റീട്ടെയിൽ നിക്ഷേപകർ സജീവം; വിദേശികൾ വിറ്റിട്ടും വിപണി റിക്കാർഡ് ഉയരത്തിൽ; ചൈനീസ് ക്ഷീണത്തിൽ ലോഹങ്ങൾക്ക് ഇടിവ്; ഇനി ക്രെഡിറ്റ് കാർഡിൽ പോരാട്ടം

കോവിഡ് വ്യാപനം, അമേരിക്കയിലെ റീട്ടെയിൽ വ്യാപാര ഇടിവ്, ചൈനയിലെ വളർച്ചമാന്ദ്യം: ഈ വിഷയങ്ങളിലെ ആശങ്ക ഇന്നലെ പാശ്ചാത്യ ഓഹരി വിപണികളെ ഉലച്ചു. ഇന്ത്യ ഒഴികെയുള്ള ഏഷ്യൻ വിപണികളും താഴോട്ടാണു നീങ്ങിയത്. ഇന്നു വീണ്ടും ഏഷ്യൻ വിപണികൾ ആവേശം കുറഞ്ഞ തുടക്കമാണു കുറിച്ചത്. ഇതിൻ്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിൽ ഉണ്ടാകാം.

ഏറെ സമയം താഴ്ന്നു നിന്നിട്ട് ചില മേഖലകളിലെ ഉത്സാഹത്തിൻ്റെ ബലത്തിൽ സൂചികകൾ ഇന്നലെ പുതിയ ഉയരങ്ങളിലെത്തുകയായിരുന്നു. ഐടി, എഫ്എംസിജി, ഹെൽത്ത് കെയർ മേഖലകളാണ് ഇന്നലെ വിപണിയെ ഉയർത്തിയത്. ഐടി സൂചിക രണ്ടു ശതമാനത്തോളം ഉയർന്നു. സെൻസെക്സ് 209.69 പോയിൻ്റ് കയറി 55,792.27 ലും നിഫ്റ്റി 51.55 പോയിൻ്റ് കയറി 16,614.6 ലും ക്ലോസ് ചെയ്തു. ബാങ്ക് ഓഹരികളാണു വിപണിയെ ഉലച്ചത്. കുറേ ദിവസങ്ങളായി താഴോട്ടു നീങ്ങിയിരുന്ന സ്മോൾ- മിഡ് ക്യാപ് ഓഹരികൾ ഇന്നലെ നേട്ടമുണ്ടാക്കി.
നാളെ മുഹറം പ്രമാണിച്ചു വിപണി അവധിയിലാണ്. അതിനാൽ ഓപ്ഷൻസ് സെറ്റിൽമെൻ്റ് ഇന്നു നടത്തേണ്ടതുണ്ട്. വിപണി മനോഭാവത്തെ ഇതു ബാധിച്ചേക്കാം.
യു എസ് വിപണി ഇന്നലെ ഒരു ശതമാനത്തോളം താണു. ജൂലൈയിലെ റീട്ടെയിൽ വ്യാപാരം പ്രതീക്ഷയിലും താഴെയായതാണു കാരണം. ഇന്നു രാവിലെ ഫ്യൂച്ചേഴ്സും താഴ്ചയിലാണ്. ഇതും വിപണിയെ സ്വാധീനിക്കും.

വിദേശികൾ വിൽക്കുന്നു

ഇന്ത്യൻ സൂചികകൾ ബുളളിഷ് സൂചനകളോടെയാണ് ഇന്നലെ ക്ലോസ് ചെയ്തത്. വിപണിയിലേക്ക് റീട്ടെയിൽ നിക്ഷേപകരും മ്യൂച്വൽ ഫണ്ടുകളും പണമൊഴുക്കുകയാണ്.തന്മൂലം വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ചിട്ടും വിപണി ഉയരുന്നു. ഇന്നലെ വിദേശികൾ 343.73 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതോടെ ഓഗസ്റ്റിലെ വിദേശി നിക്ഷേപം 2063 കോടിയായി കുറഞ്ഞു.
സ്വദേശി ഫണ്ടുകൾ ഇന്നലെ 266.43 കോടിയുടെ നിക്ഷേപം നടത്തി. ഈ മാസം ഇതു വരെ ഫണ്ടുകളുടെ നിക്ഷേപം 2305.8 കോടിയായി ഉയർന്നു.
വിപണി ബുള്ളിഷ് ആണെന്നും 16,800-16,900 മേഖല ലക്ഷ്യമിട്ടു നിഫ്റ്റി നീങ്ങുമെന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 16,665 ലും 16,715 ലും ആണു തടസം പ്രതീക്ഷിക്കുന്നത്. 16,540-ലും 16,450 ലും സപ്പോർട്ട് ഉണ്ടാകും.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ ലോസ് ചെയ്തത് 16,583 ലാണ്. ഇന്നു വിപണി അൽപം താണു മാത്രമേ വ്യാപാരം തുടങ്ങൂ എന്ന സൂചനയാണ് ഇതു നൽകുന്നത്. ഇന്നു രാവിലെ വീണ്ടും താഴ്ചയിലാണ് ഡെറിവേറ്റീവ് വിപണി.

