Begin typing your search above and press return to search.
ആവേശത്തോടെ പുതുവർഷം; ബുള്ളുകൾ ഡ്രൈവിംഗ് സീറ്റിൽ; വിദേശികളും വാങ്ങലുകാർ
ഇന്നും ഇന്ത്യൻ ഓഹരി വിപണിയിൽ കയറ്റത്തിന് സാധ്യത; പി എം ഐ നൽകുന്ന സൂചനയെന്ത്?; സ്വർണ്ണ വില ഇന്നും താഴ്ന്നേക്കും
പുതുവത്സരത്തിന് ആവേശത്തുടക്കം. ഇന്ത്യയിൽ മാത്രമല്ല, മറ്റു രാജ്യങ്ങളിലും. ആവേശം തുടരും എന്ന സൂചനയാണ് ഫ്യൂച്ചേഴ്സ് വ്യാപാരം നൽകുന്നത്.
ഡോളർ സൂചിക കുത്തനേ കയറുകയും അമേരിക്കയുടെ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (Yield) 1.628 ശതമാനത്തിലേക്ക് കുതിച്ചുയരുകയും ചെയ്തു. ഇതു സ്വർണവില താഴ്ത്തി. ക്രൂഡ് ഓയിലിൻ്റെ കയറ്റത്തിനു തടസമായി.
പുതുവർഷത്തിലെ ആദ്യ വ്യാപാര ദിവസം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ക്യാഷ് വിപണിയിൽ ഓഹരികൾ വാങ്ങിക്കൂട്ടി. തുടർച്ചയായി മൂന്നാം ദിവസമാണ് അവർ വാങ്ങലുകാരാകുന്നത്. ഇതു നല്ല സൂചനയാണ്. കഴിഞ്ഞ വർഷം അവസാന മൂന്നു മാസങ്ങളിൽ അവർ വിൽപനക്കാരായിരുന്നു.
ഫാർമ ഒഴികെ എല്ലാ ബിസിനസ് മേഖലകളിലും ഓഹരികൾ നല്ല നേട്ടമുണ്ടാക്കിയ ദിവസമാണ് ഇന്നലെ. സെൻസെക്സ് 929.4 പോയിൻ്റ് (1.6%) നേട്ടത്തിൽ 59,183.22 ലും നിഫ്റ്റി 271.05 പോയിൻ്റ് ( 1.57%) നേട്ടത്തോടെ 17,625.7 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.13 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.15 ശതമാനവും ഉയർന്നു. ബാങ്കുകളും ധനകാര്യ കമ്പനികളും റിലയൻസും വാഹന കമ്പനികളും മുഖ്യസൂചികകളുടെ കുതിപ്പിനു വലിയ താങ്ങായി. ബാങ്ക് നിഫ്റ്റി 2.65 ശതമാനം ഉയർന്നു.
വിദേശ നിക്ഷേപകർ 902.64 കോടിയുടെയും സ്വദേശി ഫണ്ടുകൾ
803.11 കോടിയുടെയും ഓഹരികൾ വാങ്ങി. വിദേശികൾ വിൽപനയിൽ നിന്നു മാറി വാങ്ങലുകാരായത് വിപണി മനോഭാവത്തെ ഏറെ സ്വാധീനിച്ചു.
ഇന്നലെ എഫ്ടിഎസ്ഇ ഒഴികെ യൂറാേപ്യൻ സൂചികകളും നേട്ടത്തിലായിരുന്നു. യുഎസ് വിപണിയിൽ ഡൗ ജോൺസും എസ് ആൻഡ് പിയും റിക്കാർഡ് കുറിച്ചു. കഴിഞ്ഞ വർഷം 70 തവണ റിക്കാർഡ് തിരുത്തിയ യുഎസ് വിപണി ഈ വർഷവും പിന്നോട്ടില്ലെന്ന സൂചനയാണ് വർഷാരംഭ വ്യാപാരം നൽകിയത്. ആപ്പിൾ കമ്പനി മൂന്നു ലക്ഷം കോടി ഡോളർ വിപണിമൂല്യത്തിലേക്ക് ഉയരുന്നതിനും 2022-ലെ ആദ്യ വ്യാപാരദിനം സാക്ഷിയായി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയരത്തിലാണ്. പുതുവർഷാവധിക്കു ശേഷം ഇന്നു വ്യാപാരം പുനരാരംഭിച്ച ഓസ്ട്രേലിയൻ, ജാപ്പനീസ് വിപണികൾ രാവിലെ ഒരു ശതമാനം ഉയർച്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,697 വരെ ഉയർന്നു. ഇന്നു രാവിലെ അൽപം താണിട്ട് 17,700-നു മുകളിലേക്കു കയറി. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങും എന്ന സൂചനയാണ് ഇതു നൽകുന്നത്.
