തിരിച്ചു കയറാൻ വിപണികൾ; യുക്രെയ്ൻ പ്രതിസന്ധി പലിശ വർധനയ്‌ക്കു ശമനം ഉണ്ടാക്കും; രൂപയ്ക്ക് ആശ്വാസ പ്രതീക്ഷ

റഷ്യ ലക്ഷ്യം സാധിക്കുന്നു. അമേരിക്കയും യൂറോപ്യൻ സഖ്യകക്ഷികളും പ്രഖ്യാപിച്ച ഉപരോധങ്ങൾ റഷ്യയെ പിന്തിരിപ്പിച്ചില്ല. വിപണികൾ പുതിയ യാഥാർഥ്യത്തെ അംഗീകരിക്കും. ആശ്വാസ റാലിയിലേക്കു കടക്കും എന്നാണു പ്രതീക്ഷ.

യുഎസ് ഓഹരി സൂചികകൾ ഇന്നലെ നേട്ടത്തിലായി. നാസ്ഡാക് 3.34 ശതമാനം കയറി. എന്നാൽ ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലായി..

ഓസ്ട്രേലിയൻ, ജാപ്പനീസ് കൊറിയൻ സൂചികകൾ രാവിലെ ഉയർന്നു. സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഉയരത്തിലായി. 16,610 വരെ രാവിലെ എസ്ജിഎക്സ് നിഫ്റ്റി കയറി. പിന്നീട് അൽപം താണു. പുതിയ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിലാകും തുടങ്ങുക എന്നാണ് ഇതിലെ സൂചന.

ക്രൂഡ് ഓയിൽ വില 105 ഡോളർ വരെ കയറിയിട്ടു തിരികെ 101 ഡോളറിനടുത്തായി. സ്വർണം 1976 ഡോളർ വരെ എത്തിയിട്ട് 1905 ഡോളറിലേക്ക് ഇടിഞ്ഞു. 75.60 രൂപയിലേക്കു കുതിച്ചുയർന്ന ഡോളർ ഇന്നു തിരിച്ചിറങ്ങാൻ സാധ്യതയുണ്ട്. ക്രിപ്റ്റോ കറൻസികൾ താഴ്ചയിൽ നിന്നു 15 ശതമാനത്തിലധികം തിരിച്ചു കയറി.

ഇന്ത്യൻ ഓഹരിവിപണിയിൽ 13.45 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെ ഉണ്ടായത്. അതിൽ നല്ലൊരു പങ്ക് ഇന്നു തിരിച്ചുപിടിക്കാനാവും എന്നാണു പ്രതീക്ഷ. .

ഇന്നലെ സെൻസെക്സ് ചരിത്രത്തിലെ നാലാമത്തെ വലിയ താഴ്ചയാണു കുറിച്ചത്. 2702.15 പോയിൻ്റ് (4.72%) ഇടിഞ്ഞ് 54,529.91 പോയിൻറിൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 815.3 പോയിൻറ് (4.78%) ഇടിഞ്ഞ് 16,247.95 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 5.53 ശതമാനവും സ്മോൾ ക്യാപ് സൂചിക 5.77 ശതമാനവും ഇടിഞ്ഞു. വാഹന, ബാങ്കിംഗ് മേഖലകൾ ആണു വലിയ ഇടിവു കണ്ടത്.

വിദേശ നിക്ഷേപകർ 6448.24 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. അതേസമയം സ്വദേശി ഫണ്ടുകൾ 7667.75 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശികളുടെ ഈ മാസത്തെ വിൽപന 37,300.9 കോടി രൂപയിലെത്തി. ഇന്ത്യൻ ഫണ്ടുകളുടെ വാങ്ങൽ 33,623 കോടി രൂപയായി.

പ്രവചനങ്ങൾ പാളി

വിപണിയുടെ തകർച്ച എല്ലാ പ്രവചനങ്ങളെയും മറികടന്നതായി. സാങ്കേതിക ചാർട്ടുകൾ വച്ചു നടത്തിയ പ്രവചനങ്ങൾ അസ്ഥാനത്തായി.

ഇന്നലെ വിപണി വലിയ ബെയറിഷ് മനാേഭാവത്തിലായി. ഇന്നും അതു തുടരുമെന്നും 15,900 വരെ താഴ്ന്നിട്ടേ നിഫ്റ്റി തിരിച്ചു കയറി കയറൂ എന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. പക്ഷേ ഉയർന്ന തലത്തിൽ വ്യാപാരം തുടങ്ങും എന്നാണു സൂചനകൾ. 16,065 ലും 15,885 ലുമാണ് സപ്പോർട്ട് കാണുന്നത്.

ഉയർച്ചയിൽ 16,570-ഉം 16,885 ഉം തടസങ്ങളാകും. ആഗാേള മനോഭാവത്തിലെ മാറ്റം ഈ നിഗമനങ്ങളെ അപ്രസക്തമാക്കാം.

ക്രൂഡിന് അൽപം താഴ്ച

ക്രൂഡ് ഓയിൽ വില 105 ഡോളറിനു മുകളിൽ എത്തിയ ശേഷം അൽപം തിരിച്ചിറങ്ങി. ക്രൂഡ്, പ്രകൃതി വാതക വ്യാപാരത്തിന് ഉപരോധം പ്രഖ്യാപിക്കാതിരുന്നതാണു കാരണം. പശ്ചിമ യൂറോപ്പിൻ്റെ ഏറ്റവും വലിയ ഇന്ധന ദാതാവാണു റഷ്യ. ആ ഇന്ധനം മുടങ്ങിയാൽ യൂറോപ്യൻ യൂണിയനു വരുന്ന നഷ്ടം അചിന്ത്യമാണ്.

