ആഗാേള സൂചനകൾ നെഗറ്റീവ്; പലിശ കാര്യത്തിൽ റിസർവ് ബാങ്ക് ഉദാരവഴിയേ; വിലക്കയറ്റ ഭീഷണി അവഗണിക്കുന്നു; യുഎസ് ഫെഡ് നീക്കം ഇന്ത്യയെ ബാധിക്കുമോ?

വ്യാഴാഴ്ച റിസർവ് ബാങ്കിൻ്റെ പണനയം വിപണിയെ ഉയർത്തി. ഇന്ന് അമേരിക്കൻ കേന്ദ്ര ബാങ്കിൻ്റെ നയത്തെപ്പറ്റിയുള്ള ആശങ്ക വിപണിയെ വലിച്ചു താഴ്ത്തുമോ?

ആഗോള സൂചനകൾ വിപണിയിൽ ഇടിവാണു സൂചിപ്പിക്കുന്നത്. യുഎസിൽ ജനുവരിയിലെ ചില്ലറ വിലക്കയറ്റം 7.5 ശതമാനത്തിലേക്കു കുതിച്ചു. നിരീക്ഷകർ കണക്കാക്കിയ 7.3 ശതമാനത്തേക്കാൾ കൂടുതലായി 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റം. ഇതാേടെ മാർച്ചിൽ ഫെഡ് (അമേരിക്കൻ കേന്ദ്ര ബാങ്ക്) പലിശനിരക്ക് ഗണ്യമായി കൂട്ടുമെന്ന ആശങ്ക പ്രബലമായി. യുഎസ് ഓഹരികൾ ഇടിഞ്ഞു. ഡൗ ജോൺസ് 1.5 ശതമാനവും നാസ്ഡാക് 2.2 ശതമാനവും താഴ്ന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലാണ്. ഏഷ്യൻ വിപണികളും നല്ല താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. സിംഗപ്പുരിൽ നിഫ്റ്റി ഡെറിവേറ്റീവ് നല്ല താഴ്ചയിലാണ്.
പലിശ ഉടനെ കൂട്ടില്ലെന്നും ഉദാരമായ പണനയം "വേണ്ട കാലത്തോളം" തുടരുമെന്നുമാണു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ പറഞ്ഞത്. ഇതു വിപണിയെ ആവേ
ശം കൊള്ളിച്ചു. സെൻസെക്സ് 59,000 കടന്നു. പിന്നീടു താണു. സെൻസെക്സ് 460.06 പോയിൻ്റ് (0.79%) ഉയർന്ന് 58,926.03 ലും നിഫ്റ്റി 142.05 പോയിൻ്റ് (0.81%) കയറി 17,605.85ലും ക്ലോസ് ചെയ്തു. ഐടി, ബാങ്ക്, ധനകാര്യ സർവീസ്, റിയൽറ്റി തുടങ്ങി എല്ലാ വ്യവസായ മേഖലകളും ഉണർവിലായിരുന്നു.
വിദേശികൾ ഇന്നലെയും വലിയ തോതിൽ ഓഹരികൾ വിറ്റു. ക്യാഷ് വിപണിയിൽ 1732.58 കോടിയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. സ്വദേശി ഫണ്ടുകൾ 2727.23 കോടിയുടെ ഓഹരികൾ വാങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,474 വരെ താണു. ഇന്നു രാവിലെ 17,440-ലേക്ക് ഇറങ്ങി. ഇന്ത്യൻ വിപണി താഴ്ന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതിലുള്ളത്.
വിപണി ബുളളിഷ് ആണെന്നു തോന്നുമെങ്കിലും തിരിച്ചു താഴാനുള്ള പ്രവണത നിലനിൽക്കുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി ഇന്നലെ 17,639 വരെ എത്തിയെങ്കിലും 20 ദിന മൂവിംഗ് ആവരേജ് (20 ഡിഎംഎ) ഭേദിക്കാനാവാതെ പിൻവാങ്ങേണ്ടി വന്നതു കാണിക്കുന്നത് ഈ ദൗർബല്യമാണ്. നിഫ്റ്റിക്ക് 17,475 ലും 17,345-ലും താങ്ങു പ്രതീക്ഷിക്കുന്നു. 17,690-ഉം 17,770-ഉം തടസങ്ങളാണ്.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ ചെറിയ കയറ്റിറക്കത്തോടെ 91 ഡോളറിനു മുകളിൽ തുടരുന്നു. യുക്രെയ്ൻ സംഘർഷവും യുഎസ് -ഇറാൻ ചർച്ചയുമാണ് വിലയെ സ്വാധീനിക്കുക.
വ്യാവസായിക ലോഹങ്ങൾ കുതിപ്പിലാണ്. ചെമ്പ് വീണ്ടും ടണ്ണിന് 10,000 കടന്നു. 10,220 ലാണ് ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ചെമ്പ് ക്ലോസ് ചെയ്തത്. അലൂമിനിയം 3237 ഡോളറിലേക്കും ഇരുമ്പയിര് 151.57 ഡോളറിലേക്കും എത്തി.
സ്വർണം വീണ്ടും ചാഞ്ചാട്ടത്തിലായി. പലിശ വർധന ഏതു തോതിലാകും എന്ന ആശങ്കയാണു കാരണം. 1843 ഡോളർ വരെ കയറിയ മഞ്ഞലോഹം 1821-ലേക്കു വീണു. ഇന്നു രാവിലെ 1824-1826 ഡോളറിലാണു വ്യാപാരം.

