ഇന്നത്തെ ഈ വെല്ലുവിളിയെ ഓഹരി വിപണി അതിജീവിക്കുമോ? സ്വർണ്ണ വില എങ്ങോട്ട്? ശക്തികാന്ത ദാസ് പറഞ്ഞ മൂന്ന് കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ? ഫ്യൂച്ചറിന്റെ ഭാവി തുലാസിൽ

റിസർവ് ബാങ്കിൻ്റെ പണനയത്തിലെ സൂചനകളും റിലയൻസ് - ഫ്യൂച്ചർ ഇടപാടിനു ലഭിച്ച തിരിച്ചടിയും വിപണിയുടെ വലിയ കുതിപ്പിനു തടയിട്ടാണു കഴിഞ്ഞ വാരം അവസാനിച്ചത്. ഇന്ന് അതിൽ നിന്നു വീണ്ടും കുതിച്ചു കയറാൻ ഒരുങ്ങുമ്പോൾ പുതിയ വെല്ലുവിളികൾ ഉയരുന്നുണ്ട്. എങ്കിലും അവയെയും മറികടക്കാൻ തക്ക പണപ്രവാഹം വിപണിയിലേക്കുണ്ട്.

ഡോളർ കരുത്തു നേടുകയും സ്വർണം കുത്തനെ ഇടിയുകയും ചെയ്ത ഒരു വാരാന്ത്യമാണു കടന്നു പോയത്. ക്രൂഡ് ഓയിലും ഇടിഞ്ഞു. അമേരിക്കയിൽ തൊഴിൽസംഖ്യ പ്രതീക്ഷയിലധികം വർധിച്ചു എന്നതാണു കാരണം. ഈ ഉണർവ്' പലിശ വർധിപ്പിക്കുമെന്ന കണക്കുകൂട്ടൽ വിപണികളെ ഉലച്ചു. അതിൻ്റെ ആഘാതം ഇന്നു മാത്രമേ അറിയാനാകൂ.
യു എസ് ഓഹരി സൂചികകളുടെ ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്.

മഞ്ഞലോഹം എങ്ങോട്ട്?

സ്വർണവില വെള്ളിയാഴ്ച രണ്ടു ശതമാനത്തിലധികം താണ് ഔൺസിന് 1760 ഡോളറിലെത്തി. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരം തുടങ്ങുമ്പോൾ വില 1684 ഡോളറിലേക്ക് ഇടിഞ്ഞു. വാരാന്ത്യ ഇടിവ് ഏഴു ശതമാനം. പിന്നീട് 1735 ഡോളറിലേക്ക് ഉയർന്നു. എങ്കിലും വിപണി കൂടുതൽ താഴ്ചകൾ പ്രതീക്ഷിക്കുകയാണ്.
കേരളത്തിൽ ശനിയാഴ്ച പവന് 600 രൂപ കുറഞ്ഞ് 35,080 രൂപ ആയിരുന്നു. ഒരു വർഷം മുൻപത്തെ വിലയിൽ നിന്ന് 6920 രൂപ കുറവാണത്. 2020 ഓഗസ്റ്റ് ഏഴിന് എത്തിയ 42,000 രൂപയാണു കേരളത്തിൽ പവൻ്റെ റിക്കാർഡ് വില. ഈ മാർച്ച് 31 ലെ 32,880 രൂപയാണ് ഒരു വർഷത്തിനിടയിലെ എറ്റവും താണ നിരക്ക്.
ക്രൂഡ് ഓയിൽ വില രണ്ടു ശതമാനം താണു. ബ്രെൻ്റ് ഇനം 69.4 ഡോളറിലെത്തി. ചൈന ക്രൂഡ് ഇറക്കുമതി കുറച്ചതും വിപണിയെ ബാധിച്ചു.
പ്രമുഖ കറൻസികളുമായുള്ള ഡോളറിൻ്റെ വിനിമയ നിരക്കിൻ്റെ നില കാണിക്കുന്ന ഡോളർ സൂചിക 93 ലേക്കു കയറി. അത് 95 ആകുമെന്നാണു സംസാരം. യൂറോയുടെ നിരക്ക് 1.17 ഡോളറിലേക്കു താണു. ഡോളർ കരുത്തു തുടർന്നാൽ രൂപയ്ക്കു ക്ഷീണമാകും. 74.16 രൂപയിലായിരുന്നു വെള്ളിയാഴ്ച ഡോളർ.

