Begin typing your search above and press return to search.
വീണ്ടും പവലിൻ്റെ ചുവപ്പു കൊടി; വിപണിക്കു തിരിച്ചടി; എൽഐസി ഐപിഒ വിലയും വലുപ്പവും കുറയ്ക്കുമോ? റിലയൻസിനു റിക്കാർഡ് കുതിപ്പ്
വീണ്ടും ജെറോം പവൽ ഓഹരിവിപണിക്കു ചുവപ്പു കൊടി കാണിച്ചു. മേയ് ആദ്യം ചേരുന്ന യുഎസ് ഫെഡ് യോഗം കുറഞ്ഞ പലിശ നിരക്ക് 50 ബേസിസ് പോയിൻ്റ് (0.25 ശതമാനത്തിൽ നിന്ന് 0.75% ലേക്കു) വർധിപ്പിക്കുന്ന കാര്യമാണു ചർച്ച ചെയ്യുന്നതെന്ന് ഫെഡ് ചെയർമാൻ പവൽ ഐഎംഎഫ് യോഗത്തിൽ പറഞ്ഞു. അതു വരെ നേട്ടത്തിലായിരുന്ന യുഎസ് ഓഹരി സൂചികകൾ കുത്തനെ താണു.
തുടർച്ചയായ രണ്ടാം ദിവസം മികച്ച തിരിച്ചു കയറ്റം നടത്തിയ ഇന്ത്യൻ വിപണി ഇന്നു നല്ല കുതിപ്പ് പ്രതീക്ഷിച്ചതാണ്. ടെക്നിക്കൽ ചാർട്ടുകൾ ബുളളിഷ് സൂചനകൾ നൽകുകയും ചെയ്തു. ഫ്യൂച്ചേഴ്സിലും കയറ്റ പ്രതീക്ഷയായിരുന്നു. യൂറോപ്യൻ ഓഹരികളും നേട്ടത്തിലായിരുന്നു.
എന്നാൽ പവലിൻ്റെ പ്രസംഗം വിപണിയുടെ 'മൂഡ്' മാറ്റി. ഡൗ ജോൺസ് 1.05 ശതമാനവും എസ് ആൻഡ് പി 1.48 ശതമാനവും നാസ്ഡാക് 2.07 ശതമാനവും ഇടിഞ്ഞു. തുടക്കത്തിൽ ഗണ്യമായ ഉയർച്ചയിലായിരുന്നു സൂചികകൾ.
പലിശ കൂടിയ തോതിൽ, കൂടുതൽ വേഗം വർധിക്കുമെന്ന സൂചന സാമ്പത്തിക വളർച്ചയെപ്പറ്റി ആശങ്ക ജനിപ്പിച്ചു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ വലിയ നഷ്ടത്തിലാണു തുടങ്ങിയത്. നിക്കെെ സൂചിക രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,440 വരെ കയറിയിട്ടു രാത്രി 17,220 ലേക്കു താണു. ഇന്നു രാവിലെ 17,176 വരെ താഴ്ന്നിട്ട് അൽപം കയറി. ഇന്ത്യൻ വിപണി ഇന്നു രാവിലെ താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
വ്യാഴാഴ്ച വിപണിയിൽ വിദേശികളുടെ വിൽപനസമ്മർദം കുറഞ്ഞതിൻ്റെ ആശ്വാസം ഉണ്ടായിരുന്നു. മെറ്റൽ ഒഴികെ മിക്കവാറും എല്ലാ ബിസിനസ് മേഖലകളും ഉയർന്നു. കോവിഡ് രോഗബാധ കൂടുന്നത് ട്രാവൽ, ടൂറിസം, ഹോട്ടൽ, ഉല്ലാസം മേഖലകളെ താഴാേട്ടു വലിച്ചു.
സെൻസെക്സ് ഇന്നലെ 874.18 പോയിൻ്റ് (1.53%) കുതിപ്പോടെ 57,911.68 ലും നിഫ്റ്റി 256.05 പോയിൻ്റ് (1.49%) നേട്ടത്തോടെ 17,392.6 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് 1.07% വും സ്മോൾ ക്യാപ് 1.55% വും നേട്ടമുണ്ടാക്കി. വാഹന മേഖലയാണു വലിയ കുതിപ്പ് നടത്തിയത്. ബാങ്ക്, ധനകാര്യ കമ്പനികൾ, ഐടി, ഹെൽത്ത് കെയർ, റിയൽറ്റി തുടങ്ങിയവയും ഒരു ശതമാനത്തിലേറെ ഉയർന്നു.
