ബജറ്റിലെ സന്തോഷം ഇന്നും തുടരാം; ബുള്ളുകൾ ആവേശത്തിൽ; കമ്മിയും കടവും പ്രശ്നങ്ങളാകും; സബ്സിഡി കുറച്ചാൽ അരിവില കൂടുമോ?

ബജറ്റ് കഴിഞ്ഞു, ഓഹരി വിപണിയിൽ ഇനിയെന്ത്? ആ കണക്കുകളിലെ പിന്നിലെ രഹസ്യങ്ങൾ; സബ്സിഡി കുറയുമ്പോൾ എന്ത് സംഭവിക്കും?

പൊതുബജറ്റ് ദോഷകരമായ ഒന്നും കൊണ്ടു വരാത്തതിനാൽ ബജറ്റിൻ്റെ തൊട്ടുമുമ്പു വരെ ഉണ്ടായിരുന്ന ആവേശം ഓഹരിവിപണി നിലനിർത്തി. സൂചികകൾ നല്ല നേട്ടത്തോടെ ക്ലോസ് ചെയ്തു.

ഇന്നലെ യൂറോപ്പിലും അമേരിക്കയിലും വിപണികൾ ഉണർവിലായിരുന്നു. യുഎസ് സൂചികകൾ ഉയരത്തിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് അൽപം താഴ്ചയിലാണെങ്കിലും സമീപനം ബുളളിഷ് ആണ്. ഏഷ്യൻ വിപണികളും രാവിലെ നല്ല തോതിൽ ഉയർന്നു. സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി നല്ല നേട്ടം കാണിക്കുന്നു. 17,725 ലേക്ക് എസ്ജിഎക്സ് നിഫ്റ്റി കയറിയത് ഇന്ത്യയിൽ നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നു സൂചിപ്പിക്കുന്നു. പൊതുവേ ഇന്നു വിപണിക്ക് കുതിപ്പിനു പറ്റിയ അന്തരീക്ഷമാണുള്ളത്.
ഇന്നലെ സെൻസെക്സ് 848.4 പോയിൻ്റ് (1.46%) നേട്ടത്തിൽ 58,862.57 ലും നിഫ്റ്റി 237 പോയിൻ്റ് (1.37%) നേട്ടത്തിൽ 17,576.85ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.08 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.92 ശതമാനവും ഉയർന്നു.

മെറ്റലിൽ നേട്ടം

മെറ്റൽ കമ്പനികൾക്കായിരുന്നു വലിയ നേട്ടം. ഉയർന്ന മൂലധനച്ചെലവ് കൂടുതൽ നിർമാണങ്ങൾക്കു വഴിതെളിക്കുമെന്ന കണക്കുകൂട്ടലിൽ ആണു വിപണി. മെറ്റൽ സൂചിക 4.92 ശതമാനം കുതിച്ചു. ക്യാപ്പിറ്റൽ ഗുഡ്സ് മേഖല 2.93 ശതമാനത്തിൻ്റെ കുതിപ്പ് നടത്തി. ഗ്രാമീണ വികസനത്തിനു മുന്തിയ പരിഗണന ഉണ്ടെന്നത് എഫ്എംസിജി സൂചിക 1.85 ശതമാനം ഉയർത്തി.
വിദേശ നിക്ഷേപകർ ഇന്നലെ 21.79 കോടി രൂപയുടെ ഓഹരികളാണു വിറ്റത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു തീരെ ചെറിയ തുക. ബജറ്റ് നിർദേശങ്ങൾ ആഴത്തിൽ പഠിച്ച ശേഷമാകും അവരുടെ അടുത്ത നീക്കം. സ്വദേശി ഫണ്ടുകൾ 1597.7 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ബുളളിഷ് ആണ്. ഇപ്പോഴത്തെ കുതിപ്പിനു ഇന്നു 17,640-നു മുകളിൽ കയറിയാൽ നിഫ്റ്റിക്ക് 17,900 - 18,300 മേഖലയിലേക്കു നീങ്ങാനാകും. 17,340-ലും 17,105 -ലുമാണ് ഇന്ന് താങ്ങ് പ്രതീക്ഷിക്കുന്നത്. 17,720 ലും 17,860-ലും തടസങ്ങൾ നേരിടാം.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ഇന്നലെ മൂന്നു ശതമാനത്തോളം താണു. ബ്രെൻ്റ് ഇനം 89 ഡോളറിനു താഴെ എത്തി. എന്നാൽ യുഎസ് റിസർവിൽ അപ്രതീക്ഷിത കുറവു വന്നതിനെ തുടർന്നു വില തിരിച്ചു കയറി 90.16 ഡോളർ ആയി.
വ്യാവസായിക ലോഹങ്ങൾ വീണ്ടും ഉയർച്ചയിലായി. ഇരുമ്പയിര് ടണ്ണിന് 139 ഡോളറിലെത്തി. ഇന്നലെ മാത്രം വില 5.5 ശതമാനം വർധിച്ചു. ചെമ്പ്, അലൂമിനിയം, നിക്കൽ തുടങ്ങിയവയും കുതിപ്പിലാണ്. ചെമ്പ് വീണ്ടും 10,000 ഡോളറിനു മുകളിലെത്തുമെന്നു വിപണി നിരീക്ഷകർ പറയുന്നു.
സ്വർണം ഇന്നലെ 1810 ഡോളർ വരെ കയറിയിട്ടു താണു. ഇന്നു രാവിലെ 1800-1802 ഡോളറിലാണു വ്യാപാരം.

