വീണ്ടും ആവേശത്തിൽ വിപണി; ഏഷ്യൻ വിപണികൾ കുതിപ്പിൽ; ആപ്പിളും ആമസോണും പറയുന്നതെന്ത്?

വിപണികൾ ആവേശം വീണ്ടെടുത്തു. തുടർച്ചയായ രണ്ടാം ദിവസത്തെ കുതിപ്പിനാണ് ഇന്നു വിപണി തയാറെടുക്കുന്നത്. പാശ്ചാത്യ വിപണികൾ ഇന്നലെ കുതിച്ചുയർന്നു. ഇതിനു പിന്നാലെ ഇന്ന് ഓസ്ട്രേലിയൻ, ജാപ്പനീസ്, കൊറിയൻ വിപണികളും നല്ല മുന്നേറ്റത്തിലാണ്. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് താഴോട്ടു നീങ്ങി.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,312 വരെ കയറിയിട്ട് 17,260-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,320 ലേക്കു കയറി. നിഫ്റ്റി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.


വിദേശ സൂചനകളുടെ ബലത്തിൽ ഇന്നലെ ഇന്ത്യൻ വിപണി തുടക്കം മുതൽ നേട്ടത്തിലായിരുന്നു. ആദ്യ മണിക്കൂറിൽ ചാഞ്ചാടിയെങ്കിലും പിന്നീടു സെൻസെക്സ് ആയിരത്തോളം പോയിൻ്റ് ഉയർന്നു. ആ നേട്ടത്തിൽ കുറേ ഭാഗം നഷ്ടപ്പെടുത്തിയിട്ടാണു ക്ലോസ് ചെയ്തത്.


സെൻസെക്സ് 701.67 പോയിൻ്റ് (1.23%) നേട്ടത്തിൽ 57,521.06-ലും നിഫ്റ്റി 206.65 പോയിൻ്റ് (1.21%) ഉയർച്ചയോടെ 17,245.05 ലും ക്ലോസ് ചെയ്തു. വിശാല വിപണി ഇത്രയും ആവേശം കാണിച്ചില്ല. മിഡ് ക്യാപ് സൂചിക 0.6 - ഉം സ്മോൾ ക്യാപ് സൂചിക 0.36 ഉം ശതമാനമേ ഉയർന്നുള്ളു. മീഡിയ ഒഴികെയുള്ള എല്ലാ ബിസിനസ് മേഖലകളും ഇന്നലെ നേട്ടത്തിലായി.


കഴിഞ്ഞ മൂന്നാഴ്ച വിൽപനക്കാരായിരുന്ന വിദേശ നിക്ഷേപകർ ഇന്നലെ വാങ്ങലിലേക്കു മാറി. 743.22 കോടിയുടെ ഓഹരികൾ അവർ വാങ്ങി.സ്വദേശി ഫണ്ടുകൾ 780.94 കോടിയുടെ ഓഹരികളും വാങ്ങി. വിദേശികളുടെ വിൽപന അവസാനിച്ചു എന്നതിൻ്റെ സൂചനയായി ഇന്നലത്തെ വാങ്ങലിനെ അധികമാരും കാണുന്നില്ല.


വിപണി ബുളളിഷ് ആയി എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. 17,500-17,800-ലേക്കു നിഫ്റ്റി നീങ്ങാൻ ശ്രമിക്കുമെന്ന് അവർ കരുതുന്നു. 16,700-17,000 മേഖലയിലെ അടിത്തറ ഭദ്രമാണെന്ന് കരുതപ്പെടുന്നു. ഇന്നു നിഫ്റ്റിക്ക് 17,105-ലും 16,960 -ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,355-ഉം 17,465 ഉം തടസങ്ങളാകും.


ക്രൂഡ് ഓയിൽ ചാഞ്ചാടുന്നു, ലോഹങ്ങൾ താഴ്ചയിൽ

ക്രൂഡ് ഓയിൽ വിപണി ചാഞ്ചാടുകയാണ്. ക്രൂഡ് വില വീണ്ടും കയറി. ബ്രെൻ്റ് ഇനം ഇന്നലെ 2.2 ശതമാനം ഉയർന്ന് 107.6 ഡോളറിൽ എത്തി. യുഎൻ സെക്രട്ടറി ജനറലിൻ്റെ സന്ദർശനവേളയിൽ റഷ്യ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആക്രമണം നടത്തിയതാണു ക്രൂഡ് വിലയെ കയറ്റിയത്. വില ഇന്നു താഴുമെന്നാണു സൂചന.

വ്യാവസായിക ലോഹങ്ങൾക്കു വീണ്ടും വില കുറഞ്ഞു. ചെമ്പ് 9696 ഡോളറിലേക്കും അലൂമിനിയം 3040 ഡോളറിലേക്കും താണു. ലെഡ്, സിങ്ക്, ടിൻ തുടങ്ങിയവയും രണ്ടു ശതമാനത്തോളം ഇടിഞ്ഞു. ഡിമാൻഡ് കുറയുന്നതാണു കാരണം. പലിശ കൂടുന്നതു പ്രമാണിച്ച് ഹെഡ്ജ് ഫണ്ടുകൾ പണം പിൻവലിക്കുന്നതും കാരണമാണ്.