വിപണി ബുളളിഷ് ആവേശത്തിലാണ്. ഓപ്ഷൻസ് വിപണിയിലെ സൂചന ഹ്രസ്വകാല ഗതി മേലോട്ടാണെന്നാണ്. നിഫ്റ്റിക്ക് 17,460- ലും 17,290 ലും ശക്തമായ താങ്ങ് ഉണ്ട്. 17,720 ലും 17,815 ലും പ്രതിരോധം പ്രതീക്ഷിക്കാം എന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു.
ക്രൂഡ് ഉയരത്തിൽ, സ്വർണം ഇടിഞ്ഞു
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടർന്നു. ബ്രെൻ്റ് ഇനം 78.98 ഡോളറിലാണ്. ഇന്ന് ഒപെക് പ്ലസ് പ്രതിമാസ യോഗം ഉണ്ട്. 2022-ൽ ആഗോള സാമ്പത്തികവളർച്ചയ്ക്കു കോട്ടം ഉണ്ടാവുകയില്ലെന്നും അതിനാൽ ക്രൂഡ് ഉപയോഗം പ്രതീക്ഷ പോലെ തന്നെ ഉയരുമെന്നും ഉൽപാദക രാജ്യങ്ങൾ കരുതുന്നു. പ്രതിദിന ഉൽപാദനം വർധിപ്പിക്കാനുള്ള തീരുമാനമാകും ഇന്നുണ്ടാവുക എന്നാണു നിഗമനം.
വ്യവസായിക ലോഹങ്ങളുടെ വില കാര്യമായ മാറ്റം കൂടാതെ തുടർന്നു. ഇരുമ്പയിര് വില ആറു ശതമാനം ഉയർന്ന് 120 ഡോളറിലെത്തി.
സ്വർണത്തിനു കാര്യമായ ഇടിവുണ്ടായി. 1830 ഡോളറിൽ നിന്ന് 1798 ഡോളർ വരെ താണു. ഇന്നു രാവിലെ 1804-1806 ഡോളറിലാണു വ്യാപാരം. ഈ നില തുടർന്നാൽ കേരളത്തിൽ ഇന്നു സ്വർണവില കുറയും. ഡോളർ സൂചിക ഉയർന്നതാണു സ്വർണത്തെ താഴ്ത്തിയത്. അമേരിക്കയിൽ പലിശ നിരക്കു കൂടുന്നതാണു ഡോളറിനെ ഉയർത്തിയ പ്രധാന ഘടകം.
കയറ്റുമതിയിൽ കുതിപ്പ്
ഡിസംബറിൽ ഇന്ത്യയുടെ കയറ്റുമതി 37 ശതമാനം വർധിച്ച് 3729 കോടി ഡോളറിൽ എത്തി. ഏപ്രിൽ- ഡിസംബറിലെ കയറ്റുമതി 48.9 ശതമാനം ഉയർന്ന് 29,974 കോടി ഡോളറായി. കോവിഡിനു മുമ്പുള്ള 2019 -2 ലെ ഒൻപതുമാസ കയറ്റുമതിയെ അപേക്ഷിച്ച് 20 ശതമാനം വർധന ഉണ്ട്. 2021-22-ൽ 40,000 കോടി ഡോളർ കയറ്റുമതി എന്ന ലക്ഷ്യം സാധിക്കാനാകും എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഡിസംബറിലെ ഇറക്കുമതി 38 ശതമാനം വർധിച്ച് 5927 കോടി ഡോളർ ആയി. വാണിജ്യ കമ്മി 2199 കോടി ഡോളറിലേക്ക് ഉയർന്നു.
ഫാക്ടറി ഉൽപാദന പിഎംഐ താഴുന്നു
ഡിസംബറിൽ രാജ്യത്തെ ഫാക്ടറി ഉൽപാദനത്തിൻ്റെ വളർച്ചത്തോത് കുറഞ്ഞു. ഐഎച്ച്എസ് മാർക്കിറ്റ് തയാറാക്കുന്ന പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) ഡിസംബറിൽ 55.5 ആയി താണു. നവംബറിൽ 57.6 ആയിരുന്നു. നവംബറിലേതു 10 മാസത്തെ ഏറ്റവും ഉയർന്ന നിലയായിരുന്നെങ്കിൽ ഡിസംബറിലേതു മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. പിഎംഐ യിൽ 50-നു മുകളിലായാൽ വളർച്ചയും താഴെയായാൽ തളർച്ചയുമാണ്. നവംബറിനെ അപേക്ഷിച്ചു കുറഞ്ഞ തോതിലാണു വളർച്ച എന്നത് വളർച്ച സുസ്ഥിരമായില്ല എന്നു കാണിക്കുന്നു.
This section is powered by Muthoot Finance
Next Story
Videos