ഇന്നലെ ഇന്ത്യൻ ഓഹരികൾ തുടർച്ചയായ രണ്ടാം ദിവസത്തെ തിരിച്ചു കയറ്റം നടത്തി. എല്ലാ വിഭാഗങ്ങളിലും ഉണർവ് കണ്ട വ്യാപാര ദിനം കൂടി ആയിരുന്നു അത്. യൂറോപ്പിൽ വിപണികൾ ഉണർവിലായിരുന്നെങ്കിലും നേട്ടം പരിമിതമായിരുന്നു. എന്നാൽ അമേരിക്കൻ സൂചികകൾ തരക്കേടില്ലാത്ത നേട്ടം ഉണ്ടാക്കി. ഡൗ ജോൺസ് 0.65 ശതമാനം ഉയർന്നപ്പോൾ നാസ്ഡാക് 1.2 ശതമാനം കയറി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഏഷ്യൻ വിപണികൾ ഇന്നു രാവിലെ മിതമായ നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്.
ബുധനാഴ്ച സെൻസെക്സ് 611.55 പോയിൻ്റ് (1.09%) ഉയർന്ന് 56,930.56-ലും നിഫ്റ്റി 184.6 പോയിൻ്റ് (1.1%) കയറി 16,955.45 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.47 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.66 ശതമാനവും ഉയർന്നു. എല്ലാ വ്യവസായ മേഖലകളും ഉണർവ് കാണിച്ച ദിനമായിരുന്നു ഇന്നലെ.
വിദേശ നിക്ഷേപകർ ഇന്നലെ 827.26 കോടി രൂപയുടെ ഓഹരികളേ വിറ്റുള്ളു. സമീപ ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വിൽപനയാണിത്. സ്വദേശി ഫണ്ടുകൾ 1593.41 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി മനോഭാവം ബുള്ളിഷ് ആയി. ഇന്നു 16,970-നു മുകളിൽ നിൽക്കാൻ നിഫ്റ്റിക്കു കഴിഞ്ഞാൽ 17,500 ഹ്രസ്വകാല ലക്ഷ്യമാകുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 16,860- ലും 16,765 ലുമാണ് വിപണിക്കു സപ്പോർട്ട് ഉള്ളത്. ഉയർച്ചയിൽ 17,010 -ഉം 17,065-ഉം തടസങ്ങളാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,099-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അൽപം താണു. ഇന്ത്യൻ വിപണി ഉണർവോടെ തുടങ്ങുമെന്ന് ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നു.
ഡോളർ മയപ്പെട്ടു; ക്രൂഡ്, സ്വർണം കയറി
ഏതാനും ദിവസത്തിനു ശേഷം ഡോളർ അൽപം മയപ്പെട്ടതു വിപണികളിൽ മാറ്റമുണ്ടാക്കി. ക്രൂഡ്, സ്വർണ വിപണികൾ ഉയർച്ചയിലായി. ഡോളർ സൂചിക 96.05 ലേക്കു താണു.
ഒമിക്രോൺ വ്യാപനത്തോത് കുറഞ്ഞില്ലെങ്കിലും രോഗബാധ ഗുരുതരാവസ്ഥയിലേക്കു നയിക്കില്ലെന്ന് ഉറപ്പായത് ഇന്ധന വിപണിയെ ഉത്തേജിപ്പിച്ചു. യുഎസ് ക്രൂഡ് ഓയിൽ സ്റ്റോക്ക് പ്രതീക്ഷയിലും കുറവായതും വില കൂടാൻ കാരണമായി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 75.53 ഡോളറിലെത്തി. ഡബ്ള്യുടിഐ ഇനം 73.12 ഡോളറിലും. പ്രകൃതിവാതക വിലയും കയറ്റത്തിലാണ്.
വ്യാവസായിക ലോഹങ്ങൾ നേട്ടമുണ്ടാക്കി. ഉൽപാദനം കുറഞ്ഞത് അലൂമിനിയം വില രണ്ടു ശതമാനത്തിലേറെ ഉയരാൻ കാരണമായി.2824.5 ഡോളറിലാണ് എൽഎംഇയിൽ അലൂമിനിയം. 3000 ഡോളറിനു മുകളിലാകും അടുത്ത വർഷം ശരാശരി വില എന്നാണു പ്രവചനം.
സ്വർണവില വീണ്ടും 1800 ഡോളറിനു മുകളിൽ കയറി. ഡോളർ സൂചിക താണതാണ് ഇന്നലെ ന്യുയോർക്കിൽ ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തിൽ സ്വർണത്തെ ഉയർത്തിയത്.ഇന്നു രാവിലെ 1804-1805 ഡോളറിലാണു സ്വർണ വ്യാപാരം. കേരളത്തിൽ ഇന്നു വില കൂടും എന്നാണു സൂചന.
വാങ്ങാൻ ഇനിയും താഴണമെന്ന്
വിപണി ഇത്രയും തിരുത്തൽ നടത്തിയിട്ടും വാങ്ങലിനു പറ്റിയ വിലനിലവാരത്തിൽ ആയിട്ടില്ലെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ ഓഹരി ഗവേഷണ വിഭാഗം തലവൻ ശ്രീകാന്ത് ചൗഹാൻ പറയുന്നു.
ഇപ്പോഴും പ്രതി ഓഹരി വരുമാനത്തിൻ്റെ (ഇപിഎസ്) 20 ലേറെ മടങ്ങാണു വിലനിലവാരം. അതായതു പരമാവധി മൂല്യത്തിലാണ് ഓഹരികൾ. പി ഇ അനുപാതം 17-18 നിലവാരത്തിലേക്കു താഴുമ്പോളാണു വാങ്ങാൻ അവസരം: അദ്ദഹം പറഞ്ഞു.
2021-22 ധനകാര്യ വർഷം പ്രതീക്ഷിക്കുന്ന ഇപിഎസിൻ്റെ 24.8 മടങ്ങാണു നിഫ്റ്റി. 2022-23 ലെ പ്രതീക്ഷിത ഇപിഎസിൻ്റ 21.4 മടങ്ങ് വിലയിലാണു സൂചിക. ഈ വർഷം നിഫ്റ്റി കമ്പനികളുടെ അറ്റാദായം 34.5 ശതമാനം കൂടുമെന്ന്അദ്ദേഹം കണക്കാക്കുന്നു.
2022 അവസാനം സെൻസെക്സ് പരമാവധി 69,600-ലും നിഫ്റ്റി 21,109-ലും എത്താമെന്നു ചൗഹാൻ കണക്കാക്കുന്നു. പ്രതികൂല സാഹചര്യം ഉണ്ടായാലും സെൻസെക്സ് 63,800-ലും നിഫ്റ്റി 19,190- ലും ആയിരിക്കുമെന്ന് അദ്ദേഹം പറയുന്നു.