വിലക്കയറ്റം വിപണിയെ പേടിപ്പിക്കുന്നു; ടെക് ഓഹരികളിൽ വിൽപന സമ്മർദം; ടിസിഎസിനു നല്ല റിസൽട്ട്; ലോഹങ്ങൾക്കു ക്ഷീണം

വിപണി ഭയപ്പാടിലാണ്. വിലക്കയറ്റം വീണ്ടും റിക്കാർഡ് ഉയരങ്ങളിലേക്കു കയറും. അതിനെ താഴ്ത്താൻ പലിശ കൂട്ടും. വിലക്കയറ്റം പ്രതീക്ഷിച്ചതിലും കൂടുതലാകുന്ന നിലയ്ക്കു പലിശ വർധനയും കൂടിയ നിലയിലാകും. സാവധാനം, ക്രമമായി ഉയരുന്ന പലിശ പ്രതീക്ഷിച്ച സ്ഥാനത്ത് പെട്ടെന്ന്, ഇരട്ടി വേഗത്തിൽ പലിശ കൂടും എന്നായി. ഇതു മാന്ദ്യം വിളിച്ചു വരുത്തുന്ന നടപടിയാകും എന്നു ഭീതി ഉണ്ട്. ഇതാണ് ഇന്നലെ ലോകമെങ്ങും ഓഹരികളെ ബാധിച്ചത്.

ഇന്നു ഭീതിയുടെ സ്വഭാവം മാറും. വിലക്കയറ്റത്തിൻ്റെ കണക്കുകൾ വരും. ഇന്ത്യയിൽ ഉച്ചയ്ക്കു 12-നു കണക്ക് പുറത്തുവിടും. യുകെയിലും അമേരിക്കയിലും വിപണി തുടങ്ങുന്നതിനു മുമ്പ് മാർച്ചിലെ ചില്ലറ വിലക്കയറ്റത്തിൻ്റെ കണക്കുകൾ വരും. വിപണികൾ വിലക്കയറ്റ കണക്കിനോടു പ്രതികരിച്ചു നീങ്ങും. പ്രതീക്ഷയിലും കൂടുതലാണു വിലക്കയറ്റമെങ്കിൽ വിപണി തകർച്ചയിലേക്കു നീങ്ങും. അമേരിക്കയിൽ ടെക്നോളജി കമ്പനികളിലെ വിലത്തകർച്ചയ്ക്കു വേഗം കൂടി.
ഇന്നലെ ഇന്ത്യൻ വിപണി ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് താഴോട്ടു നീങ്ങുകയായിരുന്നു. രാജ്യത്തു ലോക്ക് ഡൗൺ തുടരുന്നതും കോവിഡ് വ്യാപനം കുറയാത്തതും ചൈനീസ് ഓഹരി സൂചിക 2.6 ശതമാനം ഇടിയാൻ കാരണമായി. യൂറോപ്യൻ ഓഹരികളും ഇടിഞ്ഞു. യുഎസ് ഓഹരികൾ നേരിയ താഴ്ചയിൽ തുടങ്ങിയിട്ടു ക്രമമായി കൂടുതൽ താഴാേട്ടു നീങ്ങി. ഡൗ ജോൺസ് 1.2 ശതമാനം താഴ്ന്നപ്പോൾ നാസ്ഡാക് സൂചിക 2.2 ശതമാനം ഇടിഞ്ഞു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റ് ആണ്. ഏഷ്യൻ ഓഹരികൾ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,605-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താണ് 17,555 വരെ എത്തിയിട്ട് തിരികെ 17,600-ൽ എത്തി. ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.
തിങ്കളാഴ്ച സെൻസെക്സ് 482.61 പോയിൻ്റ് (0.81%) ഇടിഞ്ഞ് 58,964.57 ലും നിഫ്റ്റി 109.4 പോയിൻ്റ് (0.62%) നഷ്ടത്തിൽ 17,674.95ലും ക്ലോസ് ചെയ്തു. എന്നാൽ മിഡ് ക്യാപ് സൂചിക 0.62 ശതമാനം ഉയർന്നു. സ്മോൾ ക്യാപ് സൂചിക ഫ്ലാറ്റ് ആയിരുന്നു. ഐടി കമ്പനികളിലെ ഇടിവാണു വിപണിയെ താഴ്ത്തിയ പ്രധാന ഘടകം. മുമ്പ് ബാങ്ക്, ധനകാര്യ ഓഹരികളെ വലിച്ചു താഴ്ത്തിയ വിദേശികളുടെ വിൽപന ഇപ്പോൾ ഐടി കമ്പനികളിലാണ്. ഓയിൽ - ഗ്യാസ്, റിയൽറ്റി മേഖലകൾ ഉയർന്നു.
വിദേശ നിക്ഷേപകർ ഇന്നലെ 1145. 24 കോടിയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. സ്വദേശി ഫണ്ടുകൾ 486.51 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ബെയറിഷ് ദിശയിലേക്കു മാറിയെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നു 17,600-നു താഴോട്ടു നിഫ്റ്റി നീങ്ങിയാൽ 17,400-ലോ അതിനു താഴെയോ ആകും ഇടക്കാല പിന്തുണ കണ്ടെത്തുക. തുടർന്നു ദുർബലമായാൽ 16,000-നു താഴേക്കാകും നീണ്ട യാത്ര. എന്നാൽ 17,850-നു മുകളിലോട്ടു കയറാൻ നിഫ്റ്റിക്കു കഴിഞ്ഞാൽ 18,100-18,2006 മേഖല ലക്ഷ്യമിടാനാകും. ഇപ്പാേൾ നിഫ്റ്റിക്ക് 17,625-ലും 17,575 ലും സപ്പോർട്ട് പ്രതീക്ഷിക്കാം. ഉയർച്ചയിൽ 17,750- ഉം 17,830- ഉം തടസ മേഖലകളാണ്.

