ആശ്വാസ റാലി കാത്തു വിപണി; ഓഹരികൾക്കു വില കൂടുതലെന്ന് വിദേശികൾ; ചെറിയ ഉയർച്ചയിൽ നല്ല ഓഹരികൾ വിറ്റു കളയരുത്; തിരുത്തലിൻ്റെ അടിത്തട്ട് എവിടെ?

ലോകം ഒമിക്രോൺ ആശങ്കകൾ മാറ്റിവച്ചു. അതോടെ ഓഹരികളും ക്രൂഡ് ഓയിലും കുതിച്ചു. വ്യാവസായിക ലോഹങ്ങൾ ഉണർവിലായി. പലിശ നിരക്ക് ഉയരുമെന്ന പ്രതീക്ഷയും ശക്തമായി.

എന്നാൽ, ഇന്ത്യയിൽ എല്ലാ താങ്ങുകളും തകർത്തു കൊണ്ട് ഓഹരി സൂചികകൾ ആഴത്തിലേക്കു പതിക്കുന്നു. സർവകാല റിക്കാർഡിൽ നിന്നു 10 ശതമാനത്തോളം താഴ്ന്ന വിപണി തിരുത്തൽ മേഖലയിലേക്കു കടന്നു. ഇടയ്ക്കു ചെറിയ ആശ്വാസ റാലികൾ ഉണ്ടാകുമെങ്കിലും തിരുത്തൽ കുറേക്കൂടി നീണ്ടു നിൽക്കും എന്നാണു പരിചയ സമ്പന്നരായ ബ്രോക്കർമാർ പറയുന്നത്. ചെറിയ ഉയർച്ചകളിൽ വിൽപ്പനയ്ക്കുള്ള ഉപദേശം മികച്ച ഓഹരികളുടെ കാര്യത്തിൽ സ്വീകരിക്കരുതെന്നാണ് അവർ പറയുക. എന്നാൽ അത്ര കരുത്തില്ലാത്ത ഓഹരികൾ വിറ്റു മാറാൻ ചെറിയ ഉയർച്ചകൾ അവസരമാക്കാം. ഇന്ന് ആഗോള സൂചനകളുടെ പിൻബലത്തിൽ ആശ്വാസ റാലിക്കു വിപണി ശ്രമിക്കും.
ഇന്നലെ ഇന്ത്യൻ വിപണിയിൽ മുഖ്യസൂചികകളെല്ലാം പ്രധാന നാഴികക്കല്ലുകൾക്കു താഴെയായി. നിഫ്റ്റി 17,000 വും സെൻസെക്സ് 57,000 വും കടന്നു താഴോട്ടു പോയി. നിഫ്റ്റി 100 ദിവസ മൂവിംഗ് ആവറേജിനു (100 DMA) താഴെയായി. 16,150 നടുത്തുള്ള 200 ദിന മൂവിംഗ് ആവറേജിലാണു പ്രതീക്ഷ. അവിടം അടിത്തറയാക്കി തിരിച്ചു കയറാൻ നിഫ്റ്റി ശ്രമിക്കാം.
ഇന്ത്യൻ വിപണി ഒഴികെയുള്ള പ്രമുഖ വിപണികളെല്ലാം തിങ്കളാഴ്ച ഉണർവിലായിരുന്നു. യൂറോപ്യൻ സൂചികകൾ ശരാശരി ഒന്നര ശതമാനം ഉയർന്നു. അമേരിക്കയിൽ ഡൗ ജോൺസ് 1.87 ശതമാനവും നാസ് ഡാക് 0.9 ശതമാനവും ഉയർന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സും ഉയരത്തിലാണ്. ഏഷ്യൻ വിപണികളും ഉയർന്നു. ചൈന ബാങ്കുകളുടെ കരുതൽ പണ അനുപാതം കുറച്ചത് വായ്പ നൽകാൻ കൂടുതൽ പണം ഉറപ്പാക്കുന്നു. പ്രതിസന്ധിയിലായ റിയൽറ്റി ഗ്രൂപ്പ് എവർഗ്രാൻഡെയുടെ കടങ്ങൾ പുനർ ക്രമീകരിക്കാൻ നടപടികൾ തുടങ്ങി. വിവാദത്തിൽ പെട്ട ആലിബാബ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വലിയ അഴിച്ചുപണി നടത്തുന്നതു ചൈനീസ് ടെക്നോളജി കമ്പനികളും സർക്കാരും സഹകരിച്ചു നീങ്ങുന്നതിൻ്റെ തുടക്കമായി കരുതാം. ഏഷ്യൻ വിപണികളുടെ ഉയർച്ചയ്ക്ക് അതും കാരണമാണ്.
ഇന്നലെ സെൻസെക്സും നിഫ്റ്റിയും 1.65 ശതമാനം വീതം ഇടിഞ്ഞ് മൂന്നു മാസം മുൻപത്തെ നിലവാരത്തിലെത്തി. സെൻസെക്സ് 949.32 പോയിൻ്റ് താണ് 56,747.14 ലും നിഫ്റ്റി 284.45 പോയിൻ്റ് താണ് 16,912.25 ലും ക്ലോസ് ചെയ്തു. ഐടി കമ്പനികൾക്കായിരുന്നു വലിയ പതനം. നിഫ്റ്റി ഐടി സൂചിക 2.7 ശതമാനം താണു. ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഫാർമ, ഓട്ടാേ, എഫ്എംസിജി തുടങ്ങി പ്രമുഖ വ്യവസായ മേഖലകളെല്ലാം കുത്തനേ താണു.