ക്രൂഡും ലോഹങ്ങളും ഇടിവിൽ

ക്രൂഡ് ഓയിൽ വില താഴ്ചയിൽ നിന്നു കയറാൻ വിഷമിക്കുന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 69.03 ഡോളറിലാണ്. കോവിഡ് മൂലം ചൈനയിലെ തിരക്കേറിയ ഒരു തുറമുഖം എട്ടു ദിവസമായി അടച്ചിട്ടതും ന്യൂസിലൻഡ് ഇന്നലെ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും ക്രൂഡ് വിപണിയെ താഴ്ത്തി നിർത്തുന്നു.
യു എസ് റീട്ടെയിൽ വ്യാപാരം കഴിഞ്ഞ മാസം 1.1 ശതമാനം കുറഞ്ഞതു സ്വർണ വിപണിയെ അൽപം സഹായിച്ചു. ഔൺസിന് 1780 ഡോളറിലേക്കു തന്ന വില 1785-1787 നിലവാരത്തിലേക്കു തിരിച്ചു കയറ്റി.
ഡോളർ സൂചിക ഇന്നലെ വീണ്ടും 93-നു മുകളിലെത്തി. ഇതു രൂപയ്ക്കു മേൽ സമ്മർദം ചെലുത്തും. ഇന്നലെ ഡോളർ 10 പൈസ കയറി 74.35 രൂപയിലെത്തിയിരുന്നു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും താഴോട്ടു പോയി. ചെമ്പിനു രണ്ടു ശതമാനം ഇടിവാണുണ്ടായത്. അലൂമിനിയം 2600 ഡോളറിനു താഴെയായി. സിങ്ക്, നിക്കൽ തുടങ്ങിയവയും താഴോട്ടാണ്. ചൈനീസ് ഡിമാൻഡ് കുറയുന്നതാണു കാരണം.

വിലക്കയറ്റത്തിൽ ആശ്വാസമെന്നു റിസർവ് ബാങ്ക്

രാജ്യത്തു വിലക്കയറ്റത്തിൻ്റെ പാരമ്യം കഴിഞ്ഞു പോയെന്നു റിസർവ് ബാങ്ക് അവകാശപ്പെട്ടു. കഴിഞ്ഞ പണനയ അവലോകനത്തിൽ കണക്കാക്കിയ പാതയിൽ ഇനി വിലക്കയറ്റം സ്ഥിരത പ്രാപിക്കും എന്നാണു ബാങ്കിൻ്റെ റിപ്പോർട്ട്. ഈ വർഷം ചില്ലറ വിലക്കയറ്റം 5.7 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയത്. മേയിലും ജൂണിലും 6.3 ശതമാനമായിരുന്ന ചില്ലറ വിലക്കയറ്റം ജൂലൈയിൽ 5.6 ശതമാനമായി താണിരുന്നു.
ബാങ്കിൻ്റെ സ്റ്റേറ്റ് ഓഫ് ദ ഇക്കോണമി റിപ്പോർട്ട് വിലക്കയറ്റവും ജിഡിപി വളർച്ചയും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദമായി പറയുന്നുണ്ട്. പണപ്പെരുപ്പം അഥവാ വിലക്കയറ്റം ഒരു ശതമാനം കുറയ്ക്കണമെങ്കിൽ വളർച്ച ഒന്നര - രണ്ട് ശതമാനം കുറയ്ക്കേണ്ടി വരുമത്രെ. വളർച്ച നിരക്ക് ഇനിയും കുറഞ്ഞാൽ രാജ്യം മാന്ദ്യത്തിലാകും. അതു വരുത്തുന്ന ദുരിതം അവർണനീയമാണ്. അതു കൊണ്ടാണു പണനയ കമ്മിറ്റി നിരക്കുകളിൽ മാറ്റം വരുത്താത്തത്. അടിസ്ഥാന പലിശ നിരക്ക് വളരെ താഴ്ത്തിയും പണലഭ്യത പരമാവധി വർധിപ്പിച്ചുമുള്ള നയമാണു കമ്മിറ്റി തുടർന്നത്. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളെയൊന്നും മാതൃകയാക്കുന്നില്ലെന്നും റിസർവ് ബാങ്കിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

കെഡിറ്റ് കാർഡ് വിപണി വീണ്ടും ചൂടാകും

എച്ച്ഡിഎഫ്സി ബാങ്കിന് പുതിയ ക്രെഡിറ്റ് കാർഡ് നൽകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് റിസർവ് ബാങ്ക് ഇന്നലെ നീക്കി. കഴിഞ്ഞ ഡിസംബറിലാണ് വിലക്കേർപ്പെടുത്തിയത്. ബാങ്കിൻ്റെ മൊബൈൽ ബാങ്കിംഗ് ആപ്പിൻ്റെയും ഇൻ്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമിൻ്റെയും പ്രവർത്തനം തുടർച്ചയായി തടസപ്പെട്ട സാഹചര്യത്തിലാണ് വിലക്കു പ്രഖ്യാപിച്ചത്.
സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് കഴിഞ്ഞ ഡിസംബറിൽ 153.8 ലക്ഷം ക്രെഡിറ്റ് കാർഡുകൾ ഉണ്ടായിരുന്നു. ഈ ജൂണിൽ അതു 148.2 ലക്ഷമായി കുറഞ്ഞു. കാർഡ് വിപണിയിലെ ഒന്നാം സ്ഥാനവും വിപണിപങ്കും നിലനിർത്താൻ ബാങ്ക് തീവമായി ശ്രമിക്കും. വരും നാളുകളിൽ ക്രെഡിറ്റ് കാർഡ് മാർക്കറ്റിംഗിൽ നല്ല പോരാട്ടം പ്രതീക്ഷിക്കാം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it