യുക്രെയ്ൻ വിപണിയെ ഉലയ്ക്കും; നിക്ഷേപകർ കരുതലോടെ നീങ്ങുക; ക്രൂഡ് ഓയിൽ 98 ഡോളറിൽ; വിലക്കയറ്റ ഭീഷണി വീണ്ടും

ഇന്ന് വിപണിയിൽ മറ്റൊരു തകർച്ചയോ? താഴ്ചയിൽ നിക്ഷേപം നടത്താനുള്ള സമയമായോ? റഷ്യയ്ക്ക് മേൽ ഉപരോധം വന്നാൽ എന്ത് സംഭവിക്കും?

യുക്രെയ്ൻ വിഷയം പരിഹാരമില്ലാത്ത തലത്തിലേക്കു നീങ്ങുകയാണ്. യുക്രെയ്നിലെ വിമത പ്രദേശങ്ങളിലേക്കു സൈന്യത്തെ അയയ്ക്കാൻ റഷ്യ ഉത്തരവിട്ടു. വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചെന്നു റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. പുടിൻ - ബൈഡൻ ഉച്ചകോടിക്കു നീക്കമില്ലെന്നും റഷ്യ വ്യക്തമാക്കി. ഇതോടെ ഓഹരികൾക്കു വിലയിടിഞ്ഞു. സുരക്ഷിത നിക്ഷേപങ്ങളായി കരുതുന്ന സ്വർണത്തിനും ഡോളറിനും വില കൂടി. ക്രൂഡ് ഓയിൽ വില കുതിച്ചു.

ഈ അവസ്ഥയ്ക്കു നാടകീയ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ ഇന്നു വിപണി മറ്റൊരു തകർച്ചയാകും കാണുക. എസ്ജിഎക്സ് നിഫ്റ്റി 17,000-നു താഴോട്ടു നീങ്ങി. നിക്ഷേപ തീരുമാനങ്ങൾ പുനരാലോചിക്കേണ്ട സമയമാണു വരുന്നത്. താഴ്ചയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ചു കൂടി കാത്തിരിപ്പ് ആകാം.
തിങ്കളാഴ്ച അസാധാരണമായ ചാഞ്ചാട്ടത്തിലൂടെയാണ് ഇന്ത്യൻ വിപണി കടന്നു പോയത്. ആദ്യം താഴോട്ടു പോയി. പിന്നെ തിരിച്ചു കയറി. ഒടുവിൽ വീണ്ടും താണു. നിഫ്റ്റി 300-ലേറെ പോയിൻ്റ് കയറിയിറങ്ങി.
സെൻസെക്സ് 149.38 പോയിൻ്റ് (0.26 %) നഷ്ടത്തിൽ 57,683.59 ലും നിഫ്റ്റി 69.65 പോയിൻ്റ് ( 0.4%) നഷ്ടത്തിൽ 17,206.65ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.24 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.73 ശതമാനവും ഇടിഞ്ഞു. ബാങ്ക്, ധനകാര്യ കമ്പനികൾ ഒഴികെ എല്ലാ മേഖലകളും ഇന്നലെ ഇടിവിലായിരുന്നു.
വിദേശനിക്ഷേപകർ വിൽപന കുറച്ചിട്ടില്ല. ഇന്നലെ ക്യാഷ് വിപണിയിൽ 2261.9 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റത്. ഇതോടെ ഫെബ്രുവരിയിലെ അവരുടെ വിൽപന 24,189.98 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ 2392.85 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി അനിശ്ചിതത്വത്തിൻ്റെ പിടിയിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നലെ 17,070 നിഫ്റ്റിക്കു വലിയ സപ്പോർട്ട് നൽകി. പക്ഷേ ക്ലോസിംഗ് 20 ദിവസ മൂവിംഗ് ആവരേജിനു താഴെയായതോടെ വിപണി മനോഭാവം ബെയറിഷ് ആയി. വിപണിക്ക് 17,070- ഉം 16,930-ഉം ആണു സപ്പോർട്ടുകൾ. ഉയർച്ചയിൽ 17, 350 ഉം 17,490- ഉം തടസ മേഖലകളാണ്.
യൂറോപ്യൻ വിപണികൾ ഇന്നലെ രണ്ടു ശതമാനത്തിലധികം താഴ്ചയിലായി. യുഎസ് വിപണികൾ അവധിയിലായിരുന്നു. എന്നൽ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ ഒന്നരയും എസ് ആൻഡ് പി രണ്ടരയും നാസ്ഡാക് നാലും ശതമാനം താഴ്ന്നാണു ഫ്യൂച്ചേഴ്സിസിലെ വ്യാപാരം. ഏഷ്യൻ വിപണികൾ ഒന്നര മുതൽ രണ്ടു വരെ ശതമാനം താഴ്ന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി 16,993 വരെ താണു. ഇന്ത്യൻ വിപണി ഇന്നു നല്ല താഴ്ചയിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
റഷ്യൻ റൂബിളിൻ്റെ വിനിമയ നിരക്ക് ഡോളറിന് 80 റൂബിൾ എന്ന നിലയിലേക്കു താണു. മാേസ്കോ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ഇന്നലെ 16.67 ശതമാനം ഇടിഞ്ഞു.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില സ്പോട്ട് വിപണിയിൽ 98 ഡോളർ എത്തി. അവധിവില അഞ്ചു ശതമാനം കയറി 97.2 ഡോളർ വരെ ഉയർന്നു. പ്രകൃതി വാതക വില എട്ടു ശതമാനം ഉയർന്നു.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു നിൽക്കുന്നു. ലഭ്യതയുടെ പ്രശ്നങ്ങൾ നിക്കൽ വിലയെ 2011-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തിച്ചു. അലൂമിനിയം 3280 ഡോളറിലേക്കു കയറി.
സ്വർണം ഇന്നലെ ചാഞ്ചാടി. രാവിലെ 1900 ഡോളറിനു മുകളിലായിരുന്ന മഞ്ഞലോഹം 1888 ഡോളർ വരെ താണു. പിന്നീട് റഷ്യൻ നീക്കത്തെപ്പറ്റി അറിഞ്ഞതോടെ 1916 ഡാേളർ വരെ ഉയർന്നു. ഇന്നു രാവിലെ 1911-1913 ഡോളർ മേഖലയിലാണു വ്യാപാരം. വെള്ളി 24 ഡോളറിലേക്കു കയറി.

