ആശ്വാസറാലിയിൽ പ്രതീക്ഷ; നിയന്ത്രണം കരടികൾക്കു തന്നെ; വിദേശികളുടെ വിൽപന വർധിച്ചു; ഇന്ധന വിലയിൽ ആശങ്ക

ഇന്ന് ഓഹരി വിപണിയിൽ ആശ്വാസ റാലിയുണ്ടാകുമോ? കണക്കുകൂട്ടൽ തെറ്റിച്ച് വിലക്കയറ്റം; തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില എത്ര കൂടും?

വലിയൊരു തകർച്ചയ്ക്കു ശേഷം ഇന്നു ചെറിയ ആശ്വാസറാലി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു വിപണി. അമേരിക്കൻ വിപണി ഇന്നലെ കാര്യമായി താഴാതിരുന്നതു പ്രതീക്ഷയ്ക്കു നിറം പകരുന്നു. പക്ഷേ, കാര്യങ്ങൾ അത്ര ലളിതമല്ല. യുക്രെയ്ൻ സംഘർഷത്തിൽ അയവില്ല. വിലക്കയറ്റം, പലിശവർധന എന്നീ ഭീഷണികൾക്കും മാറ്റമില്ല. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 96 ഡോളറിനു മുകളിൽ ക്ലാേസ് ചെയ്തു.

ഏഷ്യൻ വിപണികൾ ഇന്നു ' ചെറിയ താഴ്ചയിലാണ്. ജപ്പാനിലെ നിക്കെെ തുടക്കത്തിൽ അൽപം ഉയർന്നിട്ടു താഴോട്ടു പോയി.
സിംഗപ്പുർ എക്സ്ചേഞ്ചിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നു രാവിലെ നേട്ടത്തിലാണ്. ഇന്നലെ രാത്രി 16,803 വരെ താണ വില ഇന്നു രാവിലെ 16,935 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

മൂന്നു ശതമാനം തകർച്ച

ഇന്നലെ ഇന്ത്യൻ വിപണി ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ വലിയ തകർച്ചയാണു നേരിട്ടത്. മുഖ്യസൂചികകൾ മൂന്നു ശതമാനം ഇടിഞ്ഞു. വിപണി പൂർണമായും കരടികളുടെ നിയന്ത്രണത്തിലായി. സെൻസെക്സിസിലും നിഫ്റ്റി 50 ലും ടിസിഎസ് ഓഹരിക്കു മാത്രമേ വില ഉയർന്നുള്ളു.
സെൻസെക്സ് ഇന്നലെ 1747.08 പോയിൻ്റ് (3%) ഇടിഞ്ഞ് 56,405.84 ലും നിഫ്റ്റി 531.95 പോയിൻ്റ് (3.06%) ഇടിഞ്ഞ് 16,842.8 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 3.51 ശതമാനം താഴ്ന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 4.15 ശതമാനം ഇടിഞ്ഞു. മെറ്റൽസ് (5.05%), ബാങ്കുകൾ (4.18%), വാഹനങ്ങൾ (3.86%), ക്യാപ്പിറ്റൽ ഗുഡ്സ് (3.56%) എന്നിങ്ങനെ വിവിധ മേഖലകൾ താഴോട്ടു പോയി.
കഴിഞ്ഞ ഒക്ടോബറിലെ സർവകാല റിക്കാർഡിൽ നിന്ന് പത്തു ശതമാനത്തോളം താഴെയാണ് (സെൻസെക്സ് 9.4 ശതമാനവും നിഫ്റ്റി 9.5 ശതമാനവും) മുഖ്യസൂചികകൾ. ബാങ്ക് നിഫ്റ്റി 11 ശതമാനം താഴ്ചയോടെ തിരുത്തൽ മേഖലയിൽ എത്തി. മിഡ്, സ്മോൾ ക്യാപ് സൂചികകൾ നേരത്തേ തിരുത്തൽ മേഖലയിൽ ആയിട്ടുണ്ട്.
വിപണി കരടി വലയത്തിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 16,950-17,000 തലത്തിലെ തടസങ്ങൾ മറികടന്നാലേ നിഫ്റ്റിക്ക് ഉയർച്ചയിലേക്കു നീങ്ങനാകൂ. വിപണിക്കു 16,735 ലും 16,630 ലും താങ്ങ് പ്രതീക്ഷിക്കാം. അവിടെ നിൽക്കാനായില്ലെങ്കിൽ 16,500-16,200 മേഖലയിലാകും ഹ്രസ്വകാല ലക്ഷ്യം. ഉയർച്ചയിൽ 17,025-ഉം 17, 205 - ഉം തടസങ്ങൾ ആകും.
ഇന്നലെ വിദേശ നിക്ഷേപകർ 4253.7 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന വിൽപനയാണിത്. ഇതാടെ ഫെബ്രുവരിയിലെ വിൽപന 13,966.3 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ 2170.29 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് കുതിച്ചു