ക്രൂഡ് ഓയിൽ 100 ഡോളറിനു താഴെ

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില ഇന്നലെ 100 ഡോളറിനു താഴെ എത്തി. ചൈനീസ് ഡിമാൻഡ് കുറയും എന്നതാണു കാരണം. ബ്രെൻ്റ് ഇനം ഇന്നലെ 98.48 ഡോളർ വരെ താണിട്ട് ഇന്നു രാവിലെ 99.56 ലേക്കു കയറി.
ചൈനയിൽ നിന്നുള്ള ആവശ്യം കുറഞ്ഞതു വ്യാവസായിക ലോഹങ്ങളുടെ വിലയടിച്ചു. ഒന്നു മുതൽ നാലുവരെ ശതമാനം വിലക്കുറവാണ് ഇന്നലെ ഉണ്ടായത്. ഈയാഴ്ച തന്നെ വിപണി തിരിച്ചു കയറുമെന്നാണ് ഒരു വിലയിരുത്തൽ.
സ്വർണം ഔൺസിന് 1971 ഡോളർ വരെ കയറിയിട്ട് അൽപം താണു. 1950-1952 ഡോളറിലാണു രാവിലെ സ്വർണം. പൊതുവിലക്കയറ്റമാണു സ്വർണത്തിൻ്റെ കയറ്റത്തിനു പിന്നിൽ. കേരളത്തിൽ സ്വർണം പവന് 38,880 രൂപയാണ്.

