ഓഹരി വിപണി ഗതി മാറ്റത്തിന്റെ വക്കിലോ? വളഞ്ഞ വഴിയിൽ പലിശ കൂട്ടാൻ റിസർവ് ബാങ്ക് ; ഇന്ത്യയുടെ വളർച്ച ഭദ്രമോ?

ഓഹരി വിപണിയുടെ ദിശ എങ്ങോട്ടാകും? നിരക്കു മാറ്റാതെ പലിശ കൂട്ടാൻ റിസർവ് ബാങ്ക്; വളർച്ച അത്ര ഭദ്രമല്ലെന്നു ശക്തി കാന്ത ദാസ്

പ്രത്യക്ഷത്തിൽ വളർച്ചയെ സഹായിക്കുന്ന പണനയം. കോവിഡ് വകഭേദം ഒമിക്രോൺ അത്ര മാരകമല്ലെന്ന സൂചന. വിപണി അത്യാവേശത്തിലായതിൽ അദ്ഭുതമില്ല. ഇതോടെ വിപണിയുടെ ഗതി മാറിയെന്നു പലരും ചൂണ്ടിക്കാട്ടുന്നു. ആഗാേളസൂചനകൾ അത്ര പോസിറ്റീവ് അല്ലെങ്കിലും ഇന്ത്യൻ വിപണി ഇന്നും ഉണർവിന് ഒരുങ്ങിയാണു നിൽക്കുന്നത്. നിഫ്റ്റി 18,100 ലക്ഷ്യമിട്ടുള്ള യാത്ര തുടങ്ങി എന്നാണു പലരുടെയും വിശകലനം.

ഇന്നലെ യൂറോപ്യൻ വിപണികൾ ചെറിയ താഴ്ചയിലാവുകയും യുഎസ് വിപണി നേരിയ ഉയർച്ച മാത്രം കാണിക്കുകയും ചെയ്തു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ ഉയർച്ചയിലാണ്. അടുത്തയാഴ്ച ഫെഡ് എന്തു തീരുമാനിക്കും എന്നതിനെ പറ്റിയുള്ള ആശങ്കകൾ വിപണിയിലുണ്ട്. ഇന്ന് ഏഷ്യൻ വിപണികൾ നേരിയ താഴ്ചയിലാണ്.
ബുധനാഴ്ച സെൻസെക്സ് 1016.03 പോയിൻ്റ് (1.76%) നേട്ടത്തോടെ 58,699.68-ൽ എത്തി. നിഫ്റ്റി 293.05 പോയിൻ്റ് (1.71%) ഉയർന്ന് 17,469.75ൽ ക്ലോസ് ചെയ്തു. തുടർച്ചയായ രണ്ടാം ദിവസത്തെ കയറ്റത്തിലും വിപണിയുടെ എല്ലാ വിഭാഗങ്ങളും പങ്കാളികളായി. ഓട്ടോ, ബാങ്ക്, ഐടി, മെറ്റൽ, ഓയിൽ, ധനകാര്യ കമ്പനികൾ നേട്ടമുണ്ടാക്കി. സ്മോൾ- മിഡ് ക്യാപ് ഓഹരികളും ഉയർന്നു.
വിദേശ നിക്ഷേപകർ ഇന്നലെ 579.27 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇൻഡെക്സ് ഓപ്ഷൻസിൽ അവർ 7824 കോടിയുടെ വാങ്ങലുകാരായി. സ്വദേശി ഫണ്ടുകൾ ഇന്നലെ 1735.5 കോടിയുടെ നിക്ഷേപം നടത്തി.

ഗതിമാറ്റത്തിൻ്റെ വക്കിൽ

വിപണി ഒരു ഗതിമാറ്റത്തിൻ്റെ വക്കിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്ന് 17,500 കടന്നാൽ നിഫ്റ്റി 17,900-18,100 മേഖല ലക്ഷ്യം വച്ചു നീങ്ങും. 17,500 കടക്കുന്നതിൽ പരാജയപ്പെട്ടാൽ 17,100-16,800 മേഖലയിലേക്കു വീണ്ടും താഴാം. ഓപ്ഷൻസ് വ്യാപാരത്തിലെ സൂചന 17,700-നു മുകളിലേക്കു വിപണി സുഗമമായി കടക്കുമെന്നാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ് ജി എക്സ് നിഫ്റ്റി ഇന്നലെ 17,526-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,572 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ ഉയർച്ചയോടെ തുടങ്ങുമെന്നാണു സൂചന.

