Begin typing your search above and press return to search.
ഈ നാല് കാര്യങ്ങൾ ഓഹരി വിപണിയെ ഉലച്ചേക്കുമോ? പലിശവർധന നേരത്തേ ആക്കും; ഫെഡ് തീരുമാനം കാത്തു വിപണികൾ
വിപണിയെ സ്വാധീനിക്കാവുന്നത് എന്തെല്ലാം? ഫെഡ് നയം മാറ്റും; ഇന്ത്യയും; വിലക്കയറ്റം 1991നു ശേഷമുളള എറ്റവും ഉയർന്ന നിലയിൽ
മുപ്പതു വർഷത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റം; ഒൻപതു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കയറ്റുമതി; കുതിച്ചു പായുന്ന ഒമിക്രോൺ വ്യാപനം; അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ വർധന എന്നു തുടങ്ങുമെന്ന ആശങ്ക. വിപണിയിലെ ചാഞ്ചാട്ടവും അനിശ്ചിതത്വവും മനസിലാക്കാൻ പ്രയാസമില്ല. ഇന്നലെ ഇന്ത്യൻ വിപണി തിരിച്ചു കയറുന്നതിൽ പരാജയപ്പെട്ടത് ഈ സാഹചര്യത്തിലാണ്. പിന്നീടു യൂറോപ്യൻ, അമേരിക്കൻ വിപണികളും താഴാേട്ടു പോയി. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ഇന്നു വിപണിയിലും പ്രതിഫലിക്കും.
റിസർവ് ബാങ്ക് നേരത്തേ കരുതിയതിലും മുമ്പേ പലിശ നിരക്ക് കൂട്ടേണ്ടി വരുമെന്നു വിദഗ്ധർ കരുതുന്നു. വർധനയുടെ തോതും പ്രതീക്ഷിച്ചതിൽ അധികം ആക്കേണ്ടി വരാം. നാലു ശതമാനത്തിൽ നിൽക്കുന്ന റീപോ നിരക്ക് 2022-ൽ പരമാവധി 4.75 ശതമാനമാക്കും എന്നായിരുന്നു മുൻനിഗമനം. എന്നാൽ ഇപ്പോൾ കണക്കാക്കുന്നത് റീപോ അഞ്ചു ശതമാനം ആക്കേണ്ടി വരും എന്നാണ്. വർധന ഒന്നാം പാദത്തിൽ തുടങ്ങേണ്ടി വരുമെന്നും ആശങ്കയുണ്ട്.
സെൻസെക്സും നിഫ്റ്റിയും ഇന്നലെ നേട്ടത്തിലേക്കു കയറാൻ പലവട്ടം ശ്രമിച്ചെങ്കിലും വിൽപന സമ്മർദം മൂലം അതിനു സാധിച്ചില്ല. റിലയൻസ്, എച്ച്ഡിഎഫ്സി തുടങ്ങിയവയും ധനകാര്യ കമ്പനികളും തകർച്ചയ്ക്കു മുന്നിൽ നിന്നു. സെൻസെക്സ് 166.33 പോയിൻ്റ് (0.29%) താണ് 58,117.09 ലും നിഫ്റ്റി 43.35 പോയിൻ്റ് (0.25%) കുറഞ്ഞ് 17,324.9 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.19 ശതമാനം താണപ്പോൾ സ്മോൾ ക്യാപ് സൂചിക 0.22 ശതമാനം ഉയർച്ചയിലായിരുന്നു. ഫാർമ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ്, മീഡിയ, മെറ്റൽ, ഐടി ഓഹരികൾ ഇന്നലെ മെച്ചപ്പെട്ടു.
വിംദശ നിക്ഷേപകർ ഇന്നലെ 763.18 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 425.43 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്ക് 17,240- ലും 17,160-ലും താങ്ങ് ഉള്ളതായി സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു 17,390-ലും 14,460- ലും തടസം നേരിടും.
യുഎസ് വിപണി ഇന്നലെ തുടക്കം മുതലേ താഴ്ചയിലായിരുന്നു. അമരിക്കയിൽ മൊത്ത വിലകൾ പ്രതീക്ഷയിലധികം കയറിയതു ഫെഡ് നയം കൂടുതൽ കർശനമാക്കുമെന്ന ആശങ്ക വളർത്തി. കോവിഡിൻ്റെ ഒമിക്രോൺ വകഭേദത്തെപ്പറ്റി ഭീതി വളർത്തുന്ന പ്രസ്താവനകൾ ലോകാരോഗ്യ സംഘടനയിലും മരുന്നു കമ്പനികളിലും നിന്ന് ഉണ്ടായതും മനാേഭാവത്തെ സ്വാധീനിച്ചു. ഇന്നു രാവിലെ ഏഷ്യൻ വിപണികളും താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,324-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും 17,310- ലേക്കു താണു. വിപണിഗതി സംബന്ധിച്ച് അവ്യക്തതയാണു ഡെറിവേറ്റീവ് വ്യാപാരത്തിൽ കാണുന്നത്.
