സാന്താ റാലിക്കു വിരാമം വരുമോ? കോവിഡ് ആശങ്ക വർധിക്കുന്നു; വളർച്ചയ്ക്കു വീണ്ടും ഭീഷണി; പലിശ വർധന നീട്ടുമെന്നു പ്രതീക്ഷ

സാന്താക്ലോസ് റാലി തുടരുമോ? അതോ ഈ നിലവാരത്തിൽ ബലപ്പെടുത്തലിനായി ചെറിയ കയറ്റിറക്കങ്ങളിലേക്കു മാറുമോ? തുടർച്ചയായി മൂന്നു ദിവസം ഉയർന്ന വിപണി ഇന്ന് ഇതിനു മറുപടി നൽകും. ആഗാേള സൂചനകൾ വിപണിയുടെ കയറ്റത്തിന് ഇടവേള നൽകും എന്നാണ്. വിദേശ നിക്ഷേപകർ സജീവമായി രംഗത്തുണ്ടെങ്കിലും ആശങ്കകൾ പ്രബലമാണ്. കോവിഡ് വ്യാപനം തീവ്രമായതും വിലക്കയറ്റത്തിനു ശമനമില്ലാത്തതും ആശങ്കകളാണ്. യുഎസ് ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും രാവിലെ താഴ്ചയിലാണ്. ക്രൂഡ് ഓയിൽ വില 80 ഡോളറിനു മുകളിൽ കയറുകയും ചെയ്തു.

ഇന്നലെ സെൻസെക്സ് 672.71 പോയിൻ്റ് (1.14%) ഉയർന്ന് 59,855.93 ലും നിഫ്റ്റി 179.55 പോയിൻ്റ് (1.02%) കയറി 17,805.25 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ ചെറിയ നേട്ടമേ ഉണ്ടാക്കിയുള്ളു. റിയൽറ്റി, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ സൂചികകൾ താഴോട്ടു പോയി. ബാങ്ക്, ധനകാര്യ, ഐടി, ഓയിൽ - ഗ്യാസ് മേഖലകൾ മികച്ച നേട്ടമുണ്ടാക്കി. റിലയൻസ്, എസ്ബിഐ, എൻടിപിസി തുടങ്ങിയവ കുതിപ്പിനു മുന്നിൽ നിന്നു.
യൂറോപ്യൻ വിപണികൾ ഇന്നലെ പുതിയ ഉയരങ്ങളിലേക്കു കയറി. യുഎസിൽ ഡൗ ജോൺസും എസ് ആൻഡ് പിയും റിക്കാർഡ് തിരുത്തി.എന്നാൽ സൂം, ടെസ് ല തുടങ്ങിയവയുടെ ഇടിവിൽ നാസ്ഡാക് താഴോട്ടു പോയി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഓഹരികൾ രാവിലെ ഇടിഞ്ഞു. എന്നാൽ ജപ്പാനിൽ പിന്നീട് സൂചികകൾ നേട്ടത്തിലായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,845 ലാണു ക്ലോസ് ചെയ്തത്.ഇന്നു തുടക്കത്തിൽ 17,818 ലേക്കു താണിട്ടു ചെറുതായി കയറി. ഇന്ത്യൻ വിപണി കാര്യമായ നേട്ടമില്ലാതെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
ഇന്നലെ വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1273.86 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 532.97 കോടി നിക്ഷേപിച്ചു.
വിപണിമനോഭാവം ബുളളിഷ് ആണെങ്കിലും നിഫ്റ്റി സൂചിക കുതിപ്പിനു വിരാമമിട്ട് സമാഹരണത്തിനു ശ്രമിക്കുമെന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. പുട് ഓപ്ഷൻ എഴുതുന്നതിലെ സൂചന 17,500 സമാഹരണബിന്ദു ആകുമെന്നാണ്. 17,500 നിലവാരത്തിൽ വാങ്ങലിനു വിദഗ്ധർ ശിപാർശ ചെയ്യുന്നു. വിപണിക്കു 17,660 ലെ താങ്ങു നഷ്ടമായാൽ 17,510 ആണു താങ്ങ്. കയറ്റം തുടർന്നാൽ 17,890-ലും 17,975 ലും തടസങ്ങൾ ഉണ്ട്.

