ആശ്വാസം താൽക്കാലികം; ആഗോള സൂചനകൾ നെഗറ്റീവ്; മസ്ക് വിപണിക്കു പാരയാകുമോ? ക്രൂഡ് വീണ്ടും കയറ്റത്തിൽ; എൽഐസി ഐപിഒ രൂപയ്ക്കു കരുത്താകും.

ആശ്വാസ റാലിക്കു ശേഷം വീണ്ടും വീഴ്ചയിലേക്കു നീങ്ങുകയാണ് വിപണി. പല ആശങ്കകളോടൊപ്പം ടെക്നോളജി ഭീമന്മാരുടെ മോശം റിസൽട്ട് ഇന്നലെ യുഎസ് സൂചികകളെ ഇടിച്ചുതാഴ്ത്തി. ഇന്ന് ഇന്ത്യൻ വിപണിയും ആ വഴിക്കാണു നീങ്ങുക.

ഡൗ ജോൺസ് സൂചിക 2.38 ശതമാനവും എസ് ആൻഡ് പി 2.81 ശതമാനവും നാസ്ഡാക് 3.95 ശതമാനവും ഇടിഞ്ഞു. ഇതിൻ്റെ തുടർ വീഴ്ചയിലാണു രാവിലെ ഏഷ്യൻ വിപണികൾ. മിക്ക സൂചികകളും ഒരു ശതമാനത്തിലധികം താഴ്ചയിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,865 വരെ ഇടിഞ്ഞു. ഇന്നു രാവിലെ 17,018 വരെ കയറി. പിന്നീടു 16,980 വരെ താണു. ഇന്ത്യൻ വിപണി ഗണ്യമായ ഇടിവോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ചൊവ്വാഴ്ച ആഗോള പ്രവണതകളെ പിന്തുടർന്ന് ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങി. കുറേക്കൂടി ഉയർന്നു. നല്ല നേട്ടത്തോടെ ക്ലോസ് ചെയ്തു. എല്ലാ വ്യവസായ വിഭാഗങ്ങളും എല്ലാ തരം ഓഹരികളും നേട്ടമുണ്ടാക്കി.

ഇന്നലെ സെൻസെക്സ് 776.72 പോയിൻ്റ് (1.37%) കുതിച്ച് 57,356.61 ലും നിഫ്റ്റി 246.85 പോയിൻ്റ് (1.46%) ഉയർന്ന് 17,200.8 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകളും ഇതേപോലെ ഉയർന്നു.

റിയൽറ്റി (3.57%), ഓട്ടോ (2.8%) എഫ്എംസിജി (1.88%), കൺസ്യൂമർ ഡ്യുറബിൾസ് (1.88%), ഓയിൽ - ഗ്യാസ് (1.87%) തുടങ്ങിയ മേഖലകൾ കുതിപ്പിനു മുന്നിൽ നിന്നു.

റിലയൻസ് ഇന്നലെ മൂന്നര ശതമാനത്തോളം കുതിച്ച് 2795 രൂപ വരെ എത്തി. ക്ലോസിംഗ് 2788.2 ൽ. അബുദാബിയിൽ 200 കോടി ഡോളറിൻ്റെ കെമിക്കൽ ഫാക്ടറി തുടങ്ങാൻ അബുദാബി സർക്കാരിൻ്റെ നിക്ഷേപ കമ്പനിയുമായി മുകേഷ് അംബാനി കരാറിൽ ഏർപ്പെട്ടു.

അഡാനിയുടെ കുതിപ്പ്

ഗൗതം അഡാനിയുടെ അഡാനി വിൽമർ ഓഹരി ഇന്നലെ അഞ്ചു ശതമാനം ഉയർന്ന് 803.15 രൂപയിലെത്തി. കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. ഇതോടെ അഡാനിയുടെ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികൾക്കും വിപണിമൂല്യം ഒരു ലക്ഷം കോടിയുടെ മുകളിലായി. 4.62 ലക്ഷം കോടി ഉള്ള അഡാനി ഗ്രീൻ എനർജിയാണ് ഇവയിൽ ഒന്നാമത്. ഗ്രൂപ്പിൻ്റെ മൊത്തം വിപണിമൂല്യം 15.3 ലക്ഷം കോടി രൂപയിലധികമാണ്.

സിമൻ്റ് ഭീമന്മാരായ എസിസിയെയും അംബുജ സിമൻ്റ്സിനെയും അഡാനി സ്വന്തമാക്കുന്നതോടെ ഗ്രൂപ്പ് വിപണിമൂല്യത്തിൽ ടാറ്റാ ഗ്രൂപ്പിന് അടുത്തെത്തും.

അൾട്രാടെക്കിൻ്റെ കുമാർ മംഗളം ബിർല രംഗത്തുണ്ടെങ്കിലും ധനസമാഹരണത്തിൽ അഡാനി ബഹുദൂരം മുന്നിലാണ്. എസിസിയും അംബുജയും ചേരുമ്പോൾ 660 ലക്ഷം ടൺ സിമൻ്റ് ഉൽപാദന ശേഷിയാണ് അഡാനിക്കു ലഭിക്കുക.