പലിശ കൂടുകയും വളർച്ച കുറയുകയും ചെയ്യുമെന്ന നിഗമനത്തിൽ ക്രൂഡ് ഓയിൽ വിപണിയും താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് 73.2 ഡോളറായി കുറഞ്ഞു.
വ്യാവസായിക ലോഹങ്ങൾ ചെറിയ താഴ്ചയിലായി. ചെമ്പും അലൂമിനിയവും ഇരുമ്പ് അയിരും താഴ്ന്നു.
സ്വർണ വില വീണ്ടും കുറഞ്ഞു. ഔൺസിന് 1772-1774 ഡോളറിലാണു രാവിലെ വ്യാപാരം. പലിശ നിരക്കു കൂടുമ്പോൾ സ്വർണം 1600 ഡോളറിലേക്ക് ഇടിയുമെന്ന് എഎൻസെഡ് (ഓസ്ട്രേലിയ ആൻഡ് ന്യൂസീലാൻഡ്) ബാങ്കിംഗ് ഗ്രൂപ്പ് ഇന്നലെ വിലയിരുത്തി. അടുത്ത വർഷം രണ്ടാം പകുതിയിലാണ് അവർ വിലയിടിവ് പ്രതീക്ഷിക്കുന്നത്.
ഫെഡ് നയം മാറ്റും; ഇന്ത്യയും
ഫെഡ് തീരുമാനം ഇന്ത്യയിലെ കമ്പോളങ്ങൾ ക്ലോസ് ചെയ്ത ശേഷമേ വരൂ. അതിൻ്റെ പ്രതികരണം ഇന്ത്യൻ വിപണിയിൽ നാളെ പ്രതീക്ഷിച്ചാൽ മതി.
കടപ്പത്രം വാങ്ങൽ ഈ മാസം മുതൽ കുറച്ച് ജൂണോടെ അവസാനിപ്പിക്കാനാണ് ഫെഡ് തീരുമാനിക്കുന്നതെങ്കിൽ കോളിളക്കം ഉണ്ടാകില്ല. അതു വിപണി കണക്കാക്കുന്ന സമയ പട്ടികയാണ്. പലിശ നിരക്കിലെ ആദ്യ വർധന 2022 ആദ്യ പാദത്തിലോ രണ്ടാം പാദത്തിലോ എന്നു വിപണി ഉറ്റുനോക്കുന്നു. രണ്ടാം പാദത്തിൻ്റെ അവസാനം പലിശ കൂട്ടും എന്നാണു വിപണി കണക്കാക്കുന്നത്. അതു നേരത്തേ ആയാൽ വിപണിയിൽ തളർച്ച ഉണ്ടാകാം.
ഫെഡ് തീരുമാനത്തിൻ്റെ സ്വഭാവം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കേന്ദ്ര ബങ്കുകളെ സ്വാധീനിക്കും. മൂലധന പ്രവാഹത്തെ ബാധിക്കുന്നതാണു ഫെഡ് തീരുമാനങ്ങൾ. അതിനനുസരിച്ച് ഓരോ രാജ്യത്തും പലിശ പുനർ ക്രമീകരിച്ചേ മതിയാകൂ. മൂലധനത്തിൻ്റെ മടക്കയാത്ര തടയാൻ അതാവശ്യമാണ്. പലിശവർധന സാമ്പത്തിക വളർച്ചയ്ക്കു ക്ഷീണം വരുത്താതെ നോക്കുകയും വേണം.ഇന്ത്യയടക്കം വികസ്വര രാജ്യങ്ങൾക്കു വളരെ തന്ത്രപരമായ നീക്കങ്ങളിലൂടെയേ പിടിച്ചു നിൽക്കാനാകൂ.