ബജറ്റിനു ശേഷം

ബജറ്റ് പ്രത്യേകമായ ഒന്നും ചെയ്തില്ല. അതിനാൽ വിപണിയും പ്രത്യേകമായ ഒന്നും ചെയ്തില്ല നിർമല സീതാരാമൻ ബജറ്റ് പ്രസംഗം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന നിലവാരത്തിൽ തന്നെ മുഖ്യസൂചികകൾ ഇന്നലെ ക്ലോസ് ചെയ്തു.
അതേ സമയം ധനകമ്മിയുടെയും കടമെടുപ്പിൻ്റെയും കാര്യത്തിൽ നിർമല പ്രതീക്ഷിച്ച കുറവു വരുത്തിയില്ല. അതിനാൽ പലിശ പ്രതീക്ഷിച്ചതിലും കൂടുമെന്നു വിപണി ഭയക്കുന്നു. കടപ്പത്രവില താഴുകയും നിക്ഷേപനേട്ടം (Yield) 6.85 ശതമാനത്തിലേക്കു കയറുകയും ചെയ്തു.
ഇതാണ് ഇന്നലെ സംഭവിച്ചത്. പ്രതികൂലമായി പറയാൻ കാര്യങ്ങൾ ഇല്ലെന്ന മട്ടിലാണു വിപണി. എല്ലാവരും വർധിച്ച മൂലധന നിക്ഷേപത്തിൻ്റെ സൽഫലങ്ങളെ വാഴ്ത്തുകയാണ്. വരുമാനത്തിലും ചെലവിലും ന്യായമായ വർധന കാണിക്കാതെ ബജറ്റ് തയാറാക്കിയതിനെ ആരും വിമർശിച്ചു കണ്ടില്ല.

കമ്മിയിലെ മാറ്റം ചില്ലറയല്ല

ബജറ്റ് കമ്മി ഇക്കൊല്ലം പ്രതീക്ഷയേക്കാൾ അൽപം കൂടുതലായി.15.07 ലക്ഷം കോടി പ്രതീക്ഷിച്ചത് 15.91 ലക്ഷം കോടി ആകുമെന്നു പുതുക്കിയ എസ്റ്റിമേറ്റ് പറയുന്നു. 5.57 ശതമാനമാണു വ്യത്യാസം. തന്നാണ്ടു ജിഡിപി ബജറ്റിൽ പ്രതീക്ഷിച്ച 14.5 ശതമാനത്തിനു പകരം 17.6 ശതമാനം വർധിച്ചതുകൊണ്ട് ഇത്ര വലിയ മാറ്റം മറച്ചുവയ്ക്കാനായി. ജിഡിപിയുടെ 6.8 ശതമാനം എന്നത് 6.9 ശതമാനം ആയതേ ഉള്ളൂ എന്നു മന്ത്രിക്കു പറയാം.
അടുത്ത വർഷവും കമ്മി കൂടുകയാണ്. 16.61 ലക്ഷം കോടി രൂപയിലേക്ക്. 2022-23ൽ പ്രതീക്ഷിക്കുന്ന ജിഡിപി കൂടുതലായതിനാൽ ഇത് ജിഡിപിയുടെ 6.4 ശതമാനമേ വരൂ.