വിപരീത ദിശയിൽ റിസർവ് ബാങ്ക്

ആഗാേള പ്രവണതകൾക്കു വിപരീതമായി നീങ്ങാനാണു റിസർവ് ബാങ്ക് തീരുമാനിച്ചത്. മറ്റു രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് വേഗം കൂട്ടാനും പണലഭ്യത ചുരുക്കാനും നടപടികൾ തുടങ്ങുന്നു. ഇന്ത്യയുടെ കേന്ദ്ര ബാങ്ക് തീരെത്താഴ്ന്ന പലിശ നിരക്കും ഉദാരമായ പണലഭ്യതയും "വേണ്ടിടത്തോളം കാലം" തുടരാൻ തീരുമാനിച്ചു. റിസർവ് ബാങ്ക് പണനയ കമ്മറ്റി (എംപിസി) യുടെ തീരുമാനത്തെ ഓഹരിവിപണി സഹർഷം സ്വാഗതം ചെയ്തു. കടപ്പത്ര വിലകൾ വർധിപ്പിച്ചും നിക്ഷേപനേട്ടം (yield) കുറച്ചും കടപ്പത്ര വിപണിയും ഗവർണർ ശക്തികാന്ത ദാസിൻ്റെ തീരുമാനത്തെ സ്വീകരിച്ചു.
റീപോ നിരക്ക് നാലു ശതമാനം, റിവേഴ്സ് റീപോ 3.35 %, ബാങ്ക് റേറ്റ്/എംഎസ്എഫ് 4.25% എന്നിവ മാറ്റമില്ലാതെ തുടരും. വേണ്ടിടത്തോളം കാലം ഉദാര നയം തുടരും എന്നതിനർഥം ഓഗസ്റ്റ് വരെയെങ്കിലും നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്നാണെന്നു ധനകാര്യ നിരീക്ഷകർ പറയുന്നു.

സർക്കാരിനോട് ഒത്തുപോകാൻ

ഗവർണർ ദാസ് ഒരു കാര്യം തുറന്നു പറഞ്ഞു: സർക്കാർ നയത്തോട് ഇണങ്ങിപ്പോകുന്നതാണ് റിസർവ് ബാങ്ക് നയം. ബജറ്റിലെയും പണ നയത്തിലെയും സമീപനങ്ങൾ ഏകോപിച്ചു നീങ്ങണം. അതോ ഇതോ എന്നല്ല, അതും ഇതും കൂടി എന്നതാണ് ഇപ്പോഴത്തെ നയം. ഗവണ്മെൻ്റ് വളർച്ചയ്ക്കു മുൻതൂക്കം നൽകി; വിലക്കയറ്റത്തെപ്പറ്റി അമിത ആശങ്ക കാണിക്കുന്നില്ല. റിസർവ് ബാങ്കും വളർച്ചയ്ക്കു വേണ്ടി പണനയം ഉദാരമാക്കി നിർത്തുന്നു. വിലക്കയറ്റം സാരമാക്കുന്നില്ല.
വിലക്കയറ്റം റിസർവ് ബാങ്ക് വരച്ച വഴിയേ തന്നെ നീങ്ങുന്നു എന്നാണ് ദാസ് പറയുന്നത്. ഈ വർഷത്തെ ചില്ലറ വിലക്കയറ്റം 5.3 ശതമാനം. അടുത്ത ധനകാര്യ വർഷം ഇത് 4.5 ശതമാനമായി കുറയും എന്ന് അദ്ദേഹം കണക്കാക്കുന്നു. രണ്ടാം പകുതിയിൽ നാലു ശതമാനമാകും വിലക്കയറ്റം എന്നാണു വിലയിരുത്തൽ.
ഈ വർഷം 9.2 ശതമാനം സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്ന റിസർവ് ബാങ്ക് അടുത്ത വർഷത്തേക്ക് 7.8 ശതമാനമാണു ജിഡിപി വളർച്ച കണക്കാക്കുന്നത്. ഇത് സർക്കാരിൻ്റെ ബജറ്റ് പ്രതീക്ഷയോട് ഒത്തു പോകും. ബജറ്റ് തന്നാണ്ടു വിലയിൽ 11.1 ശതമാനം വളർച്ച പറയുന്നു. മൂന്നര ശതമാനം വരെ വിലക്കയറ്റവും പ്രതീക്ഷിക്കുന്നു.

