാര്യ, ഓയിൽ - ഗ്യാസ് മേഖലകൾ വലിയ നേട്ടമുണ്ടാക്കും. ടാറ്റാ മോട്ടോഴ്സും തിളങ്ങുന്ന റിസൽട്ട് പുറത്തുവിടുമെന്നു കരുതപ്പെടുന്നു. ലോഹ കമ്പനികൾ അത്ര മികവിലാകില്ല.
This section is powered by Muthoot Finance
Next Story
Videos