വിലക്കയറ്റം കുതിക്കുന്നു

ഇന്ത്യയിൽ ചില്ലറ വിലക്കയറ്റം മാർച്ചിൽ 6.3 - 6.4 ശതമാനമാകുമെന്നാണ് അഭിപ്രായ സർവേകളിലെ നിഗമനം.6.1 മുതൽ 6.5 വരെ ശതമാനം വിലക്കയറ്റമാണു സർവേയിൽ പങ്കെടുത്തവർ കാണുന്നത്. ഒഫബ്രുവരിയിൽ 6.07 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം. റിസർവ് ബാങ്കിൻ്റെ സഹന പരിധിയായ ആറു ശതമാനത്തിനു മുകളിൽ കയറിയ ചില്ലറ വിലക്കയറ്റം ജൂൺ മുതലേ താഴൂ എന്നാണ് പലരും കരുതുന്നത്.
അമേരിക്കയിൽ മാർച്ചിലെ ചില്ലറ വിലക്കയറ്റം 8.5 ശതമാനത്തിലേക്കു കയറും എന്നു നിരീക്ഷകർ കരുതുന്നു. ഇതു 41 വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാകും.
ഉയർന്ന പലിശ കണക്കാക്കി യുഎസിലും ഇന്ത്യയിലും സർക്കാർ കടപ്പത്രങ്ങളുടെ വില താഴുകയും കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം കുതിച്ചു കയറുകയും ചെയ്തു. യുഎസിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 2.78 ശതമാനമായി. 2019 ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യയിൽ 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 7.2 ശതമാനത്തിലേക്കു കയറി.
യുഎസിൽ ഉയർന്ന വിലനിലവാരം വിൽപനയെ ബാധിക്കുന്നതിൻ്റെ സൂചന ഫെബ്രുവരിയിലെ ഉപഭോക്തൃ ചെലവ് കണക്കിൽ കണ്ടിരുന്നു. മാർച്ചിലും അങ്ങനെ കണ്ടാൽ വ്യാപാരം കുറഞ്ഞു മാന്ദ്യത്തിലേക്കു കാര്യങ്ങൾ പോകും എന്നു തീർച്ചയാകും.

ടിസിഎസിൽ നല്ല തുടക്കം

നാലാം പാദ റിസൽട്ടുകൾക്ക് ടിസിഎസ് നല്ല തുടക്കം കുറിച്ചു. നാലാംപാദ വരുമാനം 15.8 ശതമാനം കൂടി 50,591 കോടി രൂപയായി. അറ്റാദായം 7.4 ശതമാനം വർധിച്ച് 9926 കോടി രൂപയായി. വാർഷിക വരുമാനം 16.8 ശതമാനം ഉയർന്ന് 1,91,754 കോടി രൂപയിലെത്തി. അറ്റാദായം 14.8 ശതമാനം വർധനയോടെ 38,327 കോടി രൂപയായി. കമ്പനി നാലാംപാദത്തിൽ 1130 കോടി ഡോളറിൻ്റെ ബിസിനസ് ഓർഡറുകൾ നേടി. വാർഷിക നേട്ടം 3460 കോടി ഡോളറാണ്.
കമ്പനിയിലെ കൊഴിഞ്ഞുപോക്ക് നാലാംപാദത്തിൽ 17.4 ശതമാനമായി ഉയർന്നു. കഴിഞ്ഞ ധനകാര്യ വർഷം കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 1,03,546 വർധിച്ച് 5,92,195 ആയി. തലേ വർഷം 40,000 നടുത്തായിരുന്നു വർധന.

അഡാനി കുതിക്കുന്നു

ഗൗതം അഡാനിയുടെ ഗ്രൂപ്പ് വിപണിയിൽ കുതിക്കുകയാണ്. ഗ്രൂപ്പിൻ്റെ ഏഴു കമ്പനികളുടെയും കൂടി വിപണി മൂല്യം 16.02 ലക്ഷം കോടി രൂപയിലെത്തി. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് 17.66 ലക്ഷം കോടിയാണ് വിപണിമൂല്യം. ടിസിഎസിന് 13.52 ലക്ഷം കോടിയും.
അഡാനി ഗ്രൂപ്പിലെ അഡാനി ഗ്രീൻ എനർജിയാണ് വിപണിമൂല്യത്തിൽ ഒന്നാമത്.ഇന്നലെ 16.3 ശതമാനം വർധിച്ചതോടെ ആ കമ്പനിയുടെ വിപണിമൂല്യം 4.22 ലക്ഷം കോടി രൂപയായി. എയർടെലിനെ 11-ാം സ്ഥാനത്തേക്കു തള്ളി അഡാനി ഗ്രീൻ വിപണിമൂല്യത്തിൽ 10-ാം സ്ഥാനത്തെത്തി. യുഎഇ യുടെ ഇൻ്റർനാഷണൽ ഹോൾഡിംഗ് കമ്പനി ഇതിൽ 3850 കോടി രൂപ നിക്ഷേപിക്കുന്നു എന്ന വാർത്തയെ തുടർന്നാണ് ഈ കുതിപ്പ്.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it