ആവേശം വിടാതെ വിപണി; ചെറുകിട ഓഹരികൾ വീണ്ടും ഉയരുന്നു; വിദേശികൾ ചെയ്യുന്നത്; ആസ്തി വിറ്റാൽ പിന്നെ എന്ത്? വായ്പാമേളകളുമായി ബാങ്കുകൾ

റിക്കാർഡ് ഉയരങ്ങളിൽ എത്തിയ ശേഷം കാര്യമായ നേട്ടമില്ലാതെ നിഫ്റ്റിയും ചെറിയ നഷ്ടത്തോടെ സെൻസെക്സും ക്ലോസ് ചെയ്തു. വിപണി മനോഭാവം ബുള്ളിഷ് ആയി തുടരുന്നുവെങ്കിലും കരുതലിനാണ് മുൻതൂക്കം.

മുഖ്യസൂചികകൾ ജാഗ്രത പാലിക്കുമ്പോൾ സ്മാേൾ, മിഡ് ക്യാപ് ഓഹരികൾ ആവേശം പുലർത്തുന്നു. നിഫ്റ്റിയും സെൻസെക്സും കാണിക്കുന്നതിനപ്പുറം ബുളളിഷ് ആണു വിപണി എന്നു വ്യക്തം. ഇന്നലെ ഒരോഹരി താഴുമ്പോൾ രണ്ട് ഓഹരികൾ ഉയരുന്നതായിരുന്നു വിശാല വിപണിയിൽ കണ്ടത്.
പാശ്ചാത്യ സൂചനകളും വിപണി ഉയരുന്നതിന് അനുകൂലമാണ്. ഇന്ന് ഓഗസ്റ്റ് സീരീസ് ഡെറിവേറ്റീവുകളുടെ സെറ്റിൽമെൻ്റ് കഴിയുന്നതോടെ വിപണി കൂടുതൽ ഉന്മേഷം കൈവരിക്കുമെന്നാണു പ്രതീക്ഷ.

ബാങ്കുകൾ പിന്നോട്ടു വലിച്ചു

സെൻസെക്സ് 14.77 പോയിൻ്റ് താണ് 55,944.21 ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 56,198.13 വരെ സൂചിക ഉയർന്നതാണ്. നിഫ്റ്റി 10.05 പോയിൻ്റ് കയറി 16,634.65 ൽ ക്ലോസ് ചെയ്തു. 16,712.45 വരെ കയറിയിട്ടാണു നിഫ്റ്റി ചെറിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്ക് ഓഹരികളിലെ ഇടിവാണു മുഖ്യസൂചികകളെ വലച്ചുതാഴ്ത്തിയത്.ബാങ്ക് സൂചിക 0.35 ശതമാനം താണു. വാഹന, ഫാർമ ഓഹരകൾക്കും ഇന്നലെ ക്ഷീണമായിരുന്നു. ഐടി, മെറ്റൽ, എഫ്എംസിജി ഓഹരികൾ നേട്ടമുണ്ടാക്കി.
സ്മോൾ ക്യാപ് സൂചിക ഇന്നലെ 0.68 ശതമാനം ഉയർന്നപ്പോൾ മിഡ് ക്യാപ് സൂചിക 0.58 ശതമാനം നേട്ടമുണ്ടാക്കി.