ആശങ്കയിൽ വിപണി

വെള്ളിയാഴ്ച നിഫ്റ്റി 56.4 പോയൻ്റ് താണ് 16,238.2 ലും സെൻസെക്സ് 215.12 പോയിൻ്റ് താണ് 54,277.72 ലും ക്ലോസ് ചെയ്തു. അന്നു യൂറോപ്യൻ, അമേരിക്കൻ വിപണികളും ഉയർന്നു.
ഇന്ന് നിഫ്റ്റി 16,210-നു മുകളിൽ നിന്നാൽ 16,350-ലേക്കും പിന്നീടു 16,700 ലേക്കുമുള്ള പ്രയാണം തുടരാനാകുമെന്ന് സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിപണി പാർശ്വ നീക്കം നടത്തി നിലവിലെ നേട്ടം ഉറപ്പിക്കാനാകും ആദ്യം ശ്രമിക്കുക എന്ന വിലയിരുത്തലുമുണ്ട്. വിപണിക്കു 16,150-ലും 16050 ലും സപ്പോർട്ട് കിട്ടും. ഉയർച്ചയിൽ 16,310-ഉം 16,380-ഉം തടസങ്ങളാകാം.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ചെറിയ താഴ്ചയിലാണു തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി 16,251-ൽ നിന്ന് ഇന്നു രാവിലെ 16,209 വരെ താണു.പിന്നീടു 16,220 ലേക്കു കയറിയിട്ട് 16,199 ലേക്കു താണു. ആഗാേള ചലനങ്ങൾ ഇന്ത്യൻ വിപണിയിൽ താഴ്ന്ന തുടക്കത്തിനു കാരണമാകുമെന്ന ആശങ്കയാണു താഴ്ചയ്ക്കു പിന്നിൽ.

ഐപിഒ ലഹരി തുടരുന്നു

വെള്ളിയാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 69.37 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അവർ വിൽപനക്കാരായെങ്കിലും വിപണി അതേച്ചൊല്ലി ആകുലപ്പെടുന്നില്ല.
കഴിഞ്ഞയാഴ്ച നാല് ഐപിഒകൾ ഉണ്ടായിരുന്നു. മൊത്തം 3614 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിച്ച അവയ്ക്കു വളരെ മികച്ച പ്രതികരണമാണു ലഭിച്ചത്. ഈയാഴ്ചയും നാല് ഐപിഒകൾ ഉണ്ട്. മൊത്തം 14,628 കോടി സമാഹരിക്കുകയാണ് ലക്ഷ്യം. ഇവയ്ക്കും നല്ല സ്വീകരണം ലഭിക്കുമെന്നാണു സൂചന.

ശക്തികാന്ത ദാസ് പറഞ്ഞതും പറയാത്തതും

വെള്ളിയാഴ്ച റിസർവ് ബാങ്ക് പ്രഖ്യാപിച്ച പണനയം ഓഹരി വിപണിക്ക് ആദ്യം ഇഷ്ടപ്പെട്ടെങ്കിലും പിന്നീട് വിപണി താഴാേട്ടു പോയി. ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞതും പറയാതെ പറഞ്ഞതുമായ കാര്യങ്ങൾ വിപണിക്കു മൂന്നു ബോധ്യങ്ങൾ നൽകി. അതാണു താഴ്ചയ്ക്കു കാരണം.
ഒന്ന്: വിലക്കയറ്റം പെട്ടെന്നു താഴില്ല.
രണ്ട്: ജിഡിപി വളർച്ചയുടെ തോത് ഈ പാദം മുതൽ കുറയും.
മൂന്ന്: അടുത്ത ധനകാര്യ വർഷം ആദ്യം തന്നെ പലിശ നിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് നിർബന്ധിതമാകും.