ക്രൂഡ് വില വീണ്ടും 80 ഡോളറിനു മുകളിൽ

ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. ഒപെക് പ്ലസ് പ്രതീക്ഷ പോലെ ചെറിയ ഉൽപാദന വർധന മാത്രം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ബ്രെൻ്റ് ഇനം 80.25 ഡോളറും ഡബ്ല്യു ടി ഒ ഇനം 77.23 ഡോളറും ആയി. പ്രകൃതി വാതകം 3.75 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ഉയർച്ച തുടരുകയാണ്. ചൈനീസ് ഡിമാൻഡ് വർധിച്ചതിനെ തുടർന്ന് ചെമ്പ് ഒരു ശതമാനം കയറി.
സ്വർണം ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 1800 ഡോളറിനു താഴേക്കു നീങ്ങിയ സ്വർണം ഇന്നു രാവിലെ 1812-1814 ഡോളറിലാണ്.

വളർച്ചയ്ക്കു കോവിഡ് ഭീഷണി

കോവിഡിൻ്റെ പുതിയ വകഭേദങ്ങൾ പ്രതിദിന രോഗബാധ ആഗാേളതലത്തിൽ 20 ലക്ഷത്തിലേക്ക് എത്തിച്ചു. ഇന്ത്യയിൽ രോഗബാധയുടെ തോത് അര ലക്ഷത്തിലേക്കു കടന്നു. രോഗബാധ ഗുരുതരമല്ല എന്നതു ശരിയാണെങ്കിലും സമൂഹത്തിൽ ഗതാഗതത്തിനടക്കം നിയന്ത്രണങ്ങൾ വേണ്ടിവരുന്നു. സ്വാഭാവികമായും കൂടുതൽ പേരുടെ സാന്നിധ്യം ആവശ്യമുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ കുറയും. ചരക്കുനീക്കം മുതൽ ഹോട്ടൽ ഭക്ഷണ വിൽപന വരെ എല്ലായിടത്തും തടസങ്ങൾ കൂടും. ഇപ്പോൾ തന്നെ മാളുകളിലും റീട്ടെയിൽ ശൃംഖലകളിലും ഹോട്ടലുകളിലും വ്യാപാരം കുറഞ്ഞു. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവയ്ക്കു ലഭിക്കുന്ന ഓർഡുകളിൽ ഇടിവുണ്ടായി. മൾട്ടിപ്ലക്സുകളിൽ ആൾ കുറഞ്ഞു. വിമാനയാത്രക്കാരുടെ എണ്ണവും സർവീസുകളും കുറഞ്ഞു. ഇതിൻ്റെയൊക്കെ സാമ്പത്തിക പ്രത്യാഘാതത്തെപ്പറ്റി പഠനങ്ങൾ നടക്കുന്നതേയുള്ളു.

ജിഡിപി വളർച്ച കുറയും

ഇന്ത്യൻ സമ്പദ്ഘടനയുടെ ജനുവരി-മാർച്ച് ജിഡിപി വളർച്ച നേരത്തേ കരുതിയതിലും 0.3 ശതമാനം കുറവാകുമെന്ന് എച്ച്ഡിഎഫ്സി ബാങ്കിലെ ധനശാസ്ത്രജ്ഞർ പറയുന്നു. 6.1 ശതമാനത്തിൻ്റെ സ്ഥാനത്ത് വളർച്ച 5.8 ശതമാനം ആയേക്കുമെന്ന്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാലത്തേക്കു കണക്കാക്കുന്നത് 6.1 ശതമാനം വളർച്ചയാണ്.
റേറ്റിംഗ് ഏജൻസികൾ പുതിയ വിലയിരുത്തൽ പുറത്തു വിടാനിരിക്കുന്നതേയുള്ളു. വാക്സിനേഷൻ അതിവേഗം നടക്കുന്നതിനാൽ വളർച്ചയ്ക്കു വലിയ ഭീഷണി ഇല്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. സമ്പർക്ക നിയന്ത്രണങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളിലും ജനങ്ങളുടെ ഉപഭോഗത്തിലും കയറ്റുമതിയിലും വരുത്തുന്ന കുറവുകൾ തീർത്തും നിസാരമല്ലെന്ന് കുറേ ആഴ്ചകൾക്കു ശേഷമേ സർക്കാർ ഏറ്റുപറയുകയുള്ളൂ.
2021-22 വർഷത്തെ ജിഡിപി വളർച്ച സംബന്ധിച്ച ഒന്നാമത്തെ അഡ്വാൻസ് എസ്റ്റിമേറ്റ് ഈ വെള്ളിയാഴ്ച നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തുവിടും. ഫെബ്രുവരി ആദ്യം ബജറ്റ് അവതരിപ്പിക്കേണ്ടതിനാലാണ് ജനുവരി ആദ്യം ഇതു തയാറാക്കുന്നത്. മേയ് 31 ന് രണ്ടാമത്തെ എസ്റ്റിമേറ്റ് പ്രസിദ്ധീകരിക്കും. ഒക്ടോബർ - ഡിസംബർ പാദത്തിലെ ജിഡിപി കണക്ക് ഫെബ്രുവരി അവസാനമേ വരൂ.