വിദേശികൾ വിൽപന തുടരുന്നു

ചെറിയ ബെയറിഷ് കാൻഡിൽ രൂപപ്പെടുത്തിയാണു ചാർട്ടുകൾ നിൽക്കുന്നതെങ്കിലും വിപണി തിരുത്തലിൻ്റെ സൂചനകൾ നൽകുന്നില്ലെന്ന് സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 16,700 ലെ തടസമാണു നിഫ്റ്റിക്കു കുതിപ്പിനു പ്രതിബന്ധം. അതു മറികടന്നാൽ 16,900 വരെ വഴി സുഗമമാകും. 16,600-ലും 16,500 ലും വിപണിക്കു സപ്പോർട്ടുണ്ട്.
ഇന്നലെയും വിദേശ നിക്ഷേപകർ വൻതോതിൽ വിറ്റഴിച്ചു.1071.83 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. സ്വദേശി ഫണ്ടുകളും ഇന്നലെ വിൽപനക്കാരായി. 151.39 കോടിയുടെ ഓഹരികൾ അവർ വിറ്റു.
തുടർച്ചയായ ഏഴാം ദിവസമാണു ക്യാഷ് വിപണിയിൽ വിദേശികൾ വിൽപനക്കാരാകുന്നത്. ഡെറിവേറ്റീവുകളിൽ അവർ വാങ്ങുന്നുണ്ട്.
ഇന്നലെ യൂറോപ്യൻ, അമേരിക്കൻ ഓഹരികൾ ചെറിയ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ചെറിയ കയറ്റത്തോടെ വ്യാപാരം തുടങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി 16,680 ലാണു ക്ലോസ് ചെയ്തത്. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതിലുള്ളത്.

ക്രൂഡിനും ലോഹങ്ങൾക്കും കയറ്റം

ഡോളർ സൂചിക ഉയർന്നു നിൽക്കുകയാണെങ്കിലും ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 1.75 ശതമാനം ഉയർന്ന് 72.25 ഡോളറിലെത്തി. പിന്നീട് അൽപം താണു. ഡബ്ള്യുടിഐ ഇനം 68 ഡോളറിലാണ്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ടു വില 10 ശതമാനത്തോളം കയറി. അമേരിക്കയിലും ചൈനയിലും ഇന്ധന ഡിമാൻഡ് വർധിക്കുന്നതാണു കാരണം.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഉണർവിലായിരുന്നു. ചെമ്പും ഇരുമ്പയിരും ചെറിയ തോതിൽ താണെങ്കിലും അലൂമിനിയം, ലെഡ്, സിങ്ക്, നിക്കൽ, ടിൻ തുടങ്ങിയവ നേട്ടമുണ്ടാക്കി. ആഗോള വളർച്ചയെപ്പറ്റിയുള്ള ആശങ്കകൾ അകന്നതാണു വിലകളെ റിക്കാർഡ് നിലവാരത്തിലേക്കു വീണ്ടും എത്തിക്കുന്നത്.
സ്വർണം വീണ്ടും താണു. 1783 ഡോളർ വരെ ഇടിഞ്ഞ വില തിരിച്ചു കയറി ഇന്നു രാവിലെ ഔൺസിന് 1791 ഡോളറിലാണ്.

ആസ്തി വിൽപനയിൽ വലിയ മോഹങ്ങൾ

കേന്ദ്ര സർക്കാരിൻ്റെ ബൃഹത്തായ ആസ്തി വിൽപന (എൻഎംപി) അടിസ്ഥാന സൗകര്യ മേഖലയിലെ കമ്പനികൾക്കു നേട്ടമാകുമെന്നു പലരും വിലയിരുത്തുന്നു. ദേശീയ പാതകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, കൽക്കരി ഖനികൾ, വൈദ്യുത പദ്ധതികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവയുടെ നടത്തിപ്പ് ദീർഘകാലത്തേക്കു കൈമാറുന്നതാണ് പദ്ധതി.
പ്രവർത്തനത്തിലുള്ളതോ പ്രവർത്തനക്ഷമമായതോ ആയ ആസ്തികൾ ആണ് ഇങ്ങനെ ദീർഘകാല പാട്ടത്തിനു നൽകുക. ഇതു വഴി കിട്ടുന്ന പണം കൂടുതൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കു വിനിയോഗിക്കും എന്നാണു ധനമന്ത്രി അവകാശപ്പെടുന്നത്.
ഈ വർഷം 88,190 കോടി, 2022-23ൽ 1,62,422 കോടി, 2023-24 ൽ 1,79,544 കോടി, 2024-25 ൽ 1,67,345 കോടി എന്നിങ്ങനെയാണ് ഈ പരിപാടി വഴി സമാഹരിക്കുക.

വാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ എളുപ്പമല്ല

ഇങ്ങനെ കിട്ടുന്ന തുക കൂടുതൽ റോഡുകളും തുറമുഖങ്ങളും വൈദ്യുത പദ്ധതികളും മറ്റും നിർമിക്കാൻ ഉപയോഗിക്കും എന്നാണു വിപണി കരുതുന്നത്. സിമൻ്റ്, സ്റ്റീൽ, എൻജിനിയറിംഗ്, കൺസ്ട്രക്ഷൻ കമ്പനികൾക്കു വലിയ നേട്ടമാകും എന്നും പ്രചാരണമുണ്ട്. എന്നാൽ ഇപ്പോഴത്തെ ഭീമമായ ധനകമ്മി കുറച്ചു കൊണ്ടുവരാനുള്ള മാർഗമായേ ആസ്തിവിൽപന മാറൂ എന്നു കരുതുന്നവരാണു പല നിരീക്ഷകരും.
ഐടിഡിസിയുടെ ഡൽഹിയിലെ ഹോട്ടൽ അശോക് അടക്കമുള്ള നക്ഷത്ര ഹോട്ടലുകൾ വിറ്റു കിട്ടുന്ന പണം പുതിയ ഹോട്ടലുകൾ തുടങ്ങാൻ ഉപയോഗിക്കുമെന്നു കരുതാൻ ഒരു മാർഗവുമില്ല. റെയിൽവേ സ്റ്റേഷൻ, തുറമുഖ, വിമാനത്താവള കൈമാറ്റങ്ങളും പുതിയവയുടെ നിർമാണത്തിലേക്കു വഴിതെളിക്കില്ല. വൈദ്യുതി നിലയങ്ങളുടെയും കൽക്കരി ഖനികളുടെയും കാര്യവും ഇങ്ങനെ തന്നെ.

വായ്പാമേളകൾ വീണ്ടും വരുന്നു

വ്യവസായ വളർച്ചയെപ്പറ്റിയും സാമ്പത്തിക ഉണർവിനെപ്പറ്റിയും ഗവണ്മെൻ്റ് പല അവകാശവാദങ്ങളും നടത്താറുണ്ടെങ്കിലും ഇപ്പോൾ വ്യക്തമായ ഒരു കാര്യമുണ്ട്. മൂലധന നിക്ഷേപം വർധിക്കുന്നില്ല. അതിനാൽ ബാങ്ക് വായ്പകൾ കൂടുന്നില്ല. ബാങ്കിലെ നിക്ഷേപങ്ങൾ 11-12 ശതമാനം വർധിക്കുമ്പോൾ വായ്പകൾ 5-6 ശതമാനം മാത്രം കൂടുന്നു.
വ്യവസായങ്ങൾ വായ്പ എടുക്കാത്തത് ലാഭകരമായ ബിസിനസ് അന്തരീക്ഷം കാണാത്തതു കൊണ്ടാണ്. കമ്പനികൾ ശേഷി കൂട്ടാനും പുതിയ യൂണിറ്റുകൾ തുടങ്ങാനും മടിച്ചു നിൽക്കുന്നു.
ഈ സാഹചര്യത്തിൽ വായ്പാമേളകൾ നടത്തി വായ്പാ വിതരണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണു സർക്കാർ. ഒക്ടോബറിൽ എല്ലാ ജില്ലകളിലും പൊതുമേഖലാ ബാങ്കുകൾ വായ്പാമേള നടത്തുമെന്നു ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം അറിയിച്ചു. 2009-ൽ ആരംഭിച്ച വായ്പാ വിതരണ പദ്ധതിയുടെ തുടർച്ചയാണിതെന്നു മന്ത്രി പറയുന്നു.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it