നേട്ടം പ്രതീക്ഷിച്ചു വിപണി; ടെക് കമ്പനികൾക്ക് പ്രിയം തിരിച്ചു വരുമോ? ഡോളർ കരുത്തു കൂട്ടുന്നു; ഭക്ഷ്യഎണ്ണ വിലയിൽ വീണ്ടും ആശങ്ക
നേട്ടത്തിൻ്റെ പ്രതീക്ഷയോടെയാണ് ഇന്നു വിപണി പ്രവർത്തനം തുടങ്ങുന്നത്. തലേന്നത്തെ നഷ്ടം നികത്താനായില്ലെങ്കിലും വിപണി ഗതി തിരിക്കാൻ പറ്റുമെന്നാണു നിക്ഷേപകരുടെ പ്രതീക്ഷ.
ഇന്നലെ തുടക്കത്തിലെ താഴ്ചയിൽ നിന്നു കയറിയ ഏഷ്യൻ വിപണികളിലെ വ്യാപാരത്തിനു ശേഷം യൂറോപ്യൻ വിപണികൾ ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. യുഎസ് സൂചികകൾ തുടക്കത്തിൽ അൽപം കയറിയിറങ്ങിയെങ്കിലും കൂടുതൽ സമയവും നല്ല നേട്ടത്തിലായിരുന്നു.
ക്ലോസിംഗിലെ ചെറിയ നേട്ടത്തിൽ കാണുന്നതിലും ഉണർവിലായിരുന്നു വിപണി. യുഎസ് ഫ്യൂച്ചേഴ്സും ഇന്നു രാവിലെ നേട്ടം കാണിക്കുന്നു. ഏഷ്യൻ വിപണികളും രാവിലെ ചെറിയ കയറ്റത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,090 വരെ കയറിയിട്ട് 17,062-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും 17,090 വരെ ഉയർന്നിട്ട് 17,060 ലാണു വ്യാപാരം. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ സെൻസെക്സ് 537.22 പോയിൻ്റ് (0.94%) നേട്ടത്തിൽ 56,819.39 ലും നിഫ്റ്റി 162.4 പോയിൻ്റ് (0.94%) ഉയർച്ചയിൽ 17,038.4 ലും ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ കമ്പനികൾ, ഐടി അടക്കം എല്ലാ വ്യവസായ വിഭാഗങ്ങൾക്കും ഇന്നലെ നഷ്ടമായിരുന്നു.
വിപണി ബെയറിഷ് ആണെങ്കിലും നിഫ്റ്റി 16,750-16,900 മേഖലയിൽ ശക്തമായ അടിത്തറ ഉറപ്പിക്കുന്നുണ്ടെന്നാണു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതു വിപണിയുടെ അടുത്ത കുതിപ്പിനു ബലമായി മാറും. നിഫ്റ്റിക്ക് 16,960- ലും 16,885-ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,115 ലും 17,190-ലും തടസങ്ങൾ പ്രതീക്ഷിക്കാം.
വിദേശ നിക്ഷേപകർ വിൽപന തുടരുന്നു
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 4064.54 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1917.51 കോടിയുടെ ഓഹരികൾ വാങ്ങി.
വിദേശ നിക്ഷേപകർ എന്തു ചെയ്യും എന്നതാണ് ഇന്ത്യൻ ഓഹരിവിപണി ഇന്നു നേരിടുന്ന ചോദ്യം. യുഎസ് ഫെഡറൽ റിസർവ് (ഫെഡ്) അടുത്തയാഴ്ച പലിശനിരക്ക് ഗണ്യമായി ഉയർത്തും. അതിനു മുമ്പേ നിക്ഷേപങ്ങൾ യുഎസിലേക്കു മടക്കിക്കാെണ്ടുപോകാൻ അവർ ഉത്സാഹിച്ചാൽ വിപണി ഇടിയും.
ക്യാഷ് വിപണിയിൽ ഈ മാസം ഇതു വരെ അവർ 37,747.63 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇന്നു സെറ്റിൽമെൻ്റ് ദിവസമായതിനാൽ കൂടുതൽ വിൽപന പ്രതീക്ഷിക്കുന്നുണ്ട്.
ക്രൂഡ് വീണ്ടും താഴുന്നു
ക്രൂഡ് ഓയിൽ വില താഴുകയാണ്. ചൊവ്വാഴ്ച ഉയർന്നത് ഇന്നു രാവിലെ കുറഞ്ഞു തുടങ്ങി. ഇന്നലെ 106 ഡോളറിനു മുകളിലായ ബ്രെൻ്റ് ഇനം ഇന്നു 104.6 ഡോളർ ആയി താഴ്ന്നു. റഷ്യ പോളണ്ടിനും ബൾഗേറിയയ്ക്കും പ്രകൃതിവാതകം നൽകുന്നതു നിർത്തിയതോടെ യൂറോപ്പിൽ വാതകവില ആറു ശതമാനം കുതിച്ച് 7.27 ഡോളറായി.
വ്യാവസായിക ലോഹങ്ങൾ ചെറിയ മേഖലയിൽ കയറിയിറങ്ങുന്നു. അലൂമിനിയവും ചെമ്പും നിക്കലും ഉയർന്നു. ലെഡും ടിന്നും ഇരുമ്പയിരും താണു. ചൈനയിലെ ലോക്ക് ഡൗൺ മാറുമ്പോഴേ വിലയിൽ കാര്യമായ ചലനം ഉണ്ടാകൂ.