വിദേശികളുടെ വിൽപന കൂടും

വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1174.05 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 1643.84 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശികളുടെ വിൽപന ഇന്നു വർധിക്കാനാണു സാധ്യത. ഐടി മേഖലയിൽ വലിയ വിൽപന സമ്മർദം ഉണ്ടാകാം.

നിഫ്റ്റിയുടെ ഡബിൾസ് ബോട്ടം

നിഫ്റ്റി 50 സൂചിക കുറച്ച് ദിവസങ്ങളായി 16,700- 17,400 മേഖലയിൽ നിന്നു കടക്കാൻ പ്രയാസപ്പെടുകയാണ്. 16,800-16,850 ൽ ഒരു ഡബിൾ ബോട്ടം രൂപപ്പെട്ടിട്ടുണ്ടെന്നും അതു 17,400-നു മുകളിലേക്കു കുതിക്കാനുള്ള അടിത്തറ ആകുമെന്നുമാണ് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്.

ഓരോ താഴ്ചയും ഈ മേഖലയിൽ അവസാനിക്കുകയും തുടർന്നുള്ള കുതിപ്പ് ഉയർന്ന പരിധി ഭേദിക്കാതെ അസ്‌തമിക്കുകയുമാണ് ഈയിടെ. അതിനൊരു മാറ്റത്തിൻ്റെ സാധ്യത ഇനിയും രൂപപ്പെട്ടിട്ടില്ല. നിഫ്റ്റിക്ക് ഇന്ന് 17,100-ലും 17,005 ലും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഉയർച്ചയിൽ 17, 260-ലും 17,325 ലും തടസങ്ങൾ കാണാം.

ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ

ക്രൂഡ് ഓയിൽ വിപണി വീണ്ടും കയറ്റത്തിലായി. പോളണ്ടിനും ബൾഗേറിയയ്ക്കും പ്രകൃതി വാതകം നൽകുന്നതു റഷ്യ നിർത്തിവച്ചതാണു പുതിയ സംഭവവികാസം. തിങ്കളാഴ്ച 102 ഡോളറിനു താഴെ എത്തിയ ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില ഇന്നു 106.2 ഡോളറിലേക്കു കയറി. സ്‌പോട്ട് വില 107 ഡോളർ കടന്നു.

വ്യാവസായിക ലോഹങ്ങൾ പൊതുവേ സാങ്കേതിക തിരുത്തലിലാണ്. ചെമ്പും സിങ്കും നിക്കലും ചെറിയ കയറ്റം കാണിച്ചു. ലഭ്യത ഉടനെ മെച്ചപ്പെടില്ല എന്ന സാഹചര്യത്തിൽ ടിൻ വില രണ്ടു ശതമാനത്തോളം കയറി. അലൂമിനിയം, ലെഡ്, ഇരുമ്പയിര് തുടങ്ങിയവ താണു.

സ്വർണം ചെറിയ മേഖലയിൽ കയറിയിറങ്ങി. 1895-1911 ഡോളർ മേഖലയിലായിരുന്നു ഇന്നലെ. ഇന്നു രാവിലെ 1906 ഡോളറിൽ നിന്ന് 1902-1904 ഡോളറിലേക്കു സ്വർണം താണു. കേരളത്തിൽ ഇന്നലെ പവന് 440 രൂപ കുറഞ്ഞ് 38,760 രൂപയായി.


രൂപയും എൽഐസി ഐപിഒയും


ഡോളർ ഇന്നലെ 11 പൈസ നഷ്ടത്തിൽ 76.58 രൂപയായി. ലോക വിപണിയിൽ ഡോളർ സൂചിക 102.3 ആയിട്ടുണ്ട്. ഇതിൻ്റെ പേരിൽ രൂപ ഇടിയേണ്ടി വരില്ല. എൽഐസി ഐപിഒ മേയ് ആദ്യവാരം നടക്കുമ്പോൾ ഗണ്യമായ വിദേശനാണ്യം രാജ്യത്തേക്കു വരും എന്നതു രൂപയെ ഉയർത്തി നിർത്തും.

902-949 രൂപ മേഖലയിലാണ് എൽഐസി യുടെ 3.5 ശതമാനം ഓഹരി വിൽക്കുന്നത്. റീട്ടെയിൽ അപേക്ഷകർക്ക് 45 രൂപയും പോളിസി ഉടമകൾക്ക് 60 രൂപയും ഡിസ്കൗണ്ട് നൽകും. 21,000 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുക.


യുദ്ധം പുതിയ തലത്തിലേക്ക്

യുക്രെയ്ൻ യുദ്ധം പുതിയ തലത്തിലേക്കു നീങ്ങുകയാണ്. പാശ്ചാത്യരോടു ചേർന്നു നിൽക്കുന്ന പോളണ്ടിനും ബൾഗേറിയയ്ക്കും പ്രകൃതി വാതകം നൽകുന്നതു നിർത്തുമെന്നു റഷ്യ മുന്നറിയിപ്പ് നൽകി. ഇതു വാതകവില ഉയർത്തി. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതു നിർത്താൻ ജർമനി ഏതാനും ദിവസങ്ങൾക്കകം തീരുമാനിക്കും.

