Begin typing your search above and press return to search.
വിപണി ചാഞ്ചാട്ടം തുടരും; കരുതലോടെ നീങ്ങേണ്ട സമയം; ജിഡിപി വളർച്ച പ്രതീക്ഷയിലും കുറവാകും; വിലക്കയറ്റം കൂടുമെന്നു ഭീഷണി
ആഗോള ചലനങ്ങൾ വിപണിയെ നിയന്ത്രിക്കുമ്പോൾ ചാഞ്ചാട്ടങ്ങൾ അനിവാര്യമാണ്. ബുധനാഴ്ച പ്രതീക്ഷയോടെ തുടങ്ങിയ ഇന്ത്യൻ വിപണി അവസാന മണിക്കൂറിൽ നഷ്ടത്തിലായി. യുക്രെയ്ൻ പ്രതിസന്ധി നേരത്തേ കരുതിയതിലും മോശമാകുന്നു എന്നതാണു കാരണമായത്.
ഇന്നു യുക്രെയ്നെ ചൊല്ലി കൂടുതൽ ആശങ്കകളുമായാണ് വിപണി തുടങ്ങുക. യുഎസ് വിപണികൾ നേട്ടത്തോടെ തുടങ്ങിയിട്ടു വലിയ താഴ്ചയിലായതു വിപണി മനോഭാവം നെഗറ്റീവ് ആക്കി. സിംഗപ്പുരിൽ നിഫ്റ്റി ഡെറിവേറ്റീവ് കുത്തനേ താണു. നിഫ്റ്റി 17,063-ൽ ക്ലോസ് ചെയ്ത ശേഷം ഇന്നലെ എസ്ജിഎക്സ് നിഫ്റ്റി 16,853 വരെ താഴ്ന്നു. ഇന്നു രാവിലെ 16,780 വരെ താണിട്ട് അൽപം കയറി. ഇന്ത്യൻ വിപണി ഗണ്യമായ താഴ്ചയിലാകും വ്യാപാരം തുടങ്ങുക എന്നാണ് ഇതിലെ സൂചന. ഏഷ്യൻ - ഓസ്ട്രേലിയൻ വിപണികൾ രാവിലെ വലിയ താഴ്ചയിലാണ്.
കരുതലോടെ നീങ്ങിയില്ലെങ്കിൽ കനത്ത നഷ്ടം ഉണ്ടാക്കുന്നതാണ് ഇത്തരം അന്തരീക്ഷം. മനോഭാവങ്ങൾ മാറിമറിയാൻ ചെറിയ സംഭവ വികാസങ്ങൾ മതി. മാർജിൻ വ്യാപാരവും മറ്റും വളരെ റിസ്ക് പിടിച്ചതാകും.
ഇന്നലെ സെൻസെക്സും നിഫ്റ്റിയും ഭൂരിപക്ഷം സമയത്തും നല്ല നേട്ടത്തിലായിരുന്നു. അവസാന മണിക്കൂറിലാണു ഗതി മാറിയത്. സെൻസെക്സ് 68.62 പോയിൻ്റും (0.12%) നിഫ്റ്റി 28.95 പോയിൻ്റും (0.17%) നഷ്ടത്തിൽ ക്ലോസ് ചെയ്തു. എന്നാൽ വിശാല വിപണി നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.64 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.16 ശതമാനവും ഉയർന്നു. റിയൽറ്റി സൂചിക 3.15 ശതമാനം കുതിച്ചു. കൺസ്യൂമർ ഡ്യുറബിൾസ് ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. മെറ്റൽ, പൊതുമേഖലാ ബാങ്ക് ഓഹരികൾക്കും നല്ല നേട്ടമുണ്ടായി.
വിപണി അനിശ്ചിതത്വമാണു കാണിക്കുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 16,800- 17,500 മേഖലയിൽ ദിവസങ്ങളായി കയറിയിറങ്ങുകയാണു വിപണി. ഈ മേഖല മറികടക്കാൻ കഴിയുന്നില്ല. 17,000-നു താഴെ സൂചിക എത്തിയാൽ വിൽപ്പന സമ്മർദം രൂക്ഷമാകും.
