Begin typing your search above and press return to search.
ആവേശം പകർന്ന് ആഗോള സൂചനകൾ; വിലക്കയറ്റം ഗതി നിർണയിക്കും; ഫെഡ് തീരുമാനം കാത്തു ലോകം; റിലയൻസിന്റെ കണ്ണ് സിന്റെക്സിൽ; നിക്ഷേപകർ ശ്രദ്ധിക്കുക
ആവേശത്തോടെ വിപണികൾ മുന്നേറുന്ന കാഴ്ചയുമായാണു പുതിയ ആഴ്ച തുടങ്ങുന്നത്. വെള്ളിയാഴ്ച നല്ല നേട്ടത്തോടെ ക്ലോസ് ചെയ്ത യുഎസ് വിപണിയെ പിന്തുടർന്ന്ഏഷ്യൻ വിപണികൾ ഇന്നു രാവിലെ കുതിച്ചു. യുഎസ് ഫ്യൂച്ചേഴ്സ് നല്ല നേട്ടത്തിലാണ്. വിദേശ വിപണികളിലെ ആവേശം ഇന്ത്യയിലേക്കും പടർന്നേക്കാം.
ദിശാബോധം വീണ്ടെടുക്കാതെയാണ് ഇന്ത്യൻ വിപണി കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ആശ്വാസ റാലി രണ്ടാമത്തെ ആഴ്ചയും തുടർന്നു. സെൻസെക്സ് 1.89 ശതമാനവും നിഫ്റ്റി 1.83 ശതമാനവും ഉയർന്നു. ആഗോളതലത്തിലും സമാന മാറ്റങ്ങൾ ഉണ്ടായി. യു എസ് ഡൗ ജോൺസ് സൂചിക 4.02 ശതമാനമാണു കഴിഞ്ഞയാഴ്ച കയറിയത്. എന്നാൽ അത്രയും ഉറപ്പായ കുതിപ്പാേടെയല്ല വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ വ്യാപാരം നടന്നത്.
ഇന്ത്യൻ വിപണി ക്ലോസ് ചെയ്ത ശേഷം യൂറോപ്യൻ സൂചികകൾ താഴ്ന്നാണ് അവസാനിച്ചത്.എന്നാൽ യുഎസ് സൂചികകൾ ഗണ്യമായ ഉയർച്ച കാഴ്ചവച്ചു. അമേരിക്കയിൽ ചില്ലറ വിലക്കയറ്റം 6.8 ശതമാനത്തിലെത്തി എന്ന റിപ്പാേർട്ടിനു പിന്നാലെയായിരുന്നു ഉയർന്ന ക്ലോസിംഗ്. വിപണി കണക്കാക്കിയ അതേ നിരക്കിൽ വിലക്കയറ്റം വന്നു. 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ വിലക്കയറ്റം എത്തിയത് സന്തോഷകരമായിട്ടല്ല വിപണി ഉയർന്നത്. ഇത്രയും കയറ്റം നേരത്തേ തന്നെ വിപണി ഡിസ്കൗണ്ട് ചെയ്തിരുന്നു. അടുത്ത വർഷം ആദ്യ പകുതിയിൽ പലിശ വർധന പ്രതീക്ഷിച്ചാണു വിപണി ഇപ്പോൾ നീങ്ങുന്നത്. ആ പ്രതീക്ഷ ഉറപ്പിക്കുന്നതായി വിലക്കയറ്റ കണക്ക്.
വിലക്കയറ്റം കണക്കുകൂട്ടൽ തെറ്റിക്കുമോ?
ഇന്നു പുറത്തു വരുന്ന നവംബറിലെ ചില്ലറ വിലക്കയറ്റ കണക്കും നാളെ വരുന്ന മൊത്തവിലക്കയറ്റ കണക്കും ഈയാഴ്‌ച വിപണിഗതിയെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. ചില്ലറ വിലക്കയറ്റം വീണ്ടും അഞ്ചു ശതമാനത്തിനു മുകളിലാകുമെന്നാണു സൂചന. ഒക്ടോബറിൽ 4.48 ശതമാനമായിരുന്നു വിലക്കയറ്റം. 5.1 ശതമാനം വർധനയാണ് നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. അതിൽ കൂടുതൽ വർധന ഉണ്ടായാൽ വിപണി വിപരീതമായി പ്രതികരിക്കും. വിലക്കയറ്റം കൂടുന്നത് പലിശ വർധനയുടെ തോത് കൂടാൻ ഇടയാക്കും. മൊത്ത വിലക്കയറ്റം 12 ശതമാനത്തിനു മുകളിലായാലും വിപണിയിൽ വിപരീത ചലനം ഉണ്ടാകും.
