വിപണി ആശ്വാസ റാലിയിലേക്ക്; മാന്ദ്യഭീതിയിൽ ലോഹങ്ങളും ക്രൂഡും; വിലയിടിവ് പല വ്യവസായങ്ങൾക്കും സഹായമാകും; ട്വിറ്റർ - മസ്ക് ധാരണ വിപണിക്ക് ഉണർവായി

ക്രൂഡ് ഓയിൽ, ലോഹങ്ങൾ, സ്വർണം: എല്ലാം കനത്ത ഇടിവിൽ. കാരണം മാന്ദ്യഭീതി.


അമേരിക്കയിൽ സർക്കാർ കടപ്പത്രങ്ങളിലേക്കു വീണ്ടും പണമൊഴുക്ക്: പലിശ നിരക്കിൻ്റെ സൂചനയായ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 2.83 ശതമാനത്തിനു താഴേക്കു വീണു. ഇന്ത്യയിലും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 20 മാസത്തിനുള്ളിലെ ഏറ്റവും വലിയ താഴ്ച രേഖപ്പെടുത്തി.


ഏഷ്യയിലും യൂറോപ്പിലും വിപണികൾ ഇടിഞ്ഞ ശേഷം യുഎസ് വിപണി കുത്തനേ കയറി. ഡൗ സൂചിക 488 പോയിൻ്റ് താഴ്ചയിൽ നിന്ന് കയറി 238 പോയിൻ്റ് നേട്ടത്തിൽ അവസാനിച്ചു. 726 പോയിൻ്റ് ഉയർച്ച. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കുറഞ്ഞതും ഇലോൺ മസ്കിൻ്റെ ട്വിറ്റർ ഏറ്റെടുക്കലിനു കരാറായതും വിപണിയെ രസിപ്പിച്ചതാണു കാരണം.


ചൈനയിൽ കൂടുതൽ നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വ്യവസായ കേന്ദ്രങ്ങൾ നിശ്ചലമാകുന്നു. ഫോക്സ്കാേണിൻ്റെ രണ്ടു വലിയ പ്ലാൻ്റുകൾ അടച്ചതോടെ ഇലക്ട്രോണിക് കംപോണൻ്റുകളുടെയും ചിപ്പുകളുടെയും ലഭ്യത പ്രശ്നമായി. ഇതാണ് അവസ്ഥ. ആശങ്കകളും അനിശ്ചിതത്വങ്ങളും വർധിച്ചതേ ഉള്ളു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴാട്ടു നീങ്ങി.


എങ്കിലും പ്രതീക്ഷയോടെയാണ് ഇന്നു വിപണി വ്യാപാരമാരംഭിക്കുന്നത്. രണ്ടു തകർച്ചകൾക്കുശേഷം ഒരു ചെറിയ ആശ്വാസറാലി എല്ലാവരും ആഗ്രഹിക്കുന്നു. വിദേശികളുടെ വിൽപന തിങ്കളാഴ്ചത്തേതുപോലെ തുടർന്നാൽ ആശ്വാസം ഉണ്ടാകില്ല

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,128-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,134 ലേക്കു കയറി. ഇന്ത്യൻ വിപണി ഉണർവോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.

അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികളും ആമസാേണും ഈ ദിവസങ്ങളിൽ റിസൽട്ട് പുറത്തുവിടും. കമ്പനികളുടെ ലാഭവളർച്ച മോശമായിരുന്നാൽ യുഎസ് വിപണി വീണ്ടും താഴും. അതിൻ്റെ പ്രത്യാഘാതം ഇന്ത്യയിലും ഉണ്ടാകും.

തിങ്കളാഴ്ച ആഗോള കാറ്റിൽ പെട്ട് ഇന്ത്യൻ വിപണി കുത്തനേ താണു. ബാങ്ക് ഓഹരികൾ നാമമാത്രമായി പിടിച്ചു നിന്നതു കഴിച്ചാൽ എല്ലാ മേഖലകളും ഇടിയുകയായിരുന്നു. മെറ്റൽ വില ഇടിയുന്ന പശ്ചാത്തലത്തിൽ മെറ്റൽ കമ്പനികളുടെ തകർച്ച കടുത്തതായി. മാന്ദ്യ-പലിശ ഭീഷണികൾ റിയൽറ്റിയെ താഴോട്ടു വലിച്ചു. ഐടിയിൽ വിൽപന സമ്മർദം തുടർന്നു. ഓയിൽ, ഫാർമ, ഹെൽത്ത്, വാഹന കമ്പനികളും താഴോട്ടു പോയി.