റഷ്യയെ അടിക്കാനുള്ള ഏറ്റവും വലിയ ആയുധം ഉപയോഗിക്കാൻ പറ്റാത്ത നിലയിലായി യൂറോപ്പ്. ഇതോടെ ക്രൂഡ്, പ്രകൃതി വാതക വിലകൾ താഴ്ന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 101.85 ഡോളറിലാണ് ഇന്നു രാവിലെ. പ്രകൃതി വാതകം 4.6 ഡോളറിനു താഴെയായി.

വ്യാവസായിക ലോഹങ്ങൾ മിക്കവയും ഉയർന്നു. അലൂമിനിയം 2.98 ശതമാനം ഉയർന്ന് 3397 ഡോളറിലെത്തി. നിക്കൽ 4.64 ശതമാനം കുതിച്ച് 26,101 ഡോളർ ആയി. ഇരുമ്പയിരു ചെമ്പും നാമമാത്രമായി താഴ്ന്നു.

സ്വർണം തിരിച്ചിറങ്ങി

സ്വർണം വലിയ ചാഞ്ചാട്ടത്തിലായി.1877 ഡോളറിൽ നിന്ന് 1976 ഡോളർ വരെ കുതിച്ചു കയറിയിട്ട് 1903 ഡോളറിലേക്കു തിരിച്ചു വീണു. ഇന്നു രാവിലെ വീണ്ടും കയറ്റം തുടങ്ങിയ സ്വർണം 1919-1920 ഡോളറിൽ എത്തിയ ശേഷം 1908- 1910 ലേക്കു താണു.

കേരളത്തിൽ ഇന്നലെ പവന് 1000 രൂപ കയറി 37,800 രൂപയായി. ഇന്നു വില കുറയുമെന്നാണ് രാവിലെ അന്താരാഷ്ട്ര വിപണി നൽകുന്ന സൂചന.

ഡോളർ ഇന്നലെ രൂപയുടെ മേൽ വലിയ കയറ്റം നടത്തി. 99 പൈസ കയറി 75.60 രൂപയായി ഡോളർ നിരക്ക്.

പലിശക്കാര്യത്തിൽ ആശ്വാസം

യുക്രെയ്ൻ സംഭവങ്ങൾ വേറൊരു നല്ല കാര്യത്തിനും വഴി തുറക്കുന്നു. പലിശ വർധന ഇതുവരെ കണക്കാക്കിയതിലും കുറവാകും. ആക്രമണവും ഉപരോധവും ഒക്കെ ചേർന്നു സാമ്പത്തിക വളർച്ച അൽപം കുറയ്ക്കും. അതു കണക്കാക്കി പലിശവർധനയുടെ തോത് കുറയ്ക്കാൻ യുഎസ് ഫെഡ് തയാറാകും എന്നാണു പുതിയ വിലയിരുത്തൽ.

മാർച്ചിൽ കാൽ ശതമാനം വർധന ഉണ്ടാകും. തുടർന്നുള്ള വർധനകൾ സാവകാശത്തിലാക്കും എന്നാണു കരുതുന്നത്. പലിശ വർധന മിതമാകുന്നത് രൂപയ്ക്കും നല്ലതാണ്

ശാക്തിക അതിരുകൾ തിരുത്താൻ പുടിൻ

യൂറോപ്പിലെ ശാക്തിക അതിരുകൾ തിരുത്തി വരയ്ക്കാനുള്ള റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ ശ്രമം ആണു കണ്ടത്., റഷ്യയുടെ അതിർത്തിയിലേക്കു നാറ്റോ എത്തുന്നതു സമ്മതിക്കില്ല എന്നാണു പുടിൻ വ്യക്തമാക്കിയത്. റഷ്യയെ തടയും എന്ന പ്രഖ്യാപനം നടപ്പാക്കാൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനു കഴിഞ്ഞതുമില്ല.

സാമ്പത്തിക- ധനകാര്യ ഉപരോധങ്ങളിലൂടെ പുടിനെ മുട്ടുകുത്തിക്കാൻ ഇപ്പോൾ പ്രഖ്യാപിച്ചതൊന്നും പോരാ എന്നു വ്യക്തമായി. റഷ്യയുടെ പ്രധാന കയറ്റുമതി ഇനങ്ങളായ ക്രൂഡ് ഓയിലിൻ്റെയും പ്രകൃതി വാതകത്തെയും പാശ്ചാത്യർ തൊട്ടില്ല. തങ്ങളുടെ സമ്പദ്ഘടനകളെ കുഴപ്പത്തിലാക്കാൻ പാശ്ചാത്യശക്തികൾ ആഗ്രഹിച്ചില്ല.

ഒരു കാലത്തു റഷ്യൻ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന യുക്രെയ്നെ വീണ്ടും റഷ്യയുടെ ഭാഗമാക്കുകയാണ് പുടിൻ. അതു തടയാൻ യുഎസിനു കഴിയില്ല എന്നാണു പുതിയ സംഭവവികാസങ്ങൾ കാണിക്കുന്നത്. പ്രസിഡൻ്റ് ബൈഡൻ്റെ ജനസമ്മതി ഇടിയാൻ ഇതു കാരണമാകും. ആഗോള ശാക്തിക സന്തുലനം റഷ്യ - ചൈന സഖ്യത്തിന് അനുകൂലമായി മാറിയെന്നും വരാം. അതു തായ് വാനെ പിടിച്ചടക്കാൻ ചൈനയെ പ്രേരിപ്പിച്ചാൽ മറ്റു പ്രശ്നങ്ങൾ ഉടലെടുക്കും.

This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it