ഉപരോധം വന്നാൽ ...

റഷ്യൻ നീക്കത്തിൻ്റെ പ്രതികരണമായി പാശ്ചാത്യശക്തികൾ എന്തു ചെയ്യും എന്നാണ് അറിയേണ്ടത്. സാമ്പത്തിക ഉപരോധം ഏതളവു വരെ പോകും എന്നു വ്യക്തമായിട്ടില്ല. യൂറോപ്പിലെ ശാക്തിക ബലാബലം മാറ്റിയെഴുതാനുള്ള റഷ്യൻ പ്രസിഡൻ്റ് പുടിൻ്റെ ശ്രമം പരാജയപ്പെടുത്താൻ പാശ്ചാത്യശക്തികൾക്കു കഴിയുമോ എന്നതാണു ചോദ്യം. ഡോണെട്സ്ക് ലുഹാൻസ്ക് എന്നീ വിമത പ്രവിശ്യകളെ റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് അവയിലേക്കു സൈന്യത്തെ അയയ്ക്കുകയാണു പുടിൻ ചെയ്തത്. ഇതിൻ്റെ പേരിൽ റഷ്യക്കു മേൽ വാണിജ്യ ഉപരോധം വന്നാൽ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, അലൂമിനിയം, ചെമ്പ്, നിക്കൽ തുടങ്ങിയവയുടെ ലഭ്യത കുറയും. ഇവയുടെ വില പരിധികൾ കടന്നു പോകും. ക്രൂഡ് ഓയിൽ കയറ്റുമതിയിൽ സൗദി അറേബ്യയുടെ തൊട്ടു പിന്നിലെ സ്ഥാനമാണു റഷ്യക്കുള്ളത്. പ്രകൃതി വാതക കയറ്റുമതിയിൽ ഒന്നാം സ്ഥാനവും റഷ്യക്കാണ്. അലൂമിനിയം, ചെമ്പ്, നിക്കൽ എന്നിവയുടെ ആഗോള ഉൽപാദനത്തിൽ അഞ്ചു ശതമാനം റഷ്യയിലാണ്. ഉപരോധം കർശനമായാൽ ക്രൂഡ് ഓയിൽ വീപ്പയ്ക്കു 120 ഡോളർ വരെയാകുമെന്നാണു ജെ പി മോർഗൻ വിലയിരുത്തുന്നത്. ഈ നിലവാരത്തിലുള്ള വിലക്കയറ്റം വരുത്താവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ ചില്ലറയല്ല.
വിലക്കയറ്റത്തോടൊപ്പം വ്യാപാര മാന്ദ്യവും ഉണ്ടാകാം. ഇതു സ്വാഭാവികമായും സാമ്പത്തിക വളർച്ചയെ വലിച്ചു താഴ്ത്തും. ഇന്ത്യയടക്കം വികസ്വര രാജ്യങ്ങളാകും ഇതിൻ്റെ ആഘാതം കൂടുതൽ നേരിടുക.

This section is powered by Muthoot Finance


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it