സ്വർണം വീണ്ടും താഴുകയാണ്. ഡോളറിനു കരുത്തു കൂടുന്നതും വലിയ ഹെഡ്ജ് ഫണ്ടുകൾ സ്വർണത്തിൽ നിന്നു മാറുന്നതും ആണു കാരണങ്ങൾ. ഇന്നു രാവിലെ 1884-1885 ഡോളറിലാണു വ്യാപാരം. കേരളത്തിൽ സ്വർണവില ഇന്നലെ കുറഞ്ഞില്ല. ഇന്നു കുറയും.
ഡോളർ കരുത്തു കൂട്ടുകയാണ്. ഡോളർ സൂചിക 102.98 ലേക്കു കയറി. ഇന്നലെ രൂപയുമായുള്ള വിനിമയത്തിൽ ഡോളർ രണ്ടു പൈസ നഷ്ടപ്പെടുത്തി 76.57 രൂപയിലേക്കു താണു.
ടെക് കമ്പനികളെപ്പറ്റി കാഴ്ചപ്പാട് മാറുന്നു
ടെക് കമ്പനികളെപ്പറ്റി യുഎസ് വിപണിയിലെ കാഴ്ചപ്പാട് മാറി വരുന്നുണ്ട്. ടെക് ഓഹരികളിലെ വലിയ വിൽപന സമ്മർദം ഒന്ന് കുറഞ്ഞു. ഇന്നലെ നാസ്ഡാക് കൂടുതൽ സമയവും നേട്ടത്തിലായിരുന്നു.
നേരിയ പോയിൻ്റുകൾക്കാണു നഷ്ടത്തിലായത്. 2021-ൽ സൂചികയ്ക്കുണ്ടായ നേട്ടമെല്ലാം നഷ്ടപ്പെടുത്തിയ നാസ്ഡാക് സൂചിക ഇനി ഉയർച്ചയിലാകുമെന്നാണു പ്രതീക്ഷ. മൈക്രോസോഫ്റ്റിൻ്റെ റിസൽട്ട് മികച്ചതായിരുന്നു.
വ്യാപാര സമയത്തിനു ശേഷം വന്ന ഫെയ്സ്ബുക്കിൻ്റെ (മെറ്റാ പ്ലാറ്റ്ഫോംസ്) റിസൽട്ട് നല്ല വളർച്ചയും ലാഭവും കാണിക്കുന്നതായി. തുടർന്നുള്ള വ്യാപാരത്തിൽ ഫെയ്സ് ബുക്ക് കുതിച്ചു കയറി. അതിൻ്റെ ഉണർവ് ഇന്നത്തെ വ്യാപാരത്തിൽ പ്രതീക്ഷിക്കാം. ആപ്പിൾ റിസൽട്ട് ഇന്നുണ്ടാകും. ഇന്നലെ ആപ്പിൾ ഓഹരി കയറി.
ഇന്ത്യയിലും വിദേശ നിക്ഷേപകരും ഫണ്ടുകളും ടെക് കമ്പനികളെ ഉപേക്ഷിക്കാൻ ഉത്സാഹിക്കുകയായിരുന്നു. ആ നീക്കം ഇനി മാറിയേക്കാം.
വിലക്കിൽ പാമോയിലും പെടുമെന്ന് ഇൻഡോനേഷ്യ
ഇൻഡോനേഷ്യയുടെ കയറ്റുമതി നിരോധനത്തിൽ പാമോയിലിനെ വീണ്ടും പെടുത്തി. നിരോധനം സംസ്കരിക്കാത്തതോ ആർബിഡിയോ (റിഫൈൻഡ്, ബ്ലീച്ചഡ്, ഡീഓഡറൈസ്ഡ്) ആയ പാമൊലീനു മാത്രം എന്ന വിശദീകരണം കഴിഞ്ഞ ദിവസം നൽകിയിരുന്നു.
നിരോധനം സംസ്കരിക്കാത്തതോ ആർബിഡിയോ ആയ പാമോയിലിനു ബാധകമാണെന്ന് ഇന്നലെ വിശദീകരിച്ചു. ഇന്ത്യയുടെ ഇറക്കുമതിയിൽ സിംഹഭാഗവും പാമോയിലാണ്. നിരോധനം പ്രശ്നമാകില്ലെന്ന വിശ്വാസം തകർക്കുന്നതായി പുതിയ വിശദീകരണം.
നിരോധനം ഒരു മാസമേ കാണൂ എന്നാണു വിശ്വാസം. അതിലേറെ നീണ്ടാൽ പാമോയിൽ സൂക്ഷിക്കാൻ സൗകര്യമില്ല. എങ്കിലും ഒരു മാസത്തെ തടസം തന്നെ ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ വില കുതിച്ചു കയറാൻ കാരണമാകും. അതു ചില്ലറ വിലക്കയറ്റം കുറയ്ക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകും. ഇന്നലെ മലേഷ്യൻ പാമോയിലിനു വില 10 ശതമാനത്തോളം വർധിച്ചു.