ക്രൂഡിൽ ചെറിയ മാറ്റം

ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ഇന്നലെ ചെറിയ മേഖലയിൽ കയറിയിറങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് 76 ഡോളർ കടന്ന ശേഷം അൽപം താണു. പ്രകൃതിവാതക വില മൂന്നു ശതമാനം കയറി.
വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളോടെ തുടർന്നു.
സ്വർണം അൽപം ഉയർന്നു. ഇന്നലെ 1779-1793 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1784-17866 ഡാേളറിലാണു വ്യാപാരം.

നിരക്കു മാറ്റാതെ പലിശ കൂട്ടാൻ റിസർവ് ബാങ്ക്

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ പ്രഖ്യാപിച്ച പണനയം നിരക്കുകളിൽ മാറ്റമൊന്നും വരുത്തിയില്ല. എന്നാൽ നിർണായക പലിശ നിരക്കുകൾ പരോക്ഷമായി മാറ്റുന്നതാണു ദാസിൻ്റെ നടപടികൾ.
ബാങ്കുകൾ അടിയന്തര ഘട്ടങ്ങളിൽ എടുക്കുന്ന ഏകദിന വായ്പയ്ക്കു റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയായ റീപാേ നിരക്ക് നാലു ശതമാനത്തിൽ തുടരും. ബാങ്കുകൾ മിച്ചമുള്ള പണം റിസർവ് ബാങ്കിൽ സൂക്ഷിക്കുമ്പോൾ നൽകുന്ന പലിശ (റിവേഴ്സ് റീപോ) 3.35 ശതമാനം എന്നതും മാറ്റിയില്ല. റീപോയും റിവേഴ്സ് റീപോയും തമ്മിലുള്ള വ്യത്യാസം ആദ്യം അര ശതമാനവും പിന്നെ കാൽ ശതമാനവും ആയി കുറയ്ക്കണമെന്നതാണു റിസർവ് ബാങ്കിൻ്റെ ലക്ഷ്യം. അതിനുളള വഴിയായി നേരിട്ടു നിരക്ക് വർധിപ്പിക്കുന്നതിനു പകരം വേരിയബിൾ റേറ്റ് റിവേഴ്സ് റീപോ (VRRR അഥവാ V3R) സംവിധാനം ഉപയോഗിക്കാനാണു നീക്കം. ഈ മാസം ഇതു വഴി ബാങ്കുകളിൽ നിന്നു 14 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു.
ഇതിലും ബാങ്കുകൾ മിച്ച പണം റിസർവ് ബാങ്കിനെ ഏൽപ്പിക്കുന്നു. റിസർവ് ബാങ്ക് കടപ്പത്രങ്ങൾ നൽകുന്നു. അതിൻ്റെ വില ലേലത്തിലൂടെ നിശ്ചയിക്കുന്നു. റിസർവ് ബാങ്ക് ഉദ്ദേശിക്കുന്ന നിരക്കിലേക്ക് എത്തുന്നതു സ്വീകരിക്കുന്നു. വിപണി നിശ്ചയിച്ച നിരക്ക് എന്ന് ഇതിനെ വിശേഷിപ്പിക്കാം. പിന്നീടു റിസർവ് ബാങ്ക് നിരക്കു കുട്ടുമ്പോൾ നിലവിലുള്ളത് ഔദ്യോഗികമാക്കിയതേ ഉള്ളു എന്നു പറയാം. നാലു ശതമാനത്തിലേക്കു റിവേഴ്സ് റീപാേ നിരക്ക് എത്തിക്കുമെന്നാണു സൂചന. വെറുതേ ഇരിക്കുന്ന പണത്തിനു കൂടുതൽ പലിശ കിട്ടുമെന്നതിനാൽ ബാങ്കുകൾ റിസർവ് ബാങ്ക് നൽകുന്ന ഈ അവസരം ഉത്സാഹപൂർവം ഉപയോഗിക്കും.