ബുധനാഴ്ചയാണു കയറ്റിറക്കുമതി കണക്കുകൾ പുറത്തുവിടുക. അന്നു തന്നെ യുഎസ് ഫെഡിൻ്റെ പണനയം അറിവാകും. പലിശവർധന എന്നു തുടങ്ങുമെന്നു വ്യക്തമാക്കുന്ന ഒരു പ്രസ്താവനയാണു വിപണി ആഗ്രഹിക്കുന്നത്.
വെള്ളിയാഴ്ച 0.03 ശതമാനം താഴ്ചയിലാണ് ഇന്ത്യൻ വിപണിയിലെ മുഖ്യസൂചികകൾ ക്ലോസ് ചെയ്തത്. ഭുരിപക്ഷം സമയവും താഴ്ചയിലായിരുന്നു വിപണി. മുൻ ദിവസങ്ങളിലെ മികച്ച ആശ്വാസ റാലിയാണ് പ്രതിവാര നേട്ടത്തിനു വഴിതെളിച്ചത്. നിഫ്റ്റി 17,500-നു മുകളിൽ കനത്ത വിൽപ്പന സമ്മർദം ഇപ്പാേഴുമുണ്ട്. അതു മറികടന്നാലേ മുന്നോട്ടു കുതിപ്പ് സാധ്യമാകൂ. സെൻസെക്സ് 58,786.67 ലും നിഫ്റ്റി 17,511.3ലുമാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. എന്നാൽ വിശാല വിപണി കുറേക്കൂടി ആവേശകരമായ നില കാണിച്ചു. മിഡ് ക്യാപ് സൂചിക 0.8 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.81 ശതമാനവും ഉയർന്നു.
വിൽപനസമ്മർദം മറികടക്കാൻ ...
ഉയരുംതോറും വിൽപന സമ്മർദം കൂടുന്നതാണു കഴിഞ്ഞയാഴ്ച കണ്ടത്. 17,560- 17,610 മേഖലയിലാണു പ്രധാന സമ്മർദം. ഇന്നു തുടക്കത്തിൽ അതിനു മുകളിലേക്കു കയറാനായാൽ വിൽപ്പന സമ്മർദം അതിജയിക്കാനും 17,800-18,100 മേഖലയിലേക്കു മുന്നേറാനും വിപണിക്കു കഴിയും. 17,435 ലും 17,355 ലും വിപണിക്കു താങ്ങ് ഉണ്ട്. 17,560- ലും 17,610-ലും ആണ് പ്രാഥമിക തടസങ്ങൾ.
വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്.വെള്ളിയാഴ്ച 1092.4 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. സ്വദേശി ഫണ്ടുകൾ 386.63 കോടിയുടെ ഓഹരികളേ വാങ്ങിയുള്ളു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,625 വരെ ഉയർന്നു. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 17,670 നു മുകളിലായി. ഇന്ത്യയിൽ നിഫ്റ്റി കാര്യമായി ഉയർന്നു വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വിപണിയിൽ ഉള്ളത്.
ക്രൂഡ് വീണ്ടും കയറുന്നു
ക്രൂഡ് ഓയിൽ കഴിഞ്ഞയാഴ്ചത്തെ ചാഞ്ചാട്ടത്തിനു ശേഷം ഉയർച്ചയിലായി. ബ്രെൻ്റ് ഇനം വീപ്പയക്ക് 75.8 ഡോളറിലേക്കു കയറി. പ്രകൃതിവാതക വില നാലു ഡോളറിനെ സമീപിച്ചു. ശീതകാല ഡിമാൻഡ് കൂടുന്നതിനാൽ വില ക്രമമായി ഉയരുമെന്നാണു സൂചന.
വ്യാവസായിക ലോഹങ്ങൾ വാരാന്ത്യത്തിൽ ചെറിയ നേട്ടമേ കാണിച്ചുള്ളു. ഇന്നു ചൈനീസ് ഡിമാൻഡ് ഉയരുന്ന പക്ഷം വിലകൾ ഉയരും. മറിച്ചായാൽ വർഷാന്ത്യത്തിലേക്കു വിലകൾ താണു നീങ്ങും.
സ്വർണം വാരാന്ത്യത്തിൽ 1780 ഡോളറിനു മുകളിലേക്കു കയറി. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 1784-1786 ഡോളർ മേഖലയിലായി. കേരളത്തിൽ ശനിയാഴ്ച 120 രൂപ വർധിച്ച് പവനു 36,080 രൂപ ആയി.