ക്രൂഡ് ഓയിൽ വില ഇന്നലെ കുറേ താഴ്ന്നിട്ടു തിരിച്ചു കയറി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 96.48 ഡോളറിൽ ക്ലോസ് ചെയ്തു. 2014 ഒക്ടോബറിനു ശേഷം ഇത്ര ഉയർന്ന ക്ലോസിംഗ് ഉണ്ടായിട്ടില്ല. ഡബ്ള്യുടിഐ ഇനം ഏഴു വർഷത്തിനു ശേഷം 95 ഡോളറിനു മുകളിലായി. ഇറാൻ - യുഎസ് ആണവ ചർച്ചയിൽ പുരോഗതി ഇല്ലാത്തതാണ് ഇന്നലെ ക്രൂഡ് വിലയുടെ ഗതി തിരിച്ചത്.
വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളിലാണ്. ചെമ്പ് രണ്ടു ശതമാനം താണ് 9880 ഡോളറിലായപ്പോൾ അലൂമിനിയം രണ്ടു ശതമാനം ഉയർന്ന് 3200 ഡോളറിനു മുകളിലായി.
സ്വർണം വീണ്ടും കുതിച്ചു. യുദ്ധഭീതിയും പലിശപ്പേടിയും ചേർന്നു വില 1875 ഡോളർ വരെ എത്തിച്ചു. ഇന്നു രാവിലെ 1871-1873 ഡോളറിലാണു വ്യാപാരം.

പെട്രോൾ, ഡീസൽ വില കൂട്ടുമ്പോൾ

ആഗോള ആശങ്കകളാണു വിപണിയെ ഇത്രയും താഴ്ത്തിയത്. ഇതിൻ്റെ തുടർച്ചയായ പ്രാദേശിക ആശങ്കകൾ ഉണ്ട്. ക്രൂഡ് ഓയിൽ വില രണ്ടര മാസം കൊണ്ട് 27 ശതമാനം കയറി. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പരിഗണിച്ചാണു പെട്രോൾ, ഡീസൽ വിലകൾ മൂന്നു മാസമായി കൂട്ടാത്തത്. തെരഞ്ഞെടുപ്പിനു ശേഷം ഇവയുടെ വില 25-30 ശതമാനം വർധിപ്പിക്കാൻ ഗവണ്മെൻ്റ് തയാറാകുമോ? അതു ജനങ്ങൾക്കു താങ്ങാനാകുമാേ എന്നതും ഇന്ധനവില കയറിയാൽ വിലക്കയറ്റം എവിടെ എത്തും എന്നതും ചിന്തിക്കേണ്ട കാര്യങ്ങളാണ്. ആ വിലക്കയറ്റം ജനങ്ങളുടെ ഉപഭോഗം കുറയ്ക്കാനും ജിഡിപി വളർച്ച ഇടിക്കാനും കാരണമാകില്ലേ എന്നും ചിന്തിക്കേണ്ടതുണ്ട്.

