ദിശാബോധം കിട്ടാതെ വിപണി; കോവിഡിൻ്റെ വ്യാപനം അതിവേഗത്തിൽ; 2022 നേട്ടം നൽകുമെന്ന് വിലയിരുത്തൽ

ദിശാബോധം വീണ്ടെടുക്കാതെയാണ് 2021-ലെ അവസാന വ്യാപാര ദിനത്തിലേക്കു വിപണി പ്രവേശിക്കുന്നത്. ഒമിക്രോൺ വ്യാപനം അസാധാരണ വേഗത്തിലായതു ലോകവിപണികളെ ഉലയ്ക്കുന്നുണ്ട്. ഇന്നലെ റിക്കാർഡ് ഉയരത്തിൽ നിന്നു ഗണ്യമായി താഴ്ന്നാണു യുഎസ് വിപണി ക്ലാേസ് ചെയ്തത്. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ഗണ്യമായി താഴ്ന്നു. ഇന്നു രാവിലെ ഓസ്ട്രേലിയയിലും ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ താഴോട്ടാണ്. അതിൻ്റെ സ്വാധീനം ഇന്ത്യൻ വിപണിയിലും ഉണ്ടാകും.

വ്യാഴാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നേരിയ താഴ്ചയിൽ അവസാനിച്ചു. ഐടി, ഫാർമ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ മാത്രമേ കാര്യമായ നേട്ടം ഉണ്ടാക്കിയുള്ളു. സെൻസെക്സ് 12.17 പോയിൻ്റ് താണ് 57,794.32 ലും നിഫ്റ്റി 9.65 പോയിൻ്റ് കുറഞ്ഞ് 17,203.95ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.37 ശതമാനം താണപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.24 ശതമാനം ഉയർന്നു. റിലയൻസും എസ്ബിഐയും വാഹന - മെറ്റൽ - റിയൽറ്റി കമ്പനികളും താഴ്ചയ്ക്ക് കാരണമായി.
യൂറോപ്യൻ ഓഹരികൾ സമ്മിശ്ര ചിത്രമാണു കാഴ്ചവച്ചത്. അമേരിക്കയിൽ ഡൗ ജോൺസും എസ് ആൻഡ് പിയും പുതിയ റിക്കാർഡ് ഉയരത്തിലേക്കു കയറിയിട്ട് താഴോട്ടു പോന്നു. തൊഴിലില്ലായ്മ കുറഞ്ഞതിനെ തുടർന്നായിരുന്നു കയറ്റം. കോവിഡ് വർധന സൂചികകളെ വലിച്ചു താഴ്ത്തി.
വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ ഇന്നലെ 986.32 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 577.74 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ഹ്രസ്വകാല അനിശ്ചിതത്വമാണു കാണിക്കുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,145 ലും 17,090 ലും നിഫ്റ്റിക്ക് താങ്ങ് പ്രതീക്ഷിക്കുന്നു. ഉയർച്ചയിൽ 17,260-ഉം 17,325-ഉം തടസങ്ങളാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,338.5 വരെ ഉയർന്നതാണ്. പക്ഷേ ഇന്നു രാവിലെ ഗണ്യമായി താഴ്ന്ന് 17,272 ലാണു വ്യാപാരം തുടങ്ങിയത്.

സ്വർണം കുതിച്ചു

ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ നിൽക്കുന്നു. കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ വന്നാൽ വില അൽപം കുറയാം. ബ്രെൻ്റ് ഇനം ക്രൂഡ് 79.3 ഡോളറിലാണ്. ലഭ്യത വർധിച്ചതിനെ തുടർന്ന് പ്രകൃതിവാതക വില ഏഴു ശതമാനം കുറഞ്ഞു 3.6 ഡോളറായി.
വ്യാവസായിക ലോഹങ്ങൾ ഉയർന്ന നിലയിൽ തുടരുന്നു. അടുത്തയാഴ്ചയേ വ്യാപാരം പൂർണതോതിൽ ആകൂ.
കോവിഡ് വ്യാപനം സ്വർണ വില ഉയരാൻ കാരണമായി. വ്യാഴാഴ്ച 1795 ഡോളറിൽ നിന്ന് 1818.50 ഡോളറിലേക്കു വില കയറി. ഇന്നു രാവിലെ 1817-1819 മേഖലയിലാണു വ്യാപാരം. കേരളത്തിൽ തുടർച്ചയായി മൂന്നു ദിവസം താഴ്ന്ന സ്വർണവില ഇന്നു ഗണ്യമായി കൂടും.
ഡോളർ ഇന്നലെ വീണ്ടും താണു. 30 പൈസ കുറഞ്ഞ് 74.4 രൂപയിലെത്തി. ഡോളർ സൂചിക 96-നു താഴേക്കു നീങ്ങി.

