വർഷാന്ത്യറാലി പ്രതീക്ഷിച്ചു വിപണി; വിദേശ സൂചനകൾ ആവേശം നൽകുന്നു; ചെറുകിട ബാങ്കുകളിൽ നിക്ഷേപിക്കും മുൻപ് ആലോചിക്കുക; ക്രൂഡ് കയറ്റത്തിൽ

ഓഹരി സൂചികകൾ ആശങ്കകളെ വകഞ്ഞു മാറ്റി മുന്നേറുമോ? ആർ ബി എൽ ചെറുകിട നിക്ഷേപകർക്ക് നൽകുന്ന പാഠമെന്ത്? സ്വർണ്ണ വില ഉയരുമോ?

ഒരു വർഷാന്ത്യ റാലിക്കുള്ള ഉത്സാഹത്തിലാണ് ഇന്ത്യൻ വിപണി. വിദേശ വിപണികളും കുതിപ്പിലാണ്. അവധി വ്യാപാരവും ഇന്ന് ഉയർന്ന തുടക്കം സൂചിപ്പിക്കുന്നു.

കോവിഡിൻ്റെ ഒമിക്രോൺ വകഭേദം വർധിക്കുന്നുണ്ടെങ്കിലും അപകടകരമായ വേഗത്തിലായിട്ടില്ല എന്നത് ആശ്വാസം പകരുന്നു. 15-18 വയസുകാർക്കു വാക്സിനേഷൻ തുടങ്ങുന്നതും ബൂസ്റ്റർ ഡോസുകൾ അനുവദിക്കുന്നതും ഭദ്രത ഉറപ്പു വരുത്തുമെന്നാണു വിശ്വാസം.
വിദേശ വിപണികളും ഉണർവിലാണ്. അമേരിക്കൻ ഓഹരി സൂചികകൾ തിങ്കളാഴ്ച റിക്കാർഡ് ഉയരത്തിലായി. ക്രിസ്മസ് സീസണിൽ റീട്ടെയിൽ വ്യാപാരം വർധിച്ചത് വിപണിയിൽ സാന്താ റാലിയെ സഹായിച്ചു. 26 ശതമാനം കയറ്റത്താേടെയാണ് എസ് ആൻഡ് പി 500 ഇക്കൊല്ലം അവസാനിപ്പിക്കുന്നത്. 2021-ൽ 68 തവണയാണു സൂചിക സർവകാല റിക്കാർഡ് കുറിച്ചത്. വിപണിമൂല്യം 8.6 ലക്ഷം കോടി ഡോളർ വർധിച്ചു
വിലക്കയറ്റ കാര്യത്തിൽ ആശ്വാസകരമായ ഒന്നും കാണുന്നില്ല എന്നതാണു പ്രധാന ചിന്താവിഷയം ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 80 ഡോളറിനെ സമീപിക്കുകയാണ്. 2021ൽ ഉയർന്ന നിലവാരത്തിലെത്തിയ മറ്റു വിലകളും താഴുന്നതിനുള്ള സൂചന നൽകുന്നില്ല.
തിങ്കളാഴ്ച സെൻസെക്സ് ആയിരം പോയിൻ്റോളം ഇറങ്ങിക്കയറിയ ശേഷമാണ് തരക്കേടില്ലാത്ത നേട്ടം കുറിച്ചു ക്ലോസ് ചെയ്തത്. നിഫ്റ്റി താഴ്ചയിൽ നിന്ന് 255 പോയിൻ്റ് തിരിച്ചു കയറി. താഴ്ചയിൽ വാങ്ങലിന് ആൾക്കാർ ഉണ്ടായിരുന്നു.
സെൻസെക്സ് ഇന്നലെ 295.93 പോയിൻ്റ് (0.52%) ഉയർന്ന് 57,420.24ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 82.5 പോയിൻ്റ് (0.49%) നേട്ടത്തിൽ 17,086.25 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും സമാനമായ നേട്ടം കുറിച്ചു. എഫ്എംസിജി, മെറ്റൽ, മീഡിയ ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലായിരുന്നു.
രണ്ടു മൂന്നു ദിവസം വിൽപന കുറച്ചിരുന്ന വിദേശ നിക്ഷേപകർ ഇന്നലെ 1038.25 കോടി രൂപയുടെ വിൽപനക്കാരായി. സ്വദേശി ഫണ്ടുകൾ 955.79 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി വലിയ കുതിപ്പിനുള്ള ആക്കം കാണിക്കുന്നില്ലെന്നും നിഫ്റ്റി 16,800-17,300 മേഖലയിൽ ചുറ്റിത്തിരിയുമെന്നും ചില സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നുണ്ട്. വ്യാഴാഴ്ച പ്രതിമാസ ഡെറിവേറ്റീവ് സെറ്റിൽമെൻ്റ് വരെ അനിശ്ചിതത്വമാണ് അവർ കാണുന്നത്. നിഫ്റ്റിക്കു 16,910-ലും 16,735 ലും അവർ താങ്ങ് കാണുന്നു. 17,185-ഉം 17,290-ഉം തടസ മേഖലകളാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,205-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 27,273 ലെത്തിയിട്ട് 17,226-ലേക്കു പിന്മാറി. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങുമെന്ന സൂചനയാണു ഡെറിവേറ്റീവ് വ്യാപാരം നൽകുന്നത്.