ഒപെക് പ്ലസ് തീരുമാനം പ്രതീക്ഷ പോലെ

പ്രതിദിന ക്രൂഡ് ഓയിൽ ഉൽപാദനം ഫെബ്രുവരിയിൽ നാലു ലക്ഷം വീപ്പ കണ്ടു വർധിപ്പിക്കാൻ ഒപെക് പ്ലസ് എടുത്ത തീരുമാനം അപ്രതീക്ഷിതമല്ല. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും (ഒപെക് ) റഷ്യയടക്കം അവരോടു ചേർന്നു നീങ്ങുന്ന മറ്റു 10 എണ്ണ ഉൽപാദക രാജ്യങ്ങളും ചേർന്നതാണ് ഒപെക് പ്ലസ്. ക്രൂഡ് ഡിമാൻഡ് കുറയില്ലെന്നുള്ള വിലയിരുത്തലാണ് ഒപെക് പ്ലസിൻ്റേത്. ഉൽപാദനം കൂട്ടി വില താഴ്ത്താൻ സഹായിക്കണമെന്ന അമേരിക്കൻ അഭ്യർഥനയ്ക്ക് സംഘടന വഴങ്ങിയില്ല. സ്വാഭാവികമായും ക്രൂഡ് വില കയറി. ബ്രെൻ്റ് ഇനം 80 ഡോളറിനു മുകളിലായി. പൊതു വിലക്കയറ്റ നിരക്ക് വർധിച്ച നിലയിൽ നിന്നു പെട്ടെന്നു താഴുകയില്ലെന്നാണ് ഇതു നൽകുന്ന സൂചന.

പലിശ കൂട്ടൽ വൈകുമോ? ഊഹാപാേഹങ്ങൾ തുടങ്ങി

വിലക്കയറ്റവും കോവിഡ് വ്യാപനവും പലിശ വർധന നീട്ടിവയ്ക്കാൻ കേന്ദ്ര ബാങ്കുകളെ പ്രേരിപ്പിക്കുമോ എന്ന മട്ടിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. യുഎസ് ഫെഡിൻ്റെ കഴിഞ്ഞ യോഗത്തിൻ്റെ മിനിറ്റ്സ് ഇന്നു പുറത്തു വിടുന്നുണ്ട്. അതിൽ എന്തെങ്കിലും സൂചന കിട്ടുമോ എന്നാകും പരതൽ. വളർച്ചത്തോത് പ്രതീക്ഷയിലും കുറവാകുമ്പോൾ പലിശ കൂട്ടുന്നത് യുക്തിസഹമല്ല. വിപണിയിലേക്കുള്ള പണമൊഴുക്ക് കുറയ്ക്കുന്ന നടപടി തുടരാനും പലിശ വർധന രണ്ടു മാസം വൈകിക്കാനും കേന്ദ്ര ബാങ്കുകൾ തീരുമാനിക്കുമെന്നു പലരും പ്രതീക്ഷിക്കുന്നു. യുഎസ് ഫെഡ് അങ്ങനെ നീങ്ങിയാൽ ഇന്ത്യയുടെ റിസർവ് ബാങ്ക് സന്തോഷത്തോടെ ആ വഴിയേ നീങ്ങും. ധനമന്ത്രിക്കും വ്യവസായ മേഖലയ്ക്കും അതു സന്തോഷകരമായിരിക്കും.


This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it