സെൻസെക്സ് 617.26 പോയിൻ്റ് (1.08%) നഷ്ടത്തിൽ 56,579.89 ലും നിഫ്റ്റി 218 പോയിൻ്റ് (1.27%) നഷ്ടപ്പെടുത്തി 16,953.95 ലും ക്ലോസ് ചെയ്തു. വിശാല വിപണിയിൽ കൂടുതൽ ഇടിവുണ്ടായി. മിഡ് ക്യാപ് സൂചിക 1.92 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.42 ശതമാനവും ഇടിഞ്ഞു.


വിദേശികൾ ക്യാഷ് വിപണിയിൽ 3302.85 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസം ഇതു വരെ 32,509 കോടിയുടെ ഓഹരികളാണ് അവർ വിറ്റത്. ഓപ്ഷൻസിലും ഫ്യൂച്ചേഴ്സിലും അവരുടെ പൊസിഷനുകൾ ബെയറിഷ് ആണ്. ഇന്നലെ സ്വദേശി ഫണ്ടുകൾ 1870.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി.


വിപണി ബെയറിഷ് ആണെങ്കിലും 16,850-ലെ സപ്പോർട്ട് മേഖല ഉപയോഗിച്ചു നിഫ്റ്റി കയറിയേക്കുമെന്നു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. നിഫ്റ്റിക്കു 16,880-ലും 16,800-ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,045-ഉം 17,130-ഉം തടസങ്ങളാകും.


ക്രൂഡ് വില താഴോട്ടുതന്നെ


ക്രൂഡ് ഓയിൽ വില ഇന്നലെ നാലു ശതമാനം താഴ്ന്നു. ബ്രെൻ്റ് ഇനം 102.3 ഡോളറിലെത്തി. ഡബ്ള്യുടിഐ ഇനം 99 ഡോളറിനു താഴെയായി. മാന്ദ്യഭീതിയാണ് വിപണിയെ ഭരിക്കുന്നത്. ഉൽപാദനം, ലഭ്യത തുടങ്ങിയ വിഷയങ്ങൾ വിപണി പരിഗണിക്കുന്നില്ല. ഡിമാൻഡ് എത്ര വരെ കുറയും എന്നതാണു ചിന്താവിഷയം. ബ്രെൻ്റ് ഇനം 100 ഡോളറിനു താഴോട്ടു നീങ്ങുമെന്നാണു നിഗമനം.


ലോഹങ്ങൾക്കു വൻതകർച്ച


വ്യാവസായിക ലോഹങ്ങൾക്കു വൻതകർച്ച നേരിടുന്നതു കണ്ടു കൊണ്ടാണ് പുതിയ ആഴ്ച തുടങ്ങിയത്. ചൈനയിൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ക് ഡൗൺ വന്നത് ഫാക്ടറികൾ പലതും അടച്ചിടാൻ കാരണമായി. സ്വാഭാവികമായും ലോഹങ്ങളുടെ ഉപയോഗം കുറയും. ആഗോള വളർച്ചത്തോത് കുറയുമെന്ന ഐഎംഎഫ് നിഗമനവും യുഎസിലടക്കം പലിശ കൂടുന്നതും വ്യവസായ മേഖലയിൽ മാന്ദ്യത്തിനു വഴിതെളിക്കുമെന്നാണു ഭീതി. വലിയ ഹെഡ്ജ് ഫണ്ടുകൾ ലോഹങ്ങളിൽ നിന്നു പണം പിൻവലിക്കാനും തുടങ്ങി.

ചെമ്പ് നാലര ശതമാനത്തിലധികം താഴ്ന്ന് 9783.65 ഡോളർ ആയി. മൂന്നു മാസത്തിനു ശേഷമാണു വില 10,000 ഡോളറിനു താഴെ എത്തുന്നത്. അലൂമിനിയവും അത്ര തന്നെ ഇടിഞ്ഞ് 3095 ഡോളറിലേക്കു വീണു. ലെഡ്, സിങ്ക്, നിക്കൽ, ടിൻ തുടങ്ങിയവയും മൂന്നു മുതൽ അഞ്ചു വരെ ശതമാനം താഴ്ന്നു. ലോഹങ്ങളുടെ വിലയിടിവ് തുടർന്നാൽ വാഹനങ്ങൾ മുതൽ പവർ കേബിളുകൾ വരെയുളള വ്യവസായങ്ങൾക്കു നേട്ടമാകും. റിയൽറ്റി, ഇൻഫ്രാസ്ട്രക്ചർ മേഖലകൾക്കും ഈ വിലയിടിവ് അനുഗ്രഹമാകും.