പലിശച്ചെലവ് കുതിച്ചുയരുന്നു

കമ്മി കാര്യത്തിൽ വേറെയുമുണ്ട് ചിന്താവിഷയങ്ങൾ. 2020-21 ൽ 18.18 ലക്ഷം കോടി, 202l - 22 ൽ 15.91 ലക്ഷം കോടി, 2022-23-ൽ 16.61 ലക്ഷം കോടി. സർക്കാരിൻ്റെ ബാധ്യതയാണ് ഇങ്ങനെ വർധിക്കുന്നത്. കമ്മി വർധിച്ചു വർധിച്ച് പോകുമ്പോൾ ആ കടത്തിൻ്റെ പലിശയും വർധിച്ചു വർധിച്ചു വരുകയാണ്. 2020-21 ൽ 6.8 ലക്ഷം കോടി രൂപ, 2021.22 ൽ 8.14 ലക്ഷം കോടി രൂപ, 2022-23ൽ 9.41 ലക്ഷം കോടി രൂപ. ഇങ്ങനെയാണു പലിശച്ചെലവ് കൂടുന്നത്. രണ്ടു വർഷം കൊണ്ടു പലിശച്ചെലവിലെ വർധന 38 ശതമാനമാണ്.
2020-21 ൽ ബജറ്റ് ചെലവിൻ്റെ 19.3 ശതമാനമായിരുന്നു പലിശ. അടുത്ത വർഷം അത് 23.8 ശതമാനമാകും. 1980 കളിലും 90-കളുടെ തുടക്കത്തിലും ഉണ്ടായിരുന്ന നിലവാരമാണത്. ഒട്ടും സ്വീകാര്യമല്ലാത്ത നില. വരുമാനത്തിൻ്റെ വലിയ പങ്ക് പലിശയ്ക്കു പോകുമ്പോൾ നിത്യനിദാനച്ചെലവിന് വീണ്ടും കടമെടുക്കേണ്ടി വരുന്നു. കടമെടുത്തു വികസന പ്രവർത്തനങ്ങൾ നടത്തുക എന്ന ആശയം തിരിച്ചു കൊണ്ടുവരാൻ വർഷങ്ങൾ കാത്തിരിക്കണം.
ഉയർന്ന കമ്മിയുടെ ഫലം സർക്കാരിൻ്റെ കടബാധ്യത ജിഡിപിയുടെ 60.2 ശതമാനമായി വർധിക്കും എന്നതാണ്. ജിഡിപിയുടെ 40 ശതമാനം കടം എന്നതാണു സ്വീകാര്യമായ നില. അതിലേക്കു തിരിച്ചു വരാൻ എന്നു കഴിയും എന്ന് ആർക്കും പറയാനാവുന്നില്ല.

സബ്സിഡികൾ കുറയ്ക്കുന്നത് എന്തിന്?

സബ്സിഡികൾ, തൊഴിലുറപ്പു പദ്ധതി തുടങ്ങിയവയ്ക്കുള്ള വിഹിതം കുറച്ചു കൊണ്ടാണു ബജറ്റ് തയാറാക്കിയത്.
ഭക്ഷ്യ സബ്സിഡി ഈ വർഷത്തേതിലും കുറയും എന്നതിനർഥം ദരിദ്രവിഭാഗങ്ങൾക്കുള്ള സൗജന്യ ധാന്യവിതരണം നിർത്തലാക്കും എന്നാണെന്നു പലരും കരുതുന്നു. കോവിഡ് കാലത്ത് ആരംഭിച്ചതാണ് ഈ നല്ല കാര്യം. അതു നിർത്തലാക്കുന്നതു പാവപ്പെട്ടവർക്കുള്ള വലിയൊരു ആശ്വാസ സങ്കേതം ഇല്ലാതാക്കലാണ്. വേറെയും പ്രശ്നം അതിൽ ഉണ്ട്. ഇതു നിർത്തലാക്കുമ്പോൾ പൊതുവിപണിയിലെ ധാന്യവില കൂടും. അതു മൊത്തത്തിൽ ദോഷം ചെയ്യും.
സൗജന്യ ധാന്യവിതരണം നിർത്തിയാൽ ഫുഡ് കോർപറേഷൻ്റെ പക്കൽ അമിതമായ തോതിൽ ധാന്യങ്ങൾ മിച്ചമാകും. അതു സ്വകാര്യ മില്ലുകൾക്കു വിൽക്കുകയോ കയറ്റുമതി ചെയ്യുകയാേ ചെയ്തില്ലെങ്കിൽ എഫ്സിഐയുടെ നില പരുങ്ങലിലാകും.
രാസവള സബ്സിഡി തുകയും ഈ വർഷത്തേതിലും കുറവാണ്. ഇക്കൊല്ലം ഇറക്കുമതി ചെയ്തതും അല്ലാത്തതുമായ രാസവളങ്ങൾക്കു ബജറ്റിൽ പ്രതീക്ഷിച്ചതിലും 50 ശതമാനം അധികം സബ്സിഡി വേണ്ടിവന്നു.അതു കുറയ്ക്കുന്നത് രാസവളങ്ങൾ ഉപയോഗിക്കാത്ത ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനുളള വളഞ്ഞ വഴിയാണോ?
തൊഴിലുറപ്പ് പദ്ധതിക്കു ഈ രണ്ടു വർഷവും ചെലവായ തുകയേക്കാൾ വളരെ കുറവാണ് അടുത്ത വർഷത്തേക്കുള്ളത്. പദ്ധതി ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രം ഇതിൽ ഉണ്ടോ?


This section is powered by Muthoot Finance
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it