ഇനിയും കരകയറാതെ വ്യവസായ വളർച്ച
വ്യവസായ ഉൽപാദനത്തിൽ പ്രതീക്ഷിച്ച വളർച്ച ഉണ്ടായിട്ടില്ലെന്ന് ഒക്ടോബറിലെ കണക്കുകൾ കാണിക്കുന്നു. 3.2 ശതമാനം വളർച്ചയേ വ്യവസായ ഉൽപാദന സൂചിക (ഐഐപി) കാണിക്കുന്നുള്ളു. സെപ്റ്റംബറിൽ 3.3 ശതമാനം വളർച്ച ഉണ്ടായിരുന്നു. ഉത്സവ സീസൻ്റെ തുടക്കമായതിനാൽ ഇത്തവണ അഞ്ചു ശതമാനത്തിലേറെ വളർച്ചയാണ് പ്രതീക്ഷിച്ചത്.
എന്നാൽ അതുണ്ടായില്ല. തലേ വർഷം ഒക്ടോബറിൽ 4.5 ശതമാനം വളർന്നതു മൂലം താരതമ്യത്തിൻ്റെ അടിത്തറ വലുതായെന്നും അങ്ങനെ വളർച്ചത്തോത് കുറഞ്ഞതായി തോന്നുന്നെന്നുമാണ് ഔദ്യോഗിക ഭാഷ്യം.
ജിഎസ്ടി പിരിവ് 25.3 ശതമാനം കൂടുകയും കാതൽ വ്യവസായ മേഖല 7.5 ശതമാനം വളരുകയും ചെയ്തപ്പോൾ ഐഐപി യിൽ നല്ല നേട്ടം കണക്കാക്കിയതാണ്. പക്ഷേ ഖനനം, വൈദ്യുതി ഉൽപാദനം തുടങ്ങിയ ചില മേഖലകളിലൊഴികെ കാര്യങ്ങൾ പന്തിയല്ല.
കൺസ്യൂമർ ഡ്യുറബിൾസ്, (ടെലിവിഷൻ, റെഫ്രിറിജറേറ്റർ, എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ) ഉൽപാദനം 6.1 ശതമാനം കുറഞ്ഞു. ജനങ്ങൾ പണം ചെലവഴിക്കുന്നതിനു മടിക്കുന്നു, അല്ലെങ്കിൽ പണമില്ല എന്നാണ് ഇതിനർഥം. യന്ത്രനിർമാണം 1.1 ശതമാനം കുറഞ്ഞു. രാജ്യത്തു മൂലധന നിക്ഷേപം വർധിക്കുന്നില്ല എന്നാണ് ഇതു കാണിക്കുന്നത്. ഉത്സവ സീസൻ്റെ തുടക്കമായിട്ടും എഫ്എംസിജി ഉൽപാദനം 0.5 ശതമാനമേ വർധിച്ചുള്ളു.
കണക്കുകൾ പൊരുത്തപ്പെടുന്നില്ല
ഉപഭോഗവും നിക്ഷേപവും കൂടുന്നില്ല എന്നു ചുരുക്കം. വളരുന്ന സമ്പദ്ഘടനയുടെ ഒരു ചിത്രമല്ല ഇത്. നീട്ടിവച്ച ആവശ്യങ്ങൾ നിറവേറ്റാൻ ജനങ്ങൾ തുടങ്ങിയിട്ടില്ല. ജനങ്ങൾ വാങ്ങാൻ തുടങ്ങാത്തതിനാൽ വ്യവസായികൾ മൂലധന നിക്ഷേപവും തുടങ്ങുന്നില്ല. വളർച്ചയുടെ ഏതൊക്കെയോ കണക്കുകളിൽ പിശക് ഉണ്ടെന്നു വേണം ന്യായമായും കരുതാൻ.
ഒക്ടോബറിലെ ഐഐപി 133.7 ആണ്. സെപ്റ്റംബറിലേത് 128.2 ഉം. ജൂലൈയിൽ 131.5 ഉം ഓഗസ്റ്റിൽ 131.3 ഉം ആയിരുന്നു സൂചിക. അവിടെ നിന്നു താഴോട്ടു പോയിട്ട് കയറിയതാണ് ഒക്ടോബറിലെ ഏക പോസിറ്റീവ് കാര്യം. കോവിഡിനു മുമ്പുള്ള 2020 ജനുവരിയിൽ 137.4 വരെ എത്തിയതാണ് ഐഐപി. അതാണു ലോക്ക് ഡൗൺ കാലത്ത് 54-ലേക്കു താണത്. അവിടെ നിന്നു കയറി കഴിഞ്ഞ ഡിസംബറിൽ 137 എത്തിയിട്ടു വീണ്ടും പിന്നോട്ടു പോയി. ഇപ്പോഴും തിരിച്ചു കോവിഡിനു മുമ്പുള്ള നിലയിലേക്ക് വ്യവസായ ഉൽപാദനം എത്തുന്നതേയുള്ളു.