ലോഹകമ്പനികളുടെ ഓഹരികൾക്ക് കുറേ ദിവസമായി വിലയിടിയുകയാണ്. സമീപകാലത്തെ റിക്കാർഡ് ഉയരങ്ങളിൽ നിന്നു 40-50 ശതമാനം താഴ്ചയാണു ചില ബ്രോക്കറേജുകൾ പ്രവചിക്കുന്നത്. ഇന്നു രാവിലെ മൈനിംഗ്, മെറ്റൽ ഓഹരികളുടെ തകർച്ച ഓസ്ട്രേലിയൻ വിപണി സൂചികയെ രണ്ടു ശതമാനത്തോളം താഴ്ത്തി.

സ്വർണം വീണ്ടും ഇടിയുന്നു


സ്വർണം 2000 ഡോളറിലേക്കുള്ള പ്രയാണത്തിൽ പരിക്കേറ്റ് താഴോട്ട് അതിവേഗം നീങ്ങുകയാണ്. സ്വർണത്തിൽ നിന്നു വലിയ നിക്ഷേപകർ പിന്മാറുകയാണ്. ഇന്നലെ 1891 ഡോളർ വരെ താഴ്ന്ന സ്വർണം ഇന്നു രാവിലെ 1902-1904 ഡോളറിലാണ്. സ്വർണം പെട്ടെന്നൊരു കയറ്റം പ്രതീക്ഷിക്കുന്നില്ല. ഡോളർ സൂചിക 102 -ലേക്കടുക്കുന്നതും സ്വർണത്തിന് അനുകൂലമല്ല. കേരളത്തിൽ ഇന്നു സ്വർണവില ഗണ്യമായി താഴ്ന്നേക്കും. ഇന്നലെ വിലവ്യത്യാസമില്ലായിരുന്നു.

രൂപ ഇന്നലെയും ദുർബലമായി. ഡോളറിന് 21 പൈസ കയറി 76.69 രൂപയായി. ഡോളർ സൂചിക വീണ്ടും ഉയർന്ന് 101.75 ആയിട്ടുണ്ട്.


പാമോയിൽ തീരുമാനം തിരുത്തി ഇൻഡോനേഷ്യ


പാമോയിൽ കയറ്റുമതി നിരോധന നീക്കത്തിൽ ഇൻഡോനേഷ്യ തിരുത്തൽ വരുത്തി. നിരോധനം ആർബിഡി പാമൊലീനു മാത്രമാക്കി. ശുദ്ധീകരിക്കാത്ത പാമോയിലിനും ശുദ്ധീകരിച്ച ആർബിഡി (റിഫൈൻഡ്, ബ്ലീച്ച്ഡ് ആൻഡ് ഡീഓഡറൈസ്ഡ്) പാമോയിലിനും വിലക്കില്ല. പാമൊലീനു മാത്രമേ വിലക്കുള്ളു.

ഇന്ത്യ മുഖ്യമായും പാമോയിലാണ് ഇറക്കുമതി ചെയ്യുന്നത്. പാമൊലീൻ കുറച്ചേ ഉള്ളൂ. പാമോയിലിൻ്റെ സംസ്കരണവേളയിൽ വേർതിരിച്ചെടുക്കുന്നതാണു പാമൊലീൻ. ഇന്ത്യ ഒരു വർഷം 130- 135 ലക്ഷം ടൺ ഭക്ഷ്യ എണ്ണകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. അതിൽ 80-85 ലക്ഷം ടൺ പാമോയിലാണ്. അതിൻ്റെ 45 ശതമാനം ഇൻഡോനേഷ്യയിൽ നിന്നാണ്.

യുക്രെയ്നിൽ നിന്നു സൂര്യകാന്തി എണ്ണ കിട്ടുന്നതു തടസത്തിലായപ്പോൾ ഭക്ഷ്യ എണ്ണകൾക്ക്ആഗോളതലത്തിൽ വലിയ വിലക്കയറ്റം ഉണ്ടായി. ഇൻഡോനേഷ്യയുടെ ആദ്യ ഉത്തരവ് വില വീണ്ടും 12 ശതമാനം കയറ്റി. ഇന്നലെ ഉച്ചയോടെ തിരുത്തു വന്നപ്പോൾ വിലവർധന രണ്ടു ശതമാനത്തിൽ ഒതുങ്ങി. ഇന്ത്യക്കു വലിയ ആശ്വാസമായി തിരുത്ത്. ഭക്ഷ്യഎണ്ണ വിലക്കയറ്റത്തിൻ്റെ പേരിൽ പല എഫ്എംസിജി കമ്പനികളുടെയും ഓഹരിക്ക് ഇടിവ് നേരിട്ടിരുന്നു.


This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it