കോവിഡിലും വിദേശികളിലും ശ്രദ്ധ; ആർബിഎൽ ബാങ്കിൽ എന്തു സംഭവിക്കും? ബാഹ്യ സൂചനകൾ ദുർബലം

ക്രിസ്മസ് കഴിഞ്ഞു. വർഷാന്ത്യ വാരത്തിനു തുടക്കമാകുന്നു. കോവിഡ് ബാധ ഉയർന്ന തോതിലായി. മുംബൈയിലും ഡൽഹിയിലുമടക്കം രാത്രി കർഫ്യൂവും നിയന്ത്രണങ്ങളും തിരികെ വന്നു. ഒട്ടും ആശ്വാസകരമല്ല കാര്യങ്ങൾ. മഹാരാഷ്ട്രയിലെ കോൽഹാപുർ ആസ്ഥാനമായുള്ള ആർബിഎൽ ബാങ്ക് മേധാവി നീക്കപ്പെട്ടതു വിപണിയിൽ ചലനം ഉണ്ടാക്കും.

ഡോളർ സൂചികയും ക്രൂഡ് ഓയിൽ വിലയും ഉയരുന്നതും വിപണിയെ ബാധിക്കും. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപന സമ്മർദം തുടരുമോ എന്നാണു വിപണി ഉറ്റുനോക്കുന്നത്.

മൂന്നു ദിവസത്തെ നേട്ടങ്ങൾക്കു ശേഷം വെള്ളിയാഴ്ച ഇന്ത്യൻ വിപണി ചെറിയ നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 190.97 പോയിൻ്റ് (0.33%) താണ് 57,124.31 ലും നിഫ്റ്റി 68.85 പോയിൻ്റ് (0.4%) താണ് 17,003.75 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകളും താഴെയായിരുന്നു.

ബാങ്ക്, ധനകാര്യ, വാഹന, റിയൽറ്റി, ഫാർമ, ഹെൽത്ത്, ഓയിൽ തുടങ്ങി ഒട്ടുമിക്ക മേഖലകളും താഴ്ചയിലായിരുന്നു. ഐടി മേഖല മാത്രമാണ് ഉയർന്നത്. പ്രതിവാര നിലയിൽ മുഖ്യസൂചികകൾ ചെറിയ നേട്ടം കാണിച്ചു.

വെള്ളിയാഴ്ചയുഎസ് വിപണി അവധിയിലായിരുന്നു.വ്യാഴാഴ്ച ഉയർന്ന നിലവാരത്തിൽ ആയിരുന്നു ക്ലോസിംഗ്. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ ഉയർച്ചയിലാണ്. ഏഷ്യൻ വിപണികൾ പൊതുവേ താഴ്ന്നാണ് വ്യാപാരം തുടങ്ങിയത്.

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 715 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശിഫണ്ടുകളും വിൽപനക്കാരായി .43.32 കോടിയുടെ ഓഹരികൾ അവർ വിറ്റു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,025 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 17,043 ലേക്കു കയറിയിട്ട് 16,960 ലേക്കു താണു. ഇന്ത്യൻ വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

ഇന്നു നിഫ്റ്റി 16,900നു മുകളിൽ നിന്നില്ലെങ്കിൽ 16,400 വരെ താഴുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 17,155 നു മുകളിലേക്കു കടന്നാൽ മാത്രമേ 17,380- ഉം 17,540- ഉം ലക്ഷ്യങ്ങളാക്കി മുന്നേറാനാകൂ. വിപണിക്കു 16,890-ലും 16,780 ലും സപ്പോർട്ട് ഉണ്ട്. 17,135- ഉം 17,270- ഉം തടസ മേഖലകളാണ്.

ക്രൂഡ് ഓയിലും പ്രകൃതി വാതകവും കുതിക്കുകയാണ്. യുറോപ്പിലേക്കു റഷ്യയിൽ നിന്നു വേണ്ടത്ര പ്രകൃതി വാതകം എത്താത്തതാണു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് 76.55 ഡോളറിലെത്തി.

പ്രകൃതിവാതക വില ആറു ശതമാനം ഉയർന്ന് 3.95 ഡോളറായി. ശൈത്യം കൂടുന്നതോടെ വില ഇനിയും കയറാം.

വ്യാവസായികലോഹങ്ങൾ വാരാന്ത്യത്തിൽ കാര്യമായ മാറ്റം കാണിച്ചില്ല.