ക്രൂഡ് ഓയിൽ കുതിക്കുന്നു

ലോക വിപണിയിൽ ക്രൂഡ് ഓയിൽ ഡിമാൻഡ് ഉയർന്നു, വില കൂടി. പ്രകൃതി വാതക ലഭ്യത കുറഞ്ഞു, അതിനു വില കൂടി. കോവിഡ് വ്യാപനത്തിൻ്റെ പേരിൽ പുതിയ ലോക്ക് ഡൗണുകൾ ഇല്ലാത്തതു ഡിമാൻഡ് ഉയർത്തി നിർത്തി. റഷ്യയിൽ നിന്നുള്ള വാതക വിതരണം ആവശ്യത്തിനു വർധിക്കാത്തത് പ്രകൃതി വാതകത്തിനും ക്രൂഡ് ഓയിലിനും വില കൂട്ടി. ബ്രെൻ്റ് ഇനം ക്രൂഡ് നാലു ശതമാനം ഉയർന്ന് 79.05 ഡോളറിൽ എത്തിയ ശേഷം അൽപം താണു. ഡബ്ള്യുടിഐ ഇനം 75.92 ലേക്കു കയറി. പ്രകൃതി വാതകത്തിന് ഇന്നലെ പത്തു ശതമാനം വില വർധിച്ച് 4.11 ഡോളർ ആയി.
വ്യാവസായിക ലോഹങ്ങളുടെ വില ചെറിയ മേഖലയിൽ കയറിയിറങ്ങി.
സ്വർണം 1800-നു മുകളിൽ തുടരുന്നു. 1803 ഡോളർ വരെ താണെങ്കിലും ഇന്നു രാവിലെ 1810-1812 ഡോളറിലാണു വ്യാപാരം. വില സാവധാനം ഉയരുമെന്ന പ്രതീക്ഷയിലാണു സ്വർണ ബുള്ളുകൾ.