കോവിഡ് വ്യാപനം മൂലം അനിശ്ചിതത്വം

കോവിഡിൻ്റെ വ്യാപനം യൂറോപ്പിലും അമേരിക്കയിലും അതി വേഗത്തിലായി. രോഗബാധ ആഗാേള തലത്തിൽ ഇന്നലെ 19 ലക്ഷമായി. യൂറോപ്പിലെ പ്രതിദിന രോഗബാധ പത്തു ലക്ഷം കടന്നു. അമേരിക്കയിൽ അഞ്ചര ലക്ഷത്തിലേറെ പേരാണ് ഇന്നലെ രോഗികളായത്. രോഗബാധ മാരകമല്ല, ആശുപത്രിവാസം കുറച്ചു പേർക്കു മതി എന്നൊക്കെയുള്ള കാര്യങ്ങൾ ആശ്വാസമുള്ളതാണ്. പക്ഷേ സാമ്പത്തിക - വ്യാവസായിക തടസങ്ങൾ കുറവല്ല. ചൈനയിലടക്കം പല രാജ്യങ്ങളിലും ഫാക്ടറികൾ, ഹോട്ടലുകൾ തുടങ്ങിയവ ഭാഗികമായോ മുഴുവനായോ പ്രവർത്തനം നിർത്തേണ്ടി വരുന്നു. ഇന്ത്യയിലും രോഗബാധ പെട്ടെന്നു വർധിച്ചു. ജനുവരിയിൽ വ്യാപനം കൂടുതൽ വേഗത്തിലാകുമെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതു വിപണിയിലെ അനിശ്ചിതത്വം വർധിപ്പിക്കുന്നു.

വിപണി റിക്കാർഡ് കുറിച്ച് മുന്നേറിയ വർഷം

പ്രാഥമിക വിപണിയിലും ദ്വിതീയ വിപണിയിലും റിക്കാർഡ് പണം ഒഴുകിയെത്തി നിക്ഷേപകർക്കു വലിയ നേട്ടം ഉണ്ടാക്കിയ വർഷമാണു കടന്നു പോകുന്നത്. നിഫ്റ്റി ഈ വർഷം 22.72 ശതമാനവും സെൻസെക്സ് 20.73 ശതമാനവും ഉയർന്നു. ആഗോള വിപണികളും ഇതു പാേലെ മികച്ച ആദായം നൽകി. യുഎസ് സൂചികകൾ സർവകാല റിക്കാർഡിൻ്റെ തൊട്ടടുത്താണ് വർഷാന്ത്യദിനത്തിൽ നിൽക്കുന്നത്. ഇന്ത്യയിലാകട്ടെ സർവകാല റിക്കാർഡിൽ നിന്ന് നിഫ്റ്റി 7.53 ശതമാനവും സെൻസെക്സ് 7.15 ശതമാനവും താഴ്ന്നാണ് വർഷാന്ത്യ വ്യാപാരത്തിലേക്കു കടക്കുന്നത്.

സെൻസെക്സ് 70,000-ലേക്ക്?

ഈ അനിശ്ചിതത്വത്തിനിടയിലും വിപണി പുതുവർഷത്തിലേക്ക് ആവേശപൂർവമാണ് ഉറ്റുനോക്കുന്നത്. ചാർട്ടുകൾ വിശകലനം ചെയ്യുന്നവർ മുഖ്യസൂചികകൾ 21 ശതമാനം ഉയരുമെന്നു കണക്കാക്കുന്നു. അതായതു സെൻസെക്സ് 70,000 വും നിഫ്റ്റി 21,000 വും കടക്കുമെന്ന്. മിഡ് ക്യാപ് സൂചിക 30 ശതമാനം കയറി 39,000-ൽ എത്തുമെന്നും അവർ പ്രവചിക്കുന്നു. ഈ വർഷം 45 ശതമാനം നേട്ടമുണ്ടാക്കിയതാണു നിഫ്റ്റി മിഡ് ക്യാപ് സൂചിക.

വിപണിയിലേക്കു റിക്കാർഡ് പണമൊഴുക്ക്

മൂലധന വിപണിയിലേക്ക് റിക്കാർഡ് പണമൊഴുക്ക് നടന്ന വർഷമാണു കടന്നു പോകുന്നത്. 1.88 ലക്ഷം കോടി രൂപ വിപണിയിലെത്തി. 2010-ലെ 1.72 ലക്ഷം കോടിയെ ഇതു മറികടന്നു. ശ്രദ്ധേയമായ കാര്യം ഇതിൽ ഭൂരിഭാഗവും ഐപിഒകൾ വഴിയായിരുന്നു എന്നതാണ്. 1.19 ലക്ഷം കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചത്. 2007-ലെ 67,147 കോടിയുടെ ഇരട്ടിയോളം. അതേ സമയം കഴിഞ്ഞ വർഷം അവകാശ ഇഷ്യു വഴി 65,000 കോടി രൂപ വന്ന സ്ഥാനത്ത് ഈ വർഷം 27,771 കോടി രൂപ മാത്രം. ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻ്റ് ) വഴി 41,997 കോടി എത്തി. 2020-ൽ ഈ വഴിയേ 80,816 കോടി സമാഹരിച്ചതാണ്.
ഈ വർഷം പുതിയ ഫണ്ടുകൾ (എൻഎഫ്ഒ) വഴി 79,000 കോടി രൂപ വിപണിയിൽ എത്തി. ഇതും റിക്കാർഡാണ്.
വിപണിയിൽ റീട്ടെയിൽ നിക്ഷേപകരുടെ എണ്ണവും വർധിച്ചു. രണ്ടു വർഷം കൊണ്ട് ഒന്നേമുക്കാൽ കോടി പുതിയ നിക്ഷേപകർ വിപണിയിലെത്തി. ക്യാഷ് വിഭാഗത്തിലെ വ്യാപാരത്തിൽ 45 ശതമാനത്തോളം റീട്ടെയിൽ നിക്ഷേപകരുടെ സംഭാവനയാണ്.


This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it