റിസർവ് ബാങ്ക് എന്തുചെയ്യും?

റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി) ഇന്നലെ യോഗം തുടങ്ങി. നാളെ രാവിലെ പത്തിനു ഗവർണർ ശക്തികാന്ത ദാസ് തീരുമാനങ്ങൾ പരസ്യപ്പെടുത്തും. പലിശ വർധന എന്നു തുടങ്ങുമെന്നറിയാനാണു വിപണി കാത്തിരിക്കുന്നത്. ഒമിക്രോൺ ഭീതിക്കു കാര്യമില്ലെന്നു വന്നതാേടെ അടുത്ത ഫെബ്രുവരിയിൽ റീപോ നിരക്ക് കൂട്ടുമെന്ന നിഗമനം വീണ്ടും ശക്തമായി. റിവേഴ്സ് റീപോ 3.35 ശതമാനത്തിൽ നിന്ന് 3.5 ശതമാനത്തിലേക്ക് വർധിപ്പിക്കാൻ നാളെ തീരുമാനിക്കുമെന്നു കരുതുന്നവരുണ്ട്. കടപ്പത്രവിപണനത്തിൽ ഈ നിരക്കു വർധന നടപ്പായിക്കഴിഞ്ഞു. ഇനി അത് ഔപചാരികമാക്കിയാൽ മാത്രം മതി.

വില കൂടുതലെന്നു വിദേശികൾ

വിദേശ നിക്ഷേപകർ വീണ്ടും കനത്ത വിൽപന തുടർന്നു. 3361.28 കോടി രൂപയുടെ ഓഹരികൾ അവർ ഇന്നലെ വിറ്റു. കഴിഞ്ഞ പത്തു ദിവസം കൊണ്ട് 34,000 കോടി രൂപ (450 കോടി ഡോളർ) യുടെ ഓഹരികളാണു വിദേശികൾ വിറ്റൊഴിഞ്ഞത്. ഒമിക്രോൺ ഭീതിയെക്കാളും യുഎസ് പലിശ വർധനയേക്കാളും വിദേശ നിക്ഷേപകരെ വിൽപനയ്ക്കു പ്രേരിപ്പിച്ചത് ഓഹരികളുടെ അമിത വില ആണ്. അടുത്ത വർഷത്തെ പ്രതീക്ഷിത ഇപിഎസി ( പ്രതി ഓഹരി വരുമാനം) ൻ്റെ 25 മടങ്ങാണ് ഒക്ടോബർ മൂന്നാം വാരത്തിൽ നിഫ്റ്റി ഓഹരികളുടെ വില. ഇപ്പോൾ അത് 21.4 ആയി കുറഞ്ഞിട്ടുണ്ട്. വികസ്വര വിപണികളിൽ ശരാശരി പിഇ അനുപാതം 17 ആയിരിക്കെ ഇന്ത്യയിലെ പിഇ അനുപാതം അമിതമാണെന്നു വിദേശികൾ കണക്കാക്കുന്നു.
വിദേശികളുടെ വിൽപനയ്ക്കു സമമായ നിക്ഷേപത്തിന് സ്വദേശി ഫണ്ടുകൾക്കു കഴിയുന്നില്ല. ഇന്നലെ ഫണ്ടുകൾ 1701.56 കോടിയാണു നിക്ഷേപിച്ചത്. ഡിസംബറിൽ ഇതുവരെ വിദേശികൾ 10,393 കോടിയുടെ വിൽപന നടത്തിയപ്പോൾ സ്വദേശികൾ വാങ്ങിയത് 8190 കോടി മാത്രം.
വിപണി ബെയറിഷ് ആയി മാറിയെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. പുതിയൊരു അടിത്തട്ടിൽ എത്തിയിട്ടേ ഇനി ശരിയായ തിരിച്ചു കയറ്റം പറ്റൂ എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 16,795 ലും 16,690 ലുമാണ് അവർ അടുത്ത സപ്പോർട്ടുകൾ കാണുന്നത്. ഉയർച്ചയിൽ 17,080- ഉം 17,120- ഉം തടസമാകും.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,012 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 16,998 വരെ താണിട്ട് 17,030 ലേക്ക് ഉയർന്നു. ഇന്ത്യയിൽ ആശ്വാസ റാലി പ്രതീക്ഷിച്ചാണ് ഡെറിവേറ്റീവ് വിപണിയിലെ വ്യാപാരം.