റഷ്യയുടെ വിദേശ ആസ്തികൾ പിടിച്ചടക്കാൻ തങ്ങൾക്ക് അനുവാദം തരണമെന്നാവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്ട്ര രക്ഷാസമിതിയെ സമീപിച്ചതും നിർണായകമാണ്.യുദ്ധം ആണവയുദ്ധമായി മാറുമെന്ന ഭീഷണി റഷ്യ ആവർത്തിച്ചിട്ടുമുണ്ട്. ഇതെല്ലാം ആശങ്കകളും ആകുലതകളും വർധിപ്പിക്കുന്നതാണ്.

വളർച്ചയ്ക്കു തടസം കൂടുന്നു

സാമ്പത്തികവളർച്ച നാനാഭാഗത്തു നിന്നും സമ്മർദം നേരിടുന്നു. പലിശ നിരക്ക് അതിവേഗം ഉയരാൻ പോകുന്നു. ഈ കാര്യങ്ങൾ പുതിയതല്ലെങ്കിലും പുതിയ ആശങ്കകൾ അവയെ ചൊല്ലിയാണ്. യുഎസ് ഓഹരികൾ ഇന്നലെ കൂപ്പുകുത്തിയതിന് എടുത്തു പറയുന്ന കാര്യം ഇതാണ്. ചൈനയിലെ ലോക്ക് ഡൗൺ ആഗോളതലത്തിൽ ഉൽപന്ന ലഭ്യതയ്ക്കു തടസമായി മാറി.ചൈനീസ് ഫാക്ടറികൾ പലതും പ്രവർത്തിക്കാത്തതും തുറമുഖങ്ങൾ അടച്ചിട്ടിരിക്കുന്നതുമാണു പ്രശ്നം.

മസ്ക് ടെസ്ല ഓഹരി വിൽക്കുമോ?

വേറെയുമുണ്ട് ആശങ്കകൾ ട്വിറ്ററിനെ വാങ്ങാൻ പണമുണ്ടാക്കുന്നതിന് ഇലോൺ മസ്‌ക് ടെസ്ല ഓഹരികൾ വിൽക്കുമാേ? ഇതേച്ചൊല്ലി ടെസ്ല ഓഹരികൾ 12 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ വിപണിമൂല്യം 12,600 കോടി ഡോളർ (9.45 ലക്ഷം കോ രൂപ) കുറഞ്ഞു. മസ്കിൻ്റെ സമ്പാദ്യം 3200 കോടി ഡോളർ കണ്ട് നഷ്ടപ്പെട്ടു.

ഈ തകർച്ച തുടർന്നാൽ ഓഹരി പണയം വച്ച് വായ്പ എടുത്തവയ്ക്കു കൂടുതൽ മാർജിൻ കണ്ടെത്തേണ്ടി വരും. ടെസ്ല ഓഹരി പണയം വച്ചാണ് ട്വിറ്റർ പിടിക്കാനുള്ള പണത്തിൻ്റെ നാലിലൊന്നു സമാഹരിക്കുന്നത്. ഓഹരി വിലത്തകർച്ചയെ മസ്ക് എങ്ങനെ മറികടക്കും എന്നു വിപണി ഉറ്റുനോക്കുന്നു.

യുഎസ് ഓഹരി സൂചികകളുടെ ഇന്നലത്തെ വീഴ്ചയ്ക്ക് ഏറ്റവുമധികം സംഭാവന ടെസ്ല ഓഹരിയുടേതാണ്.

ആൽഫബെറ്റ് (ഗൂഗിൾ), ആപ്പിൾ ഓഹരികളുടെ ഒന്നാം പാദ ഫലത്തെപ്പറ്റിയും വിപണിക്ക് ആശങ്ക കൂടി. ആൽഫബെറ്റ് ഓഹരി നാലും ആപ്പിൾ ഓഹരി 3.7 ഉം ശതമാനം താണു.

ആൽഫബെറ്റ് റിസൽട്ട് ആശങ്കകൾ ശരിവച്ചു. പ്രതീക്ഷയിലും മോശമായി വരുമാനവും ലാഭവും. യൂട്യൂബിൽ നിന്നുള്ള വരുമാനം അപ്രതീക്ഷിതമായി കുറഞ്ഞു. വ്യാപാരസമയം കഴിഞ്ഞുള്ള വ്യാപാരത്തിൽ ഓഹരി 6.5 ശതമാനം കൂടി ഇടിഞ്ഞു. ഇന്നു വിപണി ഇടിയാൻ ഇത് ഒരു കാരണം കൂടിയായി. ആപ്പിൾ ഫലം നാളെ പുറത്തുവിടും.

This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it