സ്വർണത്തിനു വീണ്ടും തിളക്കം


സ്വർണം 1900 ഡോളറിലേക്കു കടക്കാനുള്ള ശ്രമത്തിലാണ്. ഇന്നലെ 1897 ഡോളർ വരെ കയറിയിട്ടു മടങ്ങി. ഇന്നു രാവിലെ 1893 ഡോളറിൽ നിന്നു കയറ്റമാരംഭിച്ചു. ഏഷ്യൻ വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോഴേക്ക് 1900-നു മുകളിലായി. 1902-1903 ഡോളറിലാണു രാവിലെ വ്യാപാരം. കേരളത്തിൽ പവന് ഇന്നലെ 360 രൂപ കുറഞ്ഞ് 38,400 രൂപയായി. ഇന്നു വില അൽപം വർധിക്കും. ഡോളർ സൂചിക ഉയർന്നു നിൽക്കുന്നതാണു സ്വർണത്തിൻ്റെ കയറ്റം തടയുന്നത്.

രൂപ ഇന്നലെ കയറ്റിറക്കങ്ങൾക്കു ശേഷം ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 76.61 രൂപയിലേക്കു ഡോളർ കയറി. ഡോളർ സൂചിക 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 103.62 ൽ എത്തി.


ആപ്പിളും ആമസോണും നൽകുന്നതു നിരാശ


ഇന്നലെ ജിഡിപി കണക്കിനേക്കാൾ മെറ്റാ പ്ലാറ്റ്ഫോംസിൻ്റെ (ഫെയ്സ് ബുക്ക് ) മികച്ച റിസൽട്ടിലാണു യുഎസ് ഓഹരിവിപണി ശ്രദ്ധിച്ചത്. മെറ്റ ഇന്നലെ ഒൻപതു ശതമാനത്തോളം ഉയർന്നു. ആപ്പിളും ആമസോണും നല്ല ഭാവി പ്രവചിക്കും എന്നു കരുതി അവയുടെ വില കൂട്ടുകയായിരുന്നു പിന്നീടു വിപണി. റിസൽട്ട് വന്നപ്പോൾ നിരാശയായി. അത് ഇന്നു വിപണിയെ ഉലയ്ക്കും.


അമേരിക്കൻ ടെക്നോളജി കമ്പനികളിലെ തുടർമുന്നേറ്റ പ്രതീക്ഷകൾക്കു തന്നെ തിരിച്ചടിയായി ആപ്പിളിൻ്റെയും ആമസോണിൻ്റെയും ഒന്നാം ക്വാർട്ടർ (ജനുവരി-മാർച്ച്) ഫലങ്ങൾ. യുഎസ് വിപണിയുടെ വ്യാപാരസമയം കഴിഞ്ഞു പുറത്തു വന്ന ഫലങ്ങളും ഭാവിയെപ്പറ്റിയുള്ള അവരുടെ നിഗമനങ്ങളും വിപണിയെ താഴോട്ടു നയിക്കുന്നു.

യുഎസ് ഫ്യൂച്ചേഴ്സ് ഗണ്യമായ താഴ്ചയിലാണ്. നേരത്തേ പതിവു വ്യാപാര സമയത്തു ഡൗ ജോൺസ് 1.85 ഉം എസ് ആൻഡ് പി 2.47-ഉം നാസ്ഡാക് 3.06-ഉം ശതമാനം ഉയർന്നതാണ്. ആപ്പിൾ റിസൽട്ട് പ്രതീക്ഷയിലും മികച്ചതായി. എന്നാൽ ഏപ്രിൽ മുതലുള്ള വിൽപന തിരിച്ചടി നേരിടുന്നതായി കമ്പനി പറഞ്ഞു. ആമസാേണിനു പ്രതീക്ഷയിലധികം നഷ്ടം വന്നു. വരും പാദങ്ങളും മെച്ചമാകില്ലെന്ന സൂചനയും നൽകി.


യു എസ് ജിഡിപി കുറഞ്ഞു; സാരമില്ലെന്നു നിരീക്ഷകർ

യുഎസ് സമ്പദ് ഘടന കഴിഞ്ഞ പാദ (ജനുവരി-മാർച്ച്) ത്തിൽ ചുരുങ്ങി. ജിഡിപി വളർച്ചത്തോത് ഒരു ശതമാനത്തിനടുത്തേക്ക് കുറയും എന്നായിരുന്നു നിരീക്ഷകരുടെ നിഗമനം. അതു തെറ്റിച്ചു കൊണ്ടു ജിഡിപി 1.4 ശതമാനം കുറഞ്ഞു. ഒക്ടോബർ - ഡിസംബറിൽ 6.9 ശതമാനം വളർച്ച ഉണ്ടായിരുന്നതാണ്.

ഈ താഴ്ചയെപ്പറ്റി ഒന്നും ചിന്തിക്കാനില്ലെന്നാണു ചില നിരീക്ഷകർ പറയുന്നത്. ഇറക്കുമതി അസാധാരണമായി വർധിച്ചതു മൂലം ഉള്ള തളർച്ചയാണിതെന്ന് പാന്തെയോൺ മാക്രോ ഇക്കണോമിക്സിലെ ഇയാൻ ഷെെഫേഡ്സൺ പറയുന്നു. ഇറക്കുമതി കിട്ടിയതു ജിഡിപി യിൽ മൂന്നു ശതമാനത്തിലധികം കുറവു വരുത്തി.

തൽഫലമാണ് ഈ താഴ്ച. തുടർച്ചയായ രണ്ടു പാദങ്ങളിൽ ജിഡിപി ചുരുങ്ങുമ്പോൾ മാന്ദ്യം ആയി എന്നു പ്രഖ്യാപിക്കും. ആ സാഹചര്യം ഇല്ലെന്നു ഷെഫേഡ്സൺ കരുതുന്നു. എന്തായാലും യുഎസ് വളർച്ചത്തോതിലെ ഇടിവ് ആഗോള വളർച്ചയിൽ പ്രതിഫലിക്കും.

This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it