ഇന്ന് ഓഹരി വിപണിയുടെ തുടക്കം ഉയരത്തിലാകുമോ? വിദേശികൾ വിറ്റിട്ടും വിപണി കുലുങ്ങാത്തത് എന്തുകൊണ്ട്? ജി എസ് ടി കണക്കിൽ അനാവശ്യ തിരിമറി

ശുഭസൂചനകൾ പലത്; വിപണി ഉണർവിലേക്ക് ; നികുതിയിലും വാഹന വിൽപനയിലും കുതിപ്പ്; വിദേശികൾ വിറ്റിട്ടും വിപണി കുലുങ്ങിയില്ല

വളർച്ചയ്ക്ക് അനുകൂലമായ സൂചനകൾ സാമ്പത്തിക രംഗത്ത്. വിപണിയിൽ ഉണർവിൻ്റെ അന്തരീക്ഷം. പുതിയ മാസത്തിലെ ആദ്യ വ്യാപാര ദിവസം സൂചികകൾ ഉയരത്തിൽ തുടങ്ങാമെന്ന പ്രതീക്ഷയിലാണ്.
ജൂലൈയിൽ ജിഎസ്ടി പിരിവ് 1.16 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നതും വാഹന വിൽപന കുതിച്ചതും നല്ല അന്തരീക്ഷമാണ് ഒരുക്കുന്നത്. കാതൽ മേഖലയിലെ തളർച്ച ജൂണിലും തുടർന്നെങ്കിലും ജൂലൈയിൽ ഉണർവിൻ്റെ സൂചനകൾ ഉണ്ട്. ചൈനയിലെ സംഭവ വികാസങ്ങൾ വെള്ളിയാഴ്ച പാശ്ചാത്യ വിപണികളെ താഴ്ത്തിയെങ്കിലും ഇന്ന് അതിൻ്റെ ആഘാതം പ്രതീക്ഷിക്കുന്നില്ല.
വെള്ളിയാഴ്ച സെൻസെക്സ് 66.23 പോയിൻ്റ് താണ് 52,586.84 ലും നിഫ്റ്റി 15.4 പോയിൻ്റ് താണ് 15,763.05ലും ആണു ക്ലാേസ് ചെയ്തത്. അതേ സമയം മിഡ് ക്യാപ് സൂചിക 1.1 ശതമാനം ഉയർന്നു.സ്മാൾ ക്യാപ് 0.44 ശതമാനവും. ബാങ്ക് സൂചികകൾ താഴ്ചയിലാണു ക്ലോസ് ചെയ്തത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ് ജി എക്സ് നിഫ്റ്റി നല്ല ഉയരത്തിലാണ്. 15,859 ലാണ് അവിടെ ക്ലോസിംഗ്. ഇന്ന് രാവിലെ വീണ്ടും ഉയർന്ന് 15,879-ൽ ആണു വ്യാപാരം. ഇന്ന് ഇന്ത്യൻ വിപണി ഗണ്യമായി ഉയർന്നു തുടങ്ങുമെന്ന സൂചനയാണ് അതു നൽകുന്നത്.
ലാഭമെടുക്കലിനുള്ള വിൽപന സമ്മർദം വർധിക്കുന്നില്ലെങ്കിൽ 15,800-നു മുകളിലേക്കു നിഫ്റ്റി നീങ്ങുമെന്നാണു ബ്രാേക്കറേജുകൾ കരുതുന്നത്.15,835 ലും 15,910 ലുമാണു സാങ്കേതിക വിശകലനക്കാർ തടസം കാണുന്നത്. 15,715 ലും 15670 ലും ശക്തമായ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച യൂറോപ്പിലും അമേരിക്കയിലും ഓഹരികൾ താഴാേട്ടു പോയെങ്കിലും ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല ഉയർച്ചയിലാണ്. ജപ്പാനിലെ നിക്കൈ സൂചിക തുടക്കത്തിൽ ഒന്നര ശതമാനം ഉയർന്നു. യു എസ് ഡൗ ജോൺസ് സൂചികയുടെ അവധി വ്യാപാരം ഉയർച്ചയിലാണ്.
ലോക വിപണിയിൽ സ്വർണം വെള്ളിയാഴ്ച 1814 ഡോളറിലേക്കു താണു. അമേരിക്കയിൽ വ്യക്തിഗത വരുമാനത്തിലും ഉപഭോഗത്തിലും പ്രതീക്ഷയിൽ കവിഞ്ഞ ഉയർച്ച ഉണ്ടായതാണു കാരണം. സാമ്പത്തിക വളർച്ച മെച്ചപ്പെടുന്നതിൻ്റെ ഫലമാണത്. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ സ്വർണം 1816 ഡാേളറിലേക്ക് ഉയർന്നു. കേരളത്തിൽ ശനിയാഴ്ച സ്വർണം പവന് 200 രൂപ താണ് 36,000 രൂപയായി.
ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ 76 ഡോളറിനു താഴേക്കു പോന്നിരുന്നു. ഇന്നു രാവിലെ വീണ്ടും താണ് 75 ഡോളറിനു താഴെയായി. ഡിമാൻഡ് കാര്യമായി ഉയരുന്നില്ല എന്നതാണു കാരണം.
ചൈന റിസർവിൽ നിന്നു ചെമ്പ് വിറ്റതിനെ തുടർന്നു വാരാന്ത്യത്തിൽ ചെമ്പുവില ഒരു ശതമാനം കുറഞ്ഞു. എന്നാൽ അലൂമിനിയം അടക്കമുള്ള മറ്റു വ്യാവസായിക ലോഹങ്ങൾ നേരിയ തോതിൽ കയറി.