സ്വർണം വെള്ളിയാഴ്ച ഏഷ്യൻ വ്യാപാരത്തിൽ 1817 ഡോളറിലേക്കു കയറിയെങ്കിലും ഇന്നു രാവിലെ 1811-1813 ഡോളർ മേഖലയിലാണ്.

ആർബിഎൽ ബാങ്കിൽ നടന്നത്

വാരാന്ത്യത്തിൽ ആർബിഎൽ ബാങ്കിൻ്റെ എംഡിയും സിഇഒയുമായ വിശ്വവീർ അഹൂജ നീണ്ട അവധിയിൽ പോയി. 12 വർഷം ബാങ്കിനെ നയിച്ച ഇദ്ദേഹത്തിനു പകരം എക്സിക്യൂട്ടീവ് ഡയറക്ടർ രാജീവ് അഹൂജയെ ഇടക്കാല എംഡിയും സിഇഒയുമാക്കി.

ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് റിസർവ് ബാങ്ക് ഒരാളെ നിയമിക്കുകയും ചെയ്തു. ബാങ്കിന് അടിയന്തരമായി പുതിയ മൂലധനമൊന്നും ആവശ്യമില്ലെന്ന് പുതിയ എംഡി പറഞ്ഞു.

നിക്ഷേപകർക്കു പണം മടക്കി നൽകാനും പ്രശ്നമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ബാങ്കിനെ ഏതെങ്കിലും പൊതുമേഖലാ ബാങ്കിൽ ലയിപ്പിക്കണമെന്നു ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു.

ബാങ്കിൽ 71,000 കോടി രൂപയുടെ നിക്ഷേപങ്ങൾ ഉണ്ട്. മൂലധന പര്യാപ്തത 17.5 ശതമാനം. ബാങ്കിൻ്റെ കിട്ടാക്കടങ്ങൾ സമീപ വർഷങ്ങളിൽ വർധിച്ചു. 2018-19ൽ 1.38 ശതമാനമായിരുന്ന മൊത്തം എൻപിഎ (നിഷ്ക്രിയ ആസ്തി) ഈ സെപ്റ്റംബറിൽ 5.4 ശതമാനമായി.

2018 -19ൽ 867 കോടി അറ്റാദായം ഉണ്ടാക്കിയ ബാങ്ക് ഈ വർഷം ഒന്നാം ത്രൈമാസത്തിൽ 459 കോടി നഷ്ടത്തിലായി. രണ്ടാം ത്രൈമാസത്തിൽ 9.7 കോടിയാണു ലാഭം.

ബാങ്കിനെ നാേട്ടമിട്ട് ജുൻജുൻ വാലയും ദമാനിയും

മൂന്നു വർഷം മുൻപ് 700 രൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് വെള്ളിയാഴ്ച 172.5 രൂപ മാത്രം. 2019 പകുതിക്കു ശേഷം ബാങ്കിൻ്റെ ഓഹരി വില ക്രമമായി താഴോട്ടു പോരുകയായിരുന്നു.ബാങ്കിൻ്റെ ബുക്ക് വാല്യുവിലും താഴ്ന്ന വിലയിലാണ് ഓഹരി ഇപ്പോൾ.

ബാങ്കിൽ 10 ശതമാനം വീതം ഓഹരി എടുക്കാൻ അനുമതി തേടി ബിഗ് ബുൾ രാകേഷ് ജുൻജുൻവാലയും ഡി മാർട്ട് സ്ഥാപകൻ ആർ.കെ.ദമാനിയും റിസർവ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. കേന്ദ്രബാങ്ക് അപേക്ഷ പരിഗണിച്ചു വരികയാണെന്നാണു മാധ്യമ റിപ്പാേർട്ടുകൾ.

80 വർഷം പഴക്കമുള്ള ബാങ്കിനെ കഴിഞ്ഞ ഒരു ഡസൻ വർഷം കൊണ്ട് നവീന ബാങ്കായി വിശ്വവീർ മാറ്റിയിരുന്നു. ക്രെഡിറ്റ് കാർഡിലും ചെറുകിട വ്യവസായ വായ്പകളിലും ഉള്ള കിട്ടാക്കടങ്ങളാണു ബാങ്കിനെ കുഴപ്പത്തിലാക്കിയത്.

This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it