കയറ്റുമതി താഴ്ന്നു തന്നെ; കമ്മിയിൽ ആശങ്ക
ഇന്ത്യയുടെ കയറ്റുമതി ഒൻപതു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലായി എന്നത് ആശങ്കാജനകമാണ്. നവംബറിലെ കയറ്റുമതി 3004 കോടി ഡോളർ. കഴിഞ്ഞ വർഷം നവംബറിലേക്കാൾ 27.16 ശതമാനം അധികം. എന്നാൽ ഒക്ടോബറിലെ കയറ്റുമതിയായ 3565 കോടി ഡോളറിൽ നിന്ന് 16.75 ശതമാനം കുറവാണിത്. സെപ്റ്റംബറിൽ 3379 കോടി ഡോളർ ഉണ്ടായിരുന്നു കയറ്റുമതി.
ഇറക്കുമതി 56.5 ശതമാനം വർധിച്ച് 5295 കോടി ഡോളറിലെത്തി. ഇതോടെ വാണിജ്യ കമ്മി 2291 കോടി ഡോളറിലേക്കു കയറി.
ഏപ്രിൽ- നവംബർ എട്ടു മാസ കാലത്തെ കയറ്റുമതി 51.34 ശതമാനം കൂടി 26,357 കോടി ഡോളറാണ്. ഇറക്കുമതി 74.84 ശതമാനം വർധിച്ച് 38,434 കോടി ഡോളറിലെത്തി. വാണിജ്യ കമ്മി 12,076 കോടി ഡോളർ.
കമ്മി വർധിക്കുന്നതു വഴി കറൻ്റ് അക്കൗണ്ട് കമ്മി കൂടും. കഴിഞ്ഞ രണ്ടു ധനകാര്യ വർഷങ്ങളിൽ കറൻ്റ് അക്കൗണ്ട് നിയന്ത്രണ വിധേയമായിരുന്നു. ഇപ്പോഴത്തെ തോതിൽ വാണിജ്യകമ്മി വർധിക്കുകയും വിദേശ നിക്ഷേപത്തിൽ കുറേ മടങ്ങിപ്പോകുകയും ചെയ്താൽ കറൻ്റ് അക്കൗണ്ട് കമ്മി ആശങ്കാജനകമാകും. അതു രൂപയുടെ വിനിമയ നിരക്ക് കുറയ്ക്കും.
നവംബറിൽ പെട്രോളിയം ഇറക്കുമതി 132.4 ശതമാനം കൂടി 1470 കോടി ഡോളറിൻ്റേതായി. സ്വർണ ഇറക്കുമതി 39.7 ശതമാനം കൂടി 420 കോടി ഡോളറിലെത്തി.
വിലക്കയറ്റം 1991നു ശേഷമുളള എറ്റവും ഉയർന്ന നിലയിൽ
വിലക്കയറ്റം പിടി വിട്ടു പായുകയാണ്. മൊത്ത വിലക്കയറ്റം നവംബറിൽ 14.2 ശതമാനമായി. 1991 ഡിസംബറിലെ 14.3 ശതമാനത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
തുടർച്ചയായ എട്ടാം മാസവും മൊത്ത വിലക്കയറ്റം ഇരട്ടയക്കത്തിലാണ്. സർക്കാർ നയരൂപീകരണത്തിന് ചില്ലറ വിലക്കയറ്റമാണ് ഉപയോഗിക്കുന്നത്. എന്നാൽ മൊത്ത വിലയിലെ വർധന ക്രമേണ ചില്ലറ വിലയിലേക്കു സംക്രമിക്കും. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 12.3 ശതമാനം എന്ന റിക്കാർഡിൽ എത്തി. ചില്ലറ വില സൂചികയിൽ ഇത് 6.1 ശതമാനമാണ്. കമ്പനികൾ ഉൽപന്ന വില വർധിപ്പിക്കുന്നതോടെ ചില്ലറ വിലയിലെ കയറ്റവും അസഹനീയമാകും.
വസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവയുടെ വിലക്കയറ്റം നവംബറിൽ 7.94 ശതമാനമാണ്. അവയുടെ ജിഎസ്ടി അഞ്ചു ശതമാനത്തിൽ നിന്നു 12 ശതമാനമാക്കാനുള്ള തീരുമാനം ജനുവരിയിൽ നടപ്പാകും. അതോടെ ആ വിഭാഗത്തിലെ വിലക്കയറ്റം ഇരട്ടയക്കത്തിലാകും.
വിലക്കയറ്റം ഇങ്ങനെ കുതിച്ചു കയറുന്നത് പലിശ നിരക്കു വർധന നേരത്തെയാക്കാൻ റിസർവ് ബാങ്കിനെ നിർബന്ധിതമാക്കും. വർധനയുടെ തോതും കൂട്ടേണ്ടി വരുമെന്ന വിദഗ്ധർ പറയുന്നു.
This section is powered by Muthoot Finance
Next Story
Videos