ക്രൂഡ് ഉയരുന്നു; ഗ്യാസ് താഴുന്നു

ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചു. ഒമിക്രോൺ ഭീതി അകന്നതും ക്രൂഡ് ഡിമാൻഡ് ഉയർന്നു നിൽക്കുന്നതാണു കാരണം. സൗദി അറേബ്യ ഏഷ്യൻ - യുഎസ് ഉപയോക്താക്കൾക്ക് ഉയർന്ന വിലയാണ് കരാർ ചെയ്തത്. ബ്രെൻ്റ് ഇനം ഇന്നലെ 5.5 ശതമാനം ഉയർന്ന് 73.74 ഡോളർ വരെ എത്തി. ഇന്നു രാവിലെ നിരക്ക് അൽപം കുറഞ്ഞു. യൂറോപ്പിൽ ശൈത്യം കടുക്കാത്തത് പ്രകൃതി വാതക വില തുടർച്ചയായി താഴ്ത്തുകയാണ്. ഒരു മാസം മുമ്പ് അഞ്ചു ഡോളറിനു മുകളിലായിരുന്ന വില ഇപ്പോൾ 3.6 ഡോളറിനടുത്ത്. ഇന്നലെയും വെള്ളിയാഴ്ചയും കൂടി വില 20 ശതമാനത്തിലധികം താണു.
വ്യാവസായിക ലോഹങ്ങൾ വീണ്ടും ഉയർച്ചയിലാണ്. ശരാശരി ഒരു ശതമാനം വർധന ഇന്നലെ ഉണ്ടായി. ഇരുമ്പയിരു വില രണ്ടു ശതമാനത്തിലധികം കയറി. ചൈനീസ് വളർച്ച നാടകീയമായി കുറയുന്നില്ലെങ്കിൽ വില വർധന തുടരും.
സ്വർണം ചെറിയ മേഖലയിൽ കയറിയിറങ്ങുന്നു. ഇന്നലെ 1776-1785 ഡോളർ മേഖലയിലായിരുന്നു വില. ഇന്നു രാവിലെ 1781-1783 ഡോളറാണു നിരക്ക്.
ഡോളറിനു കരുത്തു കൂടുകയാണ്. ഡോളർ സൂചിക 96.33 ലാണ്.ഇന്നലെ 33 പൈസ നേട്ടത്തിൽ 75.45 രൂപയിലെത്തി ഡോളർ.
അമേരിക്കയിൽ കടപ്പത്ര വിലകൾ വീണ്ടും താണു. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 1.4 ശതമാനത്തിലേക്കു വീണ്ടും കയറി. അടുത്തയാഴ്ചയാണ് യുഎസ് ഫെഡിൻ്റെ പണനയ കമ്മിറ്റി യോഗം. കടപ്പത്രം തിരിച്ചു വാങ്ങൽ കുറയ്ക്കുന്നതിൻ്റെ തോതും കാലപരിധിയും കമ്മിറ്റി തീരുമാനിക്കും. പലിശ വർധന അടുത്ത വർഷം ആദ്യ പകുതിയിൽ തുടങ്ങുമാേ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്


This section is powered by Muthoot Finance



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it