വിദേശനിക്ഷേപകർ ഇന്നലെ 713.69 കോടി രൂപയുടെ ഓഹരികൾ മാത്രമേ വിറ്റുള്ളൂ. സ്വദേശി ഫണ്ടുകൾ 2823.43 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശികൾ ഇന്നു കൂടുതൽ വിൽപനയ്ക്കു തുനിയുമെന്ന് പലരും കരുതുന്നു.
നിഫ്റ്റിക്ക് 17,270-ലും 17,185ലും സപ്പോർട്ട് ഉണ്ട്. ആ നിലകൾ തകർന്നാൽ സമീപകാല താഴ്ചയായ 16,825 വരെ വീഴാം. ഉയർച്ചയിൽ 17,470-ഉം 17,540- ഉം തടസങ്ങളാകും.
ക്രൂഡ് വീണ്ടും കയറുന്നു
ക്രൂഡ് ഓയിൽ വില വീണ്ടും അൽപം കയറി. റഷ്യയുടെ ക്രൂഡ് ഉൽപാദനം കുറയുന്നതും ഒപെക് രാജ്യങ്ങൾ വില കൂട്ടാൻ ഒരുങ്ങുന്നതുമാണു കാരണം. റഷ്യൻ ക്രൂഡ് പാടേ നിരോധിക്കുന്നത് യൂറോപ്പിനും അമേരിക്കയ്ക്കും സാമ്പത്തികമായി വിനാശകരമാകുമെന്നു യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലൻ ഇന്നലെ മുന്നറിയിപ്പ് നൽകി.
റഷ്യൻ എണ്ണ വാങ്ങുന്നതു വിലക്കാൻ യൂറോപ്യൻ യൂണിയനിൽ ആലോചനയുണ്ട്. റഷ്യൻ എണ്ണ വിലക്കിയാൽ ക്രൂഡ് ഓയിൽ 185 ഡോളറിലെത്തുമെന്ന് കഴിഞ്ഞ ദിവസം ജെപി മോർഗൻ പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 108. 4 ഡോളറിലേക്ക് ഉയർന്നു.
വ്യാവസായിക ലോഹങ്ങൾ ചെറിയ താഴ്ചയാേടെ തുടരുന്നു. അലൂമിനിയവും ചെമ്പും ഇന്നലെ സാങ്കേതിക തിരുത്തലിൻ്റെ ഭാഗമായി അൽപം ഉയർന്നു. ആംഗാളവളർച്ച കുറയുന്നതും പലിശനിരക്ക് കൂടുന്നതും ഡിമാൻഡ് കുറയ്ക്കുമെന്നാണു വിലയിരുത്തൽ.
സ്വർണം ചെറിയ മേഖലയിൽ നീങ്ങുന്നു. ഇന്നലെ 1937- 1953 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1950-1952 ഡോളറിലാണു വ്യാപാരം. വില താഴുന്ന പ്രവണതയാണു കാണിക്കുന്നത്.
വീണ്ടും പലിശപ്പേടി വരുന്നത് എന്തുകൊണ്ട്?
പലിശനിരക്ക് ഉയർന്ന തോതിൽ കൂടുന്നതിൻ്റെ ആശങ്കകൾ കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്കു മൂന്നാേ നാലോ തവണ വിപണികളെ ഉലച്ചതാണ്. അതേ കാര്യം ആവർത്തിച്ചതു മാത്രമാണു പവൽ ചെയ്തത്. പക്ഷേ ഇത്തവണ വ്യത്യാസമുള്ളത് പലിശവർധന വളരെ അടുത്തെത്തി എന്നതാണ്. മേയ് 3-4 തീയതികളിലാണു ഫെഡ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗം.
പലിശവർധന ഉയർന്ന തോതിൽ ഒന്നു രണ്ടു തവണ കൂടി തുടരുമെന്നും പവൽ സൂചിപ്പിച്ചു. ഫെഡ് ഗവർണർമാർ പലരും ഇതേ അഭിപ്രായം ഈയിടെ പറഞ്ഞു. പലിശ നിരക്ക് വർഷാവസാനത്തോടെ ഒന്നര ശതമാനത്തിനു മുകളിലാകും എന്നു വിപണി ഇതുവരെ കണക്കാക്കിയിരുന്നു. ആ കണക്കുകൂട്ടൽ മാറ്റേണ്ടി വരുന്നു. വർഷാവസാന നിരക്ക് രണ്ട് - രണ്ടര ശതമാനത്തിലാകും എന്നാണു പുതിയ നിഗമനം.