പരിധി കടന്നു ചില്ലറ വിലക്കയറ്റം

ജനുവരിയിലെ ചില്ലറ വിലക്കയറ്റം 6.01 ശതമാനത്തിലേക്കു കയറി. അതേ സമയം മൊത്ത വിലക്കയറ്റം തുടർച്ചയായ പത്താം മാസവും പത്തു ശതമാനത്തിനു മുകളിൽ തുടർന്നു.
ചില്ലറ വിലക്കയറ്റം ആറു ശതമാനത്തിൽ താഴെ നിർത്താനാണു റിസർവ് ബാങ്കിനു നൽകിയിട്ടുള്ള നിർദേശം. ജനുവരിയിൽ വിലക്കയറ്റം ആറു ശതമാനത്തോളം വരുമെന്നു പണനയപ്രഖ്യാപനത്തിലും ഇന്നലെ ധനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങിലും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. പക്ഷേ പരിധി കടക്കുമെന്ന സൂചന അദ്ദേഹത്തിനും ഇല്ലായിരുന്നു.
ഡിസംബറിൽ 5.66 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം. ജനുവരിയിൽ ഗ്രാമീണ മേഖലയിൽ 6.12 ശതമാനവും നഗര മേഖലയിൽ 5.91 ശതമാനവുമാണു വിലക്കയറ്റം. ഭക്ഷ്യ വിലക്കയറ്റം 5.43 ശതമാനമാണ്. ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റമാണു കാരണം.
ഇന്ധന വിലക്കയറ്റം ഡിസംബറിലെ 10.95 ശതമാനത്തിൽ നിന്നു ജനുവരിയിൽ 9.32 ശതമാനത്തിലേക്കു താണു. മാർച്ചിൽ ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയാൽ പൊതുവിലക്കയറ്റം വിണ്ടും ഉയരും.
ജിഎസ്ടി വർധിപ്പിച്ചത് വസ്ത്ര-ചെരുപ്പ് വില വർധന 8.84 ശതമാനത്തിലേക്ക് ഉയർത്തി.
ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം ആറു ശതമാനത്തിനു മുകളിലാണ്.

കണക്കുകൂട്ടൽ തെറ്റും

ചില്ലറവിലക്കയറ്റം ജനുവരി-മാർച്ച് ത്രൈമാസത്തിൽ 5.7 ശതമാനമായിരിക്കുമെന്നാണു റിസർവ് ബാങ്കിൻ്റെ നിഗമനം. അതനുസരിച്ചാണു പണനയം തയാറാക്കിയത്. ഏപ്രിൽ - ജൂണിൽ 4.9 ശതമാനത്തിലേക്കു വിലക്കയറ്റം കുറയുമെന്നും കണക്കാക്കിയിരുന്നു. ജനുവരിയിലെ കണക്കും ഇന്ധനവിലയിൽ വരാനിരിക്കുന്ന വർധനയും റിസർവ് ബാങ്കിൻ്റെ കണക്കുകൂട്ടലുകൾ തെറ്റും എന്നാണു കാണിക്കുന്നത്.

മൊത്തവില ഉയർന്നു തന്നെ

ജനുവരിയിലെ മൊത്ത വിലക്കയറ്റം 12.96 ശതമാനമാണ്. ഡിസംബറിൽ 13.56 ശതമാനമായിരുന്നു. ഫാക്ടറി ഉൽപന്നങ്ങളുടെ വിലക്കയറ്റം ജനുവരിയിൽ അൽപം താണ് 9.42 ശതമാനമായി.
ഇന്ധന വില ഉയർന്നു നിൽക്കുന്നതിനാൽ ഫെബ്രുവരിയിലും മാർച്ചിലും ഇരട്ടയക്ക മൊത്തവിലക്കയറ്റം പ്രതീക്ഷിക്കാമെന്നു ധനകാര്യ നിരീക്ഷകർ പറയുന്നു.

This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it