വിലക്കയറ്റം പരിധിക്കപ്പുറം തന്നെ

വിലക്കയറ്റത്തിൻ്റെ കാര്യത്തിൽ മുൻ ധാരണകൾ തിരുത്തിയാണ് റിസർവ് ബാങ്ക് പുതിയ പണനയ അവലോകനം നടത്തിയത്. വാർഷിക ചില്ലറ വിലക്കയറ്റം (സിപിഐ) 5.1 ശതമാനം പ്രതീക്ഷിച്ചത് 5.7 ശതമാനമായി കൂട്ടി. ഏപ്രിലിലെ നിഗമനം ജൂലെെയിലെ പണനയ കമ്മിറ്റി (എംപിസി) തിരുത്തിയിരുന്നില്ല. ഓരാേ പാദത്തിലെയും നിരക്കുപ്രതീക്ഷ മാത്രം മാറ്റിയിരുന്നു. ഇത്തവണ വാർഷിക നിഗമനം തന്നെ മാറ്റി. അതിനു ശേഷവും വിലക്കയറ്റം താൽക്കാലികമാണെന്നു ഗവർണർ ദാസ് പറഞ്ഞതിനു വലിയ പ്രാധാന്യം കൽപിക്കേണ്ടതില്ല.
5.2% വിലക്കയറ്റം പ്രതീക്ഷിച്ച ഒന്നാം പാദത്തിൽ ഉണ്ടായത് 5.6% കയറ്റം. രണ്ടാം പാദത്തിലെ പ്രതീക്ഷ 5.2% -ൽ നിന്ന് 5.9% ആക്കി. മൂന്നാം പാദത്തിലേത് 4-4 ൽ നിന്ന് 5.3 ഉം നാലാം പാദത്തിലേത് 5.1 ൽ നിന്ന് 5.8 ഉം ശതമാനമായി ഉയർത്തി. അതായത് വിലക്കയറ്റം ഒന്നാം പാദത്തിലേതിൽ നിന്ന് രണ്ടും നാലും പാദങ്ങളിൽ ഉയർന്നു നിൽക്കും.

ഇതു താൽക്കാലികമാേ?

വിലക്കയറ്റം ഈ പരിധിയിൽ തന്നെ നിൽക്കുമെന്ന് ഉറപ്പു പറയാൻ റിസർവ് ബാങ്കിനു പറ്റില്ല. കഴിഞ്ഞ ധനകാര്യ വർഷത്തെ 6.2 ശതമാനത്തിൽ നിന്ന് 5.7 ശതമാനത്തിലേക്കു കൊണ്ടു വരുന്നതു വലിയ നേട്ടമാകുമെന്നു മാത്രമാണു വിശദീകരണം.
രണ്ടു മൂന്നു വർഷം കൊണ്ടു വിലക്കയറ്റം നാലു ശതമാനം തോതിലേക്കു താഴ്ത്തുകയാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നാണ് ഇപ്പോൾ പറയുന്നത്. അതായതു മൂന്നു നാലു വർഷം നീണ്ടു നിൽക്കുന്ന വിലക്കയറ്റമാണു കഴിഞ്ഞ വർഷമാരംഭിച്ചത്. ഇതിനെ താൽക്കാലികം എന്നു വിശേഷിപ്പിക്കുന്നത് ക്രൂരമായ തമാശയല്ലേ?

ലക്ഷ്യവും നടപടികളും

വിലക്കയറ്റം പിടിച്ചനിർത്തുക എന്ന ലക്ഷ്യമാണു റിസർവ് ബാങ്കിനു ഗവണ്മെൻ്റ് നൽകിയിട്ടുള്ളത്. എന്നാൽ സാമ്പത്തിക വളർച്ചയ്ക്കു വേണ്ടതെല്ലാം ( whatever it takes) ചെയ്യുകയാണു ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ഗവർണർ ദാസ് സ്ഥാനമേറ്റതു മുതൽ പറയുന്നത് ഇത്തവണയും ആവർത്തിച്ചു.
എന്നാൽ സംഭവിക്കുന്നതോ? വിലക്കയറ്റം പരിധിക്കപ്പുറം പോകുന്നു; വളർച്ച സംഭവിക്കുന്നുമില്ല.
2018 ഡിസംബറിൽ ദാസ് ഗവർണർ സ്ഥാനം ഏറ്റെടുത്ത ശേഷം ഇതുവരെയുള്ള ജിഡിപി വളർച്ചയുടെ ഗതി താഴോട്ടാണ്. ഈ ധനകാര്യ വർഷം കഴിഞ്ഞാലേ 2018-19 ലെ വലുപ്പത്തിലേക്കു ജിഡിപി തിരിച്ചെത്തൂ. വിലക്കയറ്റം 2018-19 ലെ 3.4 ശതമാനത്തിൽ നിന്ന് പിറ്റേ വർഷം 4.8 ശതമാനവും കഴിഞ്ഞ വർഷം 6.2 ശതമാനവുമായി.
നയങ്ങളിലും സമീപനങ്ങളിലും നടപടികളിലും തിരുത്തലുകൾ ആവശ്യമാണെന്നു വ്യക്തം.