ആർബിഎൽ ബാങ്കിൽ ആഴമേറിയ ശസ്ത്രക്രിയ

ആർബിഎൽ ബാങ്കിൻ്റെ ഓഹരി ഇന്നലെ 23 ശതമാനം വരെ ഇടിഞ്ഞെങ്കിലും ഒടുവിൽ 18.1 ശതമാനം നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. ബാങ്കിനെപ്പറ്റി ആശങ്കയ്ക്കു കാര്യമില്ലെന്നും സുപ്രധാന സൂചകങ്ങളെല്ലാം പോസിറ്റീവ് ആണെന്നും റിസർവ് ബാങ്ക് ഇന്നലെ പറഞ്ഞു.
കുഴപ്പമില്ല എന്നു പറയുമ്പോഴും പുറത്തു വരാത്തതും എന്നാൽ പരിഹരിക്കാൻ പറ്റുന്നതുമായ എന്തോ പ്രശ്നം ഉണ്ടെന്നു വിപണി കരുതുന്നു. വളരെ കരുതലോടെ മാത്രം നീങ്ങുന്ന റിസർവ് ബാങ്ക് വാരാന്ത്യത്തിൽ അതിവേഗ നീക്കങ്ങൾ നടത്തിയത് അതുകൊണ്ടാകാം. ആറു മാസം കൂടി കാലാവധി ഉണ്ടായിരുന്ന എംഡി വിശ്വ വീർ അഹൂജയെ അവധിയിൽ വിട്ടു; രാജീവ് അഹൂജ യെ എംഡിയും സിഇഒയുമാക്കി. റിസർവ് ബാങ്കിലെ ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാലിനെ അഡീഷണൽ ഡയറക്ടറുമാക്കി. ഈ നടപടികൾ ആഴത്തിലുള്ള അഴിച്ചുപണിക്കുള്ള ഒരുക്കമായി വിപണി കാണുന്നു.

ചെറുകിട ബാങ്കുകളെ സൂക്ഷിക്കുക

ആർബിഎൽ ബാങ്കിലെ സംഭവ വികാസങ്ങൾ ചെറുകിട ഷെഡ്യൂൾഡ് ബാങ്ക് ഓഹരികളെ കരുതലോടെ സമീപിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. ഫണ്ടുകൾ സാവധാനം അവ വിറ്റൊഴിയും. താഴ്ചയിൽ വാങ്ങുന്ന തന്ത്രം അവയുടെ കാര്യത്തിൽ ചിലപ്പോൾ നഷ്ടം വരുത്തിയേക്കും. പല ചെറുകിട ബാങ്കുകളും നിലനിൽപിനു വിഷമിക്കുകയാണ്. ഇടപാടുകാർ വലിയ ബാങ്കുകളിലേക്കു മാറുകയും ഫിൻടെക്കുകളും പേമെൻ്റ് ആപ്പുകളും ശിഷ്ട ബിസിനസിലെ ആദായമുള്ള ഭാഗങ്ങൾ കൈയടക്കുകയും ചെയ്യുന്നതാണു ബാങ്കിംഗിൽ കണ്ടുവരുന്നത്. ഓഹരിവില വളരെ താഴ്ന്നു നിൽക്കുന്നു; ഇനി ഉയരാനേ വഴിയുള്ളൂ തുടങ്ങിയ വാദങ്ങൾ നിക്ഷേപം നടത്താൻ തക്ക ന്യായങ്ങൾ അല്ല എന്നു മനസിലാക്കുക.
നിഫ്റ്റി ബാങ്ക് സൂചികയിൽ നിന്ന് ആർബിഎലിനെ മാറ്റി ബാങ്ക് ഓഫ് ബറോഡയെ പെടുത്തുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതും ആർബിഎൽ ഓഹരിയുടെ വിലയിടിക്കും.
ആർബിഎൽ ബാങ്ക് ഓഹരിയുടെ വിലലക്ഷ്യം പല ബ്രോക്കറേജുകളും താഴ്ത്തിയെങ്കിലും അവയൊക്കെ ഇന്നലെ എത്തിയ താഴ്ന്ന വിലയേക്കാൾ കൂടുതലാണ്. ഇതു സാഹസിക നിക്ഷേപങ്ങൾക്കു മുതിരുന്നവരെ പ്രലോഭിപ്പിക്കാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതോടെ ആർബിഎൽ കുറേക്കൂടി ഇടിയുമെന്നാണു പ്രതീക്ഷിക്കാവുന്നത്.


This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it