നിഫ്റ്റിക്ക് 16,985-ലും 16,910- ലുമാണു സപ്പോർട്ടുള്ളത്. 17,180-ഉം 17,300 - ഉം പ്രതിരോധ മേഖലകളാകും.
വിദേശ നിക്ഷേപകർ വിൽപനയുടെ തോതു കൂട്ടി. ഇന്നലെ 3417.16 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. ഫെബ്രുവരിയിലെ അവരുടെ വിൽപന 30,852.66 കോടി രൂപയിൽ എത്തി. യുഎസ് പലിശ നിരക്കു കൂടുന്നത് വിൽപന സമ്മർദം വർധിപ്പിക്കും. സ്വദേശി ഫണ്ടുകൾ ഇന്നലെ 3024.37 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ചാഞ്ചാടി
ക്രൂഡ് ഓയിൽ വില ഇന്നലെ ചാഞ്ചാടി. ഇറാനുമായി പാശ്ചാത്യശക്തികൾ ധാരണയിലെത്തുന്നു എന്ന സൂചന വില ഗണ്യമായി കുറയാൻ കാരണമായി. ഇറാൻ കപ്പലുകളിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ തുടങ്ങി എന്നും റിപ്പോർട്ടുണ്ട്. പത്തുകോടിയിലേറെ വീപ്പ എണ്ണ ഓയിൽ ടാങ്കറുകളിലേക്കു മാറ്റി എന്നാണു റിപ്പോർട്ട്. ബ്രെൻ്റ് ഇനം 96 ഡോളറിനു താഴെ എത്തി. റഷ്യയുടെ എണ്ണ-വാതക കയറ്റുമതി തൽക്കാലം മുടക്കാൻ അമേരിക്ക തുനിയില്ലെന്ന റിപ്പോർട്ടും വിലയിടിച്ചു. പക്ഷേ പിന്നീടു കഥ മാറി. സ്പോട്ട് വില 98 ഡോളറിലെത്തി. ബ്രെൻ്റ് ഇനം അവധി വില ഇന്നു രാവിലെ 97 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളോടെ തുടരുന്നു. ഉപരോധപ്രഖ്യാപനം കടുത്തതല്ല എന്നു വന്നത് നിക്കൽ വിലയെ സർവകാല റിക്കാർഡിൽ നിന്നു താഴ്ത്തി.
സ്വർണം വീണ്ടും കയറ്റത്തിലായി. ഇന്നലെ 1889-നും 1913-നുമിടയിൽ ചാഞ്ചാടിയ വില ഇന്നു രാവിലെ 1913-1915 ഡോളറിലാണ്. വെള്ളിയും കയറുകയാണ്.
കടുത്ത ഉപരോധം വരാനിരിക്കുന്നു
റഷ്യക്കു മേൽ പ്രഖ്യാപിച്ച ഉപരോധങ്ങൾ വേണ്ടത്ര കടുത്തതല്ല എന്നാണ് ഇന്നലെ വിപണികൾ വിലയിരുത്തിയത്. റഷ്യയുടെ വിദേശ വ്യാപാരത്തെ ഞെരുക്കുന്ന നടപടികൾ ഒന്നുമുണ്ടായില്ല. ധനകാര്യ ഇടപാടുകൾക്കു മാത്രമാണു തടസം പ്രഖ്യാപിച്ചത്. പുടിനെ പിന്താങ്ങുന്ന വ്യവസായികളുടെയും പാർലമെൻ്റ് അംഗങ്ങളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചു. യൂറോപ്പിലും അമേരിക്കയിലും നിന്നു കടമെടുക്കാനും അവിടെ ഓഹരി - കടപ്പത്ര വിൽപന നടത്താനും വിലക്ക് ഏർപ്പെടുത്തി. ഇതിനപ്പുറം റഷ്യയെ ശ്വാസം മുട്ടിക്കുന്ന ഒന്നുമുണ്ടായില്ല. പ്രവർത്തനം തുടങ്ങാത്ത വാതക പൈപ്പ് ലൈന് അംഗീകാരം നിഷേധിച്ചത് നിലവിലെ വാതക കയറ്റുമതിയെ ബാധിക്കില്ല.