ഇങ്ങനെ അതിവേഗം പലിശ കൂടുന്നതു ഡിമാൻഡിനു തിരിച്ചടിയാകും. മാന്ദ്യത്തിലേക്കു വഴി തുറക്കും. അത് ഒട്ടും ശുഭകരമല്ല. വിപണിയുടെ ആശങ്കകൾ ഈ വിഷയത്തിലാണ്. യുക്രെയ്ൻ ആക്രമണം ആഗാേള വളർച്ചനിരക്ക് കുത്തനേ താഴ്ത്തുമെന്ന വിലയിരുത്തലിനോടു കൂട്ടി വായിക്കേണ്ടതാണ് ഇത്.
റിലയൻസ് കുതിപ്പ് എങ്ങോട്ട്?
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഇന്നലെ 2789 രൂപ വരെ ഉയർന്നു. പിന്നീട് അൽപം താണ് 2782-ൽ ക്ലോസ് ചെയ്തു. നേട്ടം 2.34 ശതമാനം. കമ്പനിയുടെ നാലാംപാദ ലാഭം വർധിക്കുന്നതും ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ വലിയ നേട്ടത്തിനു വഴിതെളിക്കുന്നതും ഒക്കെയാണു കുതിപ്പിന് സഹായിച്ചത്.
പുതിയ സർവകാല റിക്കാർഡ് കുറിച്ച ഓഹരി 3250 രൂപ വരെ എത്താമെന്നാണു മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നത്. ഇന്നലെ 18.82 ലക്ഷം കോടി രൂപയിലേക്കു റിലയൻസിൻ്റെ വിപണിമൂല്യം ഉയർന്നു.
ഇതിനിടെ ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാൻ റിലയൻസ് വച്ച നിർദേശം ബാങ്കുകൾ തള്ളി. തങ്ങൾക്കു കിട്ടാനുള്ള തുക സംബന്ധിച്ച അവ്യക്തതയാണു കാരണം. കാര്യമായ വെട്ടിക്കുറവ് ഇല്ലാതെ തുക തിരിച്ചുകിട്ടണമെന്നു ബാങ്കുകൾ ആഗ്രഹിക്കുന്നു. റിലയൻസും ആമസോണുമായുള്ള പോരിൽ ഇതു റിലയൻസിനു ക്ഷീണമാകും.
എൽഐസി ഐപിഒ വില കുറയ്ക്കുമെന്ന്
എൽഐസി ഐപിഒയുടെ വലുപ്പം കുറയ്ക്കുമെന്നു മാധ്യമ റിപ്പോർട്ട്. 65,000 കോടി രൂപയുടെ മെഗാ ഇഷ്യു എന്നായിരുന്നു മുൻപു പറഞ്ഞിരുന്നത്. പുതിയ റിപ്പോർട്ട് അനുസരിച്ച് 21,000 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗ്രീൻ ഷൂ ഓപ്ഷൻ കൂടി ഉപയോഗിച്ചാൽ 30,000 കോടിയാകും സമാഹരിക്കുക.
എൽഐസിയുടെ വിപണിമൂല്യം 12 ലക്ഷം കോടി രൂപയിൽ നിന്ന് ആറു ലക്ഷം കോടി രൂപയിലേക്കു താഴ്ത്തി കണക്കാക്കിയാണ് ഇപ്പോൾ ഐപിഒയ്ക്കു വിലയിടുക. വിപണിമൂല്യം താഴ്ത്തി കണക്കാക്കുമ്പോൾ കുറഞ്ഞ വിലയിലാകും ഓഹരി വിൽപന. ഇത് ഐപിഒ സുഗമമായി നടക്കാൻ സഹായിക്കുമത്രെ.
അമിതവിലയിൽ വന്ന പല കമ്പനികളുടെയും ദുരനുഭവം ഉണ്ടാകാതിരിക്കാനാണു വില താഴ്ത്തി നിശ്ചയിക്കുന്നത് എന്നാണു വ്യാഖ്യാനം. ഇൻഷ്വറൻസ് ഭീമൻ്റെ ഓഹരികൾ കുറഞ്ഞ വിലയ്ക്കു കൈയടക്കാൻ പറ്റുന്ന അവസരമായി ഐപിഒയെ അവതരിപ്പിക്കാനും ശ്രമമുണ്ട്. എൽഐസിയുടെ അഞ്ചു ശതമാനം ഓഹരിയാണ് ഐപിഒയിൽ വിൽക്കുക.
This section is powered by Muthoot Finance
Next Story
Videos