അലോകിനു പിന്നാലെ സിൻ്റെക്സും സ്വന്തമാക്കാൻ റിലയൻസ്
ഊഹാപാേഹങ്ങൾക്കു വിട. സിൻ്റെക്സ് ഇൻഡസ്ട്രീസിനെ ഏറ്റെടുക്കാൻ റിലയൻസ് നീങ്ങുന്നു. പാപ്പർ നടപടികളിലുള്ള കമ്പനിയെ അസറ്റ്സ് കെയർ ആൻഡ് റീ കൺസ്ട്രക്ഷൻ എൻ്റർപ്രൈസുമായി ചേർന്നാണ് ഏറ്റെടുക്കുക. സിൻ്റെക്സിനെ ഏറ്റെടുക്കാൻ ഈസി ഗോ ടെക്സ്റ്റൈൽസ്, ജിഎച്ച്സിഎൽ, ഹിമത് സിംഗ്ക വെഞ്ചേഴ്സ് എന്നിവയും രംഗത്തുണ്ട്.
യൂഗോ ബോസ്, ഡീസൽ, ബർബെറി തുടങ്ങിയ ആഗോള ബ്രാൻഡുകൾക്കു തുണി നിർമിച്ചു നൽകുന്ന കമ്പനിയാണു സിൻ്റെക്സ്. ബർബെറി, യൂഗോ ബോസ് ഗ്രൂപ്പുകളുമായി റിലയൻസ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. സിൻ്റെക്സ് ഇൻഡസ്ട്രീസിൻ്റെ പ്ലാസ്റ്റിക് വിഭാഗം ഇപ്പാേൾ വേറേ കമ്പനിയാണ്. അതും സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
സിൻ്റെക്സ് ഇൻഡസ്ട്രീസ് ഓഹരി ഇപ്പാേൾ 10 രൂപ വിലയിലാണ്. സെപ്റ്റംബറിൽ 3.75 രൂപ വരെ താണ ഓഹരി വില റിലയൻസ് ഇതിൽ താൽപര്യമെടുക്കുന്നെന്ന റിപ്പോർട്ടിനെ തുടർന്ന് 12.85 രൂപ വരെ ഉയർന്നിട്ടു താണു നിൽക്കുകയാണ്. കഴിഞ്ഞ വർഷം ഓഹരി വില 80 പൈസ വരെ താണിരുന്നു. സെപ്റ്റംബറിലവസാനിച്ച പാദത്തിൽ 660 കോടി രൂപ വിറ്റുവരവിൽ 174 കോടി രൂപ അറ്റ നഷ്ടമുണ്ട്. വരുമാനം മുൻ പാദങ്ങളേക്കാൾ വർധിച്ചു. നഷ്ടം ഗണ്യമായി കുറഞ്ഞു.
റിലയൻസ് രണ്ടു വർഷത്തിനുള്ളിൽ കൈവശമാക്കുന്ന രണ്ടാമത്തെ ടെക്സ്റ്റൈൽസ് കമ്പനിയാകും സിൻ്റെക്സ്. കഴിഞ്ഞ വർഷം റിലയൻസും ജെഎം ഫിനാൻഷ്യലും ചേർന്ന് അലോക് ഇൻഡസ്ടീസിൻ്റെ 37.7 ശതമാനം ഓഹരി കൈവശമാക്കിയിരുന്നു. ആ കമ്പനിയുടെ ഓഹരി ഇപ്പാേൾ 23.35 രൂപയിലാണ്. റിലയൻസ് പ്രവേശിക്കും മുമ്പ് 4.25 രൂപ വരെ ഓഹരിവില താണതാണ്. പിന്നീട് 53 രൂപ വരെ കയറിയിട്ടു താണു.
മികച്ച തുണികളും നൂലും നിർമിക്കുന്ന ഈ കമ്പനികൾ റിലയൻസ് റീട്ടെയിലിൻ്റെ ഫാഷൻ ബിസിനസ് മുന്നാേട്ടു കൊണ്ടു പോകുന്നതിൽ വലിയ പങ്കു വഹിക്കും.
This section is powered by Muthoot Finance
Next Story
Videos