വിദേശികൾ വിൽപനയിൽ; വാങ്ങാൻ സ്വദേശി ഫണ്ടുകൾ

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ നടത്തിയ റിക്കാർഡ് വിൽപന ഓഹരി സൂചികകളെ നേരിയ തോതിലേ ബാധിച്ചുള്ളു. സ്വദേശി മ്യൂച്വൽ ഫണ്ടുകളിലേക്കു റിക്കാർഡ് അളവിൽ പണം വരുന്നതും റീട്ടെയിൽ നിക്ഷേപകർ കൂടുതൽ സജീവമായതുമാണു കാരണം. അതു വരും ദിവസങ്ങളിലെ വ്യാപാരത്തിന് ഉണർവ് പകരുന്ന ഘടകമാണ്. വിദേശികൾ വെള്ളിയാഴ്ച 3648.31 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു. ഇതോടെ ജൂലൈയിൽ അവർ പിൻവലിച്ച തുക 23,193.39 കോടി രൂപ ആയി. സ്വദേശി ഫണ്ടുകൾ വെള്ളിയാഴ്ച 2956.68 കോടിയുടെ വാങ്ങലുകാരായി. കഴിഞ്ഞ മാസം സ്വദേശി ഫണ്ടുകളുടെ മൊത്തം വാങ്ങൽ 18,393.92 കോടി രൂപ.

ജിഎസ്ടി പിരിവ് ഉഷാറായി

ജൂലൈയിലെ ജിഎസ്ടി പിരിവ് 1,16,393 കോടി രൂപയായി. ജൂണിൽ 92,849 കോടിയായിരുന്നു.വ്യവസായ -വ്യാപാര മേഖലകളിലെ തിരിച്ചുവരവിൻ്റെ സൂചനയായി ഇതിനെ സർക്കാർ വിശേഷിപ്പിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലേക്കാൾ 33 ശതമാനം അധികമാണിത്. എന്നാൽ ഏപ്രിലിലെ 1.41 ലക്ഷം കോടി എന്ന സർവകാല റിക്കാർഡിൽ നിന്നു വളരെ കുറവാണ്. തലേ മാസത്തെ വ്യാപാരത്തിൻ്റെ നികുതിയാണ് ഓരോ മാസത്തെയും കണക്കിൽ വരിക.
ജിഎസ്ടി കണക്കിൽ അനാവശ്യമായ ഒരു തിരിമറിയും ഉണ്ട്. ജൂലൈ ഒന്നു മുതൽ അഞ്ചു വരെ ലഭിച്ച തുകയും ഈ കണക്കിൽ പെടുത്തി. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ജൂണിൽ അടയ്ക്കേണ്ട തുക ജൂലൈ അഞ്ചിനകം അടച്ചാൽ മതി എന്നനുവദിച്ചിരുന്നു. അഞ്ചുവരെ അടച്ച തുക ചേർത്താണു ജൂണിലെ കണക്കു പുറത്തുവിട്ടത്. ഇപ്പാേൾ ആ അഞ്ചു ദിവസത്തെ തുക (4937 കോടി രൂപ) ജൂലൈ കണക്കിലും ചേർത്തു.
ഓഗസ്റ്റിലെ ജിഎസ്ടി പിരിവ് കൂടുതൽ മെച്ചമാകും. ജൂലൈ 1-25 കാലത്തു പ്രതിദിന ഇ- വേ ബിൽ എണ്ണം ജൂണിലേതിലും 8.8 ശതമാനം കൂടുതലായിരുന്നതു നൽകുന്ന സൂചന അതാണ്.