വളർച്ചയിലും ആശ്വാസമില്ല

ഈ വർഷത്തെ ജിഡിപി വളർച്ച സംബന്ധിച്ച റിസർവ് ബാങ്കിൻ്റെ നിഗമനങ്ങളും ആശ്വാസകരമല്ല. ഒന്നാം പാദത്തിൽ ആദ്യം (ഏപ്രിൽ) പ്രതീക്ഷിച്ചത് 26.2 ശതമാനം വളർച്ച. ജൂലൈയിൽ അത് 18.5% ലേക്കു താഴ്ത്തി. ഇപ്പോൾ 21.4% ലേക്കുയർത്തി. രണ്ടാം പാദത്തിലേത് ആദ്യം 8.3 ഉം പിന്നീട് 7.9 ഉം കണക്കാക്കിയത് ഇപ്പാേൾ 7.3 ശതമാനമാക്കി. അടുത്ത പാദങ്ങളിൽ യഥാക്രമം 6.3 ഉം 6.1 ഉം ശതമാനം വളരുമെന്നാണു പ്രതീക്ഷ.
വളർച്ചയിലെ ക്രമമായ ഈ താഴ്ചയും ഉയർന്ന വിലക്കയറ്റവും ചേരുമ്പോൾ സമ്പദ്ഘടനയെപ്പറ്റി ആശങ്കകൾ ഉയരാതെ തരമില്ല. അത്തരം ആശങ്കകളൊന്നും കാണിക്കാതെയാണു ശക്തികാന്ത ദാസ് പണനയം അവതരിപ്പിച്ചത്. ആശങ്കകൾ കാണാത്തതാണോ കണ്ടിട്ടും കാണാത്ത മട്ട് നടിക്കുന്നതാണോ എന്നറിയണമെങ്കിൽ എം പി സി യോഗത്തിൻ്റെ മിനിറ്റ്സ് പുറത്തു വരണം.

ഫ്യൂച്ചറിൻ്റെ ഭാവി എന്ത്?

ഫ്യൂച്ചറിൻ്റെ റീട്ടെയിൽ വിഭാഗം റിലയൻസിനു വിൽക്കാനുള്ള നീക്കം സ്റ്റേ ചെയ്ത അന്താരാഷ്ട്ര മധ്യസ്ഥ ട്രൈബ്യൂണൽ വിധി ഇന്ത്യയിൽ ബാധകമാണെന്നു സുപ്രീം കോടതി വെള്ളിയാഴ്ച വിധിച്ചു. സിംഗപ്പുരിലെ ട്രൈബ്യൂണൽ വിശദമായി വാദം കേട്ട് വിധി നൽകാൻ മാസങ്ങൾ എടുക്കും.
റിലയൻസിന് ഇന്ത്യയിലെ റീട്ടെയിൽ വ്യാപാരത്തിൽ വലിയ കുതിച്ചു ചാട്ടമാകുമായിരുന്നു ഫ്യൂച്ചറുമായുള്ള ഇടപാട്. അത് അനിശ്ചിതമായി നീളും എന്നതാണ് പുതിയ വിധി മൂലം റിലയൻസിനു വരുന്ന പ്രശ്നം.
എന്നാൽ നിലനിൽപ്പിനു വരുമാനമില്ലാത്ത ഫ്യൂച്ചർ ഗ്രൂപ്പിനു പ്രശ്നം ഗുരുതരമാണ്. കടം നൽകിയ ബാങ്കുകൾ ഇനി കാത്തിരിക്കാൻ തയാറായെന്നു വരില്ല. ട്രൈബ്യൂണലിൻ്റെ ഇടക്കാല വിധിയെ ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിക്കാനാണു ഫ്യൂച്ചർ ഇപ്പോൾ ആലോചിക്കുന്നത്. ഇതു വരെ ട്രൈബ്യൂണൽ വിധി തങ്ങൾക്കു ബാധകമല്ലെന്നായിരുന്നു വാദം. ഇനി വിധിയുടെ ന്യായാന്യായങ്ങൾ സംബന്ധിച്ചാകും കേസ്.
ഒരു വശത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും (മുകേഷ് അംബാനി) മറുവശത്ത് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും (ആമസാേണിൻ്റെ ജെഫ് ബെസോസ്) നിൽക്കുന്ന ഈ പോരാട്ടത്തിൻ്റെ അന്ത്യം കാണും മുമ്പ് കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് ഇല്ലാതാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കടം നൽകിയവരും പണം കിട്ടാനുള്ളവരും പാപ്പർ നടപടികൾക്കു തുടക്കമിട്ടാൽ കഥയെല്ലാം മാറും.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it