വളർച്ച അത്ര ഭദ്രമല്ലെന്നു ദാസ്

വളർച്ചയാണു റിസർവ് ബാങ്ക് ലക്ഷ്യമിടുന്നതെന്നു ദാസ് വിശദീകരിച്ചു. എന്നാൽ ഇതുവരെയുള്ള വളർച്ച അധികം ആഹ്ളാദിക്കാൻ തക്കതല്ല എന്ന് അദ്ദേഹം വിശദമാക്കി.വളർച്ച സുസ്ഥിരമായിട്ടില്ല. സ്വകാര്യ മേഖലയുടെ ഉപഭോഗവും അവരിൽ നിന്നുള്ള നിക്ഷേപവും മന്ദ നിലയിൽ തന്നെയാണ്. വ്യാപാരം, ഗതാഗതം, ഹോട്ടൽ ബിസിനസ് തുടങ്ങി ജനങ്ങൾ നേരിട്ട് ഇടപെടുന്ന മേഖലകളിൽ രാജ്യം കോവിഡിനു മുമ്പുള്ള നിലയിലേക്ക് എത്തിയിട്ടില്ല. കാര്യങ്ങൾ ഒതുക്കത്തോടെയും എന്നാൽ ഒളിച്ചുവയ്ക്കാതെയും വിശദമാക്കുകയാണു റിസർവ് ബാങ്ക് ചെയ്തത്.
ഈ ധനകാര്യ വർഷത്തെ വളർച്ച പ്രതീക്ഷ 9.5 ശതമാനം എന്ന നിഗമനം നില നിർത്തിയപ്പോൾ തന്നെ മൂന്നും നാലും പാദങ്ങളിലെ വളർച്ച പ്രതീക്ഷ നേരിയ തോതിൽ കുറച്ചു. മൂന്നാം പാദത്തിലേത് 6.8-ൽ നിന്ന് 6.6 ശതമാനത്തിലേക്കും നാലാം പാദത്തിലേത് 6.1-ൽ നിന്ന് ആറു ശതമാനത്തിലേക്കും താഴ്ത്തി. അടുത്ത ധനകാര്യ വർഷം ഒന്നാം പാദത്തിൽ 17.2 ശതമാനവും രണ്ടാം പാദത്തിൽ 7.8 ശതമാനവും വളർച്ചയാണു ബാങ്ക് പ്രതീക്ഷിക്കുന്നത്.
റിസർവ് ബാങ്ക് പ്രൊഫഷണൽ ഇക്കണോമിസ്റ്റുകൾക്കിടയിൽ നടത്തിയ സർവേയിൽ ഇക്കൊല്ലം വളർച്ച 9.6 ശതമാനമാകും എന്നായിരുന്നു നിഗമനം. എന്നാൽ കേന്ദ്ര ബാങ്ക് സ്വന്തം നിഗമനം നിലനിർത്തി. അടുത്ത ധനകാര്യ വർഷം 7.6 ശതമാനം വളർച്ചയാണു പ്രൊഫഷണൽ സർവേയിലെ നിഗമനം.
വിലക്കയറ്റം മൂന്നാം പാദത്തിൽ 5.1 ശതമാനവും നാലിൽ 5.7 ശതമാനവും ആകുമെന്നാണു റിസർവ് ബാങ്ക് കണക്കാക്കുന്നത്. നേരത്തേ കണക്കാക്കിയിരുന്നത് യഥാക്രമം 4.5 ഉം 5.8-ഉം ശതമാനമാണ്. വാർഷിക വിലക്കയറ്റം 5.3 ശതമാനം എന്ന നിഗമനം നിലനിർത്തി. അടുത്ത ധനകാര്യ വർഷം ആദ്യ പകുതിയിൽ അഞ്ചു ശതമാനമായും രണ്ടാം പകുതിയിൽ 4.0- 4.3 ശതമാനമായും ചില്ലറ വിലക്കയറ്റം കുറയുമെന്നാണു റിസർവ് ബാങ്ക് കരുതുന്നത്. ഇന്ധനവില താഴ്ന്നു നിൽക്കുമെന്നും ഭക്ഷ്യ വിലകൾ ഉയരില്ലെന്നും ഉള്ള പ്രതീക്ഷകളുടെ അടിസ്ഥാനത്തിലാണിത്.

This section is powered by Muthoot Finance



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it