യുക്രെയ്നിലെ റഷ്യാ അനുകൂല പ്രവിശ്യകളിലേക്കു റഷ്യൻ സൈന്യം ഇനിയും കടന്നിട്ടില്ല. വിമത സൈനികർക്ക് ആയുധങ്ങളും മറ്റു സഹായങ്ങളും എത്തിക്കുന്നതു തുടരുന്നുണ്ട്. ഡോണെട്സ്ക് , ലുഹാൻസ്ക് പ്രവിശ്യകളുടെ അതിർത്തിയിൽ 1.7 ലക്ഷം സൈനികരെ പുടിൻ വിന്യസിച്ചിട്ടുണ്ട്. അവർ അതിർത്തി കടന്ന് റഷ്യാവിരുദ്ധ പ്രവിശ്യകളെ സമീപിച്ചാൽ കൂടുതൽ കടുത്ത ഉപരോധമാകും പ്രഖ്യാപിക്കുക എന്നാണു യുഎസും യൂറോപ്യൻ രാജ്യങ്ങളും പറയുന്നത്. അത് ക്രൂഡ് ഓയിൽ, പ്രകൃതി വാതക വിലകൾ കൂട്ടും.
ധാന്യ - ഭക്ഷ്യ എണ്ണ വില ഉയരും
ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളുടെ വില ഉയർന്നിട്ടുണ്ട്. സംഘർഷം രൂക്ഷമായാൽ ഇവയുടെ ലഭ്യതയും കുറയും. പാമോയിൽ വില ഇന്നലെ സർവകാല റിക്കാർഡ് ആയി. ആഗാേള വിപണിയിൽ ഇന്ധനത്തിൻ്റെയും ധാന്യങ്ങളുടെയും ഭക്ഷ്യ എണ്ണയുടെയും വില ഉയരുന്നത് ഇന്ത്യയിലെ വിലക്കയറ്റം വർധിപ്പിക്കും. ഏപ്രിൽ മുതൽ വിലക്കയറ്റത്തിൽ കുറവുണ്ടാകുമെന്ന നിഗമനം പാളിപ്പോകും.
ജിഡിപി കുറയും
ഇതിനിടെ ഈ ധനകാര്യ വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച പ്രതീക്ഷയിലും കുറവാകുമെന്ന സൂചനകൾ വരുന്നു. വാർഷിക വളർച്ച 9.2 ശതമാനമാണു ഗവണ്മെൻ്റ് കണക്കാക്കിയിരുന്നത്. ഇതു 9 ശതമാനത്തിനു താഴെയാകുമെന്നു റേറ്റിംഗ് ഏജൻസികൾ കരുതുന്നു. ഒന്നും രണ്ടും പാദങ്ങളിലെ വളർച്ച നിഗമനങ്ങൾ ഒരു ശതമാനത്തോളം കുറയ്ക്കേണ്ടി വരും. മൂന്നാം പാദ വളർച്ച ആറു ശതമാനത്തിൽ താഴെയാകുമെന്നാണു പുതിയ നിഗമനം. ഇതിൻ്റെ കണക്കുകൾ തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.
ബട്ടർഫ്ലൈ കോംപ്ടൻ്റെ കൈയിൽ
ക്രോംപ്ടൻ ഗ്രീവ്സ്, ചെന്നൈ ആസ്ഥാനമായുള്ള ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസിനെ ഏറ്റെടുക്കാൻ തീരുമാനമായി.2076.63 കോടി രൂപയ്ക്കാക്കാണ് ഏറ്റെടുക്കൽ . പ്രൊമോട്ടർമാരിൽ നിന്ന് 55 ശതമാനം ഓഹരി വാങ്ങും. പിന്നീട് ഓപ്പൺ ഓഫർ വഴി 26 ശതമാനം ഓഹരി വാങ്ങും. 1433.9 രൂപ നിരക്കിലാകും ഓപ്പൺ ഓഫർ. ഗാന്ധിമതി ഓഹരി ഇന്നലെ 1395.9 രൂപയിലാണ്. ക്രോംപ്ടൻ്റെ ഓഹരി എട്ടു ശതമാനം ഉയർന്ന് 408 രൂപയിലെത്തി.
This section is powered by Muthoot Finance
Next Story
Videos