വിലക്കയറ്റത്തെ എങ്ങനെ നേരിടും?

ഈ നിഗമനങ്ങളെല്ലാം വിലക്കയറ്റം നിയന്ത്രണത്തിൽ നിൽക്കും എന്ന അടിസ്ഥാനത്തിലാണ്. ഭക്ഷ്യധാന്യ സ്റ്റാേക്ക് നില തൃപ്തികരമാണെന്നും മൺസൂൺ ചതിക്കില്ലെന്നും ഒക്കെയാണു നിഗമനം.ഇന്ധനവില സംബന്ധിച്ച അനിശ്ചിതത്വവും കണക്കിലെടുത്തിട്ടില്ല. സർക്കാരിൻ്റെ വലിയ ബജറ്റ് ചെലവും കമ്മിയും റിസർവ് ബാങ്കിൻ്റെ ഉദാര നയവും വിപണിയിൽ പണപ്പെരുപ്പം ഉണ്ടാക്കി വിലക്കയറ്റം നിയന്ത്രണാതീതമാക്കും എന്നു പലരും ഭയപ്പെടുന്നു. ഗവണ്മെൻ്റ് ചെലവ് നിയന്ത്രിക്കാത്തപ്പോൾ റിസർവ് ബാങ്ക് കടിഞ്ഞാൺ കൈയിൽ എടുക്കണമെന്നു പലരും പറയുന്നുണ്ട്. പക്ഷേ റിസർവ് ബാങ്ക് കടിഞ്ഞാൺ അയച്ചു വിടുകയാണു ചെയ്തത്. അതു വളർച്ച കൂട്ടുമെന്നു ദാസ് കരുതുന്നു. വളർച്ച കൂട്ടുകയല്ല പണപ്പെരുപ്പത്തിലേക്ക് നയിക്കുകയാണു ചെയ്യുക എന്നു പല നിരീക്ഷകരും ആശങ്കപ്പെടുന്നു.

അതിവേഗം പലിശ കൂട്ടാൻ ഫെഡ് ഒരുങ്ങുന്നു

അതേ സമയം യുഎസിൽ നിന്നുള്ള സൂചന അതിവേഗം പലിശ കൂട്ടുമെന്നാണ്. യുഎസ് ഫെഡറൽ റിസർവ് ബോർഡിലെ ഒരു പ്രമുഖ അംഗം - ജയിംസ് ബള്ളാർഡ് - ഇന്നലെ പറഞ്ഞത് ജൂലൈയോടെ പലിശ നിരക്കിൽ ഒരു ശതമാനം വർധന വരുത്തണം എന്നാണ്. മാർച്ച് മുതൽ മാസം കാൽ ശതമാനം വച്ചാേ രണ്ടു തവണ അര ശതമാനം വച്ചോ ആകാം വർധന. യുഎസ് ചില്ലറ വിലക്കയറ്റം 7.5 ശതമാനത്തിലേക്ക് കൂടിയ സാഹചര്യത്തിലാണ് ഈ നിർദേശം.
യുഎസ് ഫെഡ് പലിശ കൂട്ടുമ്പോൾ വിദേശത്തു നിന്നു യുഎസ് നിക്ഷേപങ്ങൾ മടങ്ങിച്ചെല്ലും. അതായതു വികസ്വര രാജ്യങ്ങളിൽ നിന്നു യുഎസ് നിക്ഷേപകർ പണം പിൻവലിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നു വിദേശ നിക്ഷേപകർ ഇങ്ങനെ പിന്മാറുന്നുണ്ട്. യുഎസ് പലിശ കൂടുകയും ഇന്ത്യയിൽ കൂടാതിരിക്കുകയും ചെയ്യുമ്പോൾ നിക്ഷേപകരുടെ പിന്മാറ്റം കൂടുതലാകും എന്നു കരുതുന്നവർ ഉണ്ട്. റിസർവ് ബാങ്ക് നടപടിയിലെ വലിയ റിസ്ക് ആണ് അത്. വിദേശ നിക്ഷേപം പിൻവലിക്കുമ്പോൾ രൂപയുടെ വില പിടിച്ചു നിർത്തലും പ്രയാസമാകും. ഇന്നലെ പണനയം പ്രഖ്യാപിച്ചപ്പോൾ ഡോളർ 75 രൂപയ്ക്കു മുകളിൽ എത്തിയത് സൂചനയാണ്.


This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it