വാഹനവിൽപനയിൽ നല്ല ഉണർവ്

ജൂലൈയിൽ വാഹനവിൽപന ഉഷാറായെന്ന് കമ്പനികൾ പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. യാത്രാ വാഹന വിൽപന 50 ശതമാനത്തിലേറെ വർധിച്ചു. കമ്പനികൾ റീട്ടെയിൽ ഷോറൂമുകളിലേക്ക് അയച്ച വാഹനങ്ങളുടെ കണക്കാണിത്. യഥാർഥ വിൽപനയുടെ കണക്കു ഡീലർമാരുടെ സംഘടന പിന്നീടു പുറത്തുവിടും.
മാരുതിയുടെ വിൽപന തലേ ജൂലൈയിലെ 1.08 ലക്ഷത്തിൽ നിന്ന് 1,62,462 ആയി. വർധന 50.3 ശതമാനം. ഹ്യുണ്ടായിയുടേത് 41,300-ൽ നിന്ന് 60,249 ആയി. വർധന 46%. ടാറ്റായുടേത് 43,704-ൽ നിന്ന് 51,981ലെത്തി. വർധന 19%. എംജി മാേട്ടാേഴ്സ് 4225-ഉം (വർധന 101 ശതമാനം) ഹോണ്ട 6055-ഉം (വർധന 559%) ടൊയോട്ട 13,105 - ഉം (വർധന 143%) വാഹനങ്ങൾ വിറ്റു.
ടാറ്റായുടെ കാർ വിൽപന ഇരട്ടിച്ച് 30,185 എണ്ണമായി. വാണിജ്യ വാഹന വിൽപന 88 ശതമാനം ഉയർന്ന് 23,848 ലെത്തി.

കാതൽ മേഖലയിലെ ക്ഷീണം തീർന്നിട്ടില്ല

കാതൽ മേഖലയിലെ എട്ടു വ്യവസായങ്ങളുടെ ജൂണിലെ ഉൽപാദനം 8.9 ശതമാനം വർധിച്ചു. തലേ ജൂണിൽ ഉൽപാദനം 12.4 ശതമാനം കുറവായിരുന്നു. അതായത് ഈ ജൂണിലെ ഉൽപാദനം വേണ്ടത്ര വളർന്നിട്ടില്ല. 2019 ജൂണിനെ അപേക്ഷിച്ച് 4.7 ശതമാനം കുറവാണ് ഉൽപാദനം.
ഏപ്രിൽ-ജൂണിലെ കാതൽ മേഖലാ ഉൽപാദനം 25.3 ശതമാനം ആണു വളർന്നത്. ഈ വളർച്ചയ്ക്കു ശേഷവും 2019 ഏപ്രിൽ-ജൂണിലെ ഉൽപാദനത്തെ അപേക്ഷിച്ച് 4.5 ശതമാനം കുറവാണ് ഈ വർഷം ഏപ്രിൽ - ജൂണിലെ ഉൽപാദനം. കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്നു കാതൽ വ്യവസായ മേഖല ഇനിയും മുക്തമായിട്ടില്ലെന്ന് ഈ കണക്കു കാണിക്കുന്നു.
കാതൽ മേഖലയ്ക്കു വ്യവസായ ഉൽപാദന സൂചിക (ഐഐപി)യിൽ 40.27 ശതമാനം പ്രാതിനിധ്യമുണ്ട്. ജൂണിലെ ഐഐപി വളർച്ച 15 മുതൽ 20 വരെ ശതമാനമാകാമെന്നു നിരീക്ഷകർ കണക്കാക്കുന്നു. അപ്പോഴും 2019-20 ലെ വളർച്ചയിൽ നിന്നു താഴെയാകും ജൂണിലെ വ്യാവസായിക ഉൽപാദനം.
ജൂലൈയിൽ കാതൽ മേഖലയുടെ ഉൽപാദനം 11 മുതൽ 14 വരെ ശതമാനം വർധിക്കാനിടയുണ്ടെന്ന് റേറ്റിംഗ് ഏജൻസികൾ കണക്കാക്കുന്നു. കോവിഡ് രണ്ടാം തരംഗത്തിൻ്റെ ആഘാതത്തിൽ നിന്ന് വ്യവസായ മേഖല ഏകദേശം കരകയറുന്നതായി സൂചനകൾ ഉണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലെ ഉൽപാദനം കുറവായിരുന്നതും സൂചിക ഉയരാൻ കാരണമാകും.

ധനകമ്മി കുറഞ്ഞതിൽ സന്തോഷിക്കും മുമ്പ്

ഏപ്രിൽ-ജൂണിലെ ധനകമ്മി പ്രതീക്ഷയിലും കുറവായി. പ്രതീക്ഷിക്കുന്ന വാർഷിക കമ്മിയുടെ 18.2 ശതമാനമേ ഈ വർഷം ഒന്നാം പാദത്തിൽ ഉണ്ടായുളളു. 2011നു ശേഷം ആദ്യമാണ് ഒന്നാം പാദ കമ്മി ഇത്ര കുറവാകുന്നത്. സാധാരണ വാർഷിക പ്രതീക്ഷയുടെ 30 ശതമാനത്തിലേറെ ഒന്നാം പാദത്തിൽ കമ്മിയാകാറുണ്ട്. ഇത്തവണ ഒന്നാം പാദ കമ്മി 2.74 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്മി 6.6 ലക്ഷം കോടി രൂപയായിരുന്നു.
ഇത്തവണ ഒന്നാം പാദ കമ്മി കുറവായതിനു മൂന്നു കാരണങ്ങൾ ഉണ്ട്.
ഒന്ന് : സർക്കാരിൻ്റെ നികുതി വരുമാനത്തിൽ നല്ല വർധന ഉണ്ടായി. 4.12 ലക്ഷം കോടി നികുതി വരുമാനം കിട്ടി. ഇതു കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ ലഭിച്ചതിൻ്റെ ഇരട്ടിയിലേറെയും വാർഷിക പ്രതീക്ഷയുടെ 26.7 ശതമാനവുമാണ്.
രണ്ട്: നികുതിയിതര വരുമാനത്തിൽ ഗണ്യമായ വർധന ഉണ്ടായി. അതിൻ്റെ കാരണം റിസർവ് ബാങ്ക് നേരത്തേ കണക്കാക്കിയതിൻ്റെ ഇരട്ടിയോളം തുക സർക്കാരിനു നൽകിയതാണ്. 99,122 കോടി രൂപ റിസർവ് ബാങ്ക് നൽകി. ഇതടക്കം നികുതിയിതര വരുമാനം 1.27 ലക്ഷം കോടിയായി. ഇതു വാർഷിക പ്രതീക്ഷയുടെ 52.4 ശതമാനമാണ്.
മൂന്ന്: സർക്കാർ ചെലവ് കുറച്ചു. 8.21 ലക്ഷം കോടി രൂപയാണ് ഒന്നാം പാദത്തിലെ ചെലവ്. വാർഷിക ബജറ്റ് പ്രതീക്ഷയുടെ 23.6 ശതമാനം മാത്രമാണിത്. റവന്യു ചെലവ് 2.4 ശതമാനം കുറവായി.
ഇതിൽ നികുതി പിരിവിലെ വളർച്ച തുടരുമാേ എന്നു രണ്ടാം പാദത്തിലെ പിരിവു കണക്കുകൾ വന്നിട്ടേ വ്യക്തമാകൂ. നികുതിയിതര വരുമാനം വർധിക്കണമെങ്കിൽ പൊതുമേഖലാ ഓഹരി വിൽപന ഉദ്ദേശിക്കുന്ന തോതിൽ വർധിക്കണം. സർക്കാർ ചെലവ് കുറച്ചതു വളർച്ചയ്ക്കു സഹായകമായ നടപടിയല്ലെന്നു നിരീക്ഷകർ പറയുന്നു. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചേ ധനകമ്മി കുറഞ്ഞതിൽ സന